എഴുപതുകളില്‍ ഏറ്റവും നല്ല സര്‍വകലാശാലകളുള്ള വികസിത നാട് ഇന്ന് പട്ടിണി രാജ്യം; ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കെയുള്ള രാജ്യമാവുന്നു; ഇറാനും ഹിസ്ബുള്ളയും പാലൂട്ടിയ ഭീകരവാദം; പാലും തേനും ഒഴുകിയിരുന്ന ലബനന്‍ ദരിദ്ര രാഷ്ട്രമായത് എങ്ങനെ?

പാലും തേനും ഒഴുകിയിരുന്ന ലബനന്‍ ദരിദ്ര രാഷ്ട്രമായത് എങ്ങനെ?

Update: 2024-09-30 09:38 GMT

പ്രണയത്തിന്റെ കവിയായി ലോകമാകെ വാഴ്ത്തുന്ന ഖലീല്‍ ജിബ്രാന്റെ ജന്മദേശം. .ജിബ്രാന്റെ വിശ്വോത്തരകൃതി 'പ്രവാചകന്‍' നൂറിലേറെ ഭാഷകളിലാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. സുന്ദരികളുടെയും, സുന്ദരന്‍മ്മാരുടെയും നാടാണ് ലബനന്‍ എന്നാണ് പൊതുവെ പറയുക. മിഡില്‍ ഈസ്റ്റിലെ സിറ്റ്സര്‍ലാന്‍ഡ് എന്നും ഒരുകാലത്ത് ആ നാട് പ്രകീര്‍ത്തിപ്പെട്ടു. പക്ഷേ ശാന്തിയുടെയും, സമാധാനത്തിന്റെ കളിത്തൊട്ടിലായിരുന്ന പശ്ചിമേഷ്യയിലെ ലബനന്‍ ഇന്ന് അശാന്തിയുടെ താഴ്വരയാണ്. പക്ഷേ ഇന്ന് ലബനന്‍ അറിയപ്പെുടന്നത് ഖലീല്‍ ജിബ്രാന്റെ പേരിലോ, ലബനീസ് സുന്ദരികളുടെ പേരിലോ, ചലച്ചിത്രകാരന്‍മ്മാരുടെയോ, കലാകാരന്‍മ്മാരുടേയോ, പേരിലല്ല. ഹിസ്ബുള്ള പോലുള്ള ഭീകരവാദികളുടെ സ്വന്തം നാടാണാണ് അത്. ആരാണ് ഈ നാടിനെ ഈ രീതിയില്‍ തകര്‍ത്തത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മതം, പച്ചയായ മതം!

മതവൈവിധ്യം കാരണം കണ്‍ഫെഷണലിസം എന്ന ഒരു പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനനില്‍ നിലനില്‍ക്കുന്നത്. കഴിയുന്നത്ര സമതുലിതമായി വിവിധ വിഭാഗങ്ങള്‍ക്ക് അധികാരം വിഭജിച്ചുകൊടുക്കുക എന്നതാണ് കണ്‍ഫെഷണലിസത്തിന്റെ കാതല്‍. മത-വംശീയാടിസ്ഥാനത്തിലാണ് ആധുനിക ലെബനിലും പാര്‍ലമെന്റില്‍ സീറ്റുകള്‍ സംവരണം ചെയ്തിരുന്നത്.പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നീ ഉന്നത പദവികളിലും ഈ സംവരണമുണ്ട്. എന്നിട്ടും കൂടുതല്‍ കൂടുതല്‍ മതസൗഹാര്‍ത്തിലേക്കല്ല മതവൈരത്തിലേക്കാണ് ആ നാട് പോവുന്നത്. എവിടെയും മതം പുളക്കുന്നതാണ് ഈ നാടിന്റെ ദുരവസ്ഥക്ക് കാരണവുമെന്നാണ്, പല പഠനങ്ങളും പറയുന്നത്.

തേനും പാലും ഒഴുകിയിരുന്നു നാട്

പശ്ചിമേഷ്യയിലെ അതിപുരാതന രാജ്യമായ ലബനന്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായിരുന്നു. ഏഴായിരം വര്‍ഷത്തിലധികം പഴക്കമുള്ള സംസ്‌കാരമാണ് ഈ ചെറുരാജ്യത്തിന്റേത്. തലസ്ഥാനമായ ബെയ്‌റൂട്ടാകട്ടെ അറബ് ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും. സിറിയ (വടക്ക്, കിഴക്ക്), ഇസ്രയേല്‍ (തെക്ക്) എന്നിവയാണ് അതിരുകള്‍. ലെബനന്റെ തീരപ്രദേശ നശങ്ങളിലാണ് പ്രാചീന ഫിനീഷ്യന്‍ സംസ്‌കാരം രൂപമെടുത്തത്. ബി.സി 2700- 450 കാലത്ത് വികസിച്ചു നിന്നതായിരുന്നു ഫിനീഷ്യരുടെ സംസ്‌കാരം. ബിബ്ലോസ്, ബെറിറ്റ്സ് (ബെയ്റൂട്ട് ), സിഡോണ്‍, സറെപ്ത, ടൈര്‍ എന്നീ പ്രാചീന നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ആ മഹാ സംസ്‌കൃതിയെ വെളിപ്പെടുത്തുന്നു. മധ്യധരണ്യാഴിയുടെ തീരത്തുള്ള ലബനന്‍ യൂറോപ്പിലേക്കുള്ള അറബിലോകത്തിന്റെ കവാടവും അറബ് ലോകത്തേക്കുള്ള യൂറോപ്പിന്റെ പാലവുമാണ്.

എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം കടന്നു വന്നിരുന്നു. തെക്കന്‍ ലെബനനില്‍ പാര്‍പ്പുറപ്പിച്ചിരുന്ന അറബ് ഗോത്രങ്ങളില്‍, എ.ഡി 635-ല്‍ ഇസ്ലാം മതവും വേരുറച്ചു. ഏഴാം നൂറ്റാണ്ടോടെ ഇസ്ലാം ഈ മേഖലയിലെ നിര്‍ണ്ണായക ശക്തിയായി. ഒന്നാം കുരിശുയുദ്ധക്കാരുടെ പ്രധാന പാത ലെബനിലൂടെയായിരുന്നു. പിന്നീട് ഫ്രഞ്ച് പ്രഭുക്കന്‍മാര്‍ ലെബനന്‍ പ്രദേശങ്ങള്‍ കീഴടക്കുകയും ഇത് പ്രവശ്യയാക്കുകയും ചെയ്തു. 13ാം നൂറ്റാണ്ടില്‍ ലെബനന്‍ മുസ്ലീം നിയന്ത്രണത്തിലായി 1516-ല്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം ലെബനന്‍ കൈവശപ്പെടുത്തി. ഈ സമയത്തൊക്കെ ഒരുപാട് ചോര ഈ മണ്ണിലുടെ ഒലിച്ചുപോയി. ക്രിസ്ത്യന്‍- മുസ്ലീം സംഘട്ടനങ്ങള്‍ കൊന്നവരുടെ കണ്ണക്കുപോലും കൃത്യമല്ല.

മാറോണൈറ്റ് സഭയാണ് ക്രൈസ്തവരില്‍ ഭൂരിഭാഗവും. എ.ഡി. 4-5 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്ന സിറിയന്‍ സന്യാസി സെന്റ് മാരോണില്‍ നിന്നാണ് സഭ തുടങ്ങുന്നത.് സഭയുടെ കേന്ദ്രവും ലെബനന്‍ തന്നെയാണ്. സ്വതന്ത്ര സഭയായി വികസിച്ച അവര്‍ പോപ്പിനെ അംഗീകരിക്കുന്ന കത്തോലിക്കാ സഭയാണ്. പോപ്പ് കഴിഞ്ഞാല്‍ അന്ത്യേഖ്യയിലെ പാത്രിയാര്‍ക്കാണ് ഈ സഭയുടെ ആത്മീയാചാര്യന്‍. ഇസ്ലാം മതത്തിന്‍ ഷിയാ, സുന്നി,വിഭാഗങ്ങള്‍ക്ക് പുറമേ ഡ്രൂസ്, ആലവൈത്ത്, വിഭാഗങ്ങളുമുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള വൈരം ലെബനന്റെ ചരിത്രത്തെ രക്തരൂക്ഷിതമാക്കി.


 



ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെടുന്നതു വരെ ലെബനനിലെ ഓട്ടോമന്‍ വാഴ്ച തുടര്‍ന്നു. യുദ്ധാനന്തരം ലീഗ് ഓഫ് നേഷന്‍സിന്റെ തീരുമാനപ്രകാരം ലെബനന്‍ ഫ്രഞ്ച് നിയന്ത്രണത്തിലായി. 1926-ല്‍ ഭരണഘടന രൂപപ്പെടുത്തിയെങ്കിലും ഫ്രഞ്ച് കോളനി വാഴ്ചയില്‍നിന്ന് 1946- ലാണ് ലബനന്‍ സ്വാതന്ത്ര്യം നേടിയത്. ക്രൈസ്തവ, ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ അധികാരം പങ്കിടുന്ന രീതിയിലുള്ള ഭരണഘടനയോടു കൂടിയ ലെബനന്‍ റിപ്പബ്ലിക്ക് 1943 നവംബര്‍ 22-ന് അംഗീകരിക്കപ്പെട്ടു.

ഫലസ്തീന്‍ പ്രശ്നം വിനയാവുന്നു

ലബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ രാജ്യം താരതമ്യേന ശാന്തവും സമൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലബനന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂര്‍വ്വദേശത്തെ സ്വിറ്റ്സര്‍ലാന്റ് ആയും ലെബനന്‍ അറിയപ്പെട്ടു. ധാരാളം വിനോദസഞ്ചാരികളെയും ലബനന്‍ ആകര്‍ഷിച്ചു. വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂര്‍വ്വദേശത്തെ പാരീസ് എന്ന് ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ട് അറിയപ്പെട്ടു.

സമ്പല്‍സമൃദ്ധമായ ഒരു രാഷ്ട്രം എങ്ങിനെയാണ് നശിക്കുക എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നത്തെ ലബനന്‍. എഴുപതുകളില്‍ മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ ഏറ്റവും നല്ല സര്‍വ്വകലാശാലകളും കോളേജുകളും ലബനോണില്‍ ആയിരുന്നു. അറബി നാടുകളില്‍ നിന്നുള്ള അനവധി നിരവധി വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്തു ഉപരിപഠനത്തിന് വരികയും പഠനശേഷം അവിടെ താമസിച്ചു ജോലി ചെയ്യുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ബാങ്കിങ്ങ് സിസ്റ്റം ലെബനോണിന്റെ ആയിരുന്നു. ക്രൂഡ് ഓയില്‍ ഒരു പ്രകൃതിവിഭവം അല്ലാതിരുന്നിട്ട് കൂടി, മിഡില്‍ ഈസ്റ്റിലെ ഒരു വമ്പന്‍ സാമ്പത്തികശക്തി ആയിരുന്നു ലബനന്‍. 1960-കളില്‍ പുറത്തുവന്ന 'ആന്‍ ഈവനിങ് ഇന്‍ പാരീസ്' എന്ന ഹിന്ദി ചിത്രം കണ്ടാല്‍ മനസ്സിലാവും ലെബനോണിന്റെ അന്നത്തെ പുരോഗതി. ആ ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിച്ചത് ലെബനിനില്‍ ആയിരുന്നു. പക്ഷേ അവിടെ ക്രമേണെ മതം പിടിമുറക്കി. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായിരുന്നു ഇത് പതുക്കെ ഇസ്ലാമിക രാജ്യമായി മാറി.

മിഡില്‍ ഈസ്റ്റില്‍ ഒരുപോലെ അസ്വസ്ഥത വളര്‍ത്തിയ ഇസ്രായേല്‍- ഫല്സതീന്‍ സംഘര്‍ഷംതന്നെയാണ് ലബനനിന്റെയും കഷ്ടമാലമായത്. 48-ല്‍ പിറന്നു വീണ ഇസായേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രത്തെ അംഗീകരിക്കാതെ അറബ് ലോകം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായത് ലെബനനലിലേക്ക് കൂടിയാണ്. ഒരു ലക്ഷത്തിലധികം ഫലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി ലെബനനില്‍ ഈ സമയത്ത് എത്തിയത്.

ഇതിനെ തുടര്‍ന്ന് 1958- ല്‍ ബെയ്റൂട്ടില്‍ ആഭ്യന്തര കലഹം തുടങ്ങി. 1967-ലെ അറബ് -ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും അഭയാര്‍ത്ഥി പ്രവാഹമുണ്ടായി. ഓരോ തവണ ഇസ്രയേയില്‍ പ്രശ്നമുണ്ടാവുമ്പോള്‍ ലബനനും പുകഞ്ഞു. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) 1971-ല്‍ ആസ്ഥാനം ലെബനിലേക്ക് മാറ്റി. 1975 ആയപ്പോള്‍ മൂന്ന് ലക്ഷത്തിലധികം ഫലസ്തീന്‍കാര്‍ ലബനിലുണ്ടായിരുന്നു. രാജ്യം കേന്ദ്രമാക്കി ഫലസ്തീന്‍ വിമോചന പ്രവര്‍ത്തനങ്ങളും അതുവഴി വന്ന ഇസ്ലാമിക തീവ്രവാദവും, നാട്ടുകാരായ മറ്റു മതസ്ഥരുടെ എതിര്‍പ്പിന് കാരണമായി.




 


തദ്ദേശിയരായ ഇടതുപക്ഷക്കാരും ഫലസ്തീന്‍കാരും തമ്മില്‍ ഏറ്റുമുട്ടലിന് ഇത് തുടക്കം കുറിച്ചു. ഇത് പിന്നീട് ക്രൈസ്തവരും, സുന്നി, ഡ്രൂസ്, ഫലസ്തീന്‍ മുസ്ലീമുകളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഈ ആഭ്യന്തര യുദ്ധം രാജ്യത്ത് ഒരു ഭരണകൂടം തന്നെ ഇല്ലാതായി.1976-ല്‍ സിറിയ മാരണൈറ്റ് ക്രൈസ്തവരെ സഹായിക്കുന്നതിനായി 40000 പട്ടാളത്തെ ലെബനിലേക്ക് അയച്ചു. സിറിയന്‍ - മാരാണെറ്റ് സഖ്യം പലസ്തീന്‍കാരെ ബെയ്റൂട്ടില്‍ നിന്നും തെക്കന്‍ ലെബനിലേക്ക് പായിച്ചു. സിറിയന്‍ സൈന്യം 2005 വരെ ലെബനില്‍ തുടരുകയും ഭരണം നിയന്ത്രിക്കുകയും ചെയ്തു.

ക്രിസ്ത്യാനികള്‍ നേരിട്ടത് കൊടിയ പീഡനം

ഇന്ന്, ക്രൈസ്തവ- ഇസ്ലാം മതവിഭാഗങ്ങള്‍ കൂടിക്കലര്‍ന്നുകിടക്കുന്ന ഇവിടെ, 55 ശതമാനം മുസ്ലിങ്ങളും 45 ശതമാനം ക്രിസ്ത്യാനികളുമാനെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ ക്രിസ്ത്യാനികളുടെ എണ്ണം ഇതിലും എത്രയോ കുറവ് ആണെന്നും വര്‍ഷങ്ങളായി സെന്‍സസ് എടുത്തുട്ടില്ലെന്നുമാണ്, സഭാ അധികൃതര്‍ പറയുന്നത്. സുന്നി- ഷിയ മുസ്ലിം വിഭാഗവും ക്രിസ്ത്യന്‍ വിഭാഗവുമാണ് ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും. മറ്റൊരു ചെറിയ മതവിഭാഗമാണ് ഡ്രൂസ്.

128 അംഗ പാര്‍ലമെന്റില്‍ ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും 64 സീറ്റുവീതമുണ്ട്. പ്രസിഡന്റ് മാരണൈറ്റ് ക്രിസ്ത്യാനിയും പ്രധാനമന്ത്രി സുന്നി മുസ്ലിമും പാര്‍ലമെന്റ് സ്പീക്കര്‍ ഷിയാ മുസ്ലിമുമായിരിക്കും.

ലബനന്റെ ആധുനിക ചരിത്രം യുദ്ധങ്ങളും കലാപങ്ങളും നിറഞ്ഞതാണ്. 1975 മുതല്‍ 90 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം ലബനനെ ചെറുതായൊന്നുമല്ല ബാധിച്ചത്. 1989-ലെ തായ്ഫ് കരാറിനെത്തുടര്‍ന്നാണ് ആഭ്യന്തരയുദ്ധം അവസാനിച്ചത്. ആഭ്യന്തരയുദ്ധം അവസാനിക്കുമ്പോള്‍ സിറിയയുടെ രക്ഷാകര്‍തൃത്വത്തിലായി ആ രാജ്യം. പിഎല്‍ഒയും ഇറാനും ഇസ്രയേലും തരാതരംപോലെ ലബനനില്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. അഭയാര്‍ഥി പ്രവാഹത്താല്‍ ദുരിതംപേറുന്ന രാജ്യമാണ് ലബനന്‍. 50 വര്‍ഷംകൊണ്ട് നാലരലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികളും പത്തുവര്‍ഷംകൊണ്ട് 11 ലക്ഷം സിറിയന്‍ അഭയാര്‍ഥികളും ലബനനില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

ആദ്യകാലത്ത്, വളരെ ചെറുതായ ഒരു മുസ്ലിം സമൂഹം ലബനനില്‍ അതിവേഗം വളര്‍ന്നു. മുസ്ലിം സമൂഹത്തിലെ ജനനനിരക്ക് ക്രിസ്ത്യന്‍ സമൂഹത്തെ അപേക്ഷിച്ചു കുത്തനെ ഉയര്‍ത്തിലായിരുന്നുവെന്ന്, ദ ട്രാജഡി ഓഫ് ലെബനന്‍ എന്ന വിഖ്യാത പുസ്തകം പറയുന്നു. ക്രിസ്ത്യാനികള്‍ അനുഭവിച്ച ഒരുപാട് പീഡനങ്ങള്‍ ഈ പുസ്തകം പറയുന്നത്. ''മുസ്ലീം ജനസംഖ്യ വര്‍ധിച്ചതോടെ സമൂഹത്തിന്റെ അവസ്ഥ മാറി. ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ രാജ്യത്ത് ഉണ്ടായിരുന്നെങ്കിലും, ലബനനില്‍ ജനിച്ചുവളര്‍ന്ന മുസ്ലീം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസം നല്‍കിയില്ല. പകരം മതവിദ്യാഭ്യാസം കൊടുത്തു. അതിന്റെ ഫലമായി അവര്‍ മതമൗലികവാദികള്‍ ആയി മാറ്റപ്പെടുകയാണ് ഉണ്ടായത്. 1970-കളില്‍ ജോര്‍ദ്ദാനില്‍ ഉണ്ടായ ഭീകരാക്രമണങ്ങളും അരക്ഷിതാവസ്ഥയും ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ലെബനോണിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ ആജനതയെ പ്രേരിപ്പിച്ചു. പക്ഷേ അഭയാര്‍ത്ഥികള്‍ ആയി രാജ്യത്തു കടന്നവര്‍ കാലക്രമേണെ ജിഹാദികള്‍ ആവുന്ന അവസ്ഥയാണ് ഉണ്ടായത്. പിന്നെ അങ്ങോട്ട് കലാപത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ ആയിരിക്കണക്കന് ക്രിസ്ത്യാനികളെ കൊന്നൊടുക്കി. എത്ര നിരപരാധികളെ ജിഹാദികള്‍ കൊന്നൊടുക്കി എന്നതിന്റെ കണക്കുകള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. അവരുടെ സ്വത്തുക്കളും ആരാധനാലയങ്ങളും കൈയ്യടക്കി, ഭാര്യമാരെയും പെണ്‍മക്കളെയും ലൈംഗിക അടിമകളാക്കി.''- ദ ട്രാജഡി ഓഫ് ലെബനന്‍ എന്ന പുസ്തകം പറയുന്നു.


 



കണ്‍മുന്നില്‍ നടക്കുന്ന അരുംകൊലകള്‍ കാണാന്‍ ശേഷി നഷ്ടപ്പെട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് പലരും ജന്മനാട്ടില്‍ നിന്നും പലായനം ചെയ്തു. വംശഹത്യയുടെയും കൂട്ട പാലായനത്തിന്റെയും ഫലമായി, 1970ല്‍ 60% ആയിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന്, അതായത് വെറും 30 വര്‍ഷങ്ങള്‍കൊണ്ട് വെറും 37% ആയി അധഃപതിച്ചു. ( 37 ശതമാനം എന്നത് അനൗദ്യോഗിക കണക്കാണ്) പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇന്ന്, ലെബനനില്‍ ഉള്ളതിനേക്കാള്‍ ലബനോണികള്‍ വിദേശങ്ങളില്‍ പ്രവാസജീവിതം നയിയ്ക്കുന്നു.1980 ആയപ്പോഴേയ്ക്കും ലബനന്‍ ഇന്നത്തെ സിറിയയുടെ അതേ അവസ്ഥയില്‍ ആയിത്തീര്‍ന്നു.

ഞെട്ടിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ ഈ പുസ്തകം പറയുന്നുണ്ട്. മതം വൈരം മനുഷ്യനെ എങ്ങനെ ഭ്രാന്തനാക്കുന്നുവെന്നതിന്റെ ശക്തമായ ഉദാഹരണങ്ങള്‍. കലാപകാരികളെ പേടിച്ച് തൊട്ട് അയല്‍പക്കത്ത് ഓടിയൊളിച്ചപ്പോള്‍ അവിടുത്തെ മുസ്ലീങ്ങള്‍ തന്നെ കാശപ്പുകാരായ കഥയും, ഒരു ജൂതകുടുംബത്തെ അവരുടെ മുസ്ലീം ജോലിക്കാര്‍ തന്നെ വെട്ടിക്കൊന്ന കഥയും ഞെട്ടലോടെ മാത്രമേ വായിക്കാന്‍ കഴിയൂ.

ഹിബ്ബുള്ളയുടെ ചോരക്കളി

80കളില്‍ ഹിസ്ബുള്ളയെന്ന ലക്ഷണമൊത്ത തീവ്രവാദ സംഘടനകൂടി ഉണ്ടായതോടെ ലബനനിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. സുന്നി സംഘടനായാണ് ഐസിസ് എങ്കില്‍, ക്രൂരതുകൊണ്ട് അതിന്റെ ഷിയാ പതിപ്പാണ് ഹിസ്്ബുള്ള. ഷിയാ ഐസിസ് എന്ന് അതിനെ ചില മാധ്യമങ്ങള്‍ വിളിക്കുന്നതും അതുകൊണ്ടുതന്നെ. പ്രതിരോധ സേന എന്ന് പറയുന്നുണ്ടെങ്കിലും തീവ്രവാദമാണ് ഹിസ്ബുള്ളയുടെയും മുഖ്യം. ഷിയാക്കളുടെ സ്വത്വം എന്ന നിലയില്‍, ഇറാനാണ് ആളും അര്‍ത്ഥവും നല്‍കി ഹിസ്ബുള്ളയെ വളര്‍ത്തിയത്. ദൈവത്തിന്റെ സംഘടന എന്നാണ് ഹിസ്ബുള്ള എന്ന വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. ഒരു കൂട്ടം തീവ്ര ഷിയ പുരോഹിതന്മാരാണ് അതിന് നേതൃത്വം കൊടുത്തത്. ഒരു സമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ഇന്നും ലബനീസ് പാര്‍ലിമെന്റില്‍ ഹിസ്ബുള്ളക്ക് നിരവധി അംഗങ്ങളുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തേക്കാള്‍ കൂടുതല്‍ കരുത്ത് ഹിസ്ബുള്ളയുടെ സൈന്യത്തിനാണ്!

ഹിസ്ബുള്ളക്ക്, ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുള്ള ഉണ്ടാക്കുന്നുണ്ട്. 1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന പ്രത്യക്ഷ ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്. അതിനായി ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നിരവധി രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ ഹിസ്ബുള്ള നടത്തി. വന്‍തോതിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. തെക്കന്‍ ബെയ്‌റൂട്ട്, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഹിസ്ബുള്ളയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


 



ഇന്ന് ആരും ഭയക്കുന്ന സൈനിക ശക്തിയാണ് ഹിസ്ബുള്ള. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്ന രീതിയില്‍ അത് മാറിയിരിക്കുന്നു.ഹിസ്ബുള്ളയ്ക്ക് ദീര്‍ഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിര്‍ണ്ണായകമാണ്. അത് ഇസ്രയേലില്‍ ഏതാണ്ട് എവിടെയും ആക്രമിക്കാനും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാനും ജനവാസ കേന്ദ്രങ്ങളെ തകര്‍ക്കാനും പ്രതിരോധ കവചങ്ങളെ മറികടക്കാനും സാധിക്കുമെന്ന് കരുതുന്നവരുമുണ്ട.് മുന്‍പ് 2006-ലാണ് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു ഫുള്‍ സ്‌കെയില്‍ യുദ്ധമുണ്ടായത്. അതിലാകട്ടെ വിജയം നേടാന്‍ ഇസ്രയേലിന് സാധിച്ചിരുന്നില്ല.

ഇന്ന് ഏകദേശം 1,20,000-ത്തോളം കരുതല്‍ ശേഖര ആയുധങ്ങള്‍ സിറിയയിലും ലെബനനിലുമായി ഹിസ്ബുള്ള സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇറാന്റെ പിന്തുണയും, സിറിയയിലും ഇറാഖിലും ഇറാനിലുമായി പ്രോക്‌സി സായുധ സംഘടനകളും ഹിസ്ബുള്ളയ്ക്കുണ്ട്. ഇസ്രയേലിന്റെ നാഷണല്‍ സെക്യൂരിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹിസ്ബുള്ളയുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം, 15-20 കിലോമീറ്റര്‍ പരിധിയുള്ള 40,000 ഗ്രാഡ്-ടൈപ്പ് മിസൈലുകള്‍ ഹിസ്ബുള്ളയ്ക്കുണ്ട്. കൂടാതെ 100 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫജര്‍ 3, ഫജര്‍ 5 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 80,000 ദീര്‍ഘദൂര മിസൈലുകളും ഹിസ്ബുള്ളയുടെ പക്കലുണ്ട്. ഇതിനെല്ലാം പുറമെ 200-300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഏകദേശം 30,000 സെല്‍സാല്‍, ഫത്തേഹ് -110 മിസൈലുകളുമുണ്ട്. തെക്കന്‍ ഇസ്രയേലിലേക്ക് ഉള്‍പ്പെടെ എത്താന്‍ ശേഷിയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ ആയുധശേഖരമാണിത്. സിറിയയില്‍ ബശ്ശാന്‍ അല്‍ അസദിനെ പിന്തുണച്ച് നടത്തിയ പോരാട്ടം ഹിസ്ബുള്ളയുടെ സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ സേനകളുമായി ഏറ്റുമുട്ടാനും ലോജിസ്റ്റിക്സിനുമെല്ലാം സിറിയയിലെ പോരാട്ട അനുഭവം അവരെ സഹായിച്ചിട്ടുമുണ്ട്.

പക്ഷേ ഇപ്പോഴിതാ ഹിസ്ബുള്ളയെ പപ്പടംപോലെ ഇസ്രയേല്‍ പൊടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പേജര്‍-വോക്കിടോക്കി ആക്രമണങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. ഹിസ്ബുള്‍ തലവന്‍ ഹസന്‍ നസ്റുള്ളയടക്കം നൂറുകണക്കിന്പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതിര്‍ത്തിമേഖലകളള്‍ മാത്രമല്ല, തലസ്ഥനാമയ ബെയറൂട്ടും കത്തിയെരിയുകയാണ്. ഇസ്രായേല്‍ വ്യോമ ആക്രമണം ശക്മാക്കിയതോടെ ആയിരിക്കണക്കിന് സാധാരണക്കാരാണ് പലായനം ചെയ്യുന്നത്.

ക്രിസ്ത്യന്‍സമൂഹം ഇന്നും ഭീഷണിയില്‍

ഇസ്രയേല്‍ ആക്രമണം ശക്തി പ്രാപിക്കുമ്പോള്‍ ലബനനില്‍ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളും ആശങ്കയിലാണ്. കാരണം പഴതുപോലെ ഹിസ്ബുള്ളയും, മറ്റ് മുസ്ലീം തീവ്രവാദ സംഘടനകളും തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്ന് തടിയെടുക്കുന്നവരുടെ എണ്ണവും വര്‍ധിക്കയാണ്. ഈയിടെ നടന്ന ഒരു ഞായറാഴ്ച പ്രഭാഷണത്തില്‍, ലെബനനിലെ മ്രറോനൈറ്റ് പാട്രിയാര്‍ക്ക് ബെചാര റായ് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ആഭ്യന്തര ശക്തികളെ വിമര്‍ശിച്ചിരുന്നു. പേജറുകളും വാക്കിടോക്കികളും അടക്കമുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ആരോഗ്യസംരക്ഷണ സംവിധാനംവരെ തകറാറിലായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ക്രിസ്ത്യന്‍ സഭാമേധാവിയുടെ വിമര്‍ശനം.

'ഒരു സംസ്ഥാനത്തിന്റെയോ നിയമത്തിന്റെയോ ഭരണഘടനയുടെയോ ഇടപെടലില്ലാതെ തന്നെ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു ഒഴിഞ്ഞ സ്ഥലമായി ലെബനന്‍ മാറണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. രാജ്യത്തെ അവരുടെ മാതൃരാജ്യമാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.ലെബനന്‍ സ്വന്തമല്ലെന്നും മറ്റൊരാളുടേതാണെന്നും ഓരോ ഗ്രൂപ്പിനും തോന്നിത്തുടങ്ങുമ്പോള്‍, വിഭജിക്കപ്പെട്ട ഒരു ഭൂപ്രദേശമായി അത് മാറും' ഹിസ്ബുല്ലയുടെയോ ഇറാന്റെയോ പേര് വ്യക്തമായി പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

ലെബനീസ് സൈന്യത്തെക്കാള്‍ വലുതാണെന്ന് കരുതുന്ന സ്വന്തം പൗര സൈന്യവും, ബാങ്കിംഗ് സംവിധാനങ്ങളും, ക്ഷേമ സ്ഥാപനങ്ങളും, സ്വന്തം സൂപ്പര്‍മാര്‍ക്കറ്റുകളുമുള്ള ഹിസ്ബുല്ല ലെബനന്‍ രാഷ്ട്രീയവും പൊതുജീവിതവും തട്ടിയെടുത്തുവെന്ന് ക്രിസ്ത്യന്‍ സഭാമേധാവി പറഞ്ഞു.ലെബനനെ പ്രാദേശിക സംഘര്‍ഷങ്ങളിലേക്ക് ഹിസ്ബുല്ല വലിച്ചിഴച്ചതിലുള്ള അതൃപ്തി പാട്രിയാര്‍ക്ക് വളരെക്കാലമായി പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹം ഇസ്രായേലിനെതിരെയും വിമര്‍്ശിക്കുന്നുണ്ട്. ഈ ഞായറാഴ്ച അദ്ദേഹം 'ഇസ്രായേല്‍ വ്യോമാക്രമണം ലെബനനില്‍ വരുത്തിയ വിനാശകരമായ മരണങ്ങളില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ഇസ്രായേല്‍ ആക്രമണങ്ങളെ 'മനുഷ്യത്വമില്ലായ്മ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


 



ലെബനനിലെ വിഭാഗീയ അധികാരം പങ്കിടല്‍ സമ്പ്രദായം അനുസരിച്ച്, പ്രസിഡന്റ് സ്ഥാനം വഹിക്കേണ്ടത് കത്തോലിക്കാ മാര്‍പ്പാപ്പയുമായി ചേര്‍ന്നുനില്‍ക്കുന്ന മറോനൈറ്റ് എന്ന പ്രധാന ക്രിസ്ത്യന്‍ ജനവിഭാഗമാണ്. എന്നാല്‍ അവര്‍ക്ക് ലഭിച്ചിരുന്ന ഈ അവസരം ഹിസ്ബുല്ലയുടെ അമിത ഇടപെടലോടെ അട്ടിമറിക്കപ്പെട്ടു.രണ്ട് വര്‍ഷമായി , മുന്‍ പ്രസിഡന്റിന്റെ കൊച്ചുമകനായ സുലൈമാന്‍ ഫ്രാങ്കി ഒഴികെയുള്ള ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഏതൊരു ശ്രമത്തെയും തടഞ്ഞ ഹിസ്ബുല്ല ലെബനനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി. 1932 മുതല്‍ ദേശീയ സെന്‍സസ് നടത്തിയിട്ടില്ലെ എന്നതും സഭ ചൂണ്ടിക്കാട്ടുന്നതാണ്. ക്രിസ്ത്യന്‍ ജനസംഖ്യ ഗണ്യമായി കുറഞ്ഞുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. പക്ഷേ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. അതേസമയം മുസ്ലീങ്ങളുടെ, പ്രത്യേകിച്ച് ഷിയാ വിഭാഗത്തിന്റെ ജനസംഖ്യ വന്‍ തോതില്‍ വര്‍ധിച്ചുവെന്ന് അവര്‍ പറയുന്നു.

അതേസമയം രാജ്യത്തെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി പൊതുവെ സിറിയന്‍ അനുകൂലമായതിനാല്‍ ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്നു. എന്നാല്‍ മറോനൈറ്റുകള്‍ ഹിസ്ബുല്ലയെ എതിര്‍ത്തുകൊണ്ട് ഭിന്നിച്ചുനില്‍ക്കുകയാണ്. ഈ എതിര്‍പ്പ് വര്‍ധിച്ചാല്‍ വീണ്ടും ആഭ്യന്തര യുദ്ധം ഉണ്ടാവുമോ, മത കലാപം ഉണ്ടാവുമോ എന്നൊക്കെ ഭീതിയുണ്ട്. അതുകൊണ്ടുതന്നെ ആയിരിക്കണക്കിന് ക്രിസ്ത്യാനികള്‍ ഇപ്പോള്‍ തന്നെ രാജ്യം വിട്ടുവെന്നാണ് പറയുന്നത്. ഒക്ടോബറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തെക്കന്‍ ലെബനനില്‍ നിന്ന് 90,000 പേരെ മാറ്റിപ്പാര്‍പ്പിച്ചത്.

ഇന്ന് ദരിദ്രരാഷ്്വടണാണ് ലബനന്‍. ലബനന്റെ ആഭ്യന്തരവരുമാനം പ്രധാനമായും ടൂറിസം മേഖലയില്‍നിന്നായിരുന്നു. പശ്ചിമേഷ്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണ് ലബനന്‍ അറിയപ്പെടുന്നത്. കോവിഡ് വ്യാപനത്തോടെ ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. വരുമാനം കുറഞ്ഞത് സര്‍ക്കാരിനെയും ജനങ്ങളെയും ഒരുപോലെ ബാധിച്ചു. വിദേശകടം തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിച്ചതോടെയാണ് ജനം തെരുവ് കൈയടക്കിയത്.

2220-ല്‍ സര്‍ക്കാറിനെതിരെ ജനം തെരുവല്‍ ഇറങ്ങിയിരുന്നു. ആഗസ്ത് നാലിന് തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്തിനടുത്ത് അമോണിയം നൈട്രേറ്റ് ശേഖരത്തിന് തീപിടിച്ചുണ്ടായ സ്‌ഫോടനമാണ് ലബനനില്‍ അസ്വസ്ഥത പടരാനിടയാക്കിയത്. ഇരുനൂറേളം പേര്‍ മരിച്ച സ്‌ഫോടനത്തില്‍ 6500 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

2019-ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യം ലെബനനെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. അപ്പോള്‍ ബോംബാക്രമണം കൂടിയായാല്‍ രാജ്യത്തേക്ക് ആര് എത്തും.

ദാരിദ്ര്യവും തൊഴിലില്ലായ്മയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങളാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. ഭൂരിപക്ഷം അഭയാര്‍ഥികള്‍ക്കും വീട്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. ലബനീസ് പൗണ്ടിനുണ്ടായ വിലയിടിവ് രാജ്യത്തിന്റെ സമ്പദ്രംഗം തകരാനിടയാക്കി. ഇന്ന് വിലക്കയറ്റത്താലും നാണയപ്പെരുപ്പത്താലും ബുന്ധിമുട്ടുകയാണ് രാജ്യം. അങ്ങനെ ഒരു രാജ്യത്തേക്ക് ബോബുകള്‍ വീഴുകകൂടി ചെയ്താലുള്ള അവസഥയെന്താവും? കൊടുംപട്ടിണിയാണെങ്കിലും, ഇവിടെ ക്ഷാമമില്ലാത്ത ഒരു സാധനമാണ് തോക്ക്. മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചില്ലെങ്കിലും ലബനനിലേക്ക് ഇറാന്‍ കൃത്യമായി യന്ത്രത്തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുന്നുണ്ട്!

വാല്‍ക്കഷ്ണം: പണ്ട് ഒരുപാട് ഗിന്നസ് റെക്കാര്‍ഡുകള്‍ നേടിയ പ്രതിഭകളുടെ നാട് കൂടിയായിരുന്നു ലബനന്‍. പക്ഷേ ഇപ്പോള്‍, ഏറ്റവും കുറഞ്ഞ കാലം ഒരു അന്താരാഷ്ട്ര സംഘടനയുടെ മേധാവി എന്ന നിലയില്‍ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കയാണ് ഈ രാജ്യം എന്നാണ് ട്രോള്‍. ഹസ്സന്‍ നസറുള്ളയുടെ വധത്തെ തുടര്‍ന്ന് ഹിസ്ബുള്ളയുടെ മേധാവിയായി സ്ഥാനമേറ്റ ഹസ്സന്‍ ഖലീല്‍ യാസ്സിന്‍ മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടു. അങ്ങനെ വേള്‍ഡ് റെക്കോര്‍ഡില്‍ ലബനന്‍ വീണ്ടും ചരിത്രമായി!

Tags:    

Similar News