തൂങ്ങിമരിക്കുന്നതിനിടെ കുരുക്ക് പൊട്ടി വീണതിനാല്‍ തിരിച്ചുകിട്ടിയ ജീവിതം; 16-ാം വയസ്സില്‍ മമ്മൂട്ടിയുടെ നായിക; സദാചാരക്കുരുപൊട്ടിച്ച കാമസൂത്രയുടെ പരസ്യം; പ്രസവം വരെ ചിത്രീകരിക്കാന്‍ കൊടുത്തുവെന്ന് വിവാദം; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; 'അമ്മ'യുടെ അമ്മ ശേത്വാമേനോന്റെ സിനിമാ ജീവിതം
പ്രസവം വരെ ചിത്രീകരിക്കാന്‍ കൊടുത്തുവെന്ന് വിവാദം; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍;
'അമ്മയ്ക്ക് പെണ്‍മക്കളില്ലേ' എന്ന ചോദ്യത്തിന് ഇതാ അവസാനമായിരിക്കുന്നു. മലയാള താരസംഘടയായ അമ്മയുടെ തലപ്പത്തേക്ക്, ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെത്തുകയാണ്. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യം പേറുന്ന മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി നടി ശ്വേതാ മേനോന് കൈവന്നിരിക്കയാണ്. നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരിലും, ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പേരിലുമൊക്കെയുണ്ടായ വിവാദങ്ങളില്‍, താരസംഘടനയിലെ പുരുഷാധിപത്യം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്ന മലയാളത്തില്‍, എന്തുകൊണ്ട് താരങ്ങളുടെ സംഘടന അപ്ഡേറ്റാവുന്നില്ല എന്ന ചോദ്യം, ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍പോലും ഉയര്‍ത്തിയിരുന്നു.
അതിനൊക്കെയുള്ള ഒരു മറുപടിയാണ്, ശ്വേതാമേനോന്‍ അടക്കമുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. അതേസമയം ഏതാനും സത്രീകളെ ഭാരവാഹികളാക്കിവെച്ച് പുരുഷതാരങ്ങളുടെ പിന്‍സീറ്റ് ഡ്രൈവിങ്ങ് ഉണ്ടാവുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. പക്ഷേ അവിടെയാണ് ശേത്വാമേനോന്‍ എന്ന 'ദ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍' എന്ന് പറയുന്ന നടിയുടെ പ്രസക്തി. ഇന്നും വളരെ ബോള്‍ഡായി തന്റെ നിലപാടുകള്‍ പങ്കുവെക്കാന്‍ ധൈര്യമുള്ള അപുര്‍വം നടിമാരില്‍ ഒരാളണ് അവര്‍. കുലസ്ത്രീകളിയോ, കൊച്ചമ്മകളിയോ ഒന്നും അവര്‍ക്ക് വശമില്ല. അതുകൊണ്ടുതന്നെ ശരിക്കും 'അമ്മ'യുടെ അമ്മയായി തന്നെ അവര്‍ മാറുമെന്നാണ് ചില സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീവിരുദ്ധതയുടെ പേരില്‍ എഎംഎംഎ എന്ന് മാധ്യമങ്ങള്‍ വിളച്ച സംഘടനയെ, തിരികെ അമ്മ എന്ന പേരിലേക്ക് എത്തിക്കുക എന്നതായിരിക്കും ശ്വേത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
ഒരു ശരാശരി മലയാള നടന്റെയോ നടിയുടേയോ ആഗ്രഹം, മലയാളത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത വളര്‍ന്ന് ബോളിവുഡില്‍ എത്തണം എന്നായിരിക്കണം. എന്നാല്‍ ബോളിവുഡിലെ ഉപേക്ഷിച്ച് മല്ലുവുഡിലെത്തിയ വിപരീത കഥയാണ് ശ്വേതക്ക് പറയാനുള്ളത്. വിചിത്രവും സാഹസികവുമാണ് ആ ജീവിതം.
16-ാം വയസ്സില്‍ മമ്മൂട്ടിയുടെ നായിക
ശരിക്കും സ്വപ്ന തുല്യമായ ഒരു തുടക്കമായിരുന്നൂ ശ്വേതാമേനോന് സിനിമയില്‍ കിട്ടിയത്. സാക്ഷാല്‍ മമ്മൂട്ടിയുടെ നായികയായി അവര്‍ വരുന്നത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. 1974 ഏപ്രില്‍ 23 ന് ചണ്ഡീഗഡിലാണ് ശ്വേതയുടെ ജനനം. പിതാവ് ടി.വി. നാരായണന്‍കുട്ടി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശാരദ മേനോന്‍. ''ഞാന്‍ ഒറ്റ മകളാണ്. അച്ഛന്‍ എന്റെ കാര്യത്തില്‍ വളരെ പര്‍ട്ടിക്കുലര്‍ ആയിരുന്നു. ഞാന്‍ മണ്ടിയായിട്ടല്ല വളരേണ്ടത് എന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. എങ്ങനെ തനിച്ച് ജീവിക്കണം, എങ്ങനെ പോരാടണം, സെല്‍ഫ് ഡിഫന്‍സ് എന്നിങ്ങനെ പലതും അച്ഛന്‍ പഠിപ്പിച്ചു. ഹൗ റ്റു അപ്രോച്ച് എ മാന്‍ എന്നതൊക്കെ എന്റെ പിതാവ് എന്നോട് സംസാരിച്ചിട്ടുണ്ട്''- ശ്വേത ഒരു അഭിമുഖത്തില്‍ പറയുന്നു.
കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് അഭിനയിക്കാനുള്ള വിളി എത്തുന്നത്. ജോമോന്‍ സംവിധാനം ചെയ്ത അനശ്വരം എന്ന സിനിമായിരുന്നു അത്. അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിച്ച് സാക്ഷാല്‍ മമ്മൂട്ടിയാണ് ശ്വേതയെ വിളിച്ചത്. പറ്റിയ പുതുമുഖ നായികയെതേടിയുള്ള അവരുടെ അന്വേഷണങ്ങള്‍ ശ്വേതയില്‍ എത്തുകയായിരുന്നു.
അതേക്കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത ഇങ്ങനെ പറയുന്നു-''അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അതുവരെ എന്റെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അച്ഛനും അമ്മയുമാണ്. അന്ന് മമ്മൂക്കയുടെ കോളിന് യെസ് പറയുമ്പോള്‍ അച്ഛനും അമ്മയ്ക്കും ദേഷ്യമാകുമോ സമ്മതിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. ''നാളെ തനിക്ക് വരാന്‍ പറ്റുമോ, ഒരു സ്‌ക്രീന്‍ ടെസ്റ്റ് എടുത്ത്, എന്റെ നായിക ആകാന്‍ പറ്റുമോ'' എന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ ഞാനാദ്യം നോക്കിയത് അച്ഛനെയാണ്. നല്ല അടികിട്ടുമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ, ഞാന്‍ യെസ് പറഞ്ഞു. ഞാനാദ്യമായി ഒറ്റയ്‌ക്കെടുത്ത ആ തീരുമാനം എന്റെ കരിയറായി മാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.''- ശ്വേതാമേനോന്‍ പറയുന്നു.
''50,000 രൂപയാണ് ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം. 1991-ലായിരുന്നു അത്. ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. സ്‌കൂള്‍ വെക്കേഷന്‍ സമയം കസിന്‍സ് വരും, ഈ പൈസ വച്ച് അടിച്ചു പൊളിക്കാം എന്നെല്ലാമായിരുന്നു മനസില്‍. സിനിമ എന്നതല്ല, പൈസ കിട്ടുമല്ലോ എന്നതാണ് എന്നെ ആദ്യം ആകര്‍ഷിച്ച കാര്യം. അല്ലാതെ സിനിമയാണ് എന്റെ മുന്നോട്ടുള്ള കരിയര്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. ഒരു മൂന്നുനാല് സിനിമകള്‍ ചെയ്ത്, മിസ് ഇന്ത്യ ഒക്കെ ആയിക്കഴിഞ്ഞ ശേഷമാണ് സിനിമയെ ഞാന്‍ ഗൗരവമായി കണ്ട് തുടങ്ങിയത്.''- ശ്വേത കൂട്ടിച്ചേര്‍ക്കുന്നു.
പക്ഷേ പാട്ടുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, അനശ്വരം ഒരു കോമേര്‍ഷ്യല്‍ ഹിറ്റായി മാറിയില്ല. പിന്നെ ഒന്ന് രണ്ട് മലയാള പടങ്ങള്‍ വന്നതും ക്ലച്ച്് പിടിച്ചില്ല. പക്ഷേ ശ്വേതയെ പിന്നെ കാണുന്നത് എല്ലാ നായികമായരുടെയും സ്വപ്നമായ ബോല്‍ുഡിലാണ്്. ആദ്യം മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1994-ല്‍ മിസ്സ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്‍, ഐശ്വര്യ റായ്, ഫ്രാന്‍സെസ്‌ക ഹാര്‍ട്ട് എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനം നേടി. 1994-ല്‍ ഗ്ലാഡ്രാഗ്‌സിന്റെ ആദ്യത്തെ വനിതാ സൂപ്പര്‍ മോഡലായി. തുടര്‍ന്ന് 1994-ല്‍ ഫിലിപ്പീന്‍സിലെ മനില സെബു ദ്വീപില്‍ നടന്ന മിസ് ഏഷ്യ പസഫിക് സെമി ഫൈനലിസ്റ്റായി. പിന്നീട് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും 30-ലധികം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച 'ഹംകോ തുംസേ പ്യാര്‍ ഹേ' എന്ന ഗാനത്തിലൂടെയും ബന്ധന്‍ (1998) എന്ന ചിത്രത്തിലൂടെയും നര്‍ത്തകിയായി അവര്‍ ശ്രദ്ധ നേടി. അശോക (2001), മക്ബൂള്‍ (2003), കോര്‍പ്പറേറ്റ് (2006) എന്നിവയും ശ്വേതയുടെ ഹിന്ദി ചിത്രങ്ങളാണ്.
ഗ്ലാമറസ് റോളുകളായിരുന്നു ശ്വേതയെ ഹിന്ദിയില്‍ ഏറെയും തേടിയെത്തിയത്. അതിനിടെ കാമസൂത്ര എന്ന ഗര്‍ഭനിരോധ ഉറയുടെ പരസ്യത്തില്‍, അതീവ സെക്സിയായി അവര്‍ പോസ് ചെയ്തതും, കേരളക്കരയിലടക്കം സദാചാരക്കുരു പൊട്ടിച്ചു. 'ഒരു മലയാളി പെണ്‍കുട്ടി' ഇങ്ങനെയോ എന്നായി ചോദ്യങ്ങള്‍. പക്ഷേ അതിലൊന്നും തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും മോഡലിംങ്് ഒരു തൊഴിലാണെന്നും ഈയിടെ ഒരു അഭിമുഖത്തിലും ശ്വേത തുറന്നടിച്ചു. അത്തരം പരസ്യങ്ങളും ഗ്ലാമറസ് വേഷങ്ങളും ഇനിയും കിട്ടിയാലും നല്ലതാണെങ്കില്‍ സ്വീകരിക്കുമെന്നാണ് അവര്‍ പറയുന്നത്.
ആത്മഹത്യക്ക് ശ്രമിച്ച മുംബൈ കാലം
പക്ഷേ മുംബൈ പ്രശ്സ്തി മാത്രമല്ല ഒത്തിരി വേദനകളും ശ്വേതക്ക് സമ്മാനിച്ചിട്ടുണ്ട്. 2004 -ല്‍ ആയിരുന്നു ശ്വേതയുടെയും, ബോബി ബോണ്‍സ്ലെയുടെയും പ്രണയ വിവാഹം നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെ ജാതകപ്പൊരുത്തമൊക്കെ നോക്കി നടത്തിയ വിവാഹമായിരുന്നു അത്. ജാതകം ചേരാതെ വിവാഹം നടത്തിയാല്‍ അത് ഒരിക്കലും നന്നാവില്ല എന്നായിരുന്നു ശ്വേതയുടെ അമ്മയുടെ വിശ്വാസം. എന്നാല്‍ മൂന്ന് വര്‍ഷം മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2007 -ല്‍ വിവാഹ മോചനം നേടി. ആ കാലത്ത് തൂങ്ങിമരിക്കാന്‍ ശ്രമിച്ച കഥ ശ്വേതാമേനോന്‍ 'ഗൃഹലക്ഷ്മിയില്‍' പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
ആ ഭാഗം ഇങ്ങനെയാണ്. ശ്വേത എഴുതുന്നു-'പ്രശസ്ത ടി.വി താരവും മോഡലുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു'-ഏപ്രില്‍ ഒന്നാം തിയതിയിലെ ആ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിചാരിച്ചത് ഫൂളാക്കാന്‍ വേണ്ടി ആരോ ചമച്ച കഥയായിരിക്കും എന്നാണ്. പിന്നെ മുംബൈയിലുള്ള സുഹൃത്തുക്കള്‍ അതു സത്യമാണെന്ന് സ്ഥിരീകരിച്ചു. ഒരു നിമിഷം എന്റെ മനസ്സിലൂടെ പല മുഖങ്ങള്‍ മിന്നി മറഞ്ഞു, മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് നഫീസ ജോസഫ്, കാമസൂത്ര മോഡല്‍ വിവേക ബാബാജി, നടിയും മോഡലുമായ കുല്‍ജീത്ത് റന്താവ, നടിമാരായ ദിവ്യഭാരതി, സില്‍ക് സ്മിത, ജിയ ഖാന്‍, കുനാല്‍ സിങ്ങ്, ശിഖ ജോഷി... എല്ലാവരും പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ആത്മഹത്യ ചെയ്തത്..
മുംബൈയിലെ ജീവിതം എത്രകണ്ട്. ഈസിയായിരുന്നോ അതിലേറെ കുഴപ്പം പിടിച്ചതുമായിരുന്നു എനിക്ക്. ഞാന്‍ തന്നെ സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു എല്ലാം. കരിയറില്‍ നിന്ന് എന്റെ ശ്രദ്ധ പലപ്പോഴും വ്യതിചലിച്ചു. പ്രണയങ്ങള്‍ക്ക് പിറകെ പാഞ്ഞ് ഞാനെന്റെ നല്ല സമയം തുലച്ചു. ബോബി ഭോസ്ലെയെ കല്യാണം കഴിക്കുമ്പോള്‍ കരിയറല്ല, നല്ല കുടുംബജീവിതമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. ആ വിശ്വാസം തെറ്റാണെന്ന് പിന്നീട് ബോധ്യമായി. ആഗ്രഹിച്ച കുടുംബജീവിത ഉണ്ടായില്ലെന്നു മാത്രമല്ല, എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. എന്നെയാര്‍ക്കും ഇഷ്ടമല്ലാതായി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു, 'എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം. ആത്മഹത്യയായിരുന്നു ഞാനതിനു കണ്ടെത്തിയ വഴി..
ലോഖണ്ട് വാലയിലെ അടച്ചിട്ട മുറിയുടെ ഏകാന്തതയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പറ്റിയ സാഹചര്യം. എങ്ങനെയാകണം മരണം? ഒരു രാത്രി മുഴുവന്‍ ചിന്തിച്ചു. ഞരമ്പു മുറിച്ച് രക്തം വാര്‍ന്നു മരിക്കാം എന്നായിരുന്നു ആദ്യ ചിന്ത. പിന്നെ തോന്നി അങ്ങനെയാകുമ്പോള്‍ ഇഞ്ചിഞ്ചായിട്ടാണ് ജീവന്‍ പോകുക. അധികം വേദനയറിയരുത്. ഒറ്റസെക്കന്റില്‍ തീരണം. തൂങ്ങിമരിക്കുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ എണീറ്റു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം തൊട്ട് എന്റെ ചിന്തകള്‍ സ്വാര്‍ഥമായിരുന്നു. പിന്നെ മനസ്സില്‍ അമ്മയില്ല, അച്ഛനില്ല, ദൈവമില്ല... ആകെയുള്ളത് വഞ്ചിച്ചയാളോടുള്ള പ്രതികാരം മാത്രം.
സിനിമയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ട്. തൂങ്ങിമരണത്തിന്റെ രീതിയൊക്കെ അറിയാം. കസേരയില്‍ കയറി കുരുക്കിട്ട് ചാടി. ഒന്നു പിടഞ്ഞു. പക്ഷേ, കുരുക്കഴിഞ്ഞ് ഞാന്‍ താഴെ വീണു. ലക്ഷ്യം പിഴച്ചെങ്കിലും ആ തൂങ്ങിയാടലിന്റെ കിതപ്പുമാറാന്‍ ഏറെ സമയമെടുത്തു. ജീവന്‍ തിരിച്ചു കിട്ടിയെന്നുറപ്പായപ്പോഴാണ്, ചെയ്തത് തെറ്റായിപ്പോയെന്ന തോന്നലുണ്ടാകുന്നത്. മനസ്സുകൊണ്ട് അച്ഛനോടും അമ്മയോടും സോറി പറഞ്ഞ് കുറേ കരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകൊണ്ടാകാം ഞാന്‍ രക്ഷപ്പെട്ടത്.''- ശ്വേത താന്‍ കടുന്നപോയ മോശം ദിനങ്ങളെക്കുറിച്ച് അങ്ങനെയാണ് എഴുതിയത്.
ചീരവും രതിച്ചേച്ചിയുമടക്കം...
പിന്നീട് മുംബൈ വിട്ട് കേരളത്തിലെത്തിയപ്പോഴാണ്, ഒരു നടിയെന്ന നിലയില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന വേഷങ്ങള്‍ അവര്‍ക്ക് കിട്ടിയത്. മോഡലിങ്ങില്‍ സജീവമായ സമയത്ത് അച്ഛനും അമ്മയും നാട്ടിലായിരുന്നു. ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുന്ന പോലെ വേണം എന്ന് ആഗ്രഹമാണ് ശ്വേതയെ മലയാളത്തില്‍ എത്തിച്ചത്.-'' മോഡലിങ് ചെയ്യാന്‍ പാരിസില്‍നിന്ന് വരെ എനിക്ക് ഓഫര്‍ വന്നിരുന്നു. ഞാന്‍ അതെല്ലാം ഉപേക്ഷിച്ച് മലയാളത്തില്‍ തന്നെ നിന്നത് എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കാന്‍ വേണ്ടിയാണ്. പൈസ അല്ല, അച്ഛനും അമ്മയും തന്നെയാണ് വലുത്''- കേരളത്തിലേക്ക് കൂടുമാറാനെടുത്ത തീരുമാനത്തെക്കുറിച്ച് ശ്വേതാമേനോന്‍ പറയുന്നത് അങ്ങനെയാണ്.
2006-ല്‍ തന്ത്ര എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാളത്തിലേക്ക് തിരിച്ചുവന്നത്. തുടര്‍ന്ന് കീര്‍ത്തി ചക്ര (2006), മോഹന്‍ലാലിന്റെ പരദേശി തുടങ്ങിയ പ്രശസ്ത മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു . മധ്യവേനല്‍ എന്ന ചിത്രത്തിലെ അഭിനയത്തെ, പ്രശസ്ത ഇറാനിയന്‍ സംവിധായകനായ ബഹ്‌മാന്‍ ഘോബാഡി പ്രശംസിച്ചിരുന്നു. പക്ഷേ ശ്വേതയുടെ മികച്ച വേഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 2010-ല്‍, രഞ്ജിത്ത് സംവിധാനം ചെയ്ത, മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ 'പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലെ ചീരു എന്ന ശ്വേതാമേനോന്റെ കഥാപാത്രം ഏറെ ശ്രദ്ധേമായി. ശ്വേതയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് ഈ വേഷത്തെ നിരൂപകര്‍ വിശേഷിപ്പിച്ചത്. ഇതേ ചിത്രം അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവുംു നേടിക്കൊടുത്തു.
2011-ല്‍, 'രതിനിര്‍വേദം' എന്ന പത്മരാജന്റെ പ്രശസ്തമായ ചിത്രം റീമേക്ക് ചെയ്തപ്പോള്‍, ഇമേജ് കോണ്‍ഷ്യസ് അല്ലാതെ, ആധുനികകാലത്ത് രതിച്ചേച്ചിയെ ആര് അവതരിപ്പിക്കും എന്ന ചോദ്യത്തിന് ശ്വേതാമേനോന്‍ എന്നല്ലാതെ മറ്റൊരു ഉത്തരവും ഉണ്ടായിരുന്നില്ല. ഈ ചിത്രത്തിലെ ലൈംഗിക രംഗങ്ങളുടെ പേരിലും ശ്വേതക്കുനേരെ ലൈംഗിക സദാചാര വാദികള്‍ തിരിഞ്ഞു. പക്ഷേ അവര്‍ പതിവുപോലെ അതൊന്നും മൈന്‍ഡ് ചെയ്തില്ല. അതേ വര്‍ഷം തന്നെ, ആഷിക്ക് അബുവിന്റെ 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന ചിത്രത്തിലുടെ ശ്വേതക്ക് വീണ്ടും സംസ്ഥാന അവര്‍ഡ് ലഭിച്ചു. 'സാള്‍ട്ട് ആന്‍ഡ് പെപ്പറിലെയും, പാലേരിമാണിക്യത്തിലെയും കഥാപാത്രങ്ങളെ താരമത്യം ചെയ്താല്‍ മാത്രമറിയാം ഈ നടിയുടെ റേഞ്ച്.
നിരവധി ടെലിവിഷന്‍ ഷോകളില്‍ ആങ്കറായിക്കൊണ്ടും അവര്‍ കുടുംബപ്രേക്ഷകരുടെ മനസ് കവര്‍ന്നൂ. മഴവില്‍ മനോരമയിലെ കുടുംബാധിഷ്ഠിത റിയാലിറ്റി ഷോയായ 'വെറുതേ അല്ല ഭാര്യ'യുടെ അവതാരിക എന്ന നിലയില്‍ അവര്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ബിഗ് ബോസ് മലയാളം സീസണ്‍ 1ലും അവര്‍ മത്സരാര്‍ത്ഥിയായിരുന്നു.
പ്രസവത്തില്‍ വരെ വിവാദം
എന്നും മലയാളികളുടെ പ്രിയപ്പെട്ട ഗോസിപ്പ് സബ്ജക്റ്റ് കൂടിയാണ് ഈ നടി. 'ക്രേസി സ്റ്റാര്‍സ് വിത്ത് ജീവ' എന്ന പരിപാടിയില്‍ ശ്വേത തന്നെ പറയുന്നത് നോക്കുക-'' ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി ഞാന്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്‌തെന്നും വൃദ്ധസദനത്തിലാണെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തന്റെ വിവാഹ മോചനം നടക്കാറുണ്ട്. ജീവിതത്തില്‍ ഏറ്റവും ക്രേസിയായി തോന്നിയത് തന്റെ പ്രസവം സംബന്ധിച്ച വിവാദങ്ങളാണ്''.
പലപ്പോഴും ഈ വിവാദങ്ങള്‍ കേസാവുകയും ചെത്തിട്ടുണ്ട്. 2004 ജനുവരി 5 ന് നടന്ന ഒരു ഫാഷന്‍ ഷോയില്‍ ഇന്ത്യന്‍ പതാകയെ അപമാനിച്ചതിനാണ് കേസ് വന്നത്. ശരീരത്തില്‍ ത്രിവര്‍ണ്ണ പതാക പൊതിഞ്ഞ് റാമ്പില്‍ നടന്നതാണ് വിവാദമായത്. പക്ഷേ കേസ് തള്ളിപ്പോയി.
2011ല്‍, കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ.സി. എബ്രഹാമിനെതിരെ, കയം എന്ന സിനിമയിയെ തന്റെ സ്റ്റില്ലുകള്‍ ദുരുപയോഗം ചെയ്തതിന് ശ്വേത കേസുകൊടുത്തിരുന്നു. മുസ്ലി പവര്‍ എക്‌സ്ട്ര എന്ന ലൈംഗിക ഉത്തേജക മരുന്നിന്റെ പരസ്യത്തിന് ഈ ചിത്രം ഉപയോഗിച്ചതാണ് പ്രശ്നമായത്. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് എബ്രഹാമിനെ അറസ്റ്റ് ചെയ്തിരുന്നു.
അതിനുശേഷമാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രസവവിവാദം ഉണ്ടാവുന്നത്. ബ്ലെസിയുടെ കളിമണ്ണ് (2013) എന്ന ചിത്രത്തിനായി ശ്വേത തന്റെ പ്രസവം റെക്കോര്‍ഡുചെയ്യാന്‍ അനുവദിച്ചു എന്നതായിരുന്നു വാര്‍ത്ത. ഒരു സ്ത്രീയുടെ ഏറ്റവും സ്വകാര്യമായ കാര്യം വാണിജ്യവല്‍ക്കരിച്ചതിന് കേരള ഫിലിം എക്സിബിറ്റേഴ്സ്വരെ ശ്വേതക്കെതിരെ തിരിഞ്ഞു. എന്നാല്‍ ചിത്രത്തില്‍, ആളുകള്‍ പ്രചരിപ്പിച്ചപോലെ പ്രസവത്തിന്റെ ലൈവ് രംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ അവര്‍ സ്വാഭവികമായി അഭിനയിക്കുക മാത്രമാണ് ഉണ്ടായത്. ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി തട്ടിക്കൂട്ടിയ വിവാദമാണ് ഇതെന്ന് പിന്നീട് വ്യാഖ്യാനങ്ങളുണ്ടായി. കളിമണ്ണ് ബോക്സോഫീസിലും പരാജയമായി. ( ഇത്രയും വിവാദങ്ങളൊക്കെ ഉണ്ടായതിനാല്‍ ഇനിയും പ്രസവം ഷൂട്ട് ചെയ്യാന്‍ പേടിയുണ്ടോ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ശ്വേതക്കുനേരെ വന്ന ചോദ്യം. ഒരിക്കലുമില്ലെന്നും ഇനി അടുത്ത പ്രസവത്തിന് നോക്കാമെന്നുമായിരുന്നു താരത്തിന്റെ തമാശരൂപത്തിലുള്ള മറുപടി)
2013 നവംബര്‍ 4 ന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, പീതാംബര കുറുപ്പ് ഒരു ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് ശ്വേതാമേനോനെ ശാരീരികമായി അപമാനിച്ചുവെന്ന്് വാര്‍ത്ത വന്നു. അതിന്റെ വീഡിയോയും പുറത്തുവന്നതോടെ സംഭവം കേസായി. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അധികം വൈകാതെ, 71 വയസ്സുള്ള നേതാവ് തന്നോട് ക്ഷമാപണം നടത്തിയതായി പറഞ്ഞുകൊണ്ട് ശ്വേത പിന്‍വലിച്ചു. ഇതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. നേതാവിന്റെ രാഷ്ട്രീയ ബലം കണ്ടാണോ ശ്വേത ഇതുപോലെ ഒരു കോമ്പ്രമൈസിന് വന്നത് എന്നത് ഫെമിനിസ്റ്റ് സര്‍ക്കിളില്‍നിന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നു.
അതിനുശേഷം ഇപ്പോള്‍ 'അമ്മ' തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ശ്വേത വീണ്ടും വിവാദത്തില്‍ പെടുന്നത്. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയില്‍ ശ്വേതക്കെതിരെ പൊലീസ് കേസെടുത്തത്, ഞെട്ടിച്ചിരുന്നു. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന ഒരു തരികിടി വ്യവഹാരി, ജൂലായ് 31നാണ് എറണാകുളം സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയത്. നടിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി നിര്‍ദ്ദേശപ്രകാരാണ് പൊലീസ് കേസെടുത്തത്. ഇത് നിയമവൃത്തങ്ങളില്‍വരെ വലിയ അമ്പരപ്പുണ്ടാക്കി. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റുള്ള ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ എങ്ങനെയാണ് ഒരു നടിക്കെതിരെ കേസെടുക്കുക എന്നത് വലിയ വിവാദമായി. കേസിനുപിന്നില്‍ നടന്‍ ബാബുരാജ് ആണെന്നും വിവാദമുയര്‍ന്നു. പക്ഷേ ഹൈക്കോടതി കേസ് സ്റ്റേ ചെയ്തിരിക്കിയാണ്.
തികഞ്ഞ ഫാമലി വുമണ്‍
ഇതുപോലെ വിവാദങ്ങളെല്ലാം, ഒരു ഭാഗത്ത് നടക്കുമ്പോഴും തികഞ്ഞ ഫാമിലി ലേഡി കൂടിയാണ് അവര്‍. 2011 ജൂണ്‍ 18ന്, മുംബൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ ശ്രീവല്‍സന്‍ മേനോനെ ശ്വേത വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു മകളുണ്ട്. പേര് സബൈന. മുംബൈയിലെ മുന്‍നിര മലയാള മാധ്യമസ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകനായ ശ്രീവത്സന്‍ മേനോന്‍ 2006ലാണ് ഒരു ഫാഷന്‍ ഫോട്ടോഷൂട്ടിനായി ശ്വേതാ മേനോനെ സമീപിക്കുന്നത്. ആദ്യ കാഴ്ച്ചയില്‍ ശ്വേതാ മേനോന്‍ വളരെ സമാധാനപ്രിയയായ, തമാശക്കാരിയായ വ്യക്തിയായിരിക്കും എന്ന് കരുതിയതായി ശ്രീവത്സന്‍ മേനോന്‍ പറയുന്നുണ്ട്. 'ഞങ്ങള്‍ ഒരുപാട് ചിരിച്ചു. ശ്വേത വളരെ ചുറുചുറുക്കുള്ള വ്യക്തിയായിരുന്നു' എന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് മുന്‍പ് അനുവദിച്ച അഭിമുഖത്തില്‍ ശ്രീവത്സന്‍ പറഞ്ഞു.
ആ ഫോട്ടോഷൂട്ട് കഴിഞ്ഞു. മുംബൈ മാതുംഗയിലെ മാധ്യമസ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടികളില്‍ ശ്വേതാ മേനോനെ ശീവത്സന്‍ മുഖ്യാതിഥിയായി ക്ഷണിച്ചു. അതിനു ശേഷം അവര്‍ തമ്മില്‍ പരിചയം സൂക്ഷിച്ചിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം ശ്രീവത്സന് ഒരു ഫോണ്‍ കോള്‍ വന്നു. ഒരു സ്ത്രീ നിര്‍ത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടു മിനിറ്റ് നേരം അവര്‍ ആ സംസാരം തുടര്‍ന്നു. ഒടുവില്‍ ആരാണിത് എന്നായിരുന്നു ശ്രീവത്സന്‍ മേനോന്റെ മറുചോദ്യം
ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതിരുന്നതിന് ശ്വേത പൊട്ടിത്തെറിച്ചു. 'കണ്ടപ്പോള്‍ നിങ്ങള്‍ നല്ല രീതിയില്‍ സംസാരിച്ചു. പക്ഷേ ഇങ്ങനെയല്ല പെരുമാറേണ്ടത്' എന്നായി ശ്വേതാ മേനോന്‍. പഴയ ഫോണ്‍ നഷ്ടമായി എന്നും നമ്പര്‍ തന്റെ പക്കല്‍ ഇല്ലായെന്നും ശ്രീവത്സന്‍ ക്ഷമാപണം നടത്തി. വാട്സാപ്പ് കാലമല്ലാത്തതിനാല്‍, അവര്‍ പരസ്പരം എസ്.എം.എസ്. അയക്കുകയും, ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നത് തുടര്‍ന്നു. വീണ്ടും പല പ്രാവശ്യം നേരിട്ട് കാണുകയും ചെയ്തു. പതിയെപ്പതിയെ അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. അങ്ങനെയാണ് അത് വിവാഹത്തിലേക്ക് നീങ്ങുന്നത്. ഇന്ന് എല്ലാകാര്യങ്ങളിലും ഭാര്യയുടെ വലംകൈയായി ശ്രീവല്‍സനുണ്ട്. തന്റെ ഉയരങ്ങള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണെന്ന് തുറന്ന് സമ്മതിക്കാനും ശ്വേതക്ക് മടിയില്ല.
ഒരേസമയം ഫാമിലി ലേഡി ആയിരിക്കുമ്പോഴും തന്റെ പ്രൊഫഷണല്‍ കാര്യത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും അവര്‍ ബോള്‍ഡാണ്. മുമ്പ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു-''ഞാന്‍ വളരെ ഓപ്പണാണ്. ഞാന്‍ എല്ലാം ആണുങ്ങളോടും സംസാരിക്കാറുണ്ട്, ഫ്ളേര്‍ട്ട് ചെയ്യാറുണ്ട്. എന്തുകൊണ്ട് ചെയ്തുകൂട? ആണുങ്ങള്‍ക്ക് മാത്രമേ അത് ചെയ്യാനുള്ള ലൈസന്‍സ് ഉള്ളൂവെന്നാണോ?''- ഇതുപോലെ തുറന്നു പറയാന്‍ എത്രപേര്‍ക്ക് കഴിയും.
വാല്‍ക്കഷ്ണം: ഇനിയും ഇറോട്ടിക്ക് വേഷങ്ങള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് മുമ്പ് ശ്വേതാമേനോന്‍ പറഞ്ഞ മറുപടി ഇങ്ങനെ-''ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാന്‍ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രംഗങ്ങളില്‍ ചെയ്തത്. സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്.''