പള്ളികളില്‍ കര്‍ത്താവിന്റെ പടത്തിന് പകരം ഷീ ജിന്‍ പിങിന്റെ പടം! കുരിശുകള്‍ക്കും വിലക്കെന്ന് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്; നോമ്പും നിസ്‌ക്കാരവും വരെ നിരോധിച്ച് വരെ മുസ്ലീം പീഡനം; ഹോങ്കോങ്ങ് ഏഷ്യയിലെ കത്തോലിക്കാ കോട്ടയാവുമെന്നും ഭീതി; മത പീഡനത്തില്‍ റെക്കോര്‍ഡിട്ട് ചൈന

മത പീഡനത്തില്‍ റെക്കോര്‍ഡിട്ട് ചൈന

Update: 2024-10-03 10:32 GMT

തവിശ്വാസം പൊതു ഇടങ്ങളില്‍ പ്രകടിപ്പിച്ചാല്‍ പത്തുവര്‍ഷം ശിക്ഷ കിട്ടുന്ന ഒരു രാജ്യം ഈ ലോകത്ത് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്ന് എത്രപേര്‍ വിശ്വസിക്കും! കുട്ടികള്‍ക്ക് മതപ്രാധാന്യമുള്ള പേരുകള്‍ ഇടുന്നതിന് തടയാനായി സര്‍ക്കാര്‍ പേരുകളുടെ ഡിക്ഷനറി പ്രഖ്യാപിക്കുകയും, അതില്‍നിന്നല്ലാതെ പേരിട്ടാല്‍ അത് കുറ്റകരമാക്കുകയും ചെയ്ത കമ്യൂണിസ്റ്റ് രാഷ്ട്രം. ഇവിടെ മോസ്‌ക്കുകള്‍, ചര്‍ച്ചുകള്‍, സുഫി ദര്‍ഗകള്‍ എന്നിവയൊക്കെ പിടിച്ചെടുത്ത് സര്‍ക്കാര്‍ പൊതു ഇടങ്ങളാക്കി. ജനം പേടിച്ച് ആരാധനാലയങ്ങളില്‍ വരാതെ പ്രാര്‍ത്ഥന വീട്ടിലാക്കി. മതത്തെ സമൂഹത്തില്‍ നിന്ന് വേരോടെ പിഴുതുമാറ്റാനും, സമ്പൂര്‍ണ്ണ നാസ്തിക രാഷ്ട്രമാക്കി അല്‍ബേനിയയെ മാറ്റാനുമുള്ള അന്‍വര്‍ ഹോജ എന്ന കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ ഭ്രാന്തന്‍ നയങ്ങള്‍ കാരണം, ആയിരിക്കണക്കിന് വിശ്വാസികളാണ് കൊല്ലപ്പെട്ടു!

1945-മുതല്‍ ഹജ്ജ് തീര്‍ത്ഥാടനംപോലും, അല്‍ബേനിയയില്‍ നിരോധിക്കപ്പെട്ടു. പക്ഷേ 91-ല്‍ കമ്യൂണിസറ്റ് ഭരണം തകര്‍ന്നതോടെ കാര്യങ്ങള്‍ ആകെ മാറി. വിശ്വാസം അതിന്റെ പത്തിരിട്ടി ശക്്തിയോടെ തിരിച്ചുവന്നു. ഇത്ര ഭീകരമായിരുന്നില്ലെങ്കിലും, സോവിയറ്റ് യൂണിയനിലും കമ്യൂണിസ്റ്റ് കാലഘട്ടത്ത് മതവിശ്വാസികളോട് മോശം സമീപനമായിരുന്നു. കമ്യൂണിസത്തിന്റെ തകര്‍ച്ചതോടെ റഷ്യയിലും അതിശക്തമായി മതം തിരിച്ചുവന്നു. ഇന്ന് ഓര്‍ത്തഡോക്സ് ചര്‍ച്ചൊക്കെ നിര്‍ണ്ണായക ശക്തിയാണ് അവിടെ.

ഇവിടെങ്ങളിലൊക്കെ മതം തിരിച്ചുവന്നു എന്ന് പറയുന്നതില്‍പോലും അര്‍ത്ഥമില്ല എന്നാണ്, ലോക പ്രശ്സത ചിന്തകനായ സാം ഹാരീസ് അഭിപ്രായപ്പെട്ടിരുന്നത്. കാരണം ഭരണകൂടം അടിച്ചമര്‍ത്തുമ്പോഴും, മതം വിശ്വാസികളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ശാരീരികമായ പീഡനങ്ങളിലൂടെയല്ല, ശാസ്ത്രബോധം വളര്‍ത്തിക്കൊണ്ടുള്ള മസ്തിഷ്‌ക്കമാറ്റത്തിലുടെയാണ്, വിശ്വാസത്തെ തുടച്ചകളയേണ്ടത് എന്നാണ് ആധുനിക സ്വതന്ത്രചിന്തകര്‍ പറയുന്നത്. ഈ അടിസ്ഥാന കാര്യം ഇന്നും അറിയാത്തവര്‍ ഉണ്ട്. അല്ലെങ്കില്‍, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് അറിഞ്ഞില്ലെന്ന് നടിക്കുന്നു. അതാണ് കമ്യൂണിസ്റ്റ്് ചൈന.

മാവോ സേതുങ്ങിന്റെ സാംസ്‌ക്കാരിക വിപ്ലവത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് അല്‍ബേനിയയില്‍ അന്‍വര്‍ ഹോജ, കടുത്ത മതപീഡനങ്ങള്‍ നടപ്പാക്കിയത്. പുരോഹിതനെയൊക്കെ ഒരു സുപ്രഭാതത്തില്‍ പിടിച്ചുകൊണ്ടുവന്ന് കര്‍ഷകനാക്കിയത് അടക്കമുള്ള ഒരുപാട് ഭാന്ത്രന്‍ നയങ്ങളുടെ ഭാഗമായി, ലക്ഷക്കണക്കിന് ജനങ്ങളുടെ ചോര ചൈനയില്‍ വീണു. എന്നിട്ടും അവര്‍ ഒന്നും പഠിക്കുന്നില്ല. ഇന്നും ചൈനയില്‍ മതപീഡനം തുടരുകയാണ്.

ഈശോക്ക് പകരം ഷീന്‍ ജിന്‍ പിങ്്!

ചൈനയുടെ 3000 വര്‍ഷത്തെ ചരിത്രത്തില്‍ എന്നും വിവാദമായതാണ് മതങ്ങളോടുള്ള സമീപനം. ഇന്ന് ചൈനയിലെ മതം വൈവിധ്യമാര്‍ന്നതാണ്. മിക്ക ചൈനക്കാരും ഒന്നുകില്‍ മതവിശ്വാസികളല്ല അല്ലെങ്കില്‍ ബുദ്ധമതവും, താവോയിസവും കണ്‍ഫ്യൂഷ്യസിന്റെ ദര്‍ശനങ്ങളും ചേര്‍ന്ന ലോകവീക്ഷണമോണ് അവരുടേത് എന്നാണ് പറയുന്നത്. ഇതിനെ മൊത്തത്തില്‍ ചൈനീസ് നാടോടി മതം എന്ന് വിളിക്കാറ്.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഔദ്യോഗികമായി നിരീശ്വര രാഷ്ട്രമാണ്. എന്നാല്‍ ഗവണ്‍മെന്റ്് ഔപചാരികമായി അഞ്ച് മതങ്ങളെ അംഗീകരിക്കുന്നു: ബുദ്ധമതം, താവോയിസം, ക്രിസ്തുമതം ( ഇതില്‍ കത്തോലിസവും പ്രൊട്ടസ്റ്റന്റ് മതവും വെവ്വേറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു) ഇസ്ലാം എന്നവിയാണ് അവ. പക്ഷേ മതങ്ങള്‍പോലും ഇവിടെ പാര്‍ട്ടിക്ക് താഴെയാണ്. രാജ്യത്തെ എല്ലാ മതസ്ഥാപനങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിക്കണം. ഒരു പ്രത്യേക തരം മതസ്വതന്ത്ര്യം തന്നെയാണ് ചൈനയിലുള്ളത്.

 



മാവോയുടെ സാംസ്‌ക്കാരിക വിപ്ലവകാലം തൊട്ട്, മതപീഡനം ചൈനയില്‍ രൂക്ഷമായി. ഇന്ന് മാവോക്കാലത്തുനിന്ന് ചൈന ഏറെമാറി. അന്ന് ദശലക്ഷങ്ങള്‍ പട്ടിണി കിടന്ന് മരിച്ച രാജ്യം ഇന്ന് വളര്‍ച്ചാസൂചികളില്‍ മുന്നിലാണ്. മാവോയുടെ കമ്യൂണിസമല്ല, വിപണി തുറന്ന് കൊണ്ട് ഡെങ്് സിയാവോ പിങ് നടപ്പാക്കിയ റെഡ് ക്യാപിറ്റലിസമാണ് ചൈനയുടെ ഗതിമാറ്റിയത്. ഇന്ന് ആഗോള ക്യാപിറ്റലിസറ്റ് ഭീമാനായ ചൈനക്ക് സോഷ്യലിസം എന്നത് ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. പക്ഷേ ചൈനയില്‍ മാറാത്തതായി ഒന്നുണ്ട്. അതാണ് മതത്തോടുള്ള സമീപനം.

ഏറ്റവും ഒടുവിലായി ചൈനയിലെ പള്ളികളില്‍നിന്നു കുരിശുകള്‍ നീക്കം ചെയ്യണംമെന്നും ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം, പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ചിത്രം വെയ്ക്കണമെന്ന നിര്‍ദേശമാണ് വിവാദമാവുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു നിര്‍ദേശം ഉണ്ടായിരിക്കുന്നതെന്ന് അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആരോപിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അന്താരാഷ്ട്രതലത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ചൈന തുടര്‍ച്ചയായി ലംഘിക്കുന്നു.

സര്‍ക്കാര്‍ മതഗ്രന്ഥങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രസംഗിക്കാന്‍ വൈദികരെ നിര്‍ബന്ധിക്കുകയും, പള്ളികളില്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെന്നും അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമാത്രമല്ല, ഇസ്ലാമിക, ക്രൈസ്തവോ, ബൗദ്ധ ആരാധാനാലയങ്ങള്‍ക്ക് നേരെയും അവിടെ പലപ്പോഴും നിയമലംഘനത്തിന്റെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കടുത്ത നടപടികള്‍ ഉണ്ടാവാറുണ്ട്.

ചിലയിടത്തൊക്കെ പള്ളികള്‍ സര്‍ക്കാര്‍ അടപ്പിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ ചേരുന്ന വിശ്വാസക്കൂട്ടായ്മകളിലാണ് പ്രാര്‍ത്ഥാന ചടങ്ങുകള്‍ നടക്കുന്നത്. ഇത് എല്ലായിടത്തുമില്ല. വിശ്വാസികള്‍ സംഘടിക്കുന്ന പ്രദേശങ്ങള്‍ മാത്രമാണ് ചൈന നോട്ടമിടുന്നത് എന്നാണ് പറയുന്നത്.

പീഡനം ഭയന്ന് പലായനം

ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഢനം നടക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ അതിന് കമ്യുണിസ്റ്റ് ചൈന എന്നുതന്നെയാവും ഉത്തരം. പീഡനങ്ങള്‍ ഭയന്ന് ഒരു പാട് മതപ്രചാരകര്‍ ഇവിടെ നിന്ന് നാടുവിട്ടിട്ടുണ്ട്. 2023-ല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തില്‍ നിന്നും അറുപത്തിമൂന്നു ചൈനീസ് ക്രൈസ്തവരെ രക്ഷിച്ച കഥ അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് (ആര്‍.എഫ്.ഐ) പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. ഷെന്‍സെന്‍ ഹോളി റിഫോംഡ് സമൂഹം എന്നറിയപ്പെട്ടിരുന്ന ഈ ക്രൈസ്തവരെ ചൈനീസ് ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ച് അമേരിക്കയില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്.


ചൈനീസ് ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ നിന്നും 2019-ലാണ് ഈ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. തെക്കന്‍ കൊറിയയിലെ ജേജൂ നഗരത്തിലാണ് ഇവര്‍ ആദ്യം അഭയം തേടിയത്. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു അവിടെ തുടരുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിനാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ തായ് ലാന്‍ഡില്‍ എത്തി. ഐക്യരാഷ്ട്രസഭയുടെയും, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും നയതന്ത്ര ചാനലുകള്‍ വഴി അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടത്തി വരുന്നുണ്ടായിരുന്നു. കുടിയേറ്റ നിയമ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തായ് അധികാരികള്‍ ഈ കുടുംബങ്ങളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ യാത്രാരേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇതിനിടെ ചൈനീസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കാരണം തായ് അധികാരികള്‍ ഇവരെ തടവിലാക്കുകയും, പിഴ വിധിക്കുകയും, ചൈനയിലേക്ക് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈനയിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇവര്‍ കൊല്ലപ്പെടുവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരിന്നു. മൈക്കേല്‍ മക്കോള്‍ പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങളും, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തായ് അധികാരികളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ചൈനയിലേക്ക് നാടുകടത്തുന്നതിന് മുന്‍പ് തന്നെ ഇവരെ അമേരിക്കയിലെത്തിക്കുവാന്‍ കഴിഞ്ഞത്.2023 ഏപ്രില്‍ 5-ന് ഇവര്‍ അമേരിക്കയിലെ ഡാളസില്‍ സുരക്ഷിതമായി എത്തിയപ്പോള്‍, ട്രിംബിള്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ റാഷദ് ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘം ഇവരെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. പ്രദേശത്തെ ചില വീടുകളിലാണ് ഇവരെ പുനരധിവസിപ്പിച്ചിരിക്കുന്നത്.

നിസ്‌ക്കാരവും നോമ്പും നിരോധിക്കുന്നു

ചൈനയിലെ ക്രൈസ്തവരേക്കാള്‍ പീഡിപ്പിക്കപ്പെടുന്നത് ഉയിഗൂരികള്‍ എന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളാണ്. കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിന്‍ജിയാങ് പ്രവിശ്യയില്‍, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂര്‍ മുസ്ലീങ്ങള്‍. 30 ലക്ഷത്തിലേറെ ഉയിഗൂര്‍ വംശജരായ മുസ്ലിങ്ങളെ കൂട്ടത്തോടെ രാഷ്ട്രീയ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ അടച്ചിരിക്കയാണ്. വംശീയ ന്യൂനപക്ഷങ്ങളെ മതവിശ്വാസത്തിന്റേയും സാമൂഹിക ആചാരങ്ങളുടേയും പേരില്‍ അന്യായമായി തടഞ്ഞുവയ്ക്കുന്ന ഇത്രയും വലിയ തടങ്കല്‍പ്പാളയങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റെങ്ങുമുണ്ടായിട്ടില്ല.

ഇവര്‍ മതം ഉപേക്ഷിച്ച് ദേശീയവാദികള്‍ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. ഈ മേഖലയിലെ ഓരോ മുക്കിലും മൂലയിലും ഭരണകൂടത്തിന്റെ കണ്ണുണ്ട്. ഹാന്‍ വംശജരെ ഇങ്ങോട്ട് വ്യാപകമായി കുടിയേറിപ്പാര്‍പ്പിക്കുന്നുമുണ്ട്. 2017 മുതല്‍ക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷന്‍ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഇത് തുറന്ന തടവറയല്ല, രാഷ്ട്ര പുനര്‍ നിര്‍മ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാര്‍ ജയിലിലായ ഉയിഗുര്‍ വീടുകളിലേക്ക് ഇപ്പോള്‍ 'ബന്ധു സഖാക്കള്‍' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളില്‍ എത്തുന്ന ഈ അതിഥികള്‍ ഉയിഗൂരികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങള്‍ പഠിപ്പിക്കും.

അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ബന്ധു സഖാക്കള്‍ക്ക് നിര്‍ദ്ദേശം കിട്ടിയത്. ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാന്‍ പ്രേരിപ്പിക്കണം, താടിയില്ലാത്തയാള്‍ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാള്‍ പെട്ടെന്ന് നിര്‍ത്തിയാലുമൊക്കെ റിപ്പോര്‍ട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളില്‍, പേരിടല്‍ ചടങ്ങുകളില്‍, ജനന- മരണങ്ങള്‍ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവര്‍ക്ക് നല്‍കിയ മറ്റ് നിര്‍ദ്ദേശങ്ങള്‍.

2020-ല്‍ ഉയിഗൂര്‍ മുസ്ലീങ്ങളുടെ പള്ളിപൊളിച്ച് മൂത്രപ്പുരയാക്കിയതും, ചിലത് മദ്യവും സിഗരറ്റും വില്‍ക്കുന്ന ബാര്‍ ആക്കിയതും, ഖബറുകളിലെ അസ്ഥികള്‍വരെ മാന്തിയെടുത്തതും, വലിയ വാര്‍ത്തയായിരുന്നു. പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയിഗൂര്‍ ജമാ മസ്ജിദ് ഇടിച്ച് പൊളിച്ച് മൂത്രപ്പുരയാക്കിയത്. ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാര്‍ട്ടിക്കൊടിയും നാട്ടിയിരുന്നു. മുന്‍ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാര്‍ട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചു. അവിടെ മറ്റൊരു പള്ളി പൊളിച്ച്, ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന സ്റ്റോര്‍ ആക്കിയും മാറ്റിയിരുന്നു. ഉയിഗൂര്‍ മുസ്ലീങ്ങളുടെ മനോബലം തകര്‍ക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി അടര്‍ത്തിമാറ്റി, ഹാന്‍ വംശീയസ്വത്വത്തിലേക്കും, തദ്വാരാ മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയുണ്ടായത്.


 



അതിനുശേഷം പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലീം പള്ളി തകര്‍ത്തു. വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ലാന്‍ഷൗ സിഗ്വാന്‍ മസ്ജിദാണ് അധികൃതര്‍ പൊളിച്ചത്. അതിന്റെ അറബി ശൈലിയിലുള്ള ഘടനയെ ചൈനീസ് സ്വഭാവസവിശേഷതകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മസ്ജിദ് പൂര്‍ണ്ണമായും പൊളിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വേണ്ടജ നിലകൊള്ളുന്ന വെബ്സൈറ്റായ ബിറ്റര്‍ വിന്റര്‍ പറയുന്നു.മസ്ജിദ് ഇല്ലാതാക്കാനുള്ള പദ്ധതി പ്രാദേശിക മുസ്ലീങ്ങളില്‍ പ്രതിഷേധത്തിന് കാരണമായി. പലരെയും ബലപ്രയോഗത്തിലൂടെയാണ് ചൈന നേരിട്ടത്.

ഉയിഗൂരികളുടെ പല തൊഴിലിടങ്ങളിലും റംസാന്‍ നോയ്മ്പും, നിസ്‌ക്കാരവും വരെ സമയനഷ്ടത്തിന്റെ പേരുപറഞ്ഞ് ചൈന നിരോധിച്ചു കഴിഞ്ഞു. ഇങ്ങനെയൊക്കെ ചെയ്ത് മുസ്ലീങ്ങളുടെ സ്വത്വബോധത്തെ മാറ്റിയെടുക്കയാണ് ചൈനയുടെ ലക്ഷ്യം. പക്ഷേ ഇത്തരം പീഡനങ്ങള്‍മൂലം ആര്‍ക്കും മാനസികമാറ്റം ഉണ്ടാവുന്നില്ല എന്ന് അവര്‍ക്ക് അറിയുന്നില്ല. ഈ രീതിയിലുള്ള പീഡനങ്ങള്‍ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര - വ്യവസായ ബന്ധങ്ങള്‍ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകള്‍ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവര്‍ക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തില്‍ നോക്കുക. റോഹീങ്ക്യന്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി വലിയ റാലികള്‍ നടന്ന ഇവിടെ, ഉയിഗൂര്‍ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടാറില്ല.

കത്തോലിക്കാ സഭയുമായി ഇടയുന്നു?

നേരത്തെ ചൈന കത്തോലിക്കാ സഭയുമായൊക്കെ അത്യാവശ്യം നല്ല ബന്ധം തന്നെയാണ് പുലര്‍ത്തിവന്നത്. ആഗോള ശക്തിയായ ചൈനയെ വെറുപ്പിക്കാതെ മുന്നോട്ട്പോവാന്‍ കഴിയിലെന്ന് സഭക്കും നന്നായി അറിയാമായിരുന്നു. 2018-ല്‍ ഫ്രാന്‍സിസ് പാപ്പയും, ഷീന്‍ ജിന്‍ പിങുമായി, ബെയ്ജിങ്ങില്‍ ഒപ്പുവെച്ച കരാര്‍ ഈ മഞ്ഞുരുകലിന്റെ ഭാഗമായിരുന്നു. മെത്രാന്മാരുടെ നിയമനം പാപ്പയുടെ പരമാധികാരമാണെന്നാണ് സഭയുടെ പരമ്പരാഗത നിലപാട്. എന്നാല്‍ ചൈനയില്‍ ഇത് നടപ്പില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രിക്കുന്ന ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും, ദേശീയ മെത്രാന്‍ സമിതിയുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നത്. മെത്രാനെ പാപ്പ നിയമിക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടേ ആയിട്ടുള്ളുവെന്നും പ്രാദേശികതലത്തില്‍ സര്‍ക്കാരിന് മെത്രാന്മാരെ നിയമിക്കാന്‍ അവകാശമുണ്ടെന്നുമാണ് ചൈന വാദിച്ചിരുന്നത്.

2018-ലെ കരാര്‍ പ്രകാരം, ബിഷപ്പ് നിയമം സംബന്ധിച്ച് സര്‍ക്കാറിന്റെ ഇടപെടലുകള്‍ ലഘൂകരിക്കാന്‍ ധാരണയായി. പ്രാദേശികതലത്തില്‍ ഉയര്‍ന്നുവരുന്ന പേരുകള്‍ പരിഗണിച്ച് ചൈനീസ് സര്‍ക്കാര്‍ മൂന്നുപേരുകള്‍ നിര്‍ദ്ദേശിക്കുകയും, അതില്‍നിന്ന് ഒരാളെ വത്തിക്കാന്‍ ബിഷപ്പായി നിയമിക്കുകയും ചെയ്യുമെന്നതാണ് പുതിയ രീതി. ഇതോടെ വത്തിക്കാന് അന്തിമ വീറ്റോ അധികാരം ഉണ്ടായിരിക്കും എന്നാണ് നിരീക്ഷകര്‍ പറഞ്ഞിരുന്നത്. അന്തിമമായി ബിഷപ്പിനെ പ്രഖ്യാപിക്കാനുള്ള അധികാരം വത്തിക്കാനാണെന്നത് ബെയ്ജിങ് അംഗീകരിക്കുന്നു എന്നത് വലിയ നേട്ടമായും അവര്‍ വിലയിരുത്തുന്നു.

എന്നാല്‍ വത്തിക്കാന്‍-ചൈന ഉടമ്പടിയില്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷി ജിന്‍പിങിന്റെ സമഗ്രാധിപത്യത്തിന് വത്തിക്കാന്‍ നല്‍കുന്ന അംഗീകാരമുദ്ര മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ചൈനീസ് ജനതയുടെ പോരാട്ടത്തെ തളര്‍ത്തുന്നതാണെന്ന് അവര്‍ പറയുന്നു.


 



ഷി ജിന്‍പിങ് അധികാരത്തിലെത്തിയശേഷം രാജ്യത്ത് ഭരണത്തിലും സമൂഹത്തിലും ബിസിനസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണം വര്‍ദ്ധിച്ചിരിക്കയാണ്.ചൈനീസ് സംസ്‌കാരത്തോട് അനുരൂപപ്പെടുത്തുക എന്ന നയത്തിന്റെ പേരില്‍ ഭരണഘടനയ്ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും വിരുദ്ധമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ആസൂത്രിതമായും വ്യാപകമായും മതസ്വാതന്ത്ര്യത്തിനും വിശ്വാസ ആചാരങ്ങള്‍ക്കുമെതിരെ കര്‍ശന നിയന്ത്രണവ്യവസ്ഥകള്‍ നടപ്പാക്കുന്നുണ്ട്.. വത്തിക്കാനുമായുള്ള പുതിയ ഉടമ്പടിക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ രാജ്യത്തെ പ്രമുഖ കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രം ചൈനീസ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടുകയും രണ്ടു കത്തോലിക്കാ ദേവാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വത്തിക്കാനുമായുള്ള ഉടമ്പടി പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് ബെയ്ജിങ്ങിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് ഭവനസഭയായ സിയോന്‍ ചര്‍ച്ച് ഭരണകൂടം അടച്ചുപൂട്ടി. ഇതെല്ലാം കടുത്ത അനീതയാണെന്നാണ ്യുഎസ് കോണ്‍ഗ്രസ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിനു മുന്‍പാകെ പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് ചൈനയുടെ ലക്ഷ്യം. സഭയുടെ താല്പര്യം ചൈന വന്‍കരയിലെ കത്തോലിക്കരെ വത്തിക്കാനു കീഴില്‍ കൊണ്ടുവരിക എന്നതാണ്. ഇതിന്റെ പേരിലാണ് ചര്‍ച്ചകള്‍ നടന്നത്.

പക്ഷേ ഈ ചര്‍ച്ചകള്‍ ഒരുഭാഗത്ത് നടത്തി തങ്ങള്‍ മതസ്വതന്ത്ര്യം അനുവദിക്കുന്നവര്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കുകയും, മറുഭാഗത്ത് വിശ്വാസത്തെ അടിച്ചമര്‍ത്തുകയുമാണ് ചൈന ചെയ്തിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പള്ളികളില്‍ കര്‍ത്താവിന്റെ പടം മാറ്റി ഷീ ജിന്‍ പിങിന്റെ പടം വരുന്നത്.

ദലൈ ലാമയും ഹോങ്കോങ്ങും

അതുപോലെ ദലൈ ലാമയോടുള്ള ചൈനയുടെ തീരാപ്പകയും കുപ്രസിദ്ധമാണ്. ഇന്ത്യയിലേക്കു പലായനം ചെയ്യേണ്ടിവന്ന തിബറ്റിലെ ബുദ്ധമതക്കാരുടെ ആധ്യാത്മിക പരമാചാര്യനും ഭരണാധികാരിയുമായ ദലൈ ലാമയുടെ അനുയായികള്‍ക്ക് ബെയ്ജിങ് ഭരണകൂടം ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിബറ്റിലെ ജീവിച്ചിരിക്കുന്ന ബുദ്ധന്മാരെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ചൈന. ഇന്നും അവിടെ രണ്ടാം തരം പൗരന്‍മ്മാരായും പേടിച്ചുമാണ് അവര്‍ കഴിയുന്നത്. ഈ ദലൈ ലാമക്ക് അമേരിക്കയും, കത്തോലിക്കാ സഭയും നല്‍കുന്ന പരോക്ഷ പിന്തുണയും ചൈനയെ ചൊടിപ്പിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനിലും മധ്യപൂര്‍വ്വദേശത്തും ജനാധിപത്യ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനു പിന്നില്‍ അമേരിക്കയുണ്ടായിരുന്നുവെന്നത് ചൈന ചിരകാല സംശയമാണ്. അവിടെ അധികാരം പിടിക്കാന്‍ അമേരിക്ക ജനങ്ങളുടെ മനസ്സിലേക്ക് മതം കുത്തിവെക്കയാണെന്നാണ് ടിപ്പിക്കല്‍ ചൈനീസ് ചിന്ത. അതുകൊണ്ടാണ് ഷീന്‍ ജിന്‍ പിങ്്, ഇങ്ങനെ മതങ്ങളെ ഭയക്കുന്നത് എന്നാണ് 'ന്യൂസ് വീക്ക്' പറയുന്നത്.

മറ്റൊരു പ്രശ്നം ഹോങ്കോങ്ങിനെ ചൊല്ലിയുള്ളതാണ്. ബ്രിട്ടനില്‍നിന്ന് 99 വര്‍ഷത്തെ കോളനിവാഴ്ചയ്ക്കുശേഷം 1997-ല്‍ ചൈനയ്ക്കു തിരിച്ചുകിട്ടിയ പ്രവിശ്യയായ ഹോങ്കോംങ്ങില്‍ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളുണ്ട്. 'ഒരു രാജ്യം, രണ്ടു ഭരണസംവിധാനം' എന്ന തത്ത്വത്തില്‍ അധിഷ്ഠിതമാണ് ഇവിടുത്തെ ഭരണം. ജനാധിപത്യ ഭരണസംവിധാനവും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച ചൈന-ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഭരണപ്രവിശ്യ പദവി ഹോങ്കോംങിനുണ്ട്. ഈ പ്രദേശത്തെ ഏഷ്യയിലെ കത്തോലിക്കാ കോട്ടയായി നിലനിര്‍ത്താനാണ് കത്തോലിക്കാസഭ ശ്രമിക്കുന്നത് എന്നാണ് ചൈനയുടെ രഹസ്യമായ ആരോപണം. ജനാധിപത്യ മൂല്യങ്ങള്‍ക്കായി ഹോംങ്കോങ്് ജനത നടത്തിവന്ന മിക്ക പ്രക്ഷോഭങ്ങള്‍ക്കും കത്തോലിക്കാസഭയുടെ പിന്തുണയുണ്ടായിരുന്നു. സഭയുടെ ശക്തമായ സാന്നിധ്യവും സ്വാധീനവും ചൈനയ്ക്ക് എന്നും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്രിട്ടന്‍ ആ വിലപ്പെട്ട മുനമ്പ് ചൈനയ്ക്കു കൈമാറുന്നതിനു മുന്‍പുതന്നെ ജോണ്‍പോള്‍ പാപ്പ ഹോങ്കോംങ്ങിലെ സഭാമേലധ്യക്ഷസ്ഥാനത്തേക്കുള്ള പിന്‍തുടര്‍ച്ചക്കാരനെ നിശ്ചയിച്ചിരുന്നു. ബയ്ജിങ് ഇടപെടാതിരിക്കാന്‍ വേണ്ടി കരുതലോടെയായിരുന്നു ആ നീക്കം.

ദേശീയ സുരക്ഷാനിയമം നടപ്പാക്കി ഹോങ്കോംങിലെ ജനാധിപത്യ വ്യവസ്ഥിതിയും പ്രവിശ്യാസ്വാതന്ത്ര്യവും അട്ടിമറിക്കാന്‍ 2020 ജൂണില്‍ ബെയ്ജിങ് നടത്തിയ രാഷ്ട്രീയ ഇടപെടല്‍ വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അതിശക്തമായ മുന്നറിയിപ്പു നല്‍കുകയും, സാമ്പത്തിക, വാണിജ്യ ഉപരോധ ഭീഷണി ഉയര്‍ത്തുകയും ചെയ്തിട്ടും വന്‍കരയില്‍നിന്ന് സൈന്യത്തെ വിന്യസിച്ചാണെങ്കിലും ജനാധിപത്യപ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ തന്നെയായിരുന്നു ഷി ജിന്‍പിങ്ങിന്റെ തീരുമാനം. ജനങ്ങളുടെ പക്ഷം ചേരാനും സമാധാനം പുനഃസ്ഥാപിക്കാനും പ്രാദേശിക സഭാതലത്തില്‍ ചില ദുര്‍ബ്ബല നീക്കങ്ങളുണ്ടായെങ്കിലും വത്തിക്കാന്‍ ബെയ്ജിങ്ങിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ തികഞ്ഞ മൗനം പാലിച്ചു.

ഇപ്പോഴും ഹോങ്കോങ്ങില്‍ സഭക്ക് ഒരു കണ്ണുണ്ടെന്നാണ് ചൈന കരുതുന്നുത്. അതിന്റെയെല്ലാം ഭാഗമായാണ് ഈ മതപീഡനങ്ങള്‍ ഉണ്ടാവുന്നത്. ചൈനയുടെ സ്വാഭാവം അനുസരിച്ച് ഇത് അടുത്തകാലത്തൊന്നും അവസാനിക്കുമെന്നും തോനുന്നില്ല.


 



വാല്‍ക്കഷ്ണം: മതത്തെ ഇല്ലാതാക്കാനുള്ള വഴി മതപീഡനമല്ല എന്ന് ഇനിയും ചൈനക്ക് മനസ്സിലാവുന്നില്ല. അയല്‍ രാജ്യമായ ജപ്പാനിലേക്ക് നോക്കുക. ഇവിടെ സര്‍ക്കാര്‍ മതങ്ങള്‍ക്കോ, മത സ്ഥാപനങ്ങള്‍ക്കോ ഒരു ആനുകൂല്യം പോലും നല്‍കില്ല.വിദ്യാഭ്യാസത്തില്‍നിന്നടക്കം മതത്തെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുന്നു. ആരെയും മത ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന്, ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയ രാജ്യമാണ് ജപ്പാന്‍. മത തടവുകാരോ മതത്തിന്റെ പേരില്‍ കുറ്റ കൃത്യങ്ങളോ ഇല്ലാത്ത ഒരു രാജ്യം കൂടിയാണ് ജപ്പാന്‍. അപ്പോള്‍ തന്നെ മനസ്സിലാക്കാം സര്‍ക്കാരും, ജനങ്ങളും മതത്തിന് എത്ര കുറഞ്ഞ പ്രാധാന്യമാണ് കൊടുക്കുന്നത് എന്ന്. ഇതേ മോഡലില്‍ തന്നെയാണ്, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങള്‍ എന്ന് അറിയപ്പെടുന്ന സ്‌കാന്‍ഡനേവില്‍ രാജ്യങ്ങളും.

Tags:    

Similar News