അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന യുഎസ് പ്രസിഡന്റ് സ്വന്തം ഭാര്യയെ പുറത്താക്കുമോ? ഇറ്റലിയിലെ ശരാശരി മോഡല്‍ എങ്ങനെ ട്രംപിന്റെ ഭാര്യയായി; ശാസ്ത്രജ്ഞര്‍ക്ക് കൊടുക്കുന്ന ഐന്‍സ്റ്റൈന്‍ വിസ അവര്‍ക്കെങ്ങനെ കിട്ടി; പിന്നില്‍ റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീനോ? മെലാനിയ ട്രംപും വിവാദക്കുരുക്കില്‍

മെലാനിയ ട്രംപും വിവാദക്കുരുക്കില്‍

Update: 2025-08-09 10:33 GMT

ലോകത്തിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായ മനുഷ്യനൊപ്പം മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സ്ത്രീലമ്പടനും താന്തോന്നിയും വിടുവായനും ഒരു പരിധിവരെ സൈക്കോ എന്ന് വിശേഷിപ്പിക്കാവുന്ന ശതകോടീശ്വരനൊപ്പമാണ് അവര്‍ ജീവിക്കുന്നത്. തന്റെ ഭര്‍ത്താവിന് മറ്റ് രണ്ട് ഭാര്യമാരിലായി നാലുകുട്ടികള്‍ ഉണ്ട്. എന്നിട്ടും അവര്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കും അമ്മയായി. പോണ്‍സ്റ്റാറുകള്‍ക്ക് പണം കൊടുത്തത് അടക്കമുള്ള നിരവധി ലൈംഗികാപവാദക്കേസുകള്‍ ഭര്‍ത്താവിന്റെ പേരില്‍ വരുമ്പോഴും അവര്‍ പിടിച്ചുനിന്നു. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പണികളില്‍ ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യയായിരിക്കുക എന്നത്. അമേരിക്കയുടെ പ്രഥമ വനിത, മെലാനിയ ട്രംപ് ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ചരിത്രം തിരുത്തിയ ഒരു സ്ത്രീ തന്നെയാണ്. ക്ഷമ, സഹിഷ്ണുത, തുടങ്ങിയവയുടെ റോള്‍ മോഡലായി, ഈ മുന്‍ മോഡലിനെ വാഴ്ത്തുന്നവരുണ്ട്.

എന്നാല്‍ ഇപ്പോള്‍ മെലാനിയ ട്രംപും വലിയ വിവാദത്തിലായിരിക്കയാണ്. ഇറ്റലിയിലെ ശരാശരി മോഡല്‍ മാത്രമായിരുന്ന അവര്‍ പിന്നീട് യുഎസിലേക്ക് കുടിയേറിയതിനും ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയായതിനും പിന്നില്‍ കഥകളുണ്ടെന്ന വെളിപ്പെടുത്തലുമായി ഡൊണാള്‍ഡ് ട്രംപിന്റെ ജീവചരിത്രം എഴുതിയ മൈക്കേള്‍ വുള്‍ഫ് രംഗത്തെത്തിയിരിക്കയാണ്. മെലനിയക്ക് സമ്പന്നര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവെച്ച് കോടീശ്വരനായ ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണം അമേരിക്കയെ പിടിച്ചു കുലുക്കയാണ്.




രഹസ്യ മാമോദീസയിലൂടെ കത്തോലിക്ക

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവളല്ല അമേരിക്കയുടെ ഇന്നത്തെ പ്രഥമ വനിത. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും, പാത താണ്ടിയാണ് അവര്‍ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ന്നത്. 1970 ഏപ്രില്‍ 26 ന് സ്ലോവേനിയയിലെ ലോവര്‍ കാര്‍ണിയോള മേഖലയിലെ നഗരമായ നോവോ മെസ്റ്റോയിലാണ് അവള്‍ ജനിച്ചത്. ശരിക്കുള്ള പേര് മെലാനിജ ക്നാവ്സ് എന്നാണ്. പിന്നീട് 16-ാം വയസ്സില്‍ മോഡലിങ്ങിലേക്ക് കടന്നപ്പോള്‍ പേര് മെലാനിയയാക്കി മാറ്റുകയായിരുന്നു.

അന്ന് സോഷ്യലിസ്റ്റ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയയുടെ ഭാഗമായിരുന്നു സ്ലോവേനിയ. പിതാവ് വിക്ടര്‍ ക്നാവ്സ് ഒരു കാര്‍ ഡ്രൈവറായിരുന്നു. അമ്മ അമാലിജ ക്നാവ്സ് കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയിലായിരുന്നു ജോലി. മെലാനിയക്ക് ഇനെസ് എന്ന ഒരു മൂത്ത സഹോദരിയും അവളുടെ പിതാവിന്റെ മുന്‍ ബന്ധത്തില്‍ നിന്നുള്ള ഒരു മൂത്ത അര്‍ദ്ധസഹോദരനുമുണ്ട്, അവനെ മെലാനിയ കണ്ടിട്ടില്ല. ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടും ഡെനിസിന്റെ പിതൃത്വം അവളുടെ പിതാവ് നിഷേധിക്കയായിരുന്നു.



മെലാനിയയുടെ പിതാവ് യുഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്നു. അന്ന് അത് ഒരു പക്കാ നിരീശ്വരവാദ രാജ്യമായിരുന്നു. എന്നിരുന്നാലും, മറ്റ് പലരെയും പോലെ, അദ്ദേഹം തന്റെ പെണ്‍മക്കളെ രഹസ്യമായി റോമന്‍ കത്തോലിക്കരായി മാമോദീസ മുക്കി. കമ്മ്യൂണിസ്റ്റ് സമൂഹങ്ങളില്‍ താമസിക്കുന്ന മിക്കവരുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഈ കുടുംബം ഭേദപ്പെട്ട നിലയിലായിരുന്നു. അവര്‍ പലപ്പോഴും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നു.

കുട്ടിക്കാലത്ത്, അമ്മ ജോലിചെയ്തിരുന്ന തടക്കമുള്ള ഫാക്ടറിയിലെ തൊഴിലാളികളുടെ കുട്ടികളെപ്പോലെ മെലാനിയയും കുട്ടികളുടെ വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫാഷന്‍ ഷോകളില്‍ പങ്കെടുത്തു. ചെറുപ്പം മുതലേ, അവള്‍ക്ക് ഫാഷനില്‍ വലിയ താല്‍പ്പര്യമായിരുന്നു. കൗമാരത്തിലേ, അവള്‍ സ്വന്തം വസ്ത്രങ്ങള്‍ ഇഷ്ടാനുസൃതം ഡിസൈന്‍ ചെയ്യുമായിരുന്നു. പഠിക്കാനും മിടുക്കിയായിരുന്നു.




സ്ലോവേനിയയിലെ ചെറുപ്പകാലം മുതല്‍, മെലാനിയയെ അമേരിക്ക സ്വാധീനിച്ചിരുന്നുവെന്ന്,ജീവചരിത്രം പറയുന്നു. ഒരു പുതിയ യുഗത്തിന്റെ തുടക്കമായാണ് റൊണാള്‍ഡ് റീഗന്റെ പ്രസിഡന്റ്ഷിപ്പിനെ അവര്‍ വിശേഷിപ്പിച്ചത്. പത്തൊന്‍പതാം വയസ്സില്‍ ബിരുദം നേടിയ ശേഷം, ലുബ്ലിയാനയിലെ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍, സിവില്‍ ആന്‍ഡ് ജിയോഡെറ്റിക് എഞ്ചിനീയറിംഗ് ഫാക്കല്‍റ്റിയില്‍ ഡിസൈന്‍ കൂടുതല്‍ പഠിക്കാന്‍ ചേര്‍ന്നു. പക്ഷേ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഡ്രോപ്പൗട്ടായി. നേരത്തെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവര്‍ ആ ബിരുദം നേടിയതായി പറഞ്ഞിരുന്നു. അത് തെറ്റായിരുന്നുവെന്ന വിവാദത്തെ തുടര്‍ന്ന് 2016-ല്‍ ആ പേജ് നീക്കം ചെയ്തു.

മോഡലിങ്ങിലൂടെ അമേരിക്കയിലേക്ക്

പതിനാറാമത്തെ വയസ്സില്‍ സ്‌കൂള്‍ സ്പോണ്‍സര്‍ ചെയ്ത ഒരു ഷോയില്‍ മോഡലിംഗ് ചെയ്ത മെലാനിയയെ, സ്ലോവേനിയന്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സ്റ്റെയ്ന്‍ ജെര്‍ക്കോയാണ് കണ്ടെത്തിയത്. ആ സമയത്ത്, ഒരു മോഡലാകുന്നതിനുപകരം ഒരു ഫാഷന്‍ ഡിസൈനറാകാനാണ് അവള്‍ ആഗ്രഹിച്ചിരുന്നതെന്ന് ജീവചരിത്രം പറയുന്നു. ഇറ്റാലിയന്‍ സ്റ്റുഡിയോയായ സിനിസിറ്റയുടെ ഒരു മോഡലിംഗ് മത്സരത്തില്‍ മെലാനിയ വിജയിച്ചത് അവളെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അര്‍ഹയാക്കി, പക്ഷേ നിര്‍മ്മാതാവ് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് വിട്ടു.

മോഡലിംഗ് ജോലി കണ്ടെത്താന്‍ അവള്‍ യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തു. ഇക്കാലത്ത് കുറച്ച് അടുത്ത ബന്ധുക്കളെ ഒഴികെ, സ്ലോവേനിയയില്‍ ആരുമായും അവള്‍ ബന്ധം പുലര്‍ത്തിയില്ല. 1992-ല്‍, ജാന മാഗസിന്‍ ലുക്ക് ഓഫ് ദി ഇയര്‍ മത്സരത്തില്‍ മെലാനിയയെ റണ്ണര്‍-അപ്പായി തിരഞ്ഞെടുത്തു. അത് അതിന്റെ മികച്ച മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര മോഡലിംഗ് കരാര്‍ വാഗ്ദാനം ചെയ്തു. അങ്ങനെയാണ് അവള്‍ പ്രശ്സതയാവുന്നത്. സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡ്, വാനിറ്റി ഫെയര്‍, വോഗ് തുടങ്ങിയ മാസികകള്‍ക്കുവേണ്ടി അവര്‍ മോഡലായി.




ഇതോടെ ഇറ്റലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മോഡലുകളെ മാനേജ് ചെയ്യുന്ന പൗലോ സാംപൊല്ലി ആണ് മെലനിയയെ തന്റെ രാജ്യത്തേക്ക് കൊണ്ടുവന്നു. ഇദ്ദേഹത്തിന്റെ ഐഡി മോഡല്‍സ് എന്ന മോഡലുകളെ വിതരണം ചെയ്യുന്ന കമ്പനിയില്‍ അവര്‍ അംഗമായി. പൗലോ സാംപൊല്ലിക്ക് അമേരിക്കയിലും നല്ല പിടിപാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു വിവാദനായകന്‍ ജഫ്രി എപ്സ്റ്റീന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്വയം ഉപയോഗിക്കുകയും വമ്പന്‍മാര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത വ്യക്തിയാണ് സ്റ്റീന്‍. അതുവഴി അദ്ദേഹം പൊടുന്നനെ സമ്പന്നനാകുകയും അധികാരം ആര്‍ജ്ജിക്കുകയും ചെയ്തു. പൗലോ സാംപൊല്ലി മെലനിയയെ ഇറ്റലിയില്‍ നിന്നും അമേരിക്കയിലേക്ക് കടത്തിയത് ഐന്‍സ്റ്റൈന്‍ വിസ ഉപയോഗിച്ചാണ്. സാധാരണയായി ശാസ്ത്രമേഖലകളില്‍ വന്‍സംഭാവന ചെയ്തവര്‍ക്ക് നല്‍കുന്നതാണത്രെ ഐന്‍സ്റ്റൈന്‍ വിസ എന്നും ആരോപിക്കുപ്പെടുന്നു. ഈ പ്രത്യേക വിസ മെലനിയയ്ക്ക് സംഘടിപ്പിച്ച് നല്‍കിയതിന് പിന്നില്‍ എപ് സ്റ്റീന്റെ കരങ്ങളുണ്ടെന്നും ആരോപിക്കപ്പെടുന്നു.

ട്രംപിനെ കുരുക്കുന്ന റോയല്‍ പിമ്പ്

ശരിക്കും ഒരു റോയല്‍ പിമ്പ് എന്ന് വിളിക്കാവുന്ന മനുഷ്യനാണ്, ജയിലില്‍ കിടന്ന് മരിച്ച ജെഫ്രി എപ്സ്റ്റീന്‍.സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കുനേരെ ചുമത്തപ്പെട്ടത്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാള്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയര്‍ തുടങ്ങിയ ജെഫ്രി, 1970കളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ബെയര്‍ സ്റ്റേണ്‍സില്‍ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ല്‍ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീന്‍ ആന്‍ഡ് കോ സ്ഥാപിച്ചു.

നൂറുകോടിയിലധികം വരുമാനമുള്ളവര്‍ക്ക് പ്രത്യേക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് എപ്സ്റ്റീന്‍ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. സമ്പത്ത് വര്‍ധിച്ചതോടെ പ്രശസ്തര്‍ക്കായി ജെഫ്രി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജെഫ്രിയുടെ ഈ സമ്പത്തിന്റെ എല്ലാം ഉറവിടം അവ്യക്തമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിന് രണ്ട് ദിവസം മുന്‍പ് ഒപ്പിട്ട വില്‍പത്രം അനുസരിച്ച്, അദ്ദേഹത്തിന് 577,672,654 ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




ഇപ്പോള്‍ എപ്സ്റ്റീന്റെ വിവാദജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവാദമാവുകയാണ്. ട്രംപുമായി പിണങ്ങിയപ്പോള്‍ ഇലോണ്‍ മസ്‌കാണ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയത്. ഡൊണാള്‍ഡ് ട്രംപും മെലനിയയും എപ്സ്റ്റീനൊപ്പം നില്‍ക്കുന്ന 2000ലെ ഒരു ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. യുഎസിലെ അറ്റോര്‍ണി ജനറലായ പാം ബോണ്ടി ഈയിടെ ട്രംപിനോട് നേരിട്ട് തന്നെ അദ്ദേഹത്തിന്റെ പേര് എപ്സ്റ്റീന്‍ ഫയലില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയ കാര്യം വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കയാണ്. സെപ്തംബറില്‍ എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച് അമേരിക്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ അത് ട്രംപിന്റെ അധികാരത്തിന്റെ അവസാനനാളുകളായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ട്രംപിന്റെ മൂന്നാം ഭാര്യയാവുന്നു

തീര്‍ത്തും യാദൃശ്ചികമായിരുന്നു ട്രംപും മെലാനിയയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. 1998-ല്‍ ന്യൂയോര്‍ക്ക് ഫാഷന്‍ പാര്‍ട്ടിയില്‍വെച്ചാണ് അവര്‍ കാണുന്നത്. രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സുമായി ട്രംപ് അകന്നുനില്‍ക്കുന്ന സമയമാണത്. ബിസിനസ് മാനായ ട്രംപിനെപറ്റി കേട്ടിട്ടുണ്ടായിരുന്നില്ലെങ്കിലും, ആദ്യകൂടിക്കാഴ്ചയില്‍ മെലാനിയക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല എന്ന് അവര്‍ പിന്നീട് പറഞ്ഞു. മെലാനിയ ഇരിക്കുന്ന മേശക്കരികില്‍ വന്ന് ട്രംപ് സൗഹദ ഭാഷണം തുടങ്ങുകയായിരുന്നു.

സ്ളോവേനിയയിലെയും ന്യൂയോര്‍ക്കിലെയും ജീവിതത്തെപ്പറ്റി, മെലാനിയ ട്രംപിനോട് സംസാരിച്ചു. ട്രംപിന് മെലാനിയയില്‍ മതിപ്പുതോന്നി. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സുന്ദരിയായ മറ്റൊരു സ്ത്രീക്ക് ഒപ്പമാണ് ട്രംപ് വന്നത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒരു മിനിട്ട് നേരത്തേക്ക് മാറിയപ്പോള്‍ ട്രംപ് പണി പറ്റിച്ചു. ഉടനെ ട്രംപ് മെലാനിയയുടെ നമ്പര്‍ ചോദിച്ചു. ഫോണ്‍ നമ്പര്‍ തരില്ലെന്നാണ് ട്രംപ് ആദ്യം പറഞ്ഞത്. ട്രംപിനൊപ്പം മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു എന്നതുതന്നെയായിരുന്നു കാരണം. സൗമ്യമായി താന്‍ അദ്ദേഹത്തിന്റെ ആവശ്യം നിഷേധിച്ചുവെന്നും, അദ്ദേഹം അത് പ്രതീക്ഷിച്ചില്ലെന്നും, മെലാനിയ പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞു. സ്വന്തം നമ്പര്‍ കൊടുക്കുന്നതിന് പകരം, മെലാനിയ ട്രംപിന്റെ നമ്പര്‍ ചോദിച്ചു. ട്രംപ് അദ്ദേഹത്തിന്റെ ഓഫീസിലെയും വീട്ടിലെയും അടക്കം എല്ലാ നമ്പറുകളും നല്‍കി.




ട്രംപിന്റെ ഊര്‍ജത്തില്‍ മെലാനിയ അതിനകം ആകൃഷ്ടയായിരുന്നു. കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മെലാനിയ ട്രംപിനെ വിളിച്ചു. വൈകാതെ ഡേറ്റിങ്ങും തുടങ്ങി. ഒരു വര്‍ഷത്തിനകം മാര്‍ല മേപ്പിള്‍സില്‍നിന്ന്, ട്രംപ് ഔദ്യോഗികമായി വിവാഹബന്ധം വേര്‍പെടുത്തി. ആദ്യഭാര്യ ഇവാനയുമായുള്ള ബന്ധം നിലനില്‍ക്കുന്ന അവസരത്തില്‍ തന്നെയാണ, മാര്‍ല മേപ്പിള്‍സിനെ വളച്ചെടുത്തത്. ഇപ്പോള്‍ അതിലും നല്ലതിനെ കണ്ടപ്പോള്‍ ട്രംപ് രണ്ടാമത്തെ ഭാര്യയെയും ഒഴിവാക്കി! ഇതുപോലെ ഒരു സ്ത്രീലമ്പടനെ മാനേജ് ചെയ്യുക എന്നത് വലിയ പ്രശ്നമായിരുന്നു അവള്‍ക്കെന്നും.

പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് ആദ്യം ശ്രമം തുടങ്ങിയത് 2000-ലാണ്. ആ വര്‍ഷമാദ്യംട്രംപും മെലാനിയയും തമ്മില്‍ പിരിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നു. ഒരു അഭിമുഖത്തില്‍ ട്രംപ് ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. മത്സരത്തില്‍ നിന്ന് ട്രംപ് പിന്മാറിയതോടെ ഇരുവരും വീണ്ടും ഒന്നിക്കുകയും ചെയ്തു. 2004-ല്‍ മെറ്റ് ഗാല ഫാഷന്‍ ഷോയില്‍ മെലാനിയയും ട്രംപും ജോടികളായി പങ്കെടുത്തിരുന്നു. ഈ ഗ്ലാമറസ് ചടങ്ങില്‍ വെച്ചാണ് ട്രംപ് മെലാനിയയെ പ്രൊപ്പോസ് ചെയ്യുന്നത്. മെലാനിയ സമ്മതമറിയിച്ചു. തൊട്ടടുത്തവര്‍ഷം ട്രംപിന്റെ ആംഡംബര റിസോര്‍ട്ടില്‍വെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

2006ല്‍ ഒരേയൊരു അവരുടെ മകനായ ബാരണ്‍ ട്രംപ് ജനിച്ചു. ബാരണിന്റെ ജനനത്തോടെ താന്‍ ഡൊണാള്‍ഡിന്റെ മറ്റൊരു വശം കണ്ടുവെന്നും അത് ഹൃദയത്തില്‍ തൊടുന്നതായിരുന്നുവെന്നുമാണ് മെലാനിയ പിന്നീട് പറഞ്ഞത്. ട്രംപിന്റെ ഏറ്റവും കാലം നീണ്ടുനിന്ന വിവാഹബന്ധം മെലാനിയക്കൊപ്പമാണ്. 15 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ആദ്യഭാര്യ ഇവാന ട്രംപുമായി പിരിയുന്നത്. രണ്ടാം ഭാര്യ മാര്‍ലയുമായി ആറുവര്‍ഷത്തിനുശേഷവും.

ട്രംപിന്റെ പ്രചാരണ വേളയില്‍ തന്റെ മോഡലിംഗ് വര്‍ഷങ്ങളിലെ ലൈംഗിക ചിത്രങ്ങള്‍ പുറത്തുവപ്പോഴും, 2016 ലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗം മിഷേല്‍ ഒബാമയുടെ സമാനമായ പ്രസംഗത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയപ്പോഴും മെലാനിയ വിവാദത്തിലായിരുന്നു. പക്ഷേ അതെല്ലാം പെട്ടെന്ന് അതിജീവിക്കാനും അവര്‍ക്കായി.



ട്രംപിന് ഡിമന്‍ഷ്യ; അപ്പോള്‍...?

രണ്ടു ഭാര്യമാരിലായി നാലുകുട്ടികള്‍ ഉണ്ടായിരുന്നു ട്രംപിന്. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക, എറിക്, ടിഫനി എന്നിവര്‍ക്ക് മെലാനിയ പ്രിയപ്പെട്ട അമ്മയായി. കോടികളുടെ സ്വത്തുള്ള ഈ വീട്ടില്‍, കുടുംബകലഹമില്ലാതെ നോക്കിയതും അവരുടെ ഒറ്റമിടുക്കാണ്. പക്ഷേ ഒരുപാട് വേദനിപ്പിക്കുന്ന സംഭവങ്ങളിലൂടെയും അവര്‍ കടന്നുപോയിട്ടുണ്ട്. മകന്‍ ബാരോണ്‍ ട്രംപിന് ഓട്ടിസമുണ്ടെന്ന കിംവദന്തികളില്‍ തന്നെ തളര്‍ത്തിയെന്ന് മെലാനിയ ഓര്‍മക്കുറിപ്പില്‍ പറഞ്ഞിരുന്നു. 2016-ലെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനിലാണ് എല്ലാത്തിന്റേയും തുടക്കം. അന്ന് ആദ്യമായി പൊതുവേദിയിലെത്തിയ ബാരോന്റെ മുഖഭാവങ്ങളും പ്രവൃത്തികളും പരിശോധിച്ച ചിലര്‍ കുട്ടിയ്ക്ക് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചു. സാമൂഹികമാധ്യമങ്ങളിലെ പല പ്രമുഖരും ഇക്കാര്യം പങ്കുവെയ്ക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തതോടെ വിഷയം ചൂടുപിടിച്ചു. എന്നാല്‍, ഇത്ര വലിയ വേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ അമ്പരപ്പായിരുന്നു മകന് എന്നാണ് മെലാനിയ പറയുന്നത്. ഒരു അമ്മയെന്ന നിലയില്‍ തന്നെ വിവാദം ഏറെ വിഷമിപ്പിച്ചതായും അവര്‍ വെളിപ്പെടുത്തുന്നു.

നേരത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ സമയത്ത് ട്രംപ് പ്രസിഡന്റാകുകയാണെങ്കില്‍ പ്രഥമ വനിതയുടെ ചുമതലകള്‍ ഭാര്യ മെലാനിയ ട്രംപ് പൂര്‍ണമായും ഏറ്റെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 18-കാരനായ മകന്‍ ബാരണ്‍ ട്രംപിനൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരമൊരു തീരുമാമെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു സര്‍വകലാശാലയില്‍ ബാരണ്‍ വൈകാതെ പഠനത്തിന് ചേരുമെന്നാണ് സൂചന. പുതിയ ജീവിതത്തോടും നഗരത്തോടും പൊരുത്തപ്പെടാന്‍ ബാരണിനെ സഹായിക്കാന്‍ മെലാനിയ ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2017-ല്‍ ട്രംപ് പ്രസിഡന്റായതിന് പിന്നാലെ ബാരണിന്റെ പഠനകാര്യങ്ങള്‍ക്കായി വൈറ്റ് ഹൗസിലേക്ക് താമസം മാറ്റുന്നത് മെലാനിയ വൈകിപ്പിച്ചിരുന്നു. ആ സമയത്ത് ട്രംപിന്റെ മൂത്ത മകള്‍ ഇവാന്‍കയാണ് പ്രഥമ വനിതയുടെ ചുമതലകള്‍ ചെയ്തിരുന്നത്. ഇപ്പോഴും അവര്‍ പ്രഥമ വനിത എന്ന ചുമതലയേക്കാള്‍, തന്റെ കുടുംബത്തിനാണ് അവര്‍ പ്രധാന്യം നല്‍കുന്നത്. ഇപ്പോള്‍ മറ്റൊരു വലിയ പ്രശ്നം മെലാനിയ നേരിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ എന്ന് പറയുന്ന, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡിമെന്‍ഷ്യയാണെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

ചില സംഭവങ്ങളെ മുന്‍നിര്‍ത്തി ട്രംപിന്റെ ബൗദ്ധികാരോഗ്യം ക്ഷയിക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെന്ന് അയര്‍ലന്‍ഡ് മാധ്യമമായ 'ദി ഐറിഷ് സ്റ്റാര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. സംസാരിക്കുമ്പോള്‍ തൊട്ടുപിന്നിലിരിക്കുന്ന ആളിനെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട്, ട്രംപിന്റെ തന്നെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആശങ്ക, വാക്കുകളില്‍ പലപ്പോഴും സംഭവിക്കുന്ന ഇടര്‍ച്ച എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.അമേരിക്കയിലെ വിഖ്യാത സൈക്കോളജിസ്റ്റും ട്രംപിന്റെ അടുത്ത ബന്ധുവുമായ മേരി ട്രംപും ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമ്മാവന്‍ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ട്രംപിന്റെ മൂത്ത സഹോദരന്‍ ഫ്രഡ് ട്രംപിന്റെ മകള്‍ കൂടിയായ മേരി ആശങ്കപ്പെട്ടിരുന്നത്. ബൗദ്ധികമായും വൈകാരികമായും മാനസികമായുമുള്ള തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും അന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.



ട്രംപ് ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടങ്ങളിലായിരിക്കാമെന്ന് സൂചിപ്പിക്കുന്ന നാല് ലക്ഷണങ്ങള്‍ കഴിഞ്ഞ ജൂലായില്‍ ഒരു വിദഗ്ധന്‍ കണ്ടെത്തിയതായി യുഎസ് എക്സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ ചലനശേഷിയില്‍ ഇത് പ്രകടമാണെന്നും അദ്ദേഹം ആരോപിച്ചു. സമീപവര്‍ഷങ്ങളിലായി ട്രംപിന്റെ ശരീര ഏകോപനം അത്യധികം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പടികള്‍ കയറുമ്പോഴടക്കം തട്ടിവീഴുന്നതും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് നടക്കുമ്പോള്‍ വലതുകാല്‍ അര്‍ധവൃത്താകൃതിയില്‍ ചുഴറ്റി നടക്കുന്നതും ഇതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷിപ്രകോപിയായ ട്രംപിന് ഡിമന്‍ഷ്യകൂടി വന്നാലുള്ള അവസ്ഥയെന്താവും. സ്വതവേ മര്‍ക്കടന്‍ കള്ളും കുടിച്ചും വാലിന് തേളും കുത്തി എന്ന അവസ്ഥയിലാവും. ട്രംപിന്റെ അനാരോഗ്യം അമേരിക്കയെ മാത്രമല്ല, ലോകത്തെ മൊത്തം ബാധിക്കും. ഈ സമയത്താണ്, ക്ഷമയുടെ പര്യായമായ ലേഡി ട്രംപിനെ എല്ലാവരും ഉറ്റുനോക്കുന്നത്. ഇനി അവര്‍ കൂടുതല്‍ സമയം പ്രഥമ വനിതയെന്ന നിലയില്‍ ട്രംപിന്റെ സഹായത്തിന് ഉണ്ടാവണം എന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ഈ സമയത്തുതന്നെയാണ്, മെലാനിയയെ സംബന്ധിച്ച് പുതിയ വിവാദങ്ങള്‍ ഉണ്ടാവുന്നതും.

വാല്‍ക്കഷ്ണം: ട്രംപ് പലപ്പോഴും വിദേശികളായ കുടിയേറ്റക്കാര്‍ക്കുനേരെ തിരിയുമ്പോള്‍ ആദ്യം നിങ്ങളുടെ ഭാര്യയെ പുറത്താക്ക് എന്ന് കമന്റുകള്‍ വരാറുണ്ട്. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലിലൂടെ, സ്ലോവേനിയക്കാരി അമേരിക്കയില്‍ അനധികൃത വഴികളിലൂടെ എത്തിയ കഥ ട്രംപ് വിരുദ്ധര്‍ പ്രചരിപ്പിക്കുന്നുമുണ്ട്.

Tags:    

Similar News