മുത്തച്ഛന്റെ പ്രായമുള്ള നേതാവിനെ വേദിയിലിരുത്തി യുവാക്കള്‍ വരെ ആവോളം നിന്ദിച്ചു; പാര്‍ട്ടി കത്ത് ചര്‍ച്ച എന്ന പേരില്‍ സ്റ്റേറ്റ് കമ്മറ്റി തൊട്ട് ബ്രാഞ്ചില്‍ വരെ തെറിവിളി; 2005 മുതലുള്ള പത്തുവര്‍ഷം സിപിഎമ്മില്‍ നടന്നത് വിഎസ് വേട്ട; എം സ്വരാജ് അടക്കമുള്ളവര്‍ ആരോപണ നിഴലില്‍; ക്യാപിറ്റല്‍ പണിഷ്‌മെന്റ് വീണ്ടും കത്തുമ്പോള്‍!

മുത്തച്ഛന്റെ പ്രായമുള്ള നേതാവിനെ വേദിയിലുരുത്തി യുവാക്കള്‍ വരെ ആവോളം നിന്ദിച്ചു

Update: 2025-07-28 09:17 GMT

ക്യാപിറ്റല്‍ പണിഷ്മെന്റ്! ഒരുകാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്ക് ഇന്ന് വീണ്ടും ചര്‍ച്ചയാവുകയാണ്. വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ എന്ന നൂറ്റാണ്ട് പിന്നിട്ട, കേരളത്തിലെ തലമുതിര്‍ന്ന കമ്യൂണിസ്റ്റിന്റെ നേതാവിന്, ജനലക്ഷങ്ങള്‍ 'കണ്ണേ കരളേ' എന്ന് വിളിച്ച് യാത്രാമൊഴി നല്‍കുമ്പോള്‍, സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തോട് ചെയ്ത അനീതികളും വ്യാപക ചര്‍ച്ചയാവുകയാണ്. മുത്തഛന്റെ പ്രായമുള്ള ഒരു മുതിര്‍ന്ന നേതാവിനെ മുന്നിലിരുത്തി, ഇന്നലെ വന്ന സഖാക്കള്‍പോലും തീര്‍ത്തും നിന്ദ്യമായ ആക്ഷേപശരങ്ങള്‍ തൊടുക്കുക! 2005-ലെ മലപ്പുറം സമ്മേളനത്തിനുശേഷമുള്ള 10 വര്‍ഷക്കാലത്ത് വിഎസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിയിലെ എതിരാളികള്‍ പറഞ്ഞ ആരോപണങ്ങളും ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്.

ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം വീണ്ടും ഉയര്‍ന്നുവന്നത്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ്. കേരള രാഷ്ട്രീയത്തില്‍ ഒരുകാലത്ത് ഏറെ ചര്‍ച്ചയായ പരാമര്‍ശമാണിത്. വിഎസിനെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് അഥവാ വധശിക്ഷക്ക് വിധേയനാക്കണമെന്ന് എം സ്വരാജ് എന്ന യുവരാഷ്ട്രീയ നേതാവ് 2012-ലെ തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം, കഴിഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് സ്ഥാനാര്‍ഥിയായപ്പോള്‍ വീണ്ടും പൊങ്ങിവന്നു. ഇപ്പോള്‍ വിഎസ് മരിച്ചതിനുശേഷം, മുതിര്‍ന്ന നേതാവും മൂന്‍ എംഎല്‍എയുമായി പരിപ്പന്‍കോട് മുരളിയും, ഒരു യുവനേതാവ് അങ്ങനെ പറയുന്നത് താന്‍ കേട്ടുവെന്ന് പറയുകയുണ്ടായി.

എന്നാല്‍ തുടര്‍ന്ന് വരുന്ന വാര്‍ത്തകള്‍ സ്വരാജിന് പിന്‍ഗാമിയായി ഒരു വനിതാ സഖാവ് ഉണ്ടെന്നാണ്. 2015-ല്‍ നടന്ന ആലപ്പുഴ സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയാണ് വിഎസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ചതെന്നാണ് മുന്‍ എം പിയായ മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് എഴുതിയത്. അതോടെ വിവാദം വീണ്ടും ആളിക്കത്തി. അത് ചിന്താ ജെറോം ആണെന്ന് സോഷ്യല്‍ മീഡിയില്‍ ചിലര്‍ എഴുതി. ചിന്ത അത് നിഷേധിക്കുന്നുണ്ടെങ്കിലും, വിവാദം കൊഴുക്കയാണ്.

വിഎസിന്റെ പോരാട്ടങ്ങളെക്കുറിച്ചോ, പാര്‍ട്ടി വിഭാഗീയതയെക്കുറിച്ച് കാര്യമായ അറിയാത്ത പുതിയ തലമുറയ്്ക്കോ ഇങ്ങനെ സംഭവിക്കുമോ എന്ന് സംശയമായിരിക്കും. പക്ഷേ ഇതൊക്കെ ഈ കൊച്ചുകേരളത്തില്‍ സംഭവിച്ചതാണ്. വിഎസ് പക്ഷത്തെ ഒതുക്കി ചാമ്പലാക്കിയ കഥ പൊളിറ്റിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമാക്കേണ്ട കാര്യമാണ്.

വിഭാഗീയതയുടെ തല

62-ലെ ചൈനീസ് രക്തദാനം തൊട്ട് തുടങ്ങുന്ന കമ്യൂണിസ്റ്റ് വിഭാഗീയത കഥകളിലെ ഒരു ഭാഗത്ത് എന്നും വിഎസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നു. 64-ല്‍ പാര്‍ട്ടി പിര്‍പ്പിനും സിപിഐഎമ്മിന്റെ രൂപീകരണത്തിനും, കാരണമായ ഇറങ്ങിപ്പോക്കില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന ഏക അംഗമായിരുന്നു വിഎസ്. ആദ്യം വിഎസും സിഐടിയു ഗ്രൂപ്പും തമ്മിലും പിന്നീട് നായനാരുമായും ഒരുവില്‍ പിണറായി പക്ഷവുമൊക്കെയായുള്ള വിഭാഗീയതയില്‍ ഒരു ഭാഗത്ത് വിഎസ് ആയിരുന്നു തലവന്‍. അതിനെ പക്ഷേ വിഎസ് ആശയസമരം എന്നാണ് വിശേഷിപ്പിച്ചത്.

1995-ല്‍ കൊല്ലത്ത് നടന്ന സിപിഎം സമ്മേളനമായിരുന്നു വിഎസ് പക്ഷം ആദ്യമായി കരുത്തുതെളിയിച്ച സംസ്ഥാന സമ്മേളനം. സിഐടിയുവിന്റെ മുതിര്‍ന്ന നേതാവായ എന്‍ പത്മലോചനനെ തോല്‍പ്പിച്ച്, പി രാജേന്ദ്രന്‍ സംസ്ഥാന കമ്മറ്റിയിലെത്തി. സിഐടിയുവിന്റെ സിപിഎമ്മിലെ ആധിപത്യം അവസാനിക്കുന്നതിന് തുടക്കം കുറിച്ചത് ഈ സമ്മേളനമായിരുന്നു. വിഎസിന്റെ കൂടെ പിന്തുണയോടെ അന്ന് ഇ കെ നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി.

മാരാരിക്കുളത്തെ 1996-ലെ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് അതുവരെയുള്ള സംഘടനാ ഉരുക്കു മനുഷ്യനില്‍ നിന്ന് വി എസ് എന്ന രണ്ടക്ഷരത്തെ, കേരളം കണ്ട എക്കാലത്തെയും വലിയ ജനകീയ നേതാവാക്കിയത്. മാരാരിക്കുളത്തെ പാര്‍ട്ടി ഗ്രാമങ്ങളായ കഞ്ഞിക്കുഴിയിലേയും മുഹമ്മയിലേയും പാര്‍ട്ടി വോട്ടുകളില്‍ വന്ന വന്‍ ചോര്‍ച്ച, പാര്‍ട്ടിയിലെ സിഐടിയു ലോബിയുടെ കളികള്‍, ആലപ്പുഴയുടെ വികാരമായിരുന്ന ഗൗരിയമ്മയ്ക്കെതിരെ എടുത്ത പാര്‍ട്ടി നടപടി. വി എസ്സിന്റെ അന്നത്തെ മോശം പ്രതിശ്ചായ, തിരഞ്ഞെടുപ്പ് സമയത്തെ സ്ഥാനാര്‍ഥികളെ തമ്മില്‍ താരതമ്യം ചെയ്ത് വി എസ് നടത്തിയ പ്രസ്ഥാവന, മീന്‍ പെറുക്കി ചെറുക്കന്‍ എന്ന് ടി ജെ ആഞ്ചലോസിനെ വിശേഷിപ്പിച്ചത്. എന്നിവയൊക്കെ അന്ന് ഘടകങ്ങള്‍ ആയിരുന്നു. ഗൗരിയമ്മ മാരാരിക്കുളത്തിന്റെ തൊട്ടടുത്ത് അരൂരില്‍ ജെ എസ്സ് എസ്സ് എന്ന പാര്‍ട്ടി ഉണ്ടാക്കി യു ഡി എഫില്‍ മത്സരിച്ചതും, എ കെ ആന്റണി ചേര്‍ത്തലയില്‍ മത്സരിച്ചപ്പോള്‍ മാരാരിക്കുളത്ത് ഉണ്ടായ ലത്തീന്‍ വോട്ട് ഏകീകരണവും അമിത ആത്മവിശ്വാസവും ഒക്കെ അന്ന് ഘടകങ്ങളായി. ജയിച്ചാല്‍ അന്ന് മുഖ്യമന്ത്രി വിഎസ് ആയിരുന്നു.


 



പാര്‍ട്ടി മാത്രം പോര, ജനകീയത കൂടി വേണം എന്ന് വി എസ് ആ തോല്‍വിയോടെ മനസിലാക്കി. പരാജയം പാര്‍ട്ടിയില്‍ രക്തസാക്ഷി പരിവേഷം ഉണ്ടാക്കി. പാര്‍ട്ടിക്ക് അധീതമായി ജനകീയ പ്രശ്നങ്ങളില്‍ വിഎസ് ഇടപെടാന്‍ തുടങ്ങി. അത് പലതും പാര്‍ട്ടിക്ക് എതിരായതോടെ പാര്‍ട്ടി വിരുദ്ധരുടെ വരെ പിന്‍തുണ വി എസ്സിന് ലഭിച്ചു. സിഐടിയു ലോബികള്‍ പാര്‍ട്ടിയില്‍ വെട്ടി നിരത്തപ്പെട്ടു, പിണറായി, എം എ ബേബി, തോമസ് ഐസക്ക് പോലുള്ള പുതിയ നേതാക്കളെ വി എസിന്റെ സഹായത്തോടെയാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ അവര്‍ പില്‍ക്കാലത്ത് വിഎസിനെ തിരിഞ്ഞുകുത്തിയെന്നത് വേറെകാര്യം.

1998-ലെ പാലക്കാട് സമ്മേളനത്തില്‍ വിഎസ് പക്ഷം സിഐടിയു നേതാക്കളെ വെട്ടിനിരത്തിയത് ഞെട്ടിച്ചിരുന്നു. ചടയന്‍ ഗോവിന്ദനാണ് സെക്രട്ടിറിയായത്. അന്ന് പിണറായി അടക്കമുള്ള യുവ നിര വിഎസിന് ഒപ്പമായിരുന്നു. പക്ഷേ പിന്നീട് പിണറായി പാര്‍ട്ടി സെക്രട്ടറിയായതോടെ പോര് ഗുരുവും ശിഷ്യനും തമ്മിലായി. തുടര്‍ന്ന് നടന്ന 2002-ലെ കണ്ണൂര്‍ സമ്മേളനത്തിലാണ് വിഎസ്- പിണറായി വിഭാഗീയത ആദ്യമായി തലപൊക്കിയത്. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറിയായ പിണറായി സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറിയായി.

ഇമേജ് മാറ്റിയ വിഎസ്

2001- ല്‍ ഇടതു മുന്നണി ജയിക്കുകയായിരുന്നു എങ്കില്‍ വിഎസ് മുഖ്യമന്ത്രി ആകുമായിരുന്നു. വി എസ് ജയിച്ചു, പക്ഷേ എല്‍ഡിഎഫ് തോറ്റു. വിഎസ് പ്രതിപക്ഷ നേതാവായി.അതോടെയാണ് വിഎസ് തന്റെ ശൈലി മാറ്റുന്നത്. മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകളായിരുന്നു, ഒരുകാലത്ത് വിഎസ് അച്യൂതാനന്ദന് ധാരാളമായി ഉണ്ടായിരുന്നത്. ആളുകളോട് ഒന്ന് ചിരിക്കുകപോലും ചെയ്യാത്തെ, തനി പ്രത്യയശാസ്ത്ര കടുംപിടുത്തക്കാരന്‍ എന്ന ഇമേജായിരുന്നു, 90കളില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതിക്കെതിരെ വി എസ് സംസാരിച്ചുവെന്നതും അദ്ദേഹത്തെ ന്യൂനപക്ഷ വിരോധിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ബലമായി.

അന്ന് വി എസിന്റെ സെക്രട്ടറി കെ എം ഷാജഹാന്‍ ആയിരുന്നു. അദ്ദേഹത്തോട് വി എസ് പറഞ്ഞത് നമുക്ക് ഈ ശൈലി മാറ്റണം എന്നായിരുന്നു. കേരളത്തില്‍ എവിടെ എന്ത് പ്രശ്‌നമുണ്ടായാലും നേരിട്ട് പോയി അന്വേഷിക്കുകയും, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇരകള്‍ക്ക് വേണ്ടി നിലകൊള്ളുക എന്ന പുതിയ ശൈലി വിഎസ് സ്വീകരിച്ചു. ഇതിനായി അവര്‍ ഒരു ടീം ഉണ്ടാക്കി. അതാണ് പില്‍ക്കാലത്ത് സിന്‍ഡിക്കേറ്റ് എന്ന് അറിയപ്പെട്ടതും.


 



വിഎസിനെ ജനങ്ങളുടെ കണ്ണും കരളുമാക്കുന്നതില്‍ ഈ സംഘം വഹിച്ച പങ്ക് ചെറുതയല്ല. ദേശാഭിമാനിയിലെ കരുത്തനായ മാധ്യമ പ്രവര്‍ത്തകനായ ജി ശക്തിധരന്‍ വി എസ് ക്യാമ്പിലേക്ക് വന്നതോടെ കാര്യങ്ങള്‍ മാറി. പ്രായോഗിക രാഷ്ട്രീയ കാര്യങ്ങളെല്ലാം വിഎസ് ചര്‍ച്ചചെയ്യുന്നത് ശക്തിധരനുമായിട്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളിലുളള ഉപദേഷ്ടാവ് കെ എന്‍ ഹരിലാല്‍ ആയിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിഎസ് ഉപദേശം വാങ്ങുന്നതിനുവേണ്ടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ കുഞ്ഞു കൃഷ്ണനില്‍നിന്നായിരുന്നു. അതുപോലെ ദി ഹിന്ദു പത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ പി വേണുഗോപാല്‍ വിഎസിന്റെ വലം കൈയായിരുന്നു. ഐടി മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ ജോസഫ് സി മാത്യൂ നല്‍കും. പിന്നീട് സുരേഷ് കുമാര്‍ എന്ന ഐ എ എസ് ഓഫീസര്‍ എത്തിയതോടെ ഈ ടീം ശക്തമായി. പില്‍ക്കാലത്ത് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വിഎസ് അയച്ച ദൗത്യസംഘത്തിന്റെ നേതൃത്വം ഇതേ സുരേഷ് കുമാറിനായിരുന്നു.

കേരളം അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിപക്ഷ പ്രവര്‍ത്തനം തന്നെയായിരുന്നു അന്ന് നടന്നത്. വി എസ് എന്ന വയോധികന്‍ എവിടെയും ഓടിയെത്തി. എന്‍ഡോസള്‍ഫാന്‍, മതികെട്ടാന്‍, പൂയംകുട്ടി, ജീരകപ്പാറ, നുഷ്യാവകാശ ലംഘനങ്ങള്‍ ,സ്ത്രീ പീഡനങ്ങള്‍, ഐസ് ക്രീം കേസ് തുടങ്ങി വി എസ്സ് ഇടപെടാത്ത വിഷയങ്ങളേ ഇല്ലാതായി. എന്ത് ഒരു സംഭവം ഉണ്ടായാലും, പിറ്റേന്ന് പ്രതിപക്ഷ നേതാവ് അവിടെയെത്തും. 1700 പത്രപ്രസ്താവനകള്‍, 250 പത്രസമ്മേളനങ്ങള്‍ - ഒരു പ്രതിപക്ഷ നേതാവ് അഞ്ചുവര്‍ഷംകൊണ്ട് ചെയ്തുതീര്‍ത്തതാണ് ഇതെല്ലാം. പത്രപ്രവര്‍ത്തകരുമായുള്ള ബന്ധം ഗാഢമായി. പല പത്രലേഖകരും അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വിഎസിന് കൈമാറിത്തുടങ്ങി.

ഐടി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഒന്നും സാധാരണ അക്കാലത്ത് ആരും ശ്രദ്ധിക്കാത്ത കാര്യം. ജോസഫ് മാത്യു വഴിയാണ് വിഎസിന്റെ ശ്രദ്ധയില്‍പെട്ടത്. മറ്റൊന്നാണ് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്. ശക്തികുളങ്ങരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കട്ടിലിനടിയില്‍ നിന്ന് കണ്ടെടുത്തത് ഒന്നരലക്ഷം രൂപയുടെ വ്യാജ ലോട്ടറി ടിക്കറ്റായിരുന്നു. ഈ വിഷയം വിഎസ് ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് അവസാനിപ്പിക്കുന്നു. ഇതോടെ കേരളത്തിലെ സാധാരണക്കാരുടെ കണ്ണിലുണ്ണിയായി വിഎസ്. ഇങ്ങനെ ഒരു നേതാവിന് പക്ഷേ 2006-ല്‍ സീറ്റ് നിഷേധിച്ചതോടെ ജനം ശരിക്കും ഇളകി. അതാടെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിഎസിന് സീറ്റുകൊടുത്തത്, പാര്‍ട്ടിയല്ല, ജനങ്ങാണ് വിഎസിന് മുഖ്യമന്ത്രി സ്ഥാനം കൊടുത്തത്.

വിഎസ്- പിണറായി വിഭാഗീയത ( ഗ്രൂപ്പിസത്തിന് സിപിഎം നല്‍കിയ ഓമനപ്പേരാണിത്) അതിന്റെ പാരമ്യത്തല്‍നില്‍ക്കുമ്പോഴാണ് 2005-ലെ മലപ്പുറം സമ്മേളനം നടക്കുന്നത്. അന്ന് വിഎസ് പാര്‍ട്ടി പിടിക്കുമെന്നാണ് പൊതുവെ കരുതിയത്. പക്ഷേ ദേശീയ സെക്രട്ടറി ഹര്‍കിഷന്‍ സിങ്, സുര്‍ജിത് പിണറായിക്ക് പിന്തുണ കൊടുത്തതോടെ കാര്യങ്ങള്‍ ആകെ മാറി. വിഎസ് പക്ഷത്തുനിന്ന് മത്സരിച്ച് 12പേരും തോറ്റു. സെക്രട്ടറിയായി പിണറായി തുടര്‍ന്നു.

റിപ്പോര്‍ട്ടിങ് എന്ന പേരില്‍ വിഎസ് വധം

2006-ല്‍ വിഎസ് മുഖ്യമന്ത്രിയായിട്ടും പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിന്നില്ല. 2005 മുതല്‍ഉള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റി- സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും, പ്രമേയങ്ങളും, നിര്‍ദ്ദേശങ്ങളും അടങ്ങുന്ന പാര്‍ട്ടി കത്തുക്കള്‍ വിഎസിന് എതിരായ കുറ്റപത്രമായിരുന്നു. കത്ത് പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗങ്ങളുടേയും പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗങ്ങളുടേയും സാന്നിദ്യത്തില്‍ ബ്രാഞ്ച് തലം വരെ ചര്‍ച്ച ചെയ്യും, ചര്‍ച്ച ഒന്നും ആയിരുന്നില്ല. കത്ത് വച്ച് വി എസ്സിനെ പച്ചയ്ക്ക് ചീത്തവിളിക്കും എന്നര്‍ഥം.

പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി തീരുമാനം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. മിക്കവാറും വി എസ്സിനോട് താല്‍പ്പര്യമുള്ള പ്രകാശ് കാരാട്ടോ, യച്ചൂരിയോ ഒക്കെയാവും റിപ്പോര്‍ട്ടിങ്ങിന് സംസ്ഥാന സമിതിയില്‍ വരുന്നത്. റിപ്പോര്‍ട്ടിങ്ങിന് ശേഷം ചര്‍ച്ചയില്‍ സംസ്ഥാന സമിതിയിലെ മൃഗീയ ഭൂരിപക്ഷം നേതാക്കളും വി എസ്സിനെ വ്യക്തിഹത്യ നടത്തും. അത് ചോര്‍ത്തി പത്രങ്ങള്‍ വഴിയും, മാധ്യമങ്ങള്‍ വഴിയും ജനങ്ങളില്‍ എത്തിക്കും. പിന്നീട് നടക്കുന്നത് പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിങ്ങ് ആണ്. ജില്ലാകമ്മിറ്റി അംഗങ്ങള്‍ മുതല്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി വരെയുള്ളവര്‍ക്കാണ് മേഖലാ പാര്‍ട്ടി കമ്മറ്റി റിപ്പോര്‍ട്ടിംഗ്. അവിടെയും വി എസ് വിരുദ്ധ ആട്ടക്കഥ ആടി തിമിര്‍ക്കും. മേഖലാ റിപ്പോര്‍ട്ടിംഗിന് ശേഷം നടക്കുന്നത് ജില്ലാ റിപോര്‍ട്ടിങ്ങ് ആണ്. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഇവിടെയും സംസ്ഥാന സെകട്ടറിയറ്റ് അംഗം വി എസ്സിനെ ചീത്ത പറഞ്ഞും ശപിച്ചും പ്രസംഗിക്കും. പിന്നീട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന ലോക്കല്‍ ജനറല്‍ ബോഡികളാണ്. പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കെടുക്കാം. അവിടെയും സ്ഥിരം വി എസ്സ് വിരുദ്ധ ആട്ടക്കഥ തന്നെ. പിന്നെയാണ് പാര്‍ട്ടി കത്തുകള്‍ ചര്‍ച്ച ചെയ്യുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുന്നത്. പാര്‍ട്ടി ബ്രാഞ്ചിലെ സഖാക്കളോട് വി എസ്സിനെ പത്ത് തെറി പറഞ്ഞില്ലങ്കില്‍ പിന്നെ എന്ത് കാര്യം. ഈ കാലയളവില്‍ വി എസ്സിനെതിരെ നൂറോളം 'റിപ്പോര്‍ട്ടിങ്ങുകള്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വ്യക്തിഹത്യകള്‍ അരങ്ങു തകര്‍ത്തിട്ടുണ്ട്.


 



അങ്ങനെ വന്നുവന്ന് ആര്‍ക്കും വിഎസിനെതിരെ എന്തും പറയാം എന്ന അവസ്ഥയെത്തി. അങ്ങനെയാണ് കൊച്ചുപിള്ളേര്‍ക്കുപോലും വിഎസിനെ ഇരുത്തി ക്യാപിറ്റല്‍ പണിഷ്മെന്റ് എന്നൊക്കെ പറയാനുള്ള ധൈര്യമുണ്ടാവുന്നത്. 2008-ലെ കോട്ടയം സംസ്ഥാന സമ്മേളനവും ഫലത്തില്‍ വിഎസിനെതിരായി. അദ്ദേഹം അന്ന് മുഖ്യമന്ത്രിയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഐക്യപ്രതീതിയുണ്ടാക്കി. ഈ സമ്മേളനത്തിലും പിണറായിയെ വീണ്ടും സെക്രട്ടറിയാക്കി. പക്ഷേ കോട്ടയത്തെ സമാപന യോഗത്തില്‍ ജനങ്ങളുടെ കൈയടി മുഴുവന്‍ വിഎസിന് ആയിരുന്നു. ചിലര്‍ ബഹളമുണ്ടാക്കുകയും ചെയ്തോടെ പിണറായി തന്റെ പ്രസംഗത്തില്‍ 'ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല' എന്ന രൂക്ഷമായി പറഞ്ഞതും, 'നിങ്ങള്‍ കഴിച്ച സാധനത്തിന്റെ വീര്യം പുറത്തേക്ക് എടുക്കരുത്' എന്ന് പറഞ്ഞതുമൊക്കെ വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. അന്ന് വിഎസിന്റെ ജനകീയതകാണ്ടാണ് പിണറായിക്ക് കരുപൊട്ടിയത് എന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു.

ക്യാപിറ്റല്‍ പണിഷ്മെന്റ് വരുന്നു

2012-ല്‍ തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് എം സ്വരാജിന്റെ പേരില്‍ ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം വരുന്നത്. അക്കാലത്തുതന്നെ അഡ്വക്കേറ്റ് ജയശങ്കറിനെപ്പോലുള്ളവര്‍ ഇതിനെതിരെ രുക്ഷമായി പ്രതികരിച്ചിരുന്നു. എന്നാല്‍ സ്വരാജും ഔദ്യോഗിക പക്ഷവും ഇത് നിരസിക്കയായിരുന്നു. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപ്പോ ഹാജരാക്കിയാല്‍ ഈ പരിപാടി നിര്‍ത്താമെന്നായിരുന്നു സ്വരാജ് മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.

എന്നാല്‍ വിഎസിന്റെ മരണശേഷം, മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ, പിരപ്പന്‍കോട് മുരളി താന്‍ ഈ സംഭവം നേരിട്ട് കേട്ടതാണെന്നാണ് എഴുതിയത്. വിഎസ് അന്തരിച്ചതിനു പിറ്റേന്ന് 'മലയാള മനോരമയില്‍' എഴുതിയ ലേഖനത്തിലാണു പിരപ്പന്‍കോട് ഇക്കാര്യം പറഞ്ഞത്. യുവ നേതാവ് ഇങ്ങനെ പറയുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ അത് ആസ്വദിക്കയായിരുന്നുവെന്നുമാണ് പിരപ്പന്‍കോട് വെളിപ്പെടുത്തിയത്. വിഎസിനെ മുഖ്യമന്ത്രിയാക്കണം എന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ സംസ്ഥാന കമ്മറ്റിയില്‍നിന്ന് ഒഴിവാക്കിയതെന്നും പിരപ്പന്‍കോട് വെളിപ്പെടുത്തിയിരുന്നു.

അതിനുപിന്നാലെ മുന്‍ എംപി സുരേഷ് കുറുപ്പ് എഴുതിയ ഒരു ലേഖനത്തിലാണ്, 2015-ലെ ആലപ്പുഴ സമ്മേളനത്തിലും. ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ചുവെന്ന് പറയുന്നത്. വിഎസിനെ മരണശേഷം ആഘോഷമാക്കിയ പാര്‍ട്ടി അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന ചര്‍ച്ചകളാണ് ഇതോടെ വീണ്ടും നിറയുന്നത്. കുറച്ചുകാലമായി പാര്‍ട്ടിയുമായി സഹകരിക്കാതെയാണ് സുരേഷ് കുറുപ്പിന്റെയും വഴി. കോട്ടയം ജില്ലാ സമ്മേളനത്തില്‍ നിന്നും സുരേഷ് കുറുപ്പ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതോടെ പാര്‍ട്ടി നേതാക്കളുമായി അടുപ്പമില്ലാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. സിപിഎമ്മില്‍ നിന്നും തഴയപ്പെടുന്ന നേതാക്കളുടെ കൂട്ടത്തിലാണ് മുതിര്‍ന്ന നേതാവ് സുരേഷ് കുറുപ്പ്. പാര്‍ട്ടി തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതന്റെ അമര്‍ഷവും അദ്ദേഹത്തിനുണ്ട്. ഇതിനടെയാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തല്‍ നടത്തിയത്.


 



ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്തെ കുറിച്ചു വെളിപ്പെടുത്തി കൊണ്ടാണ് സുരേഷ് കുറുപ്പ് അടുത്തിടെ രംത്തുവന്നിരുന്നു. ടി. പി കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതായിരുന്നു എന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്. ഇത് പോലീസ് തൊണ്ടി മുതലായി രേഖപ്പെടുത്തിയ വസ്തുവായിരുന്നു. ഇതേക്കുറിച്ചെല്ലാം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്‌ശേഷം ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ സുരേഷ് കുറുപ്പിന് വിമത പരിവേഷമുണ്ട് താനും. ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ പാര്‍ട്ടിയില്‍ അദ്ദേഹം കൂടുതല്‍ ഒറ്റപ്പെടാനാണ് സാധ്യത.

ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെതിരെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് ആരോപത്തിന് അപ്പുറത്തേക്കും ആരോപണങ്ങള്‍ ഉണ്ടായതായി മുന്‍ പി എ എ സുരേഷും സ്ഥിരീകരിക്കുന്നു. 2012-ലെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തില്‍ വിഎസിന് വലിയ വേദനയും വിഷമവും ഉണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. പിന്നീട് ഇതിന് മറുപടി പറയാന്‍ വിഎസ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ആലപ്പുഴ സമ്മേളനം വിഎസ് വധം ആട്ടക്കഥയായിരുന്നു. അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു. ഒരു പരാമര്‍ശം മാത്രമല്ല അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് പ്രതിഷേധിച്ചുകൊണ്ടാണ് വിഎസ് സമ്മേളനം ബഹിഷ്‌കരിച്ചുകൊണ്ട് പുറത്തേക്ക് പോയത്. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവര്‍ക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്ന് സുരേഷ് പറയുന്നു. സംസ്ഥാന കമ്മിറ്റിയില്‍ വരെ സ്ഥാനം കിട്ടിയവരുണ്ടെന്ന് സുരേഷ് പറയുന്നു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്നും സുരേഷ് പറയുന്നു.

വിഎസ് പക്ഷം ഇല്ലാതാവുന്നു

സമാനതകളില്ലാത്ത വിഎസ്പക്ഷ വേട്ടയാണ് അക്കാലത്ത് പാര്‍ട്ടിയില്‍ നടന്നത്. വിഎസിന് ഒപ്പം നിന്നതിന്റെ പേരില്‍ രാഷ്ട്രീയ ഭാവി തുലഞ്ഞുപോയ എറ്റവും പ്രധാനപ്പെട്ട നേതാവാണ്, തൃശ്ശൂരില്‍ നിന്നുള്ള ഡിവൈഎഫ്ഐയുടെ തീപ്പൊരി നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി ശശിധരന്‍. സംസ്ഥാനക്കമ്മിറ്റിയില്‍നിന്ന് നേരെ ബ്രാഞ്ചിലേക്കാണ ശശിധരന്‍ തരംതാഴ്ത്തപ്പെട്ടത്. അഞ്ചുമാസം പാര്‍ട്ടി അംഗത്വത്തില്‍നിന്നുതന്നെ പുറത്തായി. പിന്നെ 17 വര്‍ഷം കീഴ്ഘടകത്തില്‍ പ്രതിരിച്ചുവരവിന്റെ പാതയിലെല്ലാം അദ്ദേഹം നിശബ്ദനായിരുന്നു. ഒരിക്കലും ആരോടും പ്രതികരിച്ചില്ല, മാധ്യമങ്ങളില്‍നിന്ന് അകന്നുനിന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തന്റെ ചുമതലകള്‍ നിര്‍വഹിച്ചു.

1997-ല്‍ പാലക്കാട് സംസ്ഥാനസമ്മേളനത്തില്‍ മത്സരിച്ച് ജയിച്ചാണ് ശശിധരന്‍ സംസ്ഥാനസമിതിയില്‍ എത്തുന്നത്. അന്ന് കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു അദ്ദേഹം. വിഎസിന്റെ ആശീര്‍വാദത്തോടെയായിരുന്നു മല്‍സരം. 2002-ല്‍ കണ്ണൂര്‍ സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സമിതിയംഗമായി എന്നാല്‍, തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലെ വിഭാഗീയതക്ക് ഉത്തരവാദിയെന്ന നിലയില്‍ 2002 സെപ്റ്റംബറില്‍ ജില്ലാകമ്മറ്റിയിലേക്ക് തരംതാഴ്ത്തി. വെട്ടിനിരത്തേണ്ടവരുടെ ലിസ്‌ററ് ഒരു സിഗരറ്റ് കവറിന് പിന്നിലാക്കി എറിഞ്ഞുകൊടുത്തു എന്നായിരുന്നു ശശിധരന് നേരെയുണ്ടായിരുന്ന ആരോപണം.

വിഎസ് പക്ഷം എന്ന ഷേഡ് തട്ടിയവര്‍പോലും പിണറായിക്കാലത്ത് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല. വി എസിനൊപ്പം ഉറച്ച് നിന്നതിന്റെ പേരിലാണ് എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും നിലവില്‍ കര്‍ഷക സംഘം അഖിലേന്ത്യാ ട്രഷററുമായ പി കൃഷ്ണപ്രസാദ് ഒരുഘട്ടത്തിലും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പോലും പരിഗണിക്കപ്പെടാത്തതെന്നും വാര്‍ത്തകള്‍ വന്നു.

ഇത്തവണ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന സി ബി ദേവദര്‍ശനനെപ്പോലെ നിരവധിപ്പേര്‍ അര്‍ഹത ഉണ്ടായിട്ടും തഴയപ്പെട്ടത് പഴയ വി എസ് പക്ഷ നിലപാടിന്റെ പേരിലാണ് എന്നും നിരീക്ഷണങ്ങളുണ്ട്. കെഎസ്‌കെടിയു സംസ്ഥാന ട്രഷറര്‍ ആയ സി ബി ദേവദര്‍ശനനെ പരിഗണിക്കാതെ എറണാകുളത്ത് നിന്നും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത് കൊച്ചി മേയറായ എം അനില്‍ കുമാറായിരുന്നു.


 



അതുപോലെ ഒരുകാലത്ത് വിഎസിന്റെ വലംകൈ ആയിരുന്നു എംഎം മണിയടക്കം കാലുമാറുന്നതു കേരളം കണ്ടു. 2006-ല്‍ വിഎസിനെ മത്സരിപ്പിക്കാനും മുഖ്യമന്ത്രി ആക്കാനും മുന്നണിയില്‍ നിന്ന വിഎസ് പക്ഷത്തെ പ്രമുഖനായിരുന്ന ഇടുക്കി ജില്ലാ സെക്രട്ടറി കൂടിയായ മണിയാശാന്‍. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയായതോടെ മൂന്നാര്‍ ദൗത്യത്തിപേരില്‍ മണിയുമായി ഉടക്കി. മണിയുടെ സഹോദരന്‍ ലംബോധരന്റെതടക്കമുള്ള അനധികൃത കൈയേറ്റങ്ങള്‍ വിഎസ് അയച്ച 'പൂച്ചകള്‍' ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതോടെ മണി കാലുമാറി. പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും ഒന്നാം പിണറായി മന്ത്രിസഭയിലേയ്ക്കും അദ്ദേഹം പരിഗണിക്കപ്പെട്ടു

എറണാകുളത്തെ വിഎസ് പക്ഷത്തിന്റെ കുന്തമുന ആയിരുന്ന ഗോപി കോട്ടമുറക്കലില്‍ വിഎസിനെ തളളിപ്പറഞ്ഞതായിരുന്നു ഏറ്റവും പ്രധാനം. വിഎസ് ഗ്രൂപ്പ് പാര്‍ട്ടി പിളര്‍ത്താന്‍വരെ ലക്ഷ്യമിട്ടുവെന്ന ഗോപി കോട്ടമുറിക്കലിന്റെ ഉള്‍പാര്‍ട്ടി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരള ബാങ്ക് സ്ഥാപക പ്രസിഡന്റ് പദവ ഗോപിക്ക് കിട്ടിയതും, പിന്നീട് വിഎസ് വിരുദ്ധ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു. മറ്റൊരു വിഎസ് പക്ഷ നേതാവ് സി എസ് സുജാതക്കും തുടര്‍ച്ചയായ അവഗണനകളായിരുന്നു. വിഭാഗീയതയുടെ കനലുകള്‍ തീര്‍ത്തും കെട്ടുവെന്ന് ബോധ്യമായപ്പോഴാണ്, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്കും കേന്ദ്ര കമ്മിറ്റിയിലേയ്ക്കും ഇവരെ പരിഗണിച്ചത്. വിഎസിന്റെ പ്രതിഛായ മാറ്റുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച, കെ എം ഷാജഹാനടക്കമുള്ളവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായി.

അതുപോലെയായിരുന്നു, കോഴിക്കോട്ടെ തീപ്പൊരി നേതാവായിരുന്ന എ പ്രദീപ്കുമാറിനും സംഭവിച്ചത്. മൂന്നുതവണ കോഴിക്കോട് നോര്‍ത്തില്‍നിന്ന് തുടര്‍ച്ചയായി ജയിച്ചിട്ടും അദ്ദേഹത്തിന് മന്ത്രിസ്ഥാനം കിട്ടിയില്ല. ഇപ്പോള്‍ വിഭാഗീതയ അവസാനിച്ചുവെന്ന് പിണറായി പക്ഷത്തിന് ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് അദ്ദേഹം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പോസ്റ്റിലേക്ക് പരിഗണിക്കപ്പെട്ടത്. അതുപോലെ തന്നെ വിഎസ് നഖശിഖാന്തം എതിര്‍ത്ത്, പുറത്താക്കിപ്പിച്ചവരും പാര്‍ട്ടിയില്‍ തിരിച്ചെത്തി. സ്ത്രീ പീഡന ആരോപണമടക്കം നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി ശശി 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സ്റ്റേറ്റ് കമ്മറ്റിയിലേക്ക് തിരിച്ചുവന്നത്. വൈകാതെ ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മാറി. ഇപ്പോള്‍ പഴയ വിഎസ് പക്ഷം എന്നത് പാര്‍ട്ടിയില്‍ പൊടിപോലുമില്ല എന്ന അവസ്ഥയിലായി.

വാല്‍ക്കഷ്ണം: 2005 മുതല്‍, ഏതാണ്ട് പത്ത് വര്‍ഷം പാര്‍ട്ടി ഔദ്യോഗികപക്ഷ കേരളത്തില്‍ പ്രവര്‍ത്തിച്ചത് തന്നെ വിഎസിനെ പ്രതിരോധിക്കാനാണ്. ആ പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണ പരാജയമാണ് എന്നതിന്റെ കൂടെ ഉദാഹരണമാണ് വി എസ്സിന് മരണ ശേഷവും ലഭിക്കുന്ന ജന പിന്‍തുണ. പാര്‍ട്ടിക്ക് മേലെ വളരുന്ന എന്തും വെട്ടിമാറ്റുക എന്ന തന്ത്രം വിലപ്പോവാത്തത് വിഎസ്സിന്റെ കാര്യത്തില്‍ മാത്രമാണ്. വി എസ്സ് പാര്‍ട്ടിക്ക് അതീതനായി വളര്‍ന്നു കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണവും തെളിയിക്കുന്നു!

Tags:    

Similar News