പട്ടൗഡി കുടുംബത്തിലെ അനന്തരാവകാശി; കാശെറിഞ്ഞ് തിരിച്ചുപിടിച്ച കൊട്ടാരം ഉള്‍പ്പടെ പത്തിലേറെ ബംഗ്ലാവുകളും കണക്കറ്റ ആസ്തികളും; വെള്ളിത്തിരയില്‍ കാലിടറാതെ 32 വര്‍ഷം; ബോളിവുഡ് സുന്ദരിമാരെ ജീവിത സഖികളാക്കി; ഒരു ചിത്രത്തിന് കൈപ്പറ്റുന്നത് 15 കോടി വരെ; ബോളിവുഡിനെ ഞെട്ടിച്ച കഠാര ആക്രമണവും; സെയ്ഫ് അലിഖാന്റെ ജീവിതം

Update: 2025-01-16 08:46 GMT

മുംബൈ: ഒരു ബോളിവുഡ് സിനിമാ രംഗത്തെ അനുസ്മരിപ്പിക്കും വിധം ബോളിവുഡ് ചലചിത്രലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ് സയിഫ് അലിഖാന്റെ വീട്ടിലെ മോഷണശ്രമവും അദ്ദേഹത്തിന് കുത്തേറ്റസംഭവവും. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. സിനിമയിലെത്തും മുമ്പ് തന്നെ കുടുംബപരമായി ധനികനായിരുന്നു സെയ്ഫ് അലി ഖാന്‍. സിനിമയിലെ പ്രതിഫലം കൂടിയായതോടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1200 കോടിയാണ് സെയ്ഫിന്റെ സ്വത്ത്.

ഭാര്യയായ നടി കരീന കപൂറിന്റെ സ്വത്ത് 485 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് അക്രമത്തിന് പിന്നിലെ ലക്ഷ്യം മോഷണം തന്നെയാണെന്ന കാര്യത്തില്‍ പോലീസും ഉറപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചയായിരുന്നു താരത്തിന്റെ വീട്ടില്‍ മോഷണം ശ്രമമുണ്ടാകുന്നതും തടയാന്‍ ശ്രമിച്ച സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുന്നതും. മുംബൈയിലെ വസതിയില്‍ വച്ചാണ് താരത്തിനെതിരെ ആക്രമണമുണ്ടാകുന്നത്. രാത്രി 2.30 ഓടെയായിരുന്നു സംഭവം.

ഉടനെ തന്നെ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിനിമയിലെ അതിസമ്പന്നനായ നായകനെപ്പോലെ തന്നെയാണ് സെയ്ഫ് തന്റെ യഥാര്‍ത്ഥ ജീവിതത്തിലും.ബാന്ദ്രയിലെ ബംഗ്ലാവ് ഉള്‍പ്പടെ 10 ഓളം ആഡംബര പ്രദേശങ്ങളില്‍ സെയ്ഫിന് ബംഗ്ലാവുകളുമുണ്ട്.ഇങ്ങനെ ആരെയും വിസ്മയിപ്പിക്കുന്നതാണ് സെയ്ഫിന്റെ ആഡംബര ജീവിതം

ഒരു സിനിമയ്ക്ക് 15 കോടി വരെ, പാരമ്പര്യ സ്വത്തുക്കളും

പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരവും ഹരിയാനയിലെ രാജകുടുംബത്തിലെ അംഗവുമായ മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്. പട്ടൗഡിയിലെ നവാബ് എന്നറിയപ്പെടുന്ന സെയ്ഫ് അലി ഖാന് ബോളിവുഡിലെ അനുഭവസമ്പത്തുള്ള നടനന്‍ കൂടിയാണ്.1993-ല്‍ പരമ്പര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് അലി ഖാന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 32 വര്‍ഷത്തെ കരിയറില്‍, ഓംകാര, റേസ് 2, തഷാന്‍, ദില്‍ ചാഹ്താ ഹേ, കുര്‍ബാന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളില്‍ അദ്ദേഹം അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തി.കഴിവും ആകര്‍ഷണീയതയും അദ്ദേഹത്തെ ചലച്ചിത്രമേഖലയിലെ നിര്‍ണായക താരമാക്കി മാറ്റുകയായിരുന്നു.


 



മാറുന്നകാലത്തിനൊപ്പം സഞ്ചരിച്ചാണ് 32 വര്‍ഷക്കാലം സെയ്ഫ് ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ നിലനിന്നത്.നായക വേഷത്തില്‍ നിന്ന് പ്രതിനായക വേഷത്തിലേക്ക് മാറിയ സെയ്ഫ് വിവിധ ഭാഷകളിലേക്കും ചേക്കേറി.ഒപ്പം സിനിമ പോലത്തെ വെബ്സീരീസും ശ്രദ്ധ നേടിയപ്പോള്‍ അവിടെയും അദ്ദേഹം ഭാഗ്യം പരീക്ഷിക്കുകയും പ്രതിഭ തെളിയിക്കുകയും ചെയ്തു.ജനപ്രിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ സേക്രഡ് ഗെയിംസില്‍ പ്രശ്നക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിന് അദ്ദേഹം ആരാധകര്‍ക്കൊപ്പം നിരൂപക പ്രശംസയും നേടി.

പരമ്പര്യമായി ധനികനായതിനാല്‍ തന്നെ വെള്ളിവെളിച്ചത്തിലെ പ്രശസ്തിക്കുമപ്പറും സ്വകാര്യ ജീവിതത്തിലും സെയ്ഫ് ഒരു സൂപ്പര്‍സ്റ്റാറായിരുന്നു. സെയ്ഫിന് 10 ആഡംബര പ്രദേശങ്ങളിലെ വസതികള്‍ ഉള്‍പ്പെടെ നിരവധി റിയല്‍ എസ്റ്റേറ്റ് ആസ്തികളുണ്ട്.ഈ സ്വത്തുക്കളില്‍ ബാന്ദ്രയിലെ ഒരു ബംഗ്ലാവും ഉള്‍പ്പെടുന്നു. ഇതിന് 6 കോടി വിലമതിക്കുകയും,വിവാഹത്തിന് മുമ്പ് വരെ അദ്ദേഹത്തിന്റെ വസതിയായിരിക്കുകയും ചെയ്തു.കൂടാതെ, ഓസ്ട്രിയയില്‍ നിന്നുള്ള ഒരു വാസ്തുശില്പി വിദഗ്ദമായി രൂപകല്‍പ്പന ചെയ്ത രണ്ട് വലിയ ബംഗ്ലാവുകള്‍ അദ്ദേഹത്തിനുണ്ട്

കാറുകളുടെ കാര്യത്തില്‍ ഓഡി,ബിഎംഡബ്ല്യു 7 സീരീസ്, ലെക്സസ് 470, മുസ്താങ്,റേഞ്ച് റോവര്‍,ലാന്‍ഡ് ക്രൂയിസര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ആഡംബര വാഹനങ്ങളുടെ അസാധാരണവും വിസ്മയിപ്പിക്കുന്നതുമായ ശേഖരം സെയ്ഫ് അലി ഖാന്റെ പക്കലുണ്ട്. ഈ കാറുകള്‍ ഓരോന്നിനും 50 ലക്ഷം മുതല്‍ 2 കോടി രൂപ വരെയാണ് വില.പ്രതിവര്‍ഷം 30 കോടി രൂപയും പ്രതിമാസം മൂന്ന് കോടി രൂപയും സമ്പാദിക്കുന്ന സെയ്ഫ് അലി ഖാന്റെ ആസ്തി 1180 കോടി രൂപയാണ്.കൂടാതെ,ഓരോ സിനിമയ്ക്കും 10-15 കോടി രൂപ പ്രതിഫലമായി അദ്ദേഹം വാങ്ങുന്നു.ബ്രാന്‍ഡ് പ്രൊമോഷനുകളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം 1 മുതല്‍ 5 കോടി രൂപ വരെയാണ്.


 



സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കൃത്യമായി നികുതിയടവുള്‍പ്പടെയുള്ള കാര്യത്തിലും നടന്‍ ഏവര്‍ക്കും മാതൃകയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളാണദ്ദേഹം. ആദായനികുതി പേയ്മെന്റുകളില്‍ സെയ്ഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകളുടെ കാര്യത്തിലും സെയ്ഫ് മുന്‍പന്തിയിലാണ്. പക്ഷെ അദ്ദേഹത്തിന്റെ വിവാഹജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യത്തെ വിവാഹവും പ്രായവ്യത്യാസക്കൂടുതലുള്ള കരീനയെ വിവാഹം ചെയ്തതുമെല്ലാം സിനിമ പോലെ തന്നെ സെയ്ഫിന് വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തു.

രണ്ടു തവണ വിവാഹത്തിനായ സെയ്ഫ് നാല് മക്കളുടെ പിതാവാണ്. അമൃത സിങ്ങുമായിട്ടായിരുന്നു ആദ്യവിവാഹം. തന്റെ 20 മത്തെ വയസ്സിലാണ് സെയ്ഫ് അമൃതയെ വിവാഹം കഴിക്കുന്നത്. സെയ്ഫിനെക്കാള്‍ പന്ത്രണ്ട് വയസ്സിന് മൂത്തയാള്‍ ആയിരുന്നു അമൃത. അതിനാല്‍ തന്നെ സെയ്ഫ് അലി ഖാന്റെ മാതാപിതാക്കളായ ഷര്‍മിള ടാഗോറും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും തങ്ങളുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും തകര്‍ത്തെറിഞ്ഞ്, 1991 ഒക്ടോബറില്‍ സെയ്ഫ് അമൃതയെ രഹസ്യമായി വിവാഹം ചെയ്തു. അതിനുശേഷം, ഏകദേശം പത്ത് വര്‍ഷത്തോളം അവര്‍ പരസ്പരം തുടര്‍ന്നു.

പിന്നീട് സെയ്ഫ് അലി ഖാനും അമൃതയും തമ്മില്‍ കടുത്ത വിയോജിപ്പുകള്‍ ഉണ്ടായെന്നും,അത് ബന്ധം അവസാനിപ്പിക്കാന്‍ ഇടയാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഏറെ വിവാദങ്ങള്‍ക്ക് ശേഷം 2004ലാണ് സെയ്ഫ് അലി ഖാന്‍ അമൃത സിംഗ് വിവാഹമോചനം നടക്കുന്നത്.വിവാഹമോചനത്തിന് ശേഷം സെയ്ഫ് അലി ഖാനും ജീവനാംശമായി ഭീമമായ തുക നല്‍കേണ്ടി വന്നു.ഏറെക്കാലം അവിവാഹിതനായി തുടര്‍ന്ന സെയ്ഫ് 2008 ല്‍ തഷാന്റെ സെറ്റില്‍ വച്ചാണ് കരീനയുമായി പ്രണയത്തിലാകുന്നത്.

2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. 2021 ജനുവരിയിലാണ് കരീന കപൂര്‍ ഖാനും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മുംബൈയിലെ ബാന്ദ്രയിലെ രാജകീയമായ വസതിയിലേക്ക്് താമസം മാറിയത്.


 



കാശെറിഞ്ഞ് തിരിച്ചുപിടിച്ച പട്ടൗഡി കൊട്ടാരം

സെയ്ഫ് അലിഖാന്റെ സ്വത്തില്‍ ഏറ്റവും തിളക്കമേറുന്നതാണ് പട്ടൗഡി കൊട്ടാരം.പാരമ്പര്യമായി സെയ്ഫിന്റെ കൈയിലേക്ക് വന്നുചേര്‍ന്നതായിരുന്നു പട്ടൗഡി കൊട്ടാരം.പത്ത് എക്കറിലായ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റും 150 മുറികളുള്ള കൊട്ടരവും അടങ്ങുന്നതാണ് ഇബ്രാഹിം കോട്ടി എന്നറിയപ്പെടുന്ന ആ ഭൂമി.1900 കളുടെ തുടക്കത്തില്‍ നിര്‍മ്മിച്ച കൊട്ടാരം പാരമ്പര്യമായി സെയ്ഫിലേക്ക് എത്തിച്ചേരുകയായിരുന്നു.ഹരിയാനയിലുള്ള പട്ടൗഡി കൊട്ടാരത്തിന്റെ മൂല്യം 800 കോടിയാണ്.

എന്നാല്‍ തന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോയ കൊട്ടാരം തന്റെ സിനിമയിലെ സമ്പത്തുമുഴുവന്‍ ചെലവഴിച്ചാണ് സെയ്ഫ് തിരിച്ചുപിടിച്ചത്.ഇതിനെക്കുറിച്ച് സെയ്ഫ് തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു.ദീര്‍ഘവര്‍ഷം സിനിമകളില്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ചാണ് പട്ടൗഡി പാലസ് കരാറുകാരില്‍ നിന്നും മടക്കി വാങ്ങിയത് എന്നാണ് സൈഫ് അന്ന് വെളിപ്പെടുത്തിയത്.ഹരിയാനയിലെ 'ഇബ്രാഹിം കോതി' എസ്റ്റേറ്റിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്.പത്തേക്കറിലായി 150 മുറികളുടെ വിശാലതയില്‍ അത്യാഡംബരവും എന്നാല്‍ പഴമയുടെ എല്ലാ പ്രൗഢിയും ചേര്‍ന്നതാണ് പട്ടൗഡി പാലസ്.ഏഴ് വലിയ കിടപ്പുമുറികള്‍,ബില്യാര്‍ഡ് മുറികള്‍,അതിവിശാലമായ ഹാള്‍, ഡ്രസിങ് മുറികള്‍, ഡൈനിങ് മുറികള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ് പട്ടൗഡി പാലസ്.

നവാബായിരുന്ന ഇഫ്ത്തിക്കര്‍ അലിഖാനില്‍ നിന്നാണ് സൈഫിന്റെ പിതാവ് മന്‍സൂര്‍ അലി ഖാന് കൊട്ടാരം പൈതൃകസ്വത്തായി ലഭിച്ചത്. ഇവര്‍ രണ്ടുപേരും ക്രിക്കറ്റ് താരങ്ങളായിരുന്നു.എന്നാല്‍ മൂന്നാം തലമുറയിലെ അവകാശിയായ സൈഫ് സിനിമാനടനായി.1990 കളില്‍ പഴയ പട്ടൗഡി പാലസ് പുതുക്കി കൊളോണിയല്‍ ശൈലിയില്‍ പുനര്‍നിര്‍മ്മിച്ചിരുന്നു.2005 - 2014 കാലഘട്ടത്തില്‍ ഇവിടെ 'പട്ടൗഡി പാലസ് ഹോട്ടല്‍ ' പ്രവര്‍ത്തിച്ചിരുന്നു.സൈഫിന്റെ പിതാവ് മന്‍സൂര്‍ അലിഖാന്‍ ഒരു വന്‍കിട ഹോട്ടല്‍ ശൃംഖലയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമായിരുന്നു ഇത്.

പിന്നീട് പലരും കരുതിയത് അടുത്ത അവകാശിയായ സെയ്ഫിലേക്ക് കൊട്ടാരം പൈതൃക സ്വത്തായി വന്നെത്തുകയായിരുന്നു എന്നാണ്. ഇതിനാണ് താരം തന്നെ വിശദീകരണം നല്‍കിയത്.2005 മുതല്‍ 2014 വരെ കൊട്ടാരം നീംറാണ ഹോട്ടല്‍ ഗ്രൂപ്പിന് ലീസിന് നല്‍കിയിരിക്കുകയായിരുന്നു.''എനിക്ക് പാരമ്പര്യമായി കിട്ടേണ്ട വീട് സിനിമയില്‍ നിന്നുമുള്ള പണം നല്‍കി വാങ്ങേണ്ടി വന്നു. ഭൂതകാലത്തിന്റെ പേരും പറഞ്ഞ് ജീവിക്കാനാകില്ല'' എന്നാണ് അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞത്.800 കോടി രൂപയാണ് നിലവിലെ വസ്തുവകകളുടെ ഏകദേശ മൂല്യം.


 



സൈഫിന്റെയും കരീനയുടെയും വിവാഹവേദിയും പട്ടൗഡി കൊട്ടാരമായിരുന്നു.മകന്‍ തൈമൂറിനും ഭാര്യ കരീനയ്ക്കുമൊപ്പം ശിശിരകാലം ആഘോഷിക്കാന്‍ സൈഫ് ഇപ്പോള്‍ എത്തുക ഇവിടെയാണ്. പല വമ്പന്‍ സിനിമകളുടെ വേദി കൂടിയായിട്ടുണ്ട് പട്ടൗഡി പാലസ്. ജൂലിയ റോബര്‍ട്ട്‌സിന്റെ ഈറ്റ് പ്രേ ലവ്, ബോളിവുഡ് ചിത്രങ്ങളായ മംഗല്‍ പാണ്ടേ ,വീര്‍ സാര, ഗാന്ധി, മൈ ഫാതര്‍ ആന്‍ഡ് മൈ ബ്രദര്‍ കി ദുല്‍ഹാന്‍ എന്നിവയും പട്ടൗഡി പാലസില്‍ ചിത്രീകരിച്ച സിനിമകളാണ്.

അതേസമയം ആശുപത്രിയിലുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംഭവത്തിന് പിന്നാലെ കരീന കപൂറിന്റെ ടീം പ്രസ്താവനയുമായി എത്തിയിരുന്നു. ''സെയ്ഫിന്റേയും കരീനയുടേയും വീട്ടില്‍ കഴിഞ്ഞ രാത്രി മോഷണശ്രമമുണ്ടായി. താരത്തിന്റെ കൈയ്ക്ക് പരുക്കേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും പരുക്കില്ല.മീഡിയയും ആരാധകരും സംയമനം പാലിക്കണം. പൊലീസ് അന്വേഷണം നടത്തി വരികയാണ്'' എന്നാണ് കരീനയുടെ ടീം അറിയിച്ചിരിക്കുന്നത്.




 


Tags:    

Similar News