ഫഹദിന്റെ ക്രൂരനായ എസ്പി ഷെഖാവത്ത് കെട്ടുകഥയല്ല; സര്‍ക്കാറിന്റെ ഇമേജ് രക്ഷിക്കാനായി പൊലീസ് കൊന്നത് 20 പേരെ; നൂറുകണക്കിന്പേര്‍ ഇന്നും ജയിലില്‍; കാട്ടില്‍ വെറുതെ വളരുന്ന ഈ മരത്തിന് വില അഞ്ചുകോടി! പുഷ്പയുടെ യാഥാര്‍ത്ഥ കഥ, രക്തം മണക്കുന്ന രക്ത ചന്ദനത്തിന്റെയും

പുഷ്പയുടെ യാഥാര്‍ത്ഥ കഥ, രക്തം മണക്കുന്ന രക്ത ചന്ദനത്തിന്റെയും

Update: 2024-12-07 09:51 GMT

''ഈ രക്തചന്ദനത്തിന് ചോരയുടെ ഗന്ധമാണ്. നൂറുകണക്കിന് പാവങ്ങളുടെ ചോരയുടെ ഗന്ധം''- തെലുഗ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ പാര്‍ട്ട് വണ്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍, ആന്ധ്രയിലെ രക്തചന്ദനമാഫിയയെക്കുറിച്ച് പഠിച്ച് പുസ്തകം എഴുതിയ സുധാകര്‍ റെഡ്ഡിയെന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണിത്. ഇപ്പോള്‍ പുഷ്പ 2 വും ഇറങ്ങിയിരിക്കയാണ്. ഒരു സിനിമകാണാന്‍ ജനം സൂനാമിപോലെ ആര്‍ത്തലച്ച് എത്തുകയാണ്. തിക്കിലും തിരക്കിലും ആളുകള്‍ കൊല്ലപ്പെടുന്നൂ. ആ രീതിയില്‍ സെന്‍സേഷണല്‍ ആവുകയാണ് പുഷ്പ. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും പുഷ്പയില്‍ അല്ലു അര്‍ജുനോട് കട്ടക്ക് മുട്ടി തരംഗമാവുന്നുണ്ട്.

പുഷ്പ സിനിമ കണ്ട പലര്‍ക്കും തോന്നിയ ഒരു സംശയം, ഈ രക്തചന്ദനത്തിന് ഇങ്ങനെ കോടികളുടെയൊക്കെ വില കാണുമോ എന്നാണ്. പക്ഷേ ഈ കഥയിലെ വ്യക്തികള്‍ മാത്രമേ സാങ്കല്‍പ്പിക്കമായുള്ളൂ. സംഭവം യാഥാര്‍ത്ഥ്യമാണ്. ഒരുവേള, സിനിമയേക്കള്‍ ഭീതിദമാണ് ശേഷാചലത്തെ രക്തചന്ദനക്കാരുടെ യഥാര്‍ത്ഥ കഥ. അത് നന്നായിട്ട് അറിയുന്ന ആളാണ് പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍. ആന്ധ്രാപ്രദേശിലെ മറ്റപാറു എന്നൊരു കൊച്ചു ഗ്രാമത്തില്‍, അരി വ്യാപാരിയായിരുന്ന തിരുപ്പതി റാവു നായിഡുവിന്റേയും വീരവാണിയുടേയും ആറു മക്കളില്‍ ഏറ്റവും ഇളയകുട്ടിയായ സുകുമാര്‍. പഠനശേഷം ചെറിയ രീതിയില്‍ അധ്യാപനവുമായി പോകുന്നതിനിടയിലാണ് സ്‌ക്രിപ്റ്റ് റൈറ്റിങ്ങിലേക്ക് സുകുമാര്‍ എത്തിയത്.

പിന്നീട് സിനിമകളില്‍ അസി.ഡയറക്ടറായി. നിര്‍മ്മാതാവ് ദില്‍ രാജുവിനോട് ഒരു കഥ പറയാന്‍ അവസരം ലഭിച്ചതാണ് സുകുമാറിന്റെ ജീവിതത്തില്‍ വഴിത്തിരിവായ നിമിഷം. അല്ലു അര്‍ജുനെ നായകനാക്കി 2004-ല്‍ 'ആര്യ' എന്ന സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു. നാല് കോടി ബജറ്റില്‍ അന്നിറങ്ങിയ ചിത്രം ബോക്സോഫീസില്‍ നിന്ന് 30 കോടിയോളം രൂപയാണ് നേടിയത്. ഇന്ന് 300 കോടി രൂപ ബജറ്റില്‍, പാന്‍ ഇന്ത്യന്‍ അപ്പീലുള്ള പുഷ്പയില്‍ എത്തി നില്‍ക്കയാണ് സുകുമാറിന്റെ സിനിമാ ജീവിതം. പുഷ്പയിലൂടെ അദ്ദേഹം പറയുന്നത്, ആന്ധ്രയിലെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന രക്തചന്ദന മാഫിയയുടെ കഥയാണ്.

5 കോടി വിലവരുന്ന ഒരു മരം!

കാട്ടില്‍ വളരുന്ന ഒരു മരത്തിന് അഞ്ചുകോടി രൂപവരെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? അതാണ് പുഷ്പ സിനിമയില്‍ പറയുന്ന അതി വിശിഷ്ടമായ ശേഷാചലം രക്തചന്ദനം. രക്തചന്ദനത്തിന് യഥാര്‍ത്ഥ ചന്ദനവുമായി ഇതിന് ബന്ധമില്ല. സസ്യശാസ്ത്രപ്രകാരം ഇവ വ്യത്യസ്തമായ ഫാമിലിയാണ്. വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാര്‍പ്പസ് സന്റ്‌റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തില്‍പ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ചന്ദനത്തടിക്ക് അതിന്റെ സുഗന്ധമുണ്ടാവും. എന്നാല്‍ രക്തചന്ദനത്തിന് അതില്ല. അതിനാല്‍ മണത്ത് തിരിച്ചറിയാന്‍ കഴിയില്ല. പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ 8 മീറ്ററോളം നീളവും, ഒരു മീറ്ററോളം വണ്ണവും ഉണ്ടാവും. മൂപ്പെത്തുമ്പോള്‍ മുതലയുടെ പുറത്തുള്ളതുപോലെ ശല്‍ക്കങ്ങള്‍ ഇളകിവരും. ഇത് നിരീക്ഷിച്ചാണ് ചന്ദനക്കൊളളക്കാര്‍ തിരിച്ചറിയുന്നത്.


 



രക്തചന്ദനമരത്തിന്റെ കാതലാണ് ഉപയോഗിക്കുന്നത്. പ്രായമായ മരങ്ങളിലെ കമ്പുകള്‍ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും. ചന്ദനമരങ്ങള്‍ തന്നെ അപൂര്‍വ്വമാണ്. ചന്ദനത്തിനുതന്നെ ലക്ഷങ്ങളാണ് വില. വിലായത്ത് ബുദ്ധ എന്ന പേരില്‍ അറിയപ്പെടുന്ന ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനത്തിന് കോടികള്‍ വിലവരും. ചന്ദനക്കൊള്ളക്കാര്‍ തേടി നടക്കുന്ന ഈ ഇനം ആയിരത്തിലൊരെണ്ണമേ കാണൂ. ലക്ഷണമൊത്ത ഈ തടിയാണ്, വളവും പുളവുമില്ലാതെ. നിര്‍വ്വാണ ബുദ്ധനെ കൊത്തിയുണ്ടാക്കാന്‍ പാകത്തിന് ഉപയോഗിക്കുന്നത്. അതിനാലാണ് അതിന് വലിയ ഡിമാന്റും. രക്തചന്ദനം അതിലും അപൂര്‍വ്വവും അമൂല്യവും. ടണ്ണിന് അന്താരാഷ്ട്ര വിപണിയില്‍ 50 ലക്ഷം രൂപയാണ് രക്തചന്ദനത്തിന്റെ വില. ഇതില്‍ ഏറ്റവും വിശിഷ്ടമായ ശേഷാചലം രക്തചന്ദനത്തിന് ടണ്ണിന് ഒരു കോടിവരെ വരും. ചൈനയിലും ജപ്പാനിലും എത്തിച്ചാല്‍ ടണ്ണിന് രണ്ടു കോടിവരെ വിലവരും!

പൂര്‍വഘട്ട മലനിരയില്‍, ആന്ധ്രാ പ്രദേശിലെ എതാണ്ട് 5,200 ചതുരശ്ര കിലോമീറ്ററോളം വരുന്ന പലകൊണ്ട, ശേഷാചലം, നല്ല മുല, മലനിരകളിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലാണ്, ലോകത്തിലെ ഏറ്റവും നല്ല രക്തചന്ദന മരങ്ങള്‍ വളരുന്നത്. ആന്ധ്രയിലെ കടപ്പ, നെല്ലുര്‍, കര്‍ണൂല്‍, പ്രകാശം, ചിറ്റൂര്‍ ജില്ലകളിലെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വളക്കുറുള്ള മണ്ണും, മഴയും ആര്‍ദ്രതയും കുറഞ്ഞ കാലാവസ്ഥയുമാണ് രക്തചന്ദനം വളരാന്‍ പറ്റിയത്. മൂന്ന് വര്‍ഷംകൊണ്ട് 5 മീറ്ററോളം വളരുമെങ്കിലും, നന്നായി വണ്ണംവെച്ച് കാതല്‍ രൂപപ്പെടാന്‍ 25 വര്‍ഷംവരെ വേണ്ടിവരും. ഈ സമയത്ത് ഒരു രക്തചന്ദനമരത്തിന് 5 കോടി രൂപവരെ വിലവരും. വെറുതൊയാണോ പുഷ്പ കോടികള്‍കൊണ്ട് അമ്മാനമാടുന്നത്!

മുഖകാന്തി വര്‍ധിപ്പിക്കാനാണ് രക്തചന്ദനം പ്രധാനമായും ഉപയോഗിക്കുന്നത്. പേസ്റ്റ്, ക്രീം, ലോഷന്‍, മരുന്നുകള്‍, സോപ്പുകള്‍ തുടങ്ങിയവയിലൊക്കെ ഇവ ഉപയോഗിക്കുന്നു. ചൈനയും ജപ്പാനും ഗള്‍ഫ് രാജ്യങ്ങളും ഇത് വാങ്ങുന്നത് ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാനും, മാലയും സംഗീത ഉപകരണങ്ങളും, ചതുരംഗ കരുക്കളും ഉണ്ടാക്കാനാണ്. ഇന്ത്യയേക്കാള്‍ വലിയ മാര്‍ക്കറ്റ് ഇന്ന് ചൈനയും ജപ്പാനുമാണ്. ആന്ധ്രാപ്രദേശ് സര്‍ക്കാറിന് 2018- ഒറ്റവര്‍ഷം കൊണ്ട് മാത്രം ആയിരം കോടി ഈ ഇടപാട് വഴി കിട്ടിയിട്ടുണ്ട്. അന്ന് ബാബാ രാംദേവ് മാത്രം, 200 കോടിയുടെ രക്തചന്ദനം വാങ്ങിയത് വാര്‍ത്തയായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നും ചെന്നൈ തുറമുഖം വഴി ചൈനയിലേക്കും മറ്റും വന്‍തോതില്‍ രക്തചന്ദനത്തടികള്‍ കടത്തുന്നുണ്ട്. ഒരു പരിധി വരെ ഉദ്യോഗസ്ഥ- രാഷ്ട്രീയ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. കള്ളക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തടി വിറ്റ് കിട്ടുന്ന തുകയുടെ 20 ശതമാനം നല്‍കാറുണ്ട്. ഇതിന്റെ പേരിലും ഒരുപാട് ചോര ഈ മണ്ണില്‍ വീണു.

90കളില്‍ വളര്‍ന്ന കള്ളക്കടത്തു സംഘം


 



നമുക്ക്് പശ്ചിമഘട്ടംപോലെയാണ് ആന്ധ്രയില്‍ പൂര്‍വഘട്ടം എന്ന ഈസ്റ്റേണ്‍ ഗാട്ട്സ്. ഈ പൂര്‍വ്വ ഘട്ടത്തിന്റെ ഭാഗമാണ് ശേഷാചലം മലനിരകള്‍. പ്രീ കാംബ്രിയന്‍ കാലഘട്ടത്തിലാണ് (3.8 ബില്യണ്‍ മുതല്‍ 540 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്) സവിശേഷമായ ഈ മലനിരകള്‍ രൂപപ്പെട്ടത് എന്നാണ് ഭൗമ ശാസ്ത്രഞ്ജന്‍മ്മാര്‍ പറയുന്നത്. ഇവയുടെ അതിരുകള്‍ പടിഞ്ഞാറ് രായലസീമ ഉയര്‍ന്ന പ്രദേശങ്ങളും, വടക്ക് നന്ദ്യാല്‍ താഴ്വരയുമാണ്. ഈ കുന്നുകളില്‍ അടങ്ങിയിരിക്കുന്നത്, മണല്‍ക്കല്ലും ചുണ്ണാമ്പുകല്ലുമായി ഇടകലര്‍ന്ന ധാതുക്കളാണ്. അതാണ് ശരിക്കും രക്തചന്ദനമരങ്ങളുടെ കൂട്ട്. ജലാംശം, അസിഡിറ്റി, വായുസഞ്ചാരം, പോഷകാംശങ്ങളുടെ ലഭ്യത തുടങ്ങിയവയൊക്കെയാണ് രക്തചന്ദനത്തിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നത്. അതിനാല്‍ മറ്റ് എവിടെ വളര്‍ന്നായും ഈ കാലാവസ്ഥയുടെ പ്രത്യേകത മൂലം ശേഷാചലം രക്തചന്ദനത്തിന്റെ ഗുണം കിട്ടില്ല

ലോക പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ തിരുപ്പതി ഈ മലനിരകളിലാണ്. അഞ്ജനാദ്രി, ഗരുഡാദ്രി, നാരായണാദ്രി, നീലാദ്രി, ശേഷാദ്രി, വെങ്കിടാദ്രി, വൃഷഭദ്രി എന്നിങ്ങനെ ഏഴ് കൊടുമുടികളാണ് ഈ മലനിരകളില്‍ ഉള്ളത്, ഏറ്റവും ഉയരം കൂടിയ മലയ്ക്ക് സമുദ്രനിരപ്പിന് മുകളില്‍ 600 മീറ്റര്‍ ഉയരമുണ്ട്. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സര്‍പ്പ രാജാവായ ആദിശേഷന്റെ ഏഴ് തലകളെയാണ് ഏഴ് മലകള്‍ പ്രതിനിധീകരിക്കുന്നതെന്ന് പറയപ്പെടുന്നു. ശ്രീവെങ്കടേശ്വര ദേശീയോദ്യാനം ഈ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. 2010-ല്‍ ഇത് ഒരു സംരക്ഷിത ജൈവമണ്ഡലം ആയി പ്രഖ്യാപിക്കപ്പെട്ടു.

തങ്ങളുടെ കാട്ടില്‍ വളര്‍ന്നുനില്‍ക്കുന്നത് ഒരു വിശേഷപ്പെട്ട സാധനമാണ് എന്നല്ലാതെ, കോടികള്‍ തരുന്ന വൃക്ഷമാണെന്ന് ശേഷാചലക്കാര്‍ക്ക് ആദ്യകാലത്ത് അറിയില്ലായിരുന്നു. ആദ്യകാലത്തൊക്കെ ഒറ്റപ്പെട്ട മോഷണ സംഘങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ 80കളിലും 90കളിലുമാണ് പുഷ്പ സിനിമയില്‍ കാണുന്നതുപോലെ, രാഷ്ട്രീയ- മാഫിയാ സംഘങ്ങളുടെ പിന്തുണയോടെ അത് ഒരു സിന്‍ഡിക്കേറ്റായി മാറുന്നത്. ആന്ധ്രാ രാഷ്ട്രീയത്തില്‍ രണ്ടു മാഫിയയാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് ഖനനമാഫിയ. രണ്ടാമത്തേതാണ് രക്തചന്ദനമാഫിയ. 90കളില്‍ പന്തലിച്ച രക്തചന്ദനമാഫിയയുടെ കഥയാണ് പുഷ്പ പറയുന്നത്.

നമ്മുടെ പുഷ്പരാജിനെപ്പോലെ ഒരുപാട് പേര്‍ ഇവിടെ ഭാഗ്യം പരീക്ഷിക്കാനെത്തി. വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത സസ്യമായതുകൊണ്ട് പൊലീസും ജാഗ്രതകാട്ടി. ആയിരക്കണക്കിന് തൊഴിലാളികള്‍ ഇന്നും രക്തചന്ദനക്കടത്തിന്റെ പേരില്‍ ജയിലിലാണ്. പുഷ്പ സിനിമയില്‍ കാണിച്ചിരിക്കുന്നപോലെ തന്നെ നദികളിലൂടെയും, കാളവണ്ടിയിലൂടെയുമൊക്കെയായി റെഡ് സാന്‍ഡില്‍വുഡ് ഒഴുകി. ഒപ്പം ചോരയും. നൂറുകണക്കിന് ആളുകളാണ് മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ കൊല്ലപ്പെട്ടത്. എത്രയേ പേര്‍ പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പിടിച്ചാല്‍ ഇരുപതു ശതമാനം കിട്ടുന്നതുകൊണ്ട് ഒറ്റുകാരും ഏറെയുണ്ടായി. പക്ഷേ എന്നിട്ടും റെഡ് സാന്‍ഡില്‍വുഡ് മാഫിയ വളര്‍ന്നു. കോടികള്‍ എറിഞ്ഞ്, ആന്ധ്രയില്‍ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന രീതിയില്‍വരെ അവര്‍ വളര്‍ന്നു.

തന്റെ കണ്‍മുന്നിലുടെ കടന്നുപോയ ഈ മാഫിയയുടെ കഥയാണ്, ഡയറകടര്‍ പുഷ്പരാജ് ചിത്രീകരിച്ചത്. പുഷ്പ എന്നത് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയല്ല. പട്ടിണിമാറ്റാന്‍ മഴുവെടുന്നത്, ശേഷാചലം വനത്തിലേക്ക് ചന്ദനം വെട്ടാനിറങ്ങിയ ഒരുപാട് പേരുടെ കഥയാണ് അത്.

ഞെട്ടിച്ച ശേഷാചലം കൂട്ടക്കൊല


 



പുഷ്പ പാര്‍ട്ട് വണ്‍ സിനിമയില്‍ പ്രേക്ഷകരെ ഞെട്ടിച്ചത് ഫഹദ് ഫാസില്‍ അവതരിപ്പിച്ച, ബന്‍വാര്‍സിംഗ്‌ െഷഖാവത്ത് എന്ന എസ്പിയാണ്. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ അയാള്‍ പുഷ്പംപോലെ ചന്ദനക്കടത്തുകാരെ വെടിവെച്ചിടുന്നു. പക്ഷേ ശേഷാചലത്ത് നടന്ന എന്‍കൗണ്ടറുകള്‍ നോക്കുമ്പോള്‍ ഇത് കഥയല്ല, നിജമാണെന്ന് വരും. 2015 ഏപ്രില്‍ 7 ന്, ശേഷാചലം വനത്തില്‍ ഇരുപത് രക്തചന്ദനക്കടത്തുകാരെ ആന്ധ്രാപ്രദേശ് പോലീസ് വെടിവച്ചു കൊന്നത്് രാജ്യത്തെ നടുക്കിയിരുന്നു. കള്ളക്കടത്തുകാര്‍ കൂലിക്കെടുത്ത തമിഴ്നാട്ടിലെ തൊഴിലാളികളാണ് മരിച്ചത്. ചിറ്റൂരിലെ ചന്ദ്രഗിരി മണ്ഡലത്തിലെ ശേഷാചലം വനമേഖലയിലെ ഈറ്റഗുണ്ടയില്‍ രണ്ടിടത്താണ് സംഭവം. ഈറ്റഗുണ്ടയില്‍ ഒമ്പത് തൊഴിലാളികളും വച്ചിന്ദൗ ബന്ദയില്‍ പതിനൊന്നും തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ മൂന്നിനായിരുന്നു രക്തചന്ദന കടത്തുകാര്‍ക്കെതിരായ പൊലീസ് നടപടി. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അരിവാളും കല്ലുംകൊണ്ട് എതിരിട്ടെന്നും സ്വയം പ്രതിരോധത്തിനായാണ് വെടിവച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഇവരില്‍ ഏഴുപേരെ തലേദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നെന്നും ജീപ്പില്‍ വനത്തിലെത്തിച്ച് വെടിവച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഒരാള്‍ വെളിപ്പെടുത്തുകയുണ്ടായി. ചിലരെയൊക്കെ ബസില്‍നിന്ന് പിടിച്ചിറക്കികൊണ്ടുപോയി പിറ്റേന്ന് വെടിവെക്കുകായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.

എന്നാല്‍ പൊലീസ് ഇത് നിഷേധിക്കയാണ്. അരിവാളും വടിയും കോടാലിയും ഉപയോഗിച്ച്, കള്ളക്കടത്തുകാര്‍ പൊലീസിനെ ആക്രമിച്ചതെന്ന് റെഡ് സാന്‍ഡേഴ്‌സ് ആന്റി സ്മഗ്ലിംഗ് ടാസ്‌ക് ഫോഴ്‌സ് ഡിഐജി കാന്ത റാവു പറയുന്നത് . ഈ കാന്തറാവു എന്ന സൈക്കോ ഓഫീസറെ മാതൃകയാക്കിയാണ് ഫഹദിന്റെ പുഷ്പയിലെ ഷെഖാവത്ത് എന്ന ക്രൂരനായ പൊലീസ് ഓഫീസറെ, ഡയറക്ടര്‍ സുകുമാര്‍ സൃഷ്ടിച്ചത് എന്നും പറയുന്നുണ്ട്. കൊള്ളക്കാര്‍ ആക്രമിച്ചതാണെങ്കില്‍ എന്തുകൊണ്ട് ഒറ്റ പൊലീസുകാരനും പരിക്കേറ്റില്ല എന്ന ചോദ്യത്തിന് കാന്തറാവുിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ഞങ്ങളുടെ ഭാഗത്ത് നിന്ന് ആര്‍ക്കും ഗുരുതരമായ പരിക്കില്ല. അവരുടെ മികച്ച പരിശീലനം അവരുടെ ജീവന്‍ രക്ഷിച്ചു''- ഈ മറുപടി ഇന്ന് വായിക്കുമ്പോള്‍ നമുക്ക് പുഷ്പയിലെ ഫഹദിന്റെ ഷെഖാവത്തിന്റെ വാര്‍ത്താ സമ്മേളനം ഓര്‍മ്മവരും.

രക്തചന്ദനം മുറിക്കുന്ന നൂറോളം പേരുണ്ടായിട്ടും ഒരാളെപ്പോലും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നത് ദുരൂഹമാണ്. മാത്രമല്ല, അവരുമായി ഏറ്റുമുട്ടിയ ഒരു പൊലീസുകാരനുപോലും ഗുരുതരമായ പരിക്കേറ്റിട്ടുമില്ല. വെടിവെപ്പിന്റെ പോലീസ് ഭാഷ്യം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിശ്വസിച്ചില്ല. ചില മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളും മറ്റുള്ളവയ്ക്ക് നെഞ്ചിലും തലയിലും വെടിയുണ്ടകളുണ്ടായിരുന്നതായി അവര്‍ പറയുന്നു. മിക്ക വെടികളും വന്നത് പോയിന്റ് ബ്ലാങ്കില്‍നിന്നാണ്. മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് ഇവര്‍ ചന്ദനക്കടത്തുകാര്‍ പോലും അല്ലെന്നാണ്. ചിറ്റൂര്‍ ജില്ലയിലെ ഒരു ചെങ്കല്ല് കടത്തുകാരന്‍ വാടകയ്‌ക്കെടുത്ത 500 ഓളം കൂലിക്കാരില്‍ ചിലരെയാണത്രേ, പൊലീസ് സര്‍ക്കാറിന്റെ ഇമേജ് ഉയര്‍ത്താന്‍ തീര്‍ത്തത്.

സംഭവം വിവാദമായതോടെ സുപ്രീം കോടതി ഇടപെട്ട് റീ പോസ്റ്റുമോര്‍ടടം നടത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. അതില്‍ ഒരാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്, തലേന്ന് ഒരു ബസില്‍നിന്ന് പൊലീസ് തന്റെ കൂട്ടുകാരെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്നാണ്. പിറ്റേന്ന് അവര്‍ വെടിയേറ്റ് മരിച്ചതായുള്ള വാര്‍ത്തയാണ് താന്‍ കേട്ടത് എന്നുമാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അടുത്തുനിന്നാണ് വെടിയേറ്റത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായും വിര്‍മശിച്ചു. കോര്‍ഡിനേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള ഒരു വസ്തുതാന്വേഷണ സംഘം 2015 ഏപ്രില്‍ 11-ന് സ്ഥലം സന്ദര്‍ശിച്ച ശേഷം, പൊലീസ് റിപ്പോര്‍ട്ടിലെ ഗുരുതരമായ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സ്ഥലത്ത് സംഘര്‍ഷത്തിന്റെ ലക്ഷണങ്ങളൊന്നും ദൃശ്യമായില്ല. മൃതദേഹങ്ങള്‍ തമ്മിലുള്ള ദൂരം 10 അടിയില്‍ താഴെയാണ്, മറ്റൊരിടത്തും രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയില്ല. 'ഏറ്റുമുട്ടലില്‍' രക്ഷപ്പെട്ട മൂന്ന് പേര്‍ തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പൊലീസ് പിടികൂടി വെടിവെച്ചതാണെന്ന് മൊഴി നല്‍കി.

സര്‍ക്കാറിന്റെ ഇമേജ് ഉയര്‍ത്താനുള്ള കൊല

പക്ഷേ ഇത് ചന്ദ്രബാബുനായിഡു സര്‍ക്കാറിന്റെ ഇമേജ് ഉയര്‍ത്താനായി പൊലീസ് നടത്തിയ എന്‍കൗണ്ടര്‍ തന്നെയാണെന്ന് പിന്നീട് തെളിഞ്ഞു. ആന്ധ്രയിലെ രക്തചന്ദന മാഫിയയെക്കുറിച്ച് വലിയ വാര്‍ത്തകള്‍ വരികയും, പൊലീസും രാഷ്ട്രീയക്കാരും, അവരുടെ സഹായം പറ്റുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നതോടെ, സര്‍ക്കാറിന്റെ ഇമേജ് ഉയര്‍ത്താന്‍ നടത്തിയ നാടകമായിരുന്നു, ഈ കൊല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ചന്ദന കള്ളക്കടത്തുകാരെ വെടിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. അതുകൊണ്ടുതന്നെ ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള ഉത്തരവിനെത്തുടര്‍ന്നാണ് നടപടിയെന്ന് വ്യക്തമാകുന്നു.




 


ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ ക്രൂരമായി വികൃതമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്് കൃത്യമായ പകപോക്കലാണ്. ഷെഖാവത്ത് സിനിമയില്‍ ചെയ്യുന്നതുപോലുള്ള പേടിപ്പിക്കലാണ്. നൂറുകണക്കിന് കേസുകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അപൂര്‍വമായേ ഇതുപോലെ ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി കണ്ടിട്ടുള്ളൂവെന്നും എന്‍എച്ച്ആര്‍സി അംഗം സത്യബ്രത പാല്‍ പറഞ്ഞിരുന്നു.

മരിച്ചവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍നിന്ന് വന്ന പാവപ്പെട്ട തൊഴിലാളികളായിരുന്നു. രക്തചന്ദന സിന്‍ഡിക്കേറ്റിലെ ഉന്നതരായ ഒരാളെപ്പോലും തൊടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ തിരുവണ്ണാമലി, ധര്‍മ്മപുരി ജില്ലകളില്‍ നിന്നുള്ള ആദിവാസികളും ദളിത് സമുദായങ്ങില്‍ പെട്ടവരുമായിരുന്നു കൊല്ലപ്പെട്ടവര്‍. കൊടിയ ദാരിദ്ര്യം മാറ്റാനാണ് ഈ പാവങ്ങള്‍ കോടാലിയെടുത്ത് ശേഷാചലത്തേക്ക് കൂലിപ്പണിക്ക് പോയത്. അവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്നുപോലും അറിയില്ലായിരുന്നു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സംഭവത്തില്‍ ചന്ദ്രബാബുനായിഡുവിനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പക്ഷേ മരിച്ചത് പാവങ്ങള്‍ ആയതുകൊണ്ട് രാജ്യം നിന്ന് കത്തിയില്ല.

മൃതദേഹങ്ങള്‍ വൃത്തിയായും ക്രമമായും ഇട്ടിരിക്കുന്നത് തന്നെ സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ഓരോ മൃതദേഹത്തിനൊപ്പം ഓരോ മരത്തടികളും സ്ഥാപിച്ചിരുന്നു. മൃതദേഹങ്ങള്‍ കിടന്നിരുന്ന സ്ഥലങ്ങളില്‍ മാത്രമാണ് രക്തക്കറകള്‍ കാണപ്പെടുന്നത്. ഒരു വെടിവെപ്പുണ്ടായാല്‍ അങ്ങനെയാവില്ല കാര്യങ്ങള്‍ സംഭവിക്കുക. ഒരു ടാബ്ലോക്ക് സെറ്റിട്ടപോലെയായിരുന്നു, എന്‍കൗണ്ടര്‍ സ്പോട്ട് എന്നാണ് മനുഷ്യാകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അതുപോലെ ഇത്രയും വലിയ വെടിവെപ്പുണ്ടായാല്‍ ഒരു ബുള്ളറ്റ് പോലും പാഴായിട്ടില്ല. തൊട്ടടുത്ത മരങ്ങളിലോ, കളിമണ്‍ കുന്നുകളിലോ ഒന്നില്‍പോലും വെടിയുണ്ടയില്ല. കല്ലെറ്റിഞ്ഞു എന്ന പൊലീസ് ഭാഷ്യവും തെറ്റാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. അവിടെ കല്ലുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല രക്തചന്ദനത്തടി ചുമന്ന് കൊണ്ടുപോവുന്നതിനിടയില്‍ അവര്‍ എങ്ങനെയാണ് കല്ലെറിയുക എന്ന ചോദ്യവും ബാക്കിയാവുന്നു.

മരം വെട്ടുകാരില്‍ നിന്ന് കൃത്യം 20 തടികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും ഒരു തടി മാത്രം കിട്ടാന്‍ എങ്ങനെ സാധിച്ചു? ഈ ചോദ്യങ്ങള്‍ക്കൊന്നും പൊലീസിന് ഉത്തരമുണ്ടായില്ല.ശേഷാചലം സംഭവം ആദ്യത്തെ സംഭവമല്ല എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മരം വെട്ടാന്‍ വരുന്ന തമിഴ് തൊഴിലാളികളെ വ്യാജ ഏറ്റുമുട്ടലുകളുടെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ നേരത്തെയുണ്ടന്ന് അവര്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകനായ സുധാകര്‍ റാവു ഇതേക്കുറിച്ച് ഇങ്ങനെ എഴുതി-''ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളള്‍ക്കും, മറ്റ് കള്ളക്കടത്തുകാരോടും ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു, ആരെങ്കിലും മരം വെട്ടാന്‍ വന്നാല്‍ അവരെ കൊല്ലുമെന്ന്. ഞങ്ങള്‍ അധികാരത്തിലാണ്. ഞങ്ങളുടെ സുഹൃത്തുക്കളെ മാത്രമേ ഇപ്പേ മരം കടത്താന്‍ അനുവദിക്കൂ എന്ന്''. അതായത് മറ്റുള്ള കള്ളക്കടത്തുകാരെ സഹായിക്കാനാണ് ഈ പാവങ്ങളെ കൊന്നത് എന്നാണ് റെഡ്ഡി സൂചിപ്പിക്കുന്നത്.

അവസാനം പൊലീസിനെതിരെ കേസ് എടുത്തെങ്കിലും, കോടതി നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

അവസാനിക്കാത്ത പുഷ്പ മോഡല്‍

അതിനുശേഷവും ശേഷാചലത്ത് ചോര ഒരുപാട് ഒഴുകി. 2018 ഫെബ്രുവരി 19-ന് തിരുപ്പതി-കഡപ്പ ഹൈവേയിലെ വോണ്ടിമിട്ട തടാകത്തില്‍ അഞ്ചു മൃതദേഹങ്ങള്‍ പൊങ്ങിയതും വിവാദമായിരുന്നു. 30 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രക്ത ചന്ദനം കടത്തുന്നവരെ പിടികൂടാന്‍ പോലീസില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈ സമയത്ത് ഓടി രക്ഷപ്പെട്ടവര്‍ തടാകത്തില്‍ ചാടി മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം.


 



ദൃശ്യം സിനിമ ഇറങ്ങിയതിനുശേഷം പിന്നീട് ആ മോഡലില്‍ ഉണ്ടായ കൊലകള്‍ എല്ലാം അതിന്റെ പേരിലായിരുന്ന അറിയപ്പെട്ടത്. അതുപോലെ പുഷ്പക്കുശേഷം ഉണ്ടായ കള്ളക്കടത്തുകള്‍ ഒക്കെ പുഷ്പ മോഡലായി. 2022 ഫെബ്രുവരിയിലാണ്, സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായത് വാര്‍ത്തയായിരുന്നു. ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പുഷ്പ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അയാള്‍ കള്ളക്കടത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികള്‍ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു അയാള്‍ തടികള്‍ കടത്തിയത്. പോലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടിയാണ് ട്രക്കില്‍ നിന്നും കണ്ടെത്തിയത്!

2024 ഡിസംബറില്‍ 63.5 കോടി രൂപ വിലമതിക്കുന്ന 49 രക്തചന്ദനത്തടികളാണ് അധികൃതര്‍ പിടികൂടിയത്. മംഗളഗിരി നഗരത്തിന് സമീപമുള്ള കാസ ടോള്‍ ഗേറ്റിന് സമീപം ലോറിയില്‍ കടലാസുകെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 1201 കിലോഗ്രാം തൂക്കമുള്ള മരത്തടികള്‍ കണ്ടെത്തിയത്. മോഷ്ടിച്ച തടികള്‍ തമിഴ്‌നാട്ടില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്നു.

അതായത് 90കളിലെ പഴയ പ്രതാപം ഇല്ലെങ്കിലും, ഇന്നും ശേഷാചലം മലകളില്‍ രകത ചന്ദനക്കടത്തുണ്ട്. പക്ഷേ സര്‍ക്കാറിന്റെ ഒരു നയം മാറ്റമാണ് കള്ളക്കടത്തിന് വലിയ തിരിച്ചടിയായത്. ഒന്ന് നിബന്ധനകളോടെ, രക്തചന്ദനം വളര്‍ത്താന്‍ ഇന്ന് അനുമതിയുണ്ട്്. 1972-ലെ കേന്ദ്ര പരിസ്ഥിതി നിയമത്തിലെ ഷെഡ്യൂള്‍ 6 പ്രകാരം, രക്തചന്ദനം കൃഷി ചെയ്യുന്നതിനും മുറിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമായിരുന്നു എന്നാല്‍ 2017-മുതല്‍ ഈ നിബന്ധനകള്‍ ഇളവുചെയ്തതിനാല്‍ ആന്ധ്രയിലും കര്‍ണ്ണാടകയിലും തോട്ടമടിസ്ഥാനത്തില്‍ രക്തചന്ദനം കൃഷി തുടങ്ങിയിരിക്കയാണ്. ഇന്ന് പ്രമുഖ നഴ്സറികളില്‍ ഇതിന്റെ തൈകള്‍ ലഭ്യമാണ്. ആന്ധ്രയിലെ കഡപ്പയിലടക്കം ഇങ്ങനെ ഫാമുകള്‍ ഉണ്ട്.

ചന്ദനമരങ്ങളില്‍ ചിപ്പ് ഘടിപ്പിക്കുക അടക്കമുള്ള ടെക്ക്നോളജി വന്നതും കള്ളക്കടത്തുകാര്‍ക്ക് വിനയായി. അതോടെ മരത്തില്‍ കോടാലികൊണ്ട് തൊട്ടാല്‍, മെെൈാബല്‍ അലേര്‍ട്ട് വരും. പുഷ്പയുടെ കാലത്തൊന്നും ഈ പരിപാടി ഇല്ലായിരുന്നു. ഇതോടെ സ്വകാര്യഭൂമിയില്‍നിന്ന് രക്തചന്ദനം മോഷണം പോവുന്നത് ഗണ്യമായി കുറഞ്ഞു. വൈദ്യൂതിവേലി, സിസിടിവി എന്നീ അധുനിക സംവിധാനങ്ങളും ഫലത്തില്‍ മരംവെട്ടുകാര്‍ക്ക് പാരയായി. ഉള്‍വനത്തില്‍പോലും ആന്ധ്ര സര്‍ക്കാര്‍ ഇപ്പോള്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

മറ്റൊന്ന് കാട്ടിലെ രക്തചന്ദനമരങ്ങള്‍ വംശനാശ ഭീഷണിയിലെത്തി എന്നതാണ്. അമിതമായ ചൂഷണം കാരണം അപൂര്‍വ സസ്യ ഇനങ്ങളെ ഐയുസിഎന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) പട്ടികയിലാണ് ഇന്ന് രക്തചന്ദനമുള്ളത്. വായുവിലൂടെ പരാഗണം നടക്കുന്ന ഈ മരങ്ങള്‍, വെട്ടിവെട്ടി തീരെ കുറഞ്ഞു. എന്നാലും ഉള്ളതിന് ഇപ്പോഴും നല്ല ഡിമാന്റ് ഉണ്ട്. ഇപ്പോള്‍ പലയിടത്തും രക്തചന്ദന കൃഷിയുണ്ട്. പക്ഷേ അതിനൊന്നും ന്വാച്ചറല്‍ ശേഷാചലം രക്തചന്ദനത്തിന്റെ വിലയും പവറുമില്ല എന്ന് വേറെ കാര്യം.




 


വാല്‍ക്കഷ്ണം: പ്രകൃതി നമുക്ക് കനിഞ്ഞ് തന്ന കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ വെറുതെ നഷ്ടമാവുന്നതിന്റെ മികച്ച ഉദാഹരണമാണ് ശേഷാചലം. നാട്ടുകാരുടെ സഹായത്തോടെ, സര്‍ക്കാര്‍ മൂന്‍കൈയെടുത്ത്, നിയന്ത്രണങ്ങളോടെ രക്തചന്ദനം വെട്ടുകയും, അതിന്റെ പരാഗണത്തിനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും, വിദേശ വിപണിയിലേക്ക് നേരിട്ട് മാര്‍ക്കറ്റ് ചെയ്യുകയും ആയിരുന്നെങ്കില്‍ എത്ര കോടിയായിരുന്നു ഈ നാടിന് കിട്ടുക! ചോക്കുമലയ്ക്ക് മുകളിലിരുന്ന് ചോക്ക് തിരയുന്നവനെപ്പോലെ, കോടികളുടെ സ്വത്തുണ്ടായിട്ടും ശേഷാചലത്തുകാര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു.

Tags:    

Similar News