'സിന്ധു'വിനെയും 'മക്കളെ'യും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!
പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!
ഹിന്ദുവെന്ന പേരുതന്നെ വന്നത് ആ നദിയില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌ക്കാരം പിറന്ന മോഹഞ്ചദാരോ ഈ നദീതടത്തിലായിരുന്നു. പടിഞ്ഞാറോട്ടൊഴുകി, അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദിയും ഇതാണ്. സംസ്‌ക്കാരങ്ങളും ചരിത്രവും കാത്തുകെട്ടിക്കിടക്കയാണ് ഈ നദീതീരത്ത്. അതാണ് സിന്ധുനദി! ഇന്ത്യക്കാരുടെ പുണ്യനദിയായ ഇത് പാക്കിസ്ഥാന്റെ ജീവനാഡിയാണ്. ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാര്‍ചു ഗ്ലേസിയറില്‍ നിന്ന് ഉത്ഭവിച്ച്, ജമ്മുകശ്മീരിലെ ലേ പട്ടണത്തെ ചുറ്റി, പടിഞ്ഞാറോട്ടൊഴുകി, പാക്കിസ്ഥാനിലേക്ക് കയറി, ആകെ 3200 കിലോമീറ്ററുകളോളും ഒഴുകിയ ശേഷം കറാച്ചിക്കടുത്ത് അറബിക്കടലില്‍ പതിക്കുമ്പോള്‍, ജനകോടികള്‍ക്കാണ് ഈ നദി കുടിവെള്ളം നല്‍കുന്നത്. അതിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍ കൃഷിയിറക്കിയും ജീവിക്കുന്നതും കോടികള്‍ തന്നെ.
ആകെയുള്ള 3200 കിലോമീറ്ററിലെ യാത്രക്കിടയില്‍ സിന്ധു, വെറും 709 കിലോമീറ്റാണ് ഇന്ത്യയിലുടെ ഒഴുകുന്നത്. അതും പുര്‍ണ്ണമായി ജമ്മുകശ്മീര്‍ സംസ്ഥാനത്തിലൂടെയാണ്. ബാക്കിയുള്ള 2500 കിലോമീറ്റര്‍ അത് ഒഴുകുന്നത് പാക്ക് മണ്ണിലുടെയാണ്. അതാണ് ഈ നദിയുടെ ചരിത്ര പ്രധാന്യവും. ഇത് രണ്ടുപേര്‍ക്കുമുള്ളതാണ്. വിഭജനാനന്തരം ഈ ജലം എങ്ങനെ പങ്കുവെക്കാം എന്നത്, ഇരുരാജ്യങ്ങളുടെ മാത്രമല്ല, ലോക രാജ്യങ്ങളുടെ തന്നെ തലവേദനയായിരുന്നു. കാരണം ഇതുപോലെ ഒരു വിഭജനം ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. അങ്ങനെ ദീര്‍ഘകാലത്തെ ചര്‍ച്ചക്കുശേഷമാണ് അവര്‍ ഒരു സമാവായത്തില്‍ എത്തുന്നത്. അതാണ് സിന്ധു നദീജല കരാര്‍.
1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയില്‍ വച്ച് ഒപ്പുവച്ച ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നിവയുടെ ജലത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചെനാബ്, ഝലം എന്നിവയിലെ ജലത്തിന്റെ നിയന്ത്രണം പാകിസ്ഥാനുമാണ്. ഇതു പ്രകാരം സിന്ധു നദീജല സംവിധാനത്തിലെ മൊത്തം ജലത്തിന്റെ ഏകദേശം 20 ശതമാനം ഇന്ത്യയ്ക്കും, ബാക്കി 80 ശതമാനം പാകിസ്ഥാനും ഉപയോഗിക്കാന്‍ കഴിയും. വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്.
ഈ കരാര്‍ ഇന്ത്യക്ക് വലിയ നഷ്ടക്കച്ചവടമായിരുന്നുവെന്ന് അന്നുതന്നെ ആരോപണം ഉണ്ടായിരുന്നു. പക്ഷേ യുദ്ധകാലത്തുപോലും ആ കരാര്‍ തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ അത് മരവിപ്പിച്ചിരിക്കയാണ്. കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന അതി നിഷ്ഠൂരമായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കരാറില്‍ നിന്ന് മാറിയത്, ഫലത്തില്‍ പാക്കിസ്ഥാനുമേല്‍ നടക്കുന്ന, അതി ഭീകരമായ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയാണ്! കാരണം സിന്ധുവിലെ വെള്ളം കുറഞ്ഞാല്‍ പിന്നെ പാക്കിസ്ഥാന്‍ ഇല്ല എന്നതാണ് വാസ്തവം. ആണവ ശക്തിയായ പാക്കിസ്ഥാനെ വാട്ടര്‍ വാര്‍, അഥവാ ജലയുദ്ധം കൊണ്ട് തകര്‍ക്കാനാണ് ഭാരതത്തിന്റെ നീക്കം.
സിന്ധുവിനെയും മക്കളെയും എങ്ങനെ മുറിക്കാം!
'ഞാന്‍ ഈ ഭൂപടത്തിലുടെ വരയ്ക്കുന്ന ഓരോ രേഖക്കും ആയിരക്കണക്കിന് മനുഷ്യരുടെ ചോരയുടെ ഗന്ധം ഉണ്ടാവുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. നദികളെ മുറിക്കണം, ഗ്രാമങ്ങളെ മുറിക്കണം. അന്നുവരെ ഒന്നായി ജീവിച്ചിരുന്ന നൂറുകണക്കിന് ഗ്രാമങ്ങള്‍ ഇന്ന് രണ്ടാവുകയാണ്. ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പണി ഇതാണെന്ന് എനിക്ക് അറിയില്ലായിരുന്നു''- ഇന്ത്യാ വിഭജനത്തിന് നേതൃത്വം കൊടുക്കാനെത്തിയ സര്‍ സിറിള്‍ റാഡ്ക്ലിഫ് ഒരിക്കല്‍ പറഞ്ഞതാണ് ഇത്. വെള്ളത്തെപ്പോലും പകുത്തുകൊണ്ടുള്ള ഒന്നായിരുന്നു ഇന്ത്യാ വിഭജനം. അതിലെ ഒരു കീറാമുട്ടിയായിരുന്നു, സംസ്‌ക്കാരവാഹിനിയായ സിന്ധു നദി.
ഇന്ത്യയേക്കാള്‍ വികാരമാണ് പാക്കിസ്ഥാനികള്‍ക്ക് ഈ നദിയോട്. പാക്കിസ്ഥാന്റെ ജീവരേഖ എന്നാണ് സിന്ധു അറിയപ്പെടുന്നത്. പാക് മണ്ണിലെ ഏറ്റവും വലിയ നദിയും, ദേശീയ നദിയുമാണിത്. സിന്ധുവും അതിന്റെ മക്കളായ പോഷക നദികളും ഇല്ലെങ്കില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് ഇല്ല. ലാഹോറും കറാച്ചിയുമില്ല! ഒരു അമ്മപെറ്റ അഞ്ചുമക്കള്‍ എന്ന് പറയുന്നതുപോലെ സിന്ധുവിന് അഞ്ച് പോഷക നദികളുണ്ട്. സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം എന്നീ പഞ്ചനദികളെക്കുറിച്ചും അങ്ങനെ പേര് വീണ പഞ്ചാബിനെക്കുറിച്ചും നാം ചെറിയ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഇതില്‍ ബിയാസ് മാത്രമാണ് പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്നത്. ബാക്കിയുള്ളവക്കെല്ലാം പാക് ബന്ധമുണ്ട്! പാക് ബന്ധം എന്നത് ഇന്ന് വലിയ കുറ്റമായാണ് പലപ്പോഴും പറയുക. പക്ഷേ ഒരു ഉപഭൂഖണ്ഡം വിഭജിക്കപ്പെടുമ്പോള്‍ നദികളെ നാം എങ്ങനെ മുറിക്കും.
അതുതന്നെയായിരുന്നു ഇന്ത്യവിഭജനത്തിന് രൂപം കൊടുക്കാന്‍ വന്ന സര്‍ സറിള്‍ റാഫ്ക്ലിഫ് തൊട്ട് മൗണ്ട് ബാറ്റണ്‍ പ്രഭുവും, നെഹ്റുവും അടക്കമുള്ളവരുടെ പ്രധാന പ്രശ്നവും. കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതോടെയുള്ള യുദ്ധവും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. ഒപ്പം വര്‍ഗീയ ലഹളയും അഭയാര്‍ത്ഥി പ്രവാഹവും. നദികളിലെ വെള്ളത്തിനൊപ്പം ഒലിച്ചുപോയത് ലക്ഷങ്ങളുടെ രക്തം കൂടിയായിരുന്നു. അതായത് വെറും വെള്ളം പങ്കുവെക്കുന്ന പ്രശ്നം മാത്രമായിരുന്നില്ല ഇത്. ജിയോ പൊളിറ്റിക്സിലെ പ്രധാന പ്രശ്നമായിരുന്നു.
ഹിമാചല്‍ പ്രദേശിലെ കുളു മലകളില്‍ നിന്നാണ്, രവി എന്ന നദി ഉത്ഭവിക്കുന്നത്. പക്ഷേ ഇത് പിന്നെ പോകുന്നത് പാക്കിസ്ഥാനിലേക്കാണ്.ലാഹോറിന്റെ നദി എന്നാണ് ഇത് അറിയപ്പെടുന്നത്. നൂര്‍ജഹാന്റെയും ജഹാംഗീറിന്റെയും ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്ന നദീ തീരം ഇതാണ്. രവിയിലേക്കുള്ള ജലപ്രവാഹം ഇന്ത്യ തടസ്സപ്പെടുത്തിയാല്‍ ലാഹോര്‍ നിവാസിള്‍ ദുരിതത്തിലാവും. പാക്കിസ്ഥാന്റെ എല്ലാക്കാലത്തെയും ഭയം, ഇന്ത്യ വെള്ളം മുട്ടിക്കുമോ എന്നായിരുന്നു. ഊര്‍ജ്ജ ആവശ്യത്തിന് ഇന്ത്യ വലിയൊരു ഡാം നിര്‍മ്മിച്ചാല്‍ അവര്‍ പെട്ടുപോകും. വൈരത്തിന്റെ പേരില്‍ ഇന്ത്യ വെള്ളം വഴി തിരിച്ചുവിട്ടാല്‍ കാര്യങ്ങള്‍ എല്ലാ അവതാളത്തിലാവും. അതുകൊണ്ടുതന്നെ സിന്ധുവിന്റെയും പോഷക നദികളുടെയും കാര്യത്തില്‍ കൃത്യമായ ഒരു കരാര്‍ ഉണ്ടാക്കാനായി പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയിലടക്കും തുടര്‍ച്ചയായ സമ്മര്‍ദം ചെലുത്തിയിരുന്നു.
ഗാന്ധിയും മൗണ്ട്ബാറ്റണും പിന്നെ ലോകബാങ്കും
ഈ വിഷയത്തില്‍ ആരും സത്യത്തില്‍ പുര്‍ണ്ണമായി കുറ്റക്കാരല്ല. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം ഭൂപ്രദേശങ്ങളെ മാത്രമല്ല, അവിഭാജ്യമായിരുന്ന സിന്ധു നദീതടത്തിലെ വിശാലമായ ജലസേചന ശൃംഖലയെയും കീറിമുറിച്ചു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജലത്തെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. പാകിസ്ഥാന്‍ ഒരു 'കീഴ്ത്തട രാജ്യമായി' (ലോവര്‍ റിപാരിയന്‍) മാറിയതോടെ, അവര്‍ക്ക് ഇന്ത്യയില്‍ ഉത്ഭവിക്കുകയോ ഇന്ത്യയിലൂടെ ഒഴുകുകയോ ചെയ്യുന്ന നദികളെ ആശ്രയിക്കേണ്ട സ്ഥിതി വന്നു.
പ്രധാനമായും, രവി നദിയിലെ മാധോപൂര്‍, സത്‌ലജ് നദിയിലെ ഫിറോസ്പൂര്‍ എന്നിങ്ങനെയുള്ള സുപ്രധാന കനാല്‍ ഹെഡ് വര്‍ക്കുകള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായി. പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവയായിരുന്നു ഇത്. 1947-ലെ 'സ്റ്റാന്‍ഡ്സ്റ്റില്‍' കരാര്‍ 1948 ഏപ്രില്‍ 1-ന് അവസാനിച്ചതിനെത്തുടര്‍ന്ന്, ഇന്ത്യ പാകിസ്ഥാനിലേക്ക് ഒഴുകുന്ന കനാലുകളിലെ ജലം തടഞ്ഞുവെച്ചു. ഇത് പാകിസ്ഥാനില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കി.
തുടര്‍ന്ന് 1948 മെയ് 4-ന് ഒപ്പുവെച്ച 'ഇന്റര്‍-ഡൊമീനിയന്‍ അക്കോര്‍ഡ്' ഒരു താല്‍ക്കാലിക പരിഹാരമായിരുന്നു. ഇതനുസരിച്ച്, വാര്‍ഷിക നഷ്ടപരിഹാരത്തിന് പകരമായി ഇന്ത്യ പാകിസ്ഥാന് ജലം നല്‍കാന്‍ സമ്മതിച്ചു. എന്നാല്‍ ഇത് ഒരു ശാശ്വത പരിഹാരമല്ല എന്ന നിലപാടിലായിരുന്നു പാക്കിസ്ഥാന്‍. സ്ഥിരമായ ഒരു ഉടമ്പടിയുടെ ആവശ്യകതയിലേക്ക് അവര്‍ നിരന്തരം വിരല്‍ചൂണ്ടി. 1951-ല്‍ പാകിസ്ഥാന്‍ ഈ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുകയും ജലവിതരണം തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ലോകബാങ്ക് മധ്യസ്ഥത വഹിക്കാന്‍ മുന്നോട്ട് വന്നത്.
1951-52 കാലഘട്ടത്തില്‍ അന്നത്തെ ലോകബാങ്ക് പ്രസിഡന്റ് യൂജിന്‍ ബ്ലാക്കിന്റെ മുന്‍കൈയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചു. ടെന്നസി വാലി അതോറിറ്റിയുടെ മുന്‍ മേധാവി ഡേവിഡ് ലിലിയെന്താള്‍ സിന്ധു നദീതടം സംയുക്തമായി വികസിപ്പിക്കാനും നിയന്ത്രിക്കാനും നിര്‍ദ്ദേശിക്കുകയും ഇതിനായി ലോകബാങ്കിന്റെ സഹായം തേടാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങനെയാണ് വേള്‍ഡ് ബാങ്ക് ഈ പ്രശനത്തില്‍ ഇടപെടുന്നത്.
പക്ഷേ തര്‍ക്കത്തില്‍ പാക്കിസ്ഥാനുള്ള അവകാശവാദത്തിന്റെ വേരുകള്‍ കിടക്കുന്നത് ഗാന്ധിജിയിലും മൗണ്ട് ബാറ്റണ്‍ പ്രഭുവിലുമാണ്. ഇന്ത്യ വിഭജിച്ച് പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം ഉണ്ടായത് വേദനാജനകം ആയിരുന്നെങ്കിലും, ഇന്ത്യയിലെ മുസ്ലീങ്ങളോടോ പാക് ജനതയോടൊ യാതൊരു വിവേചനവും പാടില്ല എന്ന നിലപാടായിരുന്നു മഹാത്മാവിന്റെത്. വിഭജിക്കപ്പെട്ടെങ്കിലും പാക് ജനത തങ്ങളുടെ സഹോദരന്‍മാര്‍ തന്നെയാണെന്നായിരുന്നു, ഗാന്ധിജിയുടെ വാദം. പാക്കിസ്ഥാന് ഇന്ത്യ കൊടുക്കാനുണ്ടായിരുന്നു, സെറ്റര്‍ലിങ്് മിച്ചം കൊടുക്കാക്കാത്തതിനെ തുടര്‍ന്ന് ഗാന്ധിജി നിരാഹാരം കിടന്നിരുന്നു. അതുപോലെ ഗാന്ധിജി നല്‍കിയ ഉറപ്പായിരുന്നു, വിഭവങ്ങളെ തടഞ്ഞുവെക്കില്ലെന്നും വെള്ളംകുടി മുട്ടിക്കില്ലെന്നും. മൗണ്ട് ബാറ്റണുമായും, നെഹ്റുവുമായി 1947-ല്‍ നടത്തിയ ചര്‍ച്ചകളില്‍പ്പോലും തങ്ങള്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നുവെന്നായിരുന്നു പാക് വാദം.
ഇന്ത്യ നല്‍കേണ്ടി വന്നത് ഭീമമായ തുക
തുടര്‍ന്നുള്ള ഒമ്പത് വര്‍ഷക്കാലം (19511960) ലോകബാങ്കിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. ലോകബാങ്ക് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ഇരു രാജ്യങ്ങളിലെയും എഞ്ചിനീയര്‍മാര്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ( ഇന്ന് നമുക്ക് ഇത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും എഞ്ചിനീയര്‍മാര്‍ ഒന്നിച്ചിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല) എന്നാല്‍ രാഷ്ട്രീയ പരിഗണനകള്‍ പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിച്ചു. ശീതയുദ്ധത്തിന്റെ പശ്ചാത്തലവും ചര്‍ച്ചകളെ സ്വാധീനിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സമാധാനം വരുന്നതിന് അമേമരിക്കയ്ക്കും താല്‍പ്പര്യമുണ്ടായിരുന്നു. പാകിസ്ഥാന്റെ ദുര്‍ബലമായ സൈനിക-സാമ്പത്തിക സ്ഥിതിയും, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ജലം പൂര്‍ണ്ണമായി തടയപ്പെടുമോ എന്ന ഭയവും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചു എന്ന് അന്നത്തെ പ്രസിഡന്റ് അയൂബ് ഖാന്‍ പിന്നീട് സൂചിപ്പിച്ചിട്ടുണ്ട്.
ഒടുവില്‍, നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍ വെച്ച് ഉടമ്പടി ഒപ്പുവച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പാകിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാന്‍, ലോകബാങ്ക് വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫ് എന്നിവരാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഉടമ്പടിക്ക് 1960 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരുന്നു. ലോകബാങ്ക് ഈ ഉടമ്പടിയില്‍ ഒരു കക്ഷി കൂടിയാണ്, എന്നാല്‍ അതിന്റെ പങ്ക് പ്രധാനമായും തര്‍ക്ക പരിഹാര ഘട്ടങ്ങളിലെ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിലാണ്. കിഴക്കന്‍ നദികളായ രവി, ബിയാണ്,സത്‌ലജ് എന്നിവയുടെ പൂര്‍ണ അവകാശം ഇന്ത്യയ്ക്ക് ലഭിക്കുമ്പോള്‍, പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ അവകാശം പാകിസ്ഥാന് ലഭിക്കുമെന്നതാണ് കരാറിന്റെ രത്നച്ചുരുക്കം.
സിന്ധു നദിയില്‍ നിന്നുള്ള വെള്ളത്തിന്റെ 80 ശതമാനം പാക്കിസ്ഥാന് ലഭിക്കുന്നു എന്നതാണ് പാക്കിസ്ഥാന് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നദികളുടെ ഉപയോഗം സംബന്ധിച്ച് സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ഒരു സംവിധാനം ഒരു അന്തര്‍ദേശീയ സംവിധാനം വഴി ഉണ്ടാക്കി. പെര്‍മനന്റ് ഇന്‍ഡസ് കമ്മീഷന്‍ എന്നറിയപ്പെടുന്ന ഈ കമ്മീഷനില്‍ ഓരോ രാജ്യത്തുനിന്നും ഒരു കമ്മീഷണര്‍ ഉള്‍പ്പെടുന്നു. കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്നേക്കാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്തമായ നടപടിക്രമങ്ങളും ഉടമ്പടിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. തര്‍ക്കങ്ങള്‍ 'ആര്‍ബിട്രേഷന്‍ കോടതി' എന്ന് വിളിക്കപ്പെടുന്ന ഒരു അഡ്‌ഹോക്ക് ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന് റഫര്‍ ചെയ്യാം.
ഉടമ്പടിയുടെ ഭാഗമായി, പടിഞ്ഞാറന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് നഷ്ടപ്പെടുന്ന ജലത്തിന് പകരമായി പുതിയ കനാലുകളും ഹെഡ്വര്‍ക്കുകളും നിര്‍മ്മിക്കുന്നതിന് ഇന്ത്യ 62,060,000 പൗണ്ട് സ്റ്റെര്‍ലിംഗ് (അന്നത്തെ കണക്കനുസരിച്ച് 125 മെട്രിക് ടണ്‍ സ്വര്‍ണ്ണത്തിന് തുല്യം) പത്ത് വാര്‍ഷിക ഗഡുക്കളായി പാകിസ്ഥാന് നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു! ഇത് മുന്നില്‍വെച്ചാണ് ഈ കരാര്‍ ഇന്ത്യക്ക് വലിയ നഷ്ടമാണെന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയുടെ വെള്ളവും പോയി പണവും പോയി എന്ന അവസ്ഥ.
അള മുട്ടിയാല്‍ ഇന്ത്യയും കടിക്കും
പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ഇന്ത്യക്ക് തീരാത്ത നഷ്ടക്കച്ചവടമാണെങ്കിലും ഈ കരാര്‍ ലോക രാഷ്ട്രങ്ങള്‍ വ്യാപകമായി പ്രതീര്‍ത്തിച്ചു. ബിബിസി അടക്കമുള്ള മാധ്യമങ്ങളും ഇന്ത്യയെയും നെഹ്റുവിനെയും പുകഴ്ത്തി. ലോകത്തിലെ ഏറ്റവും മനുഷ്യത്വപരവും സമാധാനപരവുമായ ജല കരാറായി ഇത് വാഴ്ത്തപ്പെട്ടു. ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ ഇമേജ് വലിയതോതില്‍ ഉയര്‍ന്നു. പാക്കിസ്ഥാന്‍ എന്ന ഭരണകൂടത്തോട് നിരന്തരം പോരാടിക്കുമ്പോഴും, പാക്കിസ്ഥാനിലെ ജനങ്ങള്‍ നമ്മുടെ സഹോദരര്‍ തന്നെയാണെന്ന് വിളിച്ചു പറയുകയാണ് ഈ കരാര്‍ ചെയ്തത്. കശ്മീര്‍ സംഘര്‍ഷത്തില്‍ നിന്ന് വെള്ള പ്രശ്നത്തെ മാറ്റി നിര്‍ത്തി നെഹ്റു നടത്തിയ വിട്ടുവീഴ്ചകള്‍ ലോക മാധ്യമങ്ങള്‍ ആഘോഷിച്ചു. നെഹ്റുവിന് പകരം ഏത് പ്രധാനമന്ത്രി ആയിരുന്നെങ്കിലും ഇത്രയും ഉദാരമതി ആകുമായിരുന്നില്ല. പക്ഷേ ഇതിന്റെ പേരില്‍ നെഹ്റുവിന് ഇന്ത്യയില്‍നിന്ന് വ്യാപകമായ വിമര്‍ശനവും ഉണ്ടായി.
മറ്റൊരു രാജ്യത്തെ പാവങ്ങളുടെ വെള്ളം മുട്ടിക്കരുത് എന്ന ചിന്ത തന്നെയാണ് ഇത്രയും കാലം ഈ കരാറില്‍ നിന്ന് പിന്‍മാറാതെ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയതും. മാത്രമല്ല, ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഒരു അന്താരാഷ്ട്ര കാരാറില്‍നിന്ന് ഒറ്റയടിക്ക് പിന്‍മാറിയാല്‍ അത് പല അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ നിലപാട് ചോദ്യം ചെയ്യാന്‍ ഇടായാക്കും. രാജ്യാന്തര കരാറുകളുടെ പ്രസക്തി നഷ്ടമാവും. കരാര്‍ ലംഘനത്തിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ പോവാനും പാക്കിസ്ഥാന് കഴിയും. ഇപ്പോള്‍ സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവച്ചതിനെ ജലയുദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞാണ് പാക്കിസ്ഥാന്‍ എതിര്‍ക്കുന്നത്.
പക്ഷേ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന അവസ്ഥയിലാണ് ഇന്ത്യ. ഗാന്ധിജിയുടെ അഹിംസയും, നെഹ്റുവിന്റെ പഞ്ചശീല തത്വങ്ങളും, വിശാലമാനവ സ്നേഹവുമൊക്കെ പാക്കിസ്ഥാന്റെ മുന്നില്‍ ഒന്നുമായിട്ടില്ല. അവര്‍ക്ക് ഇപ്പോഴും ഇന്ത്യ ഒരു ശത്രുരാജ്യം തന്നെയാണ്. നിരന്തരമായി ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ട്രംപ് ഒറ്റയടിക്ക് നിരവധി അന്താരാഷ്ട്ര കരാറുകളില്‍നിന്ന് പിന്‍മാറുന്ന ഇക്കാലത്ത്, പണ്ടെന്നോ ഉണ്ടാക്കിയ കരാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇന്ത്യയുടെ മാത്രം ബാധ്യതയാണോ എന്നും ചോദ്യം ഉയരുന്നുണ്ട്.
2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ റദ്ദാക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. പക്ഷേ അതു ചെയ്തില്ല. പക്ഷേ സിന്ധു നിദീ ജലത്തില്‍ ഇന്ത്യയ്ക്ക് ചില ആവശ്യങ്ങളുണ്ടായിരുന്നു. വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കായി കൂടുതല്‍ വെള്ളം എടുക്കുക എന്ന ഇന്ത്യയുടെ സ്വാഭാവിക തീരുമാനം ന്യായമായിരുന്നു. അത് പോലും ജലദൗര്‍ലഭ്യം നേരിടുന്ന പാക്കിസ്ഥാനെ വലിയ പ്രശ്നത്തിലാക്കുമായിരുന്നു.
നേരത്തെതും പലതവണ ഈ കരാര്‍ റദ്ദാക്കാനായി ഇന്ത്യ ശ്രമിച്ചിരുന്നു. 2022-ല്‍ സിന്ധു നദീ ജല കരാറില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് നോട്ടീസ് അയച്ചിരുന്നു. കരാര്‍ നടപ്പാക്കുന്നതില്‍ പാക്കിസ്ഥാന്‍ കാണിക്കുന്ന അലംഭാവം ചോദ്യം ചെയ്തായിരുന്നു നോട്ടീസ്. പക്ഷേ സിന്ധു നദീതടത്തിലെ അണക്കെട്ടുകള്‍ നേരത്തെയും വിവാദമായിരുന്നു. ഝലം നദിയില്‍ ഇന്ത്യ നിര്‍മ്മിച്ച, കിഷന്‍ഗംഗ അണക്കെട്ടും, ചിനാബ് നദിയില്‍ നിര്‍മ്മിച്ച റാറ്റലൈ അണക്കെട്ടിലും പാക്കിസ്ഥാന് ആശങ്കകള്‍ ഉണ്ടായിരുന്നു. ഇത് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ വാദം. ഇതിന്റെ പേരിലും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടയിലാണ് ഇന്ത്യയുടെ സമ്പുര്‍ണ്ണ പിന്‍മാറ്റം. പരസ്പര സഹകരണ മനോഭാവം ഒരു കക്ഷി മാത്രം വെച്ചുപുലര്‍ത്തേണ്ടതല്ലെന്ന ചിന്തയാണ് നിലവിലെ പുനര്‍ചിന്തയ്ക്ക് ആധാരം.
പാക്കിസ്ഥാന്‍ മരുഭൂമിയാവും!
ഒരു ലളിതമായ ഉദാഹരണം നോക്കാം. നിങ്ങളും കൂട്ടുകാരനും ചേര്‍ന്ന് ഒരിടത്ത് കൃഷി നടത്തുന്നുവെന്നിരിക്കട്ടെ. ആ കൃഷിയിടത്തിലൂടെ 3 കിലോമീറ്ററോളം നീളത്തില്‍ ഒരു തോട് ഉണ്ട്. ആ തോടാണ്, ഈ നെല്‍വയലുകളുടെ ജീവനാഡി. നിങ്ങളുടെ വയലിന്റെ അടുത്തുനിന്നാണ് ആ തോട് ഉല്‍ഭവിക്കുന്നത്. പക്ഷേ വെറും 700 മീറ്ററേ തോട് നിങ്ങളുടെ സ്ഥലത്തുകൂടെ ഒഴുകുന്നള്ളൂ. ബാക്കി 2300 മീറ്റര്‍ അത് ഒഴുകുന്നത് സുഹൃത്തിന്റെ വയലിലൂടെയാണ്. ഒരു പ്രശ്നത്തിന്‍െ പേരില്‍ നിങ്ങള്‍ തമ്മില്‍ തെറ്റി നിങ്ങള്‍ ആ തോട് കെട്ടിയടക്കാന്‍ പോവുന്നു എന്നുവെക്കുക. അയല്‍വാസിയുടെ കാര്യം കട്ടപ്പൊകയാവും. അയാളൂടെ കൃഷി സമ്പുര്‍ണ്ണമായി നശിക്കും.
സമാനമായ ഒരു ദുരന്തമാണ് പാക്കിസ്ഥാനെയും കാത്തിരിക്കുന്നത്. പക്ഷേ ഇന്ത്യ ഇത് ഒറ്റയടിക്ക് കൊട്ടിയടക്കാന്‍ പോവുന്നില്ല. പത്തുശതമാനം ജലം കൂടുതല്‍ വേണമെന്ന് നാം നേരത്തെ ആവശ്യപ്പെട്ടതാണ്. അത് എടുത്തു തുടങ്ങിയാല്‍ തന്നെ പാക്കിസ്ഥാന് പണി കിട്ടും. മാത്രമല്ല, ഭാവിയില്‍ കൂടുതല്‍ പദ്ധതികള്‍ ഉണ്ടാക്കി ജലം 30 ശതമാനമെങ്കിലും ഇന്ത്യ എടുത്താല്‍, ജിന്നയുടെ വിശുദ്ധ നാട്ടിലെ, പഞ്ചാബ് -സിന്ധ് പ്രവിശ്യ മരുഭൂമിയാവുമെന്നാണ് പഠനങ്ങള്‍ പറയുക. കാരണം കടുത്ത ജലക്ഷാമമാണ് ഈ മേഖലയില്‍. പാക്കിസ്ഥാനാവട്ടെ സാമ്പത്തികമായി തകര്‍ന്ന് തിരിപ്പണമായ അവസ്ഥയിലാണ്. ജനം മരുന്നും, ഭക്ഷണവുമില്ലാത്ത അവസ്ഥയിലാണ്. ആ സമയത്ത് നദിയിലെ വെള്ളവും ഇല്ലാതായാലോ?
സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാന്റെ ജലസേചനം, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, എന്നിവയെല്ലാം ബാധിക്കും. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കും. പാക്കിസ്ഥാനിലെ കൃഷി പ്രധാനമായും സിന്ധു നദീതടത്തിലെ ജലത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കരാര്‍ റദ്ദാക്കുന്നതോടെ, പടിഞ്ഞാറന്‍ നദികളിലെ ജലത്തിന്റെ ഒഴുക്ക് ഇന്ത്യക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഗോതമ്പ്, നെല്ല്, പരുത്തി തുടങ്ങിയ പ്രധാന വിളകളുടെ ഉല്‍പ്പാദനം കുറയുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാകും. സിന്ധു നദീതടത്തിലെ ജലം ഉപയോഗിച്ച് പാക്കിസ്ഥാന്‍ നിരവധി ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട്. കരാര്‍ റദ്ദാക്കുകയും ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്താല്‍ ഈ പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കൃഷി, ജലവൈദ്യുതി തുടങ്ങിയ പ്രധാന മേഖലകള്‍ തകര്‍ച്ചയെ നേരിടുന്നത് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. കാര്‍ഷികോത്പാദനം കുറയുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും വ്യാപാര കമ്മി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ പൊളിഞ്ഞ് പാപ്പരായി നില്‍ക്കുന്ന രാജ്യത്തെ അത് കുടുതല്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
വാല്‍ക്കഷ്ണം: എന്നിട്ടും പാക്കിസ്ഥാന്‍ ഒരു പാഠം പഠിക്കുമെന്ന് ആര്‍ക്കെങ്കിലും തോനുന്നുണ്ടെങ്കില്‍ അവരാണ് വിഡ്ഢികള്‍. കാരണം ജനം വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ചാലും പാക് ഭരണാധികാരികള്‍ക്ക് ഒരു പ്രശ്നവും വരില്ല. അവരുടെ പ്രശ്നം മതപരം കൂടിയാണ്! അവിടെ ജനങ്ങളുടെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനുമൊന്നും യാതൊരു പ്രസക്തിയുമില്ല.