തുടക്കം ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സില്‍; ബിജെപി അധികാരത്തിലെത്തുന്നതോടെ അക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന് വാദം; 83-ാം വയസ്സില്‍ ജയിലിലായ സ്റ്റാന്‍സാമി; ട്രെയിനുകളില്‍ കന്യാസ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ ഭയം; ഇനിയും തല്ലുമെന്ന് ബംജ്‌റംഗ്ദളിന്റെ ആക്രോശം; ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ പീഡനങ്ങളുടെ കഥ

ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ പീഡനങ്ങളുടെ കഥ

Update: 2025-07-30 10:48 GMT

കഴിഞ്ഞ വെള്ളിയാഴ്ച, ചത്തീസ്ഗഡിലെ കൂര്‍ഗ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെ, ആ കന്യാസ്ത്രീകള്‍ ഓര്‍ത്തുകാണില്ല, അത് ജയിലിലേക്കുള്ള തങ്ങളുടെ യാത്രയാണെന്ന്. തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ, മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ചത്തീസ്ഗഡ് പൊലീസ് അറസ്റ്റുചെയ്ത് ജയിലിലിട്ടിരിക്കുന്നത്.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് ഈ കന്യാസ്ത്രീകള്‍. ഇവര്‍ തങ്ങളുടെ സഹായത്തിനായി മൂന്ന് പെണ്‍കുട്ടികളെ ആഗ്രക്ക് കൊണ്ടുപോവുകയാണ്. പെണ്‍കുട്ടികളാണ് ആദ്യം സ്റ്റേഷിനിലെത്തിയത്. ഇവര്‍ കന്യാസ്ത്രീകളെ കാത്ത് നില്‍ക്കവെയാണ്, ടിടിഇ എത്തിയത്. ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റില്ലായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാന്‍ കന്യാസ്ത്രീകള്‍ എത്തുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് അയാള്‍ ചിലരെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. അപ്പോഴേക്കും സ്റ്റേഷനിലേക്ക് ഒരു സംഘം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ എത്തി. പിന്നെ അങ്ങോട്ട് ഭീഷണിയും ആള്‍ക്കൂട്ട വിചാരണയുമായിരുന്നു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോവുന്നത് എന്ന്, പെണ്‍കുട്ടികള്‍ പറഞ്ഞിട്ടും ആള്‍ക്കൂട്ടം വെറുതെ വിട്ടില്ല. അപ്പോഴേക്കും സ്ഥലത്തെത്തിയ കന്യാസ്ത്രീകള്‍ക്കുനേരെയും കൈയേറ്റ ശ്രമമുണ്ടായി. ഇത്തരം ഒരു സ്ഥലത്ത് പൊലീസ് എത്തിയാല്‍ ആള്‍ക്കൂട്ട വിചാരണക്കാരെ ഓടിക്കും എന്നാണ് കരുതുക. പക്ഷേ പൊലീസ്, ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്! മനുഷ്യക്കടത്തു നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അവര്‍ ജയിലുമായി.

ഉത്തരേന്ത്യയിലെ പൊതു അവസ്ഥനോക്കിയാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കുനേരെയുള്ള സംഘടിത ആക്രമണത്തിന്റെയും, കള്ളക്കേസിന്റെയും കഥകള്‍ നിരവധിയാണ്. ആദിവാസി -ദലിത് മേഖലയിലെ പാവങ്ങള്‍ക്കുവേണ്ടി സാമുഹിക സേവനം നടത്തുന്ന ഇവരെ, നിരന്തരമായി സംഘപരിവാര്‍ ആക്രമിച്ചുവരികയാണ്. പശുഹത്യാ ആക്രമണങ്ങള്‍പോലെ കൃത്യമായ ഒരു രാഷ്ട്രീയ സ്വഭാവമുള്ള ആക്രമണങ്ങളാണിത്.

ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സ്

1990കളുടെ അവസാനം വരെ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് കാര്യമായ മതപീഡനം ഉണ്ടായിരുന്നില്ല എന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. ഭൂരിപക്ഷമായ ഹിന്ദു സമൂഹവുമായി നല്ല ഐക്യത്തിലായിരുന്ന അവര്‍. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദുത്വശക്തികളുടെ വളര്‍ച്ച ശകതിയാര്‍ജിച്ചതോടെ, ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കുനേരെയുള്ള അതിക്രമവും വര്‍ധിച്ചു. 1998 മാര്‍ച്ചില്‍, രാജ്യത്ത് ബിജെപി അധികാരത്തില്‍ വന്നതിനുശേഷം, ക്രിസ്ത്യന്‍ വിരുദ്ധ അക്രമം നാടകീയമായി വര്‍ദ്ധിച്ചുവെന്നാണ്, ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നത്.

ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കുനേരെ, സംഘടിത അക്രമത്തിന്റെ തുടക്കം 1999-ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഒറീസയില്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന ഓസ്ട്രേലിയന്‍ സുവിശേഷകനേയും കുടുംബത്തേയും ചുട്ടുകൊന്നത് രാജ്യത്തെയല്ല, ലോകത്തെ തന്നെ നടുക്കി. 1999 ജനുവരി 21-നാണ് ഒഡീഷയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍വെച്ച് ഗ്രഹാം സ്റ്റെയിന്‍സിനെയും ആറും പത്തും വയസ്സുള്ള ആണ്‍മക്കളെയും ജീവനോടെ ചുട്ടുകൊന്നത്. ഇവരുടെ ജീപ്പിന് തീവെച്ചാണ് അക്രമിസംഘം മൂവരെയും കൊലപ്പെടുത്തിയത്. മതപരിവര്‍ത്തനം തന്നെയായിരുന്നു, പ്രതികളായ തീവ്ര ഹിന്ദുത്വവാദികള്‍ ഇവര്‍ക്കുനേരെ ഉന്നയിച്ചത്. പ്രതികള്‍ ഏറെയും വിഎച്ച്പി പ്രവര്‍ത്തകരായിരുന്നു.


 



ഈ കേസും അട്ടിമറിക്കപ്പെട്ടു. സംഭവത്തില്‍ 51 പേര്‍ അറസ്റ്റിലായെങ്കിലും, 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി. 2003-ല്‍ കേസിലെ പ്രധാനപ്രതിയായ രബീന്ദ്രപാല്‍ സിങ് എന്ന ധാരാ സിങ്ങിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉള്‍പ്പെടെയുള്ള 12 പ്രതികളെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതിയിലും വിചാരണചെയ്തു. എന്നാല്‍, ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു. ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിട്ടയാളും ജയില്‍മോചിതനായി. 2005-ല്‍ ധാരാ സിങ്ങിന്റെ ശിക്ഷ ജീവപര്യന്തമായും ഹൈക്കോടതി ഇളവ് ചെയ്തു.

കഴിഞ്ഞവര്‍ഷമാണ്, ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായിതനായത്. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്. തുടര്‍ന്ന് ബുധനാഴ്ച ഒഡീഷയിലെ ജയിലില്‍നിന്ന് ഹെംബ്രാം പുറത്തിറങ്ങി. ജയിലില്‍നിന്ന് ഇറങ്ങിയിട്ടും യാതൊരു പശ്ചാത്താപവും ഇയാള്‍ക്കില്ലായിരുന്നു. മതപരിവര്‍ത്തനെത്തയും ഗോവധത്തെയും എതിര്‍ത്തതിനാണ് തന്നെ കൊലക്കേസില്‍ തെറ്റായി പ്രതിചേര്‍ത്തതെന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മഹേന്ദ്ര ഹെംബ്രാം ആരോപിച്ചു.

ഹെംബ്രാമിന്റെ ജയില്‍ മോചനത്തെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സ്വാഗതം ചെയ്തു. ഇത് തങ്ങള്‍ക്ക് ഒരു നല്ലദിവസമാണെന്നും സര്‍ക്കാരിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായും വിഎച്ച്പി ജോയിന്റ് സെക്രട്ടറി കേദാര്‍ ദാഷ് പ്രതികരിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ ചെയ്തതില്‍ യാതൊരു പശ്ചാത്താപവും വിഎച്ച്പിക്കും ഇല്ല. സനാതന ധര്‍മ്മത്തെ ' രക്ഷിക്കാനുള്ള' ധീര പ്രവര്‍ത്തിയായിട്ടാണ് അവര്‍ ഇപ്പോഴും അതിനെ കാണുന്നത്. അതായത് മിഷനറികള്‍ക്ക് നേരയുള്ള ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ല, കൃത്യമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വരുന്നതാണ്.

83-ാം വയസ്സില്‍ ജയിലിലായ സ്റ്റാന്‍സാമി

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കിലും കൃത്യമായ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, കത്തോലിക്ക സഭയുടെ പ്രധാന കോണ്‍ഗ്രിഗേഷനായ ഈശോ സഭയുടെ പുരോഹിതനും എണ്‍പത്തിമൂന്ന് വയസ്സുകാരനും പാര്‍ക്കിന്‍സണ്‍സ് രോഗിയുമായിരുന്ന ഫാദര്‍ സ്റ്റാന്‍സാമിയുടെ അറസ്റ്റ്. അരമനയിലും മണിമേടയിലുമല്ല, പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ക്കിടയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആദിവാസികള്‍ക്ക് സഹായമെത്തിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവരെ അവകാശങ്ങളെപ്പറ്റി ബോധവത്കരിച്ചു. അതിനായി പോരാടാന്‍ പ്രേരിപ്പിച്ചു. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആദിവാസികള്‍ മാത്രമടങ്ങിയ ഉപദേശക സമിതി രൂപവത്കരിക്കണമെന്ന ഭരണഘടനയുടെ അഞ്ചാം അനുച്ഛേദത്തിലെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാത്തതിനെ ചോദ്യംചെയ്തു.


 



തൊണ്ണൂറുകളില്‍ വന്‍കിട പദ്ധതികള്‍ക്കുവേണ്ടി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സ്റ്റാന്‍സാമി പട നയിച്ചു. പ്രവര്‍ത്തനമേഖല പിന്നീട് ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കു മാറി. വനഭൂമി ആദിവാസികളുടേതാണെന്ന് പ്രഖ്യാപിച്ചതോടെ അവിടത്തെ അന്നത്തെ ബി.ജെ.പി. ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സഹായിക്കാനെത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ഉപയോഗിക്കാവുന്ന മാവോവാദി മുദ്ര സ്വാമിക്കുമേല്‍ ചാര്‍ത്തപ്പെടുന്നത് അങ്ങനെയാണ്.

ഭീമ കൊറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍സാമിയെ 2020 ഒക്ടോബറില്‍ എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. യു.എ.പി.എ ചുമത്തപ്പെട്ടതുകൊണ്ട് ജാമ്യംപോലും കിട്ടാതെ ജയിലില്‍ കിടക്കേണ്ടിവന്നു.തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയില്‍ അറസ്റ്റു ചെയ്യപ്പെടുന്ന ഏറ്റവും പ്രായമുള്ളയാളാണ് ഫാദര്‍ സ്റ്റാന്‍ സാമി.

2020-ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ആശ്രമത്തില്‍നിന്ന് അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് 83 വയസ്സുണ്ട്. കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗവും. കൈവിറയ്ക്കുന്നതുകൊണ്ട് ഗ്ലാസെടുത്ത് വെള്ളം കുടിക്കാന്‍ പറ്റില്ല. സിപ്പറാണ് ഉപയോഗിക്കാറ്. അറസ്റ്റുചെയ്യുമ്പോള്‍ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത സിപ്പര്‍ ജയിലിലെത്തിയപ്പോള്‍ സാമിക്ക് കിട്ടിയില്ല. അതിനുള്ള അപേക്ഷ ജയിലധികൃതര്‍ അവഗണിച്ചപ്പോള്‍ സ്റ്റാന്‍സാമി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി എന്‍.ഐ.എ. യുടെ മറുപടി തേടി. മറുപടി നല്‍കാന്‍ സമയം വേണമെന്ന് എന്‍.ഐ.എ. പറഞ്ഞു. സാമിയുടെ സിപ്പര്‍ തങ്ങളെടുത്തില്ലെന്ന് 20 ദിവസത്തിനുശേഷം അവര്‍ മറുപടി നല്‍കി. ഒരു വയോധികന് വെള്ളം കുടിക്കാന്‍ ഗ്ലാസു നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഴ്ചകള്‍ നീളുമെന്നു വന്നപ്പോഴാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇറങ്ങിയത്!

നവി മുംബൈയിലെ തലോജ ജയിലിലേക്കും മുംബൈ എന്‍.ഐ.എ. ഓഫീസിലേക്കും തപാലില്‍ നൂറുകണക്കിനു കുഞ്ഞു പൊതികളെത്തി. സിപ്പര്‍ എന്നുവിളിക്കുന്ന സ്ട്രോ ഘടിപ്പിച്ച കുപ്പികളും ഗ്ലാസുകളുമായിരുന്നു അതില്‍. തലോജ ജയിലില്‍ വിചാരണകാത്തു കഴിയുന്ന ഫാദര്‍ സ്റ്റാന്‍ സാമിക്കു കൊടുക്കണം എന്ന അഭ്യര്‍ഥനയുമുണ്ടായിരുന്നു പാഴ്സലുകളില്‍. പുറത്തുനിന്നയക്കുന്ന സാധനങ്ങള്‍ തടവുപുള്ളികള്‍ക്ക് കൊടുക്കാനാവില്ലെന്ന് ജയിലധികൃതര്‍ കൈമലര്‍ത്തുമെന്ന് അതയച്ചവര്‍ക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും ജയിലിലേക്ക് സിപ്പറുകളയച്ചത് ഒരു പ്രതിഷേധമായിരുന്നു.

സിപ്പര്‍ അനുവദിക്കണമെന്നു പറഞ്ഞ് സ്റ്റാന്‍സാമി ഹൈക്കോടതിയില്‍പ്പോയത് തനിക്കുവേണ്ടി മാത്രമായിരുന്നില്ല. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യം നീതിപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. യു.എ.പി.എ. നിയമത്തിലെ ചില വകുപ്പുകള്‍ ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണ് മരണത്തിന് മൂന്നുദിവസം മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നതുവരെ പ്രതിയെ നിരപരാധിയായി കരുതണം എന്നതാണ് നീതിന്യായവ്യവസ്ഥയിലെ പൊതുതത്ത്വം. എന്നാല്‍, ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക് ബോധ്യം വന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുത് എന്നാണ് യു.എ.പി.എ.യിലെ 3ഡി(5) വകുപ്പില്‍ പറയുന്നത.് ഇത് ഭരണഘടന ഉറപ്പു നല്‍കുന്നപൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് സ്റ്റാന്‍ സാമിയുടെ ഹര്‍ജിയില്‍ പറഞ്ഞു. ഈ ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുമ്പായിരുന്നു, തന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നതിന് മുമ്പായിരുന്നു, അദ്ദേഹത്തിന്റെ മരണം.2021 ജലൈ 5ന് മുബൈയില്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചാണ്, അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ശരിക്കും ഒരു ഭരണകൂട ഹത്യ!

ഓരോ 40 മണിക്കൂറിലും ആക്രമണം


 



ഒരു സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നതും സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുടെ വര്‍ദ്ധനവും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് പെര്‍സിക്യൂഷന്‍ റിഫീവ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2008-ല്‍, ബിജെപിയും സഖ്യകക്ഷികളും നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമം നടത്തുന്നവരെ പിന്തുണച്ചതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്.

പള്ളികള്‍, ആശ്രമങ്ങള്‍, മറ്റ് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ എന്നിവ കൊള്ളയടിക്കല്‍, ബൈബിളിന്റെ പകര്‍പ്പുകള്‍ കത്തിക്കല്‍ , സെമിത്തേരികള്‍ നശിപ്പിക്കല്‍, പുരോഹിതന്മാരെയും മിഷനറിമാരെയും കൊലപ്പെടുത്തല്‍, കന്യാസ്ത്രീകളെ ലൈംഗികമായി ആക്രമിക്കല്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. 1998- ല്‍ മാത്രം ഇത്തരം 90 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍വെച്ച കണക്കു പ്രകാരം, 1998 ജനുവരി മുതല്‍ 1999 ഫെബ്രുവരി വരെ, രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ ആകെ 116 ആക്രമണങ്ങള്‍ നടന്നു. ഇത് പിന്നീട കൂടിക്കൂടി വന്നു.

2014 ഏപ്രില്‍-മെയ് മാസങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ഒന്നിലധികം വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പ്രകാരം, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന പീഡന സംഭവങ്ങള്‍ 2015-ല്‍ 177 ആയി ഉയര്‍ന്നു, 2016-ല്‍ 300 ആയി. ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച്, 2016 ല്‍ ഇന്ത്യയില്‍ ഓരോ 40 മണിക്കൂറിലും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടന്നിട്ടുണ്ട്. പെര്‍സിക്യൂഷന്‍ റിലീഫ് എന്ന ഇന്ത്യന്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍, 2016 മുതല്‍ 2019 വരെ ക്രിസ്ത്യാനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 60 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കാണുന്നത്. 2016 -ല്‍ 330 സംഭവങ്ങളും, 2017 -ല്‍ 440 സംഭവങ്ങളും, 2018- ല്‍ 477 സംഭവങ്ങളും, 2019 -ല്‍ 527 വിദ്വേഷ കുറ്റകൃത്യങ്ങളും ഉണ്ടായി.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള അതിക്രമവും വിവേചനവും 2024-ലും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം ആക്രമണം, ബഹിഷ്‌കരണം, പള്ളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പ്രാര്‍ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങി 640 സംഭവങ്ങളുണ്ടായതായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ആറു ശതമാനം വര്‍ധിച്ചു. ദിവസവും ശരാശരി നാലോ അധികമോ പാസ്റ്റര്‍മാര്‍ അക്രമിക്കപ്പെടുന്നു. സംഘപരിവാറിന്റെ നേതൃത്വത്തിലാണ് അക്രമങ്ങളെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ 2025ലെ ഗ്ലോബല്‍ പെര്‍സിക്യൂഷന്‍ ഇന്‍ഡെക്‌സ് കണ്ടെത്തി. മതപരിവര്‍ത്തന നിയമങ്ങള്‍ ഉപയോഗിച്ച് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയതോതില്‍ വിവേചനം നേരിടുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രെയിന്‍ ആക്രമണങ്ങള്‍ പതിവ്

കേരളത്തില്‍നിന്ന് സാമൂഹിക പ്രവര്‍ത്തനത്തിനായി ഉത്തരേന്ത്യയില്‍ പോവുന്ന മിഷനറിമാരുടെ ഏറ്റവും വലിയ പേടി ട്രെയിന്‍ യാത്രയാണ്. പലതവണയായി തീവണ്ടികളില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. പലരും ളോഹ ഊരിവെച്ചുപോലും യാത്രചെയ്യാന്‍ നിര്‍ബന്ധിതരായി. 2021 മാര്‍ച്ച് 19ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ മലയാളികള്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഒഡിഷയിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് തിരുഹൃദയ സഭയിലെ കന്യാസ്ത്രീകളെ ഒരുസംഘമാളുകള്‍ ആക്രമിച്ചതും നിര്‍ബന്ധപൂര്‍വം സ്റ്റേഷനില്‍ ഇറക്കിയതും. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയേറ്റ ശ്രമം നടന്നത്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.



 

ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്നാണ് റെയില്‍വേ സൂപ്രണ്ട് വെളിപ്പെടുത്തിയത്. ഒരു ക്യാമ്പ് കഴിഞ്ഞ് എത്തിയവരായിരുന്നു അവര്‍. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടു എന്നത് വെറും ആരോപണം മാത്രമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞത്.. പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാര്‍ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞത്.

ഈ ആക്രമണങ്ങളും ദേശീയ തലത്തലടിക്കം വലിയ വാര്‍ത്തയായി. തുടര്‍ന്ന്

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം റിപ്പോര്‍ട്ട് തേടിയിരുന്നു. പക്ഷേ യാതൊന്നും സംഭവിച്ചില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയന്‍ കത്തയച്ചിരുന്നു. എന്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നടപടി ഉറപ്പുനല്‍കിയതാണ്-''ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരേ നടന്ന ആക്രമണത്തെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട''-അമിത് ഷാ പറഞ്ഞു. പക്ഷേ ഈ ഉറപ്പൊന്നും നടപ്പായില്ല. വീണ്ടും നിരവധി കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടു. ഇപ്പോഴിതാ സിസ്റ്റര്‍ പ്രീതിയും, സിസ്റ്റര്‍ വന്ദനയും റിമാന്‍ഡിലായിരിക്കുകയുമാണ്.

മതംമാറ്റിയാല്‍ തല്ലുമെന്ന് ബജ്രംഗ്ദള്‍

സിസ്റ്റര്‍ പ്രീതിയേയും സിസ്റ്റര്‍ വന്ദനക്കുമെതിരെയുണ്ടായ ആള്‍ക്കൂട്ട അതിക്രമത്തിലും, കള്ളക്കേസിലും ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഔദ്യോഗികമായി ബിജെപിപോലും കന്യാസ്ത്രീകള്‍ക്ക് ഒപ്പമാണ്. പക്ഷേ ബംഗ്രംഗ്ദള്‍ വിഎച്ച്പിപോലുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് യാതൊരു കുലുക്കുവുമില്ല. മതപരിവര്‍ത്തനത്തിനുള്ള നീക്കം നടത്തിയാല്‍ മിഷനറിമാരെ പരസ്യമായി തല്ലുമെന്നാണ് ബംജ്രംഗ്ദള്‍ നേതാക്കള്‍ പറയുന്നത്. കാലിക്കടത്ത് തടയുന്ന സംഘങ്ങളെപ്പോലെ, മനുഷ്യക്കടത്ത് ആരോപണം കേട്ടാല്‍ വന്ന് തടയാനും തല്ലാനുമൊക്കെ ഇവര്‍ക്ക് ആളുകളുണ്ട്. പശുഹത്യ തടയുന്നതുപോലെ തങ്ങളുടെ ധര്‍മ്മമാണ് മതപരിവര്‍ത്തനം തടയുന്നത് എന്നും ഇവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ തങ്ങള്‍ സാമൂഹിക പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ആരെങ്കിലും തങ്ങളുടെ പ്രവര്‍ത്തനം കണ്ട് സ്വമേധയാ മതം മാറിയാല്‍ അത് എങ്ങനെ നിര്‍ബന്ധിത മതപരിവര്‍ത്തനമാവുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ( ആദ്യകാലത്ത് ചില മിഷനറിമാര്‍ക്ക് മതപരിവര്‍ത്തനം എന്ന കൃത്യമായ അജണ്ടയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ അതിന് മിനക്കെടാറില്ല എന്നാണ് വാസ്തവം)


 



നിഷ്പക്ഷമായി പരിശോധിക്കുന്ന ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല, ബിഹാറിലെയും ചത്തീസ്ഗഡിലെയും ആദിവാസി മേഖലകളിലും, കുഗ്രാമങ്ങളിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന സാമൂഹിക സേവനങ്ങള്‍. ഇപ്പോഴും ജാതി വിലക്കുകള്‍ നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍, സ്‌കൂളുകളും ആശുപത്രികളുമായി അവര്‍ വലിയ മാറ്റം ഉണ്ടാക്കിക്കഴിഞ്ഞു. ബംജ്രംഗ്ദള്‍ അടക്കമുള്ള സംഘടകള്‍ പക്ഷേ ഇതൊന്നും അംഗീകരിക്കുന്നില്ല.

മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധം ഇരമ്പവേ, ഈ സംഭവങ്ങള്‍ക്ക് കാരണഭൂതയായ ഛത്തീസ്ഗഡിലെ ബജ്‌റംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മ നിലപാടില്‍ ഉറച്ചുനില്‍ക്കയാണ്. ഹിന്ദുക്കളെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് തുടരുമെന്ന ഭീഷണിയും അവര്‍ മുഴക്കി. ആധാര്‍ കാര്‍ഡിലെ പേര്, നെറ്റിയില്‍ സിന്ദൂരം ഇവയൊക്കെ കണ്ടാണ് മതപരിവര്‍ത്തനം നടന്നതായി ഉറപ്പിച്ചതെന്നും അവര്‍ പ്രതികരിച്ചു. ''കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. അതിന്റെ എല്ലാ തെളിവും ഞങ്ങളുടെ കൈയിലുണ്ട്. മതം മാറ്റാന്‍ ശ്രമിച്ചാല്‍ ഇനിയും തല്ലും''- ജ്യോതി ശര്‍മ ആവര്‍ത്തിച്ചു.

''ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രമല്ല ഹിന്ദു ധര്‍മ പ്രവര്‍ത്തകരുടെ കൂടെ ഉത്തരവാദിത്വമാണ്. ഞാനും പ്രവര്‍ത്തകരുമാണ് പരാതി നല്‍കിയത്. സ്റ്റേഷനില്‍വച്ച് ഞാന്‍ ആരെയും മര്‍ദിച്ചിട്ടില്ല. സ്റ്റേഷനില്‍ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല''- ജ്യോതി ശര്‍മ പറഞ്ഞു. സത്യത്തില്‍ ബിജെപിയും ബംജ്രംഗ്ദളിനെകൊണ്ട് തുലഞ്ഞിരിക്കയാണ്. ബിജെപി ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ് ബംജ്രംഗ്ദള്‍ മറ്റൊരു സംഘടനയാണ് എന്ന്, രാജീവ് ചന്ദ്രശേഖറൊക്കെ പ്രതികരിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

യുപിയിലും ചത്തീസ്ഗഡിലുമൊക്കെയുള്ള മതപരിവര്‍ത്ത നിരോധന നിയമം മൂലം ഫലത്തില്‍ തങ്ങള്‍ക്ക് പ്രാര്‍ത്ഥനപോലും നടത്താന്‍ കഴിയുന്നില്ലെന്നാണ്, മിഷനറിമാരുടെ പരാതി. ഏതെങ്കിലും വീട്ടില്‍ ഒരു പ്രാര്‍ത്ഥനായോഗം ചേര്‍ന്നാല്‍ ഉടനെ പരാതി പോവുകയായി, അവിടെ മതപരിവര്‍ത്തനം നടക്കയാണെന്ന്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണ് ഇതെന്നും, സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

വാല്‍ക്കഷ്ണം: യുപിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതോടെ, മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ നിരവധിപേരെ പിടികൂടിയിട്ടുണ്ട്. ഈയിടെ അറസ്റ്റിലായ പീര്‍ മുഹമ്മദ് എന്ന ചങ്കുര്‍ബാബയുടെ അക്കൗണ്ടില്‍നിന്ന് 103 കോടിരൂപയാണ് കണ്ടെത്തിയത്. അതുപോലെയായിരുന്നു ആഗ്രയിലെ മതംമാറ്റ റാക്കറ്റും. ഖത്തര്‍ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിലെ ചില സംഘടനകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇത്തരക്കാരുടെ അക്കൗണ്ടുകളിലുള്ളത് കോടികളാണ്. പക്ഷേ ഇപ്പോള്‍ അറസ്റ്റിലായ കന്യാസ്ത്രീകളടക്കം അക്കൗണ്ടില്‍നിന്ന് ഒരു രൂപയുടെ അനധികൃത ട്രാന്‍സാക്ഷന്‍ കാണാന്‍ കഴിയില്ല. തീര്‍ത്തും സുതാര്യമായാണ് അവരുടെ പ്രവര്‍ത്തനം. ഇത് രണ്ടും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് അധികൃതര്‍ക്ക് വേണം.

Tags:    

Similar News