മദ്യപാന മത്സരത്തില്‍ ഒറ്റയടിക്ക് 13 പെഗ്ഗടിച്ച് വിജയിച്ച താരം! അടിയും ഇടിയും നിത്യജീവിതത്തിലും; നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടത് പലതവണ; ജയലളിതയെ വരെ വരച്ച വരയില്‍നിര്‍ത്തിയ വാശി; ഇപ്പോള്‍ ഹിമാലയത്തില്‍ ആശ്വാസം തേടുന്ന സന്യാസ സൂപ്പര്‍സ്റ്റാര്‍; രജനികാന്തിന്റെ വിചിത്ര ജീവിതം

രജനികാന്തിന്റെ വിചിത്ര ജീവിതം

Update: 2025-12-12 09:57 GMT

രു സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തത്തിന്റെ പേരില്‍ ഒരാള്‍ ആത്മഹത്യചെയ്യുമെന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? പക്ഷേ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സിനിമയായ 'ഉഴൈപ്പാളി' 1993-ല്‍ റിലീസ് ചെയ്തപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി. അന്നൊക്കെ ഒരു രജനിപ്പടം എന്നാല്‍ മൂന്ന് പൂരത്തിനുള്ള തിരക്കാണ് തിയേറ്ററില്‍. അങ്ങനെ ആദ്യദിനം ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമത്തിലാണ് സേലത്തുനിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ട്രെയിനിന് തലവെച്ചത്! സ്വന്തം ടീമിനെ വെച്ച് ഈ സംഭവത്തില്‍ അന്വേഷണം നടത്തിയശേഷം, ചെറുപ്പക്കാരന്റെ കുടുംബത്തിന് 2 ലക്ഷം രൂപയും, ആജീവനാന്ത സംരക്ഷണവും അന്ന് രജനി ഏറ്റെടുത്തതും വാര്‍ത്തയായിരുന്നു!

2020 ഏപ്രിലില്‍ ചെന്നെയില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു. ചെന്നൈയിലെ മാരക്കാണത്ത് കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങള്‍ നല്‍കിയ പണത്തെ കുറിച്ചുള്ള വാദം കൊലപാതകത്തിലാണ് കലാശിച്ചത്. രജനികാന്ത് ആരാധകനായ യുവരാജാണ്, വിജയ് ആരാധകനായ യുവാവിനെ കൊലപ്പെടുത്തിയത്. കോവിഡ് ദുരിതാശ്വാസത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് വിജയ് ആണെന്നായിരുന്നു യുവരാജ് വാദിച്ചത്. എന്നാല്‍ ഇത് ദിനേശ് നിഷേധിച്ചു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതാണ് കൊലപാതകത്തില്‍ അവസാനിച്ചത്!




അതാണ് തമിഴകം. ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന മഹാരാഷ്ട്രയില്‍ ജനിച്ച് ബംഗലൂരു വഴി മദ്രാസില്‍ എത്തി, രജനികാന്തായി ജ്ഞാനസ്നാനം ചെയ്യപ്പെട്ട, ആ 75 കാരനെ, സൂപ്പര്‍സ്റ്റാര്‍ മൊഗാസ്റ്റാര്‍ എന്നീ വാക്കുകളിലൊന്നും അയാളെ ഒതുക്കാന്‍ കഴിയില്ല. അയാള്‍ ഒരു വികാരമാണ്. അയാള്‍ സിനിമയില്‍ ഒരു ഡയലോഗ് പറഞ്ഞാല്‍ മതി ഒരു ഭരണമാറ്റത്തിന്. തനിക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങള്‍ പഞ്ച് ഡയലോഗുകളായി രജനി സിനിമയില്‍ അവതരിപ്പിച്ചു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനികാന്ത് മറുപടി പറഞ്ഞത് 'നാന്‍ എപ്പോ വരുവേന്‍ എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്, ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍' എന്ന ഡയലോഗിലോടെയായിരുന്നു.

പക്ഷേ പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് അദ്ദേഹം സിനിമയിലേക്ക് തന്നെ എത്തി. ഇന്നും വിഗ് ഉപയോഗിക്കാതെ തന്റെ കഷണ്ടിത്തല കാട്ടി രജനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നു. സ്റ്റെല്‍ മന്നനെ ജനം തലൈവാ എന്ന് വിളിക്കുന്നു. ഇന്ന് ഈ 75-ാം പിറന്നാളിന്റെ സമയത്തും അദ്ദേഹം തന്റെ കര്‍മ്മമേഖലയില്‍ സജീവമാണ്. ഒരു അസാധാരണ ജന്‍മം തന്നെയാണ് രജനി. ഒരു പുഴു പൂമ്പാറ്റയാവുന്നതുപോലുള്ള പരിണാമ ചക്രമാണ് അദ്ദേഹത്തിന്റേത്.



മദ്യം, മദിരാക്ഷി, അടി..

കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പത്തിലേക്ക് കുടിയേറിയ മറാഠ കുടുംബത്തില്‍, 1950 ഡിസംബര്‍ 12 ന് പൊലീസ് കോണ്‍സ്റ്റബിളായ റാണോജി റാവു ഗെയ്ഗ്വാദ്, രാം ഭായി ദമ്പതികള്‍ക്ക് ജനിച്ച മകനാണ് ശിവാജി. പിന്നീട് ജോലിയുടെ ഭാഗമായി റാണോജിക്ക് ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗറിലേക്ക് താമസം മാറ്റേണ്ടി വന്നു. അവിടെയാണ് ബാല്യം. കൗമരത്തിലേ തെറിച്ച കൂട്ടൂകെട്ടുകളായിരുന്നു രജനിക്ക്. വളരെ ചെറുപ്പത്തില്‍ തന്നെ മദ്യപാനം തുടങ്ങി. മദ്യപിക്കാനായി പത്തുപൈസക്ക് അരിച്ചാക്ക് ചുമന്ന കഥവരെ ഈ സൂപ്പര്‍സ്റ്റാറിന്റെ പൂര്‍വാശ്രമത്തിലുണ്ട്. ചെറുപ്പത്തിലെ അടിപിടിയും പതിവായിരുന്നു.

ശിവാജിയുടെ അമ്മ മരിച്ചതോടെ മൂത്ത ചേട്ടനായ സത്യനാരായണ റാവു ആയിരുന്നു ശിവാജിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത്. അമ്മയില്ലാതെ വളര്‍ന്ന കുട്ടിയായത് കൊണ്ട് തന്നെ കാര്യമായ നിയന്ത്രണങ്ങളില്ലാതെ വളര്‍ന്ന ശിവാജി കൗമാര പ്രായത്തില്‍ തന്നെ മദ്യപിച്ച് തുടങ്ങി. ശിവാജിയെ പൊലീസുകാരനാക്കണമെന്ന് ആഗ്രമുണ്ടായിരുന്ന റാണോജി മകനോട് പത്താക്ലാസിന് ശേഷം പഠിക്കാന്‍ പറഞ്ഞെങ്കിലും തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു മകന്റെ മറുപടി.

ഇടയ്ക്ക് നാടകങ്ങളില്‍ അഭിനയിച്ച ശിവാജി, അഭിനയമോഹം തലയ്ക്ക് പിടിച്ച് മദ്രാസിലേക്ക് നാടുവിട്ടെങ്കിലും ഏറെ താമസിയാതെ തിരികെ ബാംഗ്ലൂരിലേക്ക് തന്നെ വന്നു. ബാംഗ്ലൂരിലെ ശേഷാദ്രിപുരം പ്രദേശത്തെ മൈസൂര്‍ മെഷിനറിയിലും ബന്ധുവിന്റെ അരിക്കടയിലും ജോലി ചെയ്ത രജനി പിന്നീട് ചേട്ടന്റെ നിര്‍ബന്ധപ്രകാരം കര്‍ണാടക ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലിക്ക് കയറി. അന്നും നാടകാഭിനയമുണ്ട്. തുടര്‍ന്നാണ് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അതുവഴി സിനിമയിലും എത്തുന്നത്. ഫിലിം ഇന്‍സ്റ്റിയൂട്ടില്‍, ക്ലാസെടുക്കാനെത്തിയ സംവിധായകന്‍ കെ ബാലചന്ദര്‍ തന്റെ പുതിയ ചിത്രമായ അപൂര്‍വരാഗങ്ങളില്‍ ശിവാജിക്ക് ഒരു വേഷം നല്‍കാമെന്നും എന്നാല്‍ അതിന് തമിഴ് പഠിക്കണമെന്നും പറഞ്ഞു. വളരെ പെട്ടെന്ന് ശിവാജി തമിഴ് സംസാരിക്കാന്‍ പഠിച്ചു. തമിഴില്‍ ശിവാജി ഗണേശന്‍ കത്തി നില്‍ക്കുന്ന സമയമാണിത്. സ്വഭാവികമായി ശിവാജിയെന്ന പേര് മാറ്റാന്‍ ബാലചന്ദ്രര്‍ തീരുമാനിച്ചു. അങ്ങനെ ശിവാജി രജനികാന്ത് ആയി മാറി!




ഒരുപാട് അപമാനങ്ങളിലൂടെ കടന്നുപോയ നടനാണ് രജനി. ആദ്യകാലത്ത് കമലഹാസന്‍ സിനിമകളിലെ വില്ലനായിരുന്നു അദ്ദേഹം. അന്ന് ഒരു സിനിമാ സെറ്റില്‍ ആരോടും മിണ്ടാതെ ഒരു മൂലക്ക് ഇരിക്കുന്ന രജനിയെ കണ്ടകാര്യം നടി സുഹാസിനി എഴുതിയിട്ടുണ്ട്. വെളുത്ത് തുടത്ത് ചുവന്ന് നില്‍ക്കുന്ന കമലിനൊപ്പമായിരുന്നു അന്ന് പ്രൊഡക്ഷന്‍ ടീമും ആരാധകര്‍ മൊത്തവും. പക്ഷേ കെ ബാലചന്ദറിനെപ്പോലുള്ള സംവിധായകര്‍ അന്നേ പറഞ്ഞിരുന്നു. ഭാവിയുടെ നടന്‍ ആ മൂലക്ക് ഇരിക്കുന്നവനാണെന്ന്. ആദ്യകാലത്ത് നിറം രജനിക്ക് വലിയ ബ്ലാക്ക് മാര്‍ക്കായിരുന്നു. കറുത്തവനെ ഹീറോയാക്കാന്‍ കഴിയില്ല എന്ന് പലരും പച്ചക്ക് പറഞ്ഞു. പില്‍ക്കാലത്ത്, ആ കറുത്ത നിറം തന്നെ രജിനിയെ തുണച്ചു. തനി നാടന്‍ തമിഴനനെന്ന ഇമേജുണ്ടാക്കിയെടുക്കാന്‍ ആ മഹാരാഷ്ട്രക്കാരന് കഴിഞ്ഞു. 1980 കളില്‍ അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായി രജനി അഭിനയിച്ച ബില്ല എന്ന ചിത്രം റിലീസ് ചെയ്തു. അത് മെഗാഹിറ്റായി. അയാള്‍ സൂപ്പര്‍താരമായി. പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല.

തുടക്കകാലത്ത് ഷൂട്ടിങ് കഴിഞ്ഞാല്‍ പിന്നെ രജനിക്ക് ആഘോഷരാവാണ്. അതിവേഗത്തില്‍ കാറോടിച്ച് പോവുക, വീഴുന്നതുരെ മദ്യപിക്കുക, പാര്‍ട്ടികളില്‍ പങ്കെടുക്കുക എന്നതൊക്കെയായിരുന്നു അക്കാലത്തെ ഹോബിയെന്ന് സിനിമാ പത്രപ്രവര്‍ത്തകന്‍ ഗണേഷ് സുഗുണന്‍ എഴുതിയിട്ടുണ്ട്. പല പാര്‍ട്ടികളിലും രജനി തല്ലുണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നു. തനിക്കെതിരെ എഴുതിയ ഒരു മാധ്യമ പ്രവര്‍ത്തകനെ ചവുട്ടിതള്ളിയിട്ടതായി പറയുന്നു. അദ്ദേഹത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ പറഞ്ഞു. മദ്രാസില്‍ താരങ്ങളുടെ ഒരു മദ്യപാന മത്സരം നടത്തിയെന്നും അതില്‍ 13 പെഗ് ഒറ്റയടിക്ക് അടിച്ച് രജനിയാണത്രേ ചാമ്പ്യനായത്! അന്നത്തെ തമിഴ് മാസികകളില്‍ വന്ന വാര്‍ത്തലാണ്. ഇതിന് സ്ഥിരീകരണമില്ല.




ഇന്നും പ്രണയിനിയെ തേടുന്ന കാമുകന്‍

രജനികാന്തിന്റെ ജീവിതത്തില്‍ ഒരു അസാധാരണ പ്രണയകഥകൂടിയുണ്ട്. തന്റെ ജീവിതം മാറ്റിമറിച്ച പ്രണയിനിയെ തേടി നടക്കയാണ്, ഈ 75-ാം വയസ്സിലും അദ്ദേഹം. മലയാളത്തില്‍ ഹിറ്റായ കഥപറയുമ്പോള്‍ എന്ന സിനിമ 'കുസേലന്‍' എന്നപേരില്‍ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ അദ്ദേഹം ഇത് തന്റെ പ്രണയകഥയുമായി സാമ്യമുണ്ട് എന്ന് പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായിരിക്കേയാണ് രജനി ആ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. ആദ്യം ഒരു ഉടക്കിലൂടെയാണ് അവര്‍ പരിചയപ്പെട്ടത്. അന്ന് പകല്‍ കണ്ടക്ടര്‍ പണിയും രാത്രി നാടകാഭിനയവുമായിരുന്നു ശിവാജി റാവു ഗെയ്ക്ക്വാദ്, എന്ന ആ ചെറുപ്പക്കാരന്റെ ജോലി.

പരിചയം സൗഹൃദമായി. അത് പ്രണയമായി. പിന്നെ അവള്‍ക്കായുള്ള കാത്തിരിപ്പ്. ഒരു ദിവസം തന്റെ വീടിന്റെ അടുത്തുള്ള പ്രദേശിക സമിതിയുടെ നാടകത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടന്നും അത് കാണാന്‍ വരണമെന്നും രജനി യുവതിയെ ക്ഷണിച്ചു. അവള്‍ വന്നു. രജനിയുടെ അതിഗംഭീരമായ പ്രകടനം കണ്ട് അത്ഭുതപ്പെട്ടാണ് അവള്‍ മടങ്ങിയത്. ആ പെണ്‍കുട്ടിയാണ് രജിനിയെ അഭിനയം പഠിക്കാന്‍ നിര്‍ദേശിച്ചത്. പക്ഷേ അതിനുള്ള പണമൊന്നും തന്റെ കൈയിലില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള, രണ്ടുവര്‍ഷ പ്രവേശനത്തിനുള്ള അഡ്മിഷന്‍ കിട്ടിയെന്ന ഒരു കാര്‍ഡാണ്, രജനിയെന്ന ശിവാജി റാവുവിനെ തേടിയെത്തുന്നത്. താന്‍ അപേക്ഷിക്കുക പോലും ചെയ്യാതെ ഇത് എങ്ങനെ വന്നുവെന്ന് അമ്പരന്നു നില്‍ക്കവേ അവള്‍ സത്യം പറഞ്ഞു. ശിവാജിക്കുവേണ്ടി അപേക്ഷിച്ചത് അവളാണ്. 'നിങ്ങളുടെ മേഖല അഭിനയമാണ്. അതില്‍ ഉറച്ചു നില്‍ക്കണം. വലിയ നടന്‍ ആവണം. ബാനറും പോസ്റ്റും എവിടെയും ഉയരുന്നത് കാണണം.'- അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ ശിവാജി സമ്മതിച്ചു. പഠിക്കാനുള്ള കാശും അവള്‍ അയച്ചുതാരമെന്ന് സമ്മതിച്ചു. സുഹൃത്തായ രാജ് ബഹാദൂര്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു. അഡയാര്‍ ഫിലിം ഇന്റിസ്റ്റിറ്റിയൂട്ടില്‍ രജനിയുടെ സഹപാഠിയായിരുന്നു നടന്‍ ശ്രീനിവാസന്‍. അന്ന് മണിയോഡര്‍ വരുമ്പോള്‍, ആരും കാണാതിരിക്കാനായി പോസ്റ്റുമാനെ കെട്ടിടത്തിന്റെ പിന്‍ഭാഗത്തേക്ക് രജനി കൂട്ടിക്കൊണ്ടുപോവുമായിരുന്നുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. കാരണം, ആ മണിയോഡറില്‍ ചില്ലറതുട്ടുകള്‍വരെയുണ്ടാവും. അന്ന് അത്രക്ക് ദാരിദ്ര്യമായിരുന്നു രജനിക്ക്. പ്രണയിനിയും ഒരുപാട് പണം അയച്ചുകൊടുത്തിരുന്നു.



പക്ഷേ ഇന്‍സ്‌ററിറ്റിയൂട്ടില്‍ ഇടക്ക് ഒരു ഇടവേള കിട്ടിയപ്പോള്‍, അവളെ കാണാനായി രജനി ബാംഗ്ലൂരിലേക്ക് കുതിച്ചു. പതിവ് മീറ്റിങ്ങ് പ്ലേസില്‍ ഒന്നും അവളെ കാണാഞ്ഞതിനാല്‍ അദ്ദേഹം അവളുടെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ വീട് അടഞ്ഞു കിടക്കയായിരുന്നു. ആ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയി എന്നല്ലാതെ ഒരു വിവരവും അയല്‍വാസികള്‍ക്ക് അറിയില്ലായിരുന്നു.ഹതാശനായ രജനി ഇനി അന്വേഷിക്കാന്‍ സ്ഥലങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആ അന്വേഷണം 50വര്‍ഷത്തോളമായിട്ടും അദ്ദേഹം ഇന്നും തുടരുകയാണ്്. ഈ കഥപറയുമ്പോഴോക്കെ രജനി കരയും. നടന്‍ ദേവന്‍, ഈ കഥപറഞ്ഞ് തന്റെ മുന്നില്‍ കരയുന്ന സൂപ്പര്‍താരത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 'കഥ പറയുമ്പോള്‍' സിനിമയിലെ സൂപ്പര്‍താരം ബാര്‍ബര്‍ ബാലനെ തേടി നടക്കുന്നതുപോലെ രജനിയും ആ പെണ്‍കുട്ടിയെ തേടി നടക്കയാണ്. അവള്‍ ഇതുവരെ വന്നിട്ടില്ല. ഈ കഥ ഭാര്യ ലതയോടും രജനി പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും നിങ്ങള്‍ അവളെ കാണുമെന്ന് താനും ഭര്‍ത്താവിനെ ആശ്വസിപ്പിക്കാറുണ്ടെന്നാണ്, ഒരു അഭിമുഖത്തില്‍ രജനി പറയുന്നത്.

മാറ്റിയെടുത്തത് ലത

വിവാഹത്തിന് മുന്‍പും ശേഷവും എന്നിങ്ങനെ തന്റെ ജീവിതത്തില്‍ രണ്ട് കാലഘട്ടമുണ്ടെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഇന്ന് കാണുന്ന രീതിയില്‍ തന്നെ മാറ്റിയെടുത്തതിന്റെ ക്രഡിറ്റ് അദ്ദേഹം കൊടുക്കുന്നത് ഭാര്യ ലതക്കാണ്. താന്‍ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് കാരണം ഭാര്യയാണെന്നാണ്, ചെന്നൈയില്‍ ഈയിടെ ഒരു കുടുംബസംഗമത്തില്‍ പങ്കെടുത്ത് സൂപ്പര്‍ താരം പറഞ്ഞിരുന്നു. മദ്യപാന ശീലം കാരണം ജീവിതത്തില്‍ പലതും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും രജനി തുറന്നടിക്കുന്നു. 'കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്ത് മദ്യവും സിഗരറ്റും നോണ്‍ വെജിറ്റേറിയന്‍ ആഹാരങ്ങളും എനിക്ക് നിര്‍ബന്ധമായിരുന്നു. ആദ്യമായി മദ്യപിച്ചു വീട്ടില്‍ വന്നപ്പോല്‍, ശിവാജി ഇത് നിനക്ക് ആപത്താണെന്ന് ചേട്ടന്‍ പറഞ്ഞിരുന്നു. പക്ഷെ ആ പ്രായത്തില്‍ അതു മനസ്സിലാക്കാനോ തിരുത്താനോ തോന്നിയില്ല. അക്കാലത്ത് ദിവസത്തില്‍ രണ്ടുനേരം ഇറച്ചി കഴിക്കും. ഒരുപാട് വലിക്കുകയും കുടിക്കുകയും ചെയ്യും. എത്ര സിഗരറ്റ് പാക്കറ്റുകള്‍ വലിച്ച് തള്ളാറുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു''- രജനി പറയുന്നു.




'അക്കാലത്ത് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരെ കണ്ടാല്‍ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും അളവിലധികം തുടര്‍ച്ചയായി ഒരുപാട് വര്‍ഷങ്ങള്‍ കഴിച്ചവര്‍ എന്റെയറിവില്‍ അറുപത് വയസിനപ്പുറം ജീവിച്ചിട്ടില്ല. എല്ലാവരും അതിനുള്ളില്‍ ഈ ലോകം വിട്ടുപോയി. ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. എന്നെ അച്ചടക്കമുള്ളയാളാക്കി ലത മാറ്റി.'' -സൂപ്പര്‍താരത്തിന്റെ ഈ വാക്കുകള്‍ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. തന്റെ സിനിമകളില്‍ മദ്യപിക്കുന്ന രംഗങ്ങള്‍ പാടില്ല എന്ന് രജനി തീരുമാനിച്ചു. പിന്നീട് സൂര്യ, വിജയ്, അജിത്ത് പോലുള്ള നടന്മാരാരും സിനിമയില്‍ മദ്യപിയ്ക്കുന്നതോ പുകവലിക്കുന്നതോ ആയ രംഗങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തു.

സൗന്ദര്യമുള്ളതും വെളുത്ത നിറമുള്ള ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കും എന്ന തന്റെ വാശിയായിരുന്നുവെന്നാണ് രജനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പണ്ട് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത്, ഒരു യുവതിയുമായി പ്രണയത്തിലാവുന്നതിന് മുമ്പ്, മറ്റൊരു പെണ്‍കുട്ടിയോട് രജദി വിവാഹ അഭ്യര്‍ത്ഥ നടത്തിയിരുന്നു. അന്ന് നിറത്തിന്റെ പേരില്‍ ആ കുട്ടി രജനിയെ അപമാനിച്ചിരുന്നു. ഇതോടെയാണ് ജീവിതത്തില്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു വെളുത്ത പെണ്ണിനെ ആയിരിക്കുമെന്ന് നടന്‍ തീരുമാനിച്ചത്.

രജനീകാന്തും ഇപ്പോഴത്തെ ഭാര്യ ലതയും ആദ്യമായി കണ്ടുമുട്ടിയ കഥ തന്നെ രസകരമാണ്. അന്ന് കോളേജില്‍ പഠിക്കുകയായിരുന്ന ലത കോളേജ് മാഗസിനില്‍ രജനീകാന്തിന്റെ ഒരു അഭിമുഖം ചെയ്യാനായി എത്തിയതായിരുന്നു. 1981 ഫെബ്രുവരി 26 ന് തിരുപ്പതിയില്‍ വെച്ചായിരുന്നു സംഭവം. 'തില്ലു മല്ലു' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ഇന്നൊരു ഇന്‍ര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ രജനി ലതയെ അടുത്തേക്ക് വിളിപ്പിച്ചു.ആദ്യ കാഴ്ചയില്‍ തന്നെ ലതയോട് ഇഷ്ടം തോന്നിയ രജനികാന്ത് അഭിമുഖം തീരുന്നതിനുള്ളില്‍ അവരെ പ്രൊപ്പോസ് ചെയ്തു. 'ലതയെ കണ്ടപ്പോള്‍ തന്നെ എനിക്ക് ആകര്‍ഷണം തോന്നി. ഞാന്‍ നിങ്ങളെ ഞാന്‍ വിവാഹം കഴിച്ചോട്ടേ എന്ന് വെട്ടിത്തുറന്ന് ചോദിച്ചു. മാത്രമല്ല എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദിച്ചു. പക്ഷേ അപ്പോഴും അവള്‍ കുലുങ്ങിയില്ല''- വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ആദ്യ സമാഗമം രജനി ഓര്‍ത്തത് ഇങ്ങനെയാണ്.

നിങ്ങള്‍ക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കില്‍ എന്റെ മാതാപിതാക്കളോട് വന്ന് കാര്യം അവതരിപ്പിക്കാനാണ് ലത മറുപടിയായി പറഞ്ഞത്. അധികം വൈകാതെ രജനീകാന്ത് ലതയുടെ വീട്ടിലേക്ക് പോവുകയും അവരെ കാര്യം പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ലതയുടെ വീട്ടുകാരും ഈ ബന്ധത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടില്ല. മാത്രമല്ല സിനിമ മേഖലയില്‍ നിരവധി ബന്ധുക്കളും അവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് ലതയും രജനികാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. ചെന്നൈയിലെ തമിഴ് ബ്രാഹ്‌മണ അയ്യങ്കാര്‍ കുടുംബത്തിലാണ് ലത ജനിച്ചത്. ചെന്നൈയിലെ എതിരാജ് കോളേജ് ഫോര്‍ വുമണില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. സിനിമാബന്ധമുള്ള കുടുംബമായിരുന്നു അവരുടേത്. തമിഴ് നാടകകൃത്തും ചലച്ചിത്ര നടനുമായ വൈ ജി മഹേന്ദ്രന്റെ ഭാര്യാസഹോദരിയാണ് ലത. രജനിയുമായുള്ള ലതയുടെ വിവാഹത്തിന് ഇടനിലക്കാരനായി നിന്നതും മഹേന്ദ്രനാണ്.

ഇന്ന് തമിഴകത്തെ മാതൃകാദമ്പതികളാണ് രജിനയും ലതയും. ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യയായി ഒരിക്കലും ഒതുങ്ങിക്കൂടാന്‍ ശ്രമിക്കാത്ത വ്യക്തിത്വമാണ് ലത. പിന്നണി ഗായിക, ചലച്ചിത്ര നിര്‍മ്മതാവ്, കോസ്റ്റിയും ഡിസൈസനര്‍, വിദ്യാഭ്യാസ പ്രവര്‍ത്തക, ജീവകാരുണ്യ പ്രവര്‍ത്തക എന്ന നിലയില്‍ പലരീതിയിലും അവര്‍ക്ക് പ്രശസ്തിയുണ്ട്.

ജയയുമായി കടുത്ത ഉടക്ക്

ഒരാളുടെ മുന്നിലും തലകുനിക്കാത്ത വ്യക്തിത്വമാണ് രജനികാന്ത്. തമിഴകം അടക്കിവാണ മുന്‍ മുഖ്യമന്ത്രി ജയലളിതക്കും അവരുടെ പേരില്‍ അഴിഞ്ഞാടിയിരുന്ന തോഴി ശശികല അടക്കമുള്ള മന്നാര്‍ഗുഡി മാഫിയക്കും, അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം

മുന്‍മന്ത്രിയും സിനിമാ നിര്‍മ്മാതാവുമായ ആര്‍.എം. വീരപ്പന്റെ (ആര്‍.എം.വി) ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയിലെ രജനികാന്തിന്റെ വെട്ടി തുറന്നുള്ള പറച്ചിലില്‍ തമിഴ്നാട് ഒന്നടങ്കം ഞെട്ടിച്ചു. പുരട്ചി തലൈവിയുമായുള്ള അകല്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമാണ് രജനി തുറന്ന് പറഞ്ഞത്.

സംഭവം നടക്കുന്നത് 1995ലാണ് അന്ന് മന്ത്രികൂടിയായിരുന്ന ആര്‍ എം. വീരപ്പന്‍ നിര്‍മിച്ച് രജനി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷ തിയേറ്ററുകളില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേദിയില്‍ താരം നടത്തിയ പ്രസംഗമാണ് ജയലളിതയെ ചൊടിപ്പിച്ചത്. തമിഴ്നാട്ടില്‍ ബോംബ് സംസ്‌കാരം നിലനില്‍ക്കുന്നുവെന്നായിരുന്നു രജനിയുടെ പ്രസംഗം. സംവിധായകന്‍ മണിരത്നത്തിന്റെ വീടിനു നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തിലായിരുന്നു രജനികാന്ത് പരാമര്‍ശം നടത്തിയത്. ഈ സമയം വേദിയിലുണ്ടായിരുന്നിട്ടും എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന വീരപ്പനെ മന്ത്രിസഭയില്‍ നിന്നു ജയലളിത പുറത്താക്കി. മന്ത്രി വേദിയിലിരിക്കുമ്പോള്‍ അങ്ങനെ പ്രസംഗിക്കാന്‍ പാടില്ലായിരുന്നെന്ന് അന്ന് തനിക്കറിയില്ലായിരുന്നെന്ന് രജനി പറഞ്ഞു. കുറച്ചുനാള്‍ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോഴും ആ വേദനയുണ്ട്. ജയലളിതയോട് ഇക്കാര്യം സംസാരിക്കാന്‍ ആലോചിച്ചെങ്കിലും വീരപ്പന്‍ തടഞ്ഞുവെന്നും രജനികാന്ത് പറയുന്നു.

'ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ആര്‍എംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല, പിറ്റേന്ന് രാവിലെ ആര്‍.എം.വിയെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ഇക്കാര്യം നിസാരമായി തള്ളിക്കളഞ്ഞു, അത് മറക്കാന്‍ പറഞ്ഞു, പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി. മുഖ്യമന്ത്രിയോട് ഇത് വിശദീകരിക്കാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, പക്ഷേ അവര്‍ തന്റെ തീരുമാനം മാറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ്, കാരണം അന്ന് വേദിയില്‍ അവസാനമായി സംസാരിച്ചത് ഞാനായിരുന്നു, അതിനുശേഷം അദ്ദേഹത്തിന് അതിനോട് പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല,' രജനികാന്ത് പറഞ്ഞു. ജയലളിതയെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്ന് രജനികാന്ത് പറഞ്ഞു.




തന്നേക്കാള്‍ ഒരാള്‍ വളരരുത് എന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നു ജയ. ഇരുവരും അയല്‍വാസികളുമായിരുന്നു. പോയസ് ഗാര്‍ഡന് അടുത്തായിരുന്നു രജനിയുടെയും താമസം. തലൈവിയെ വന്നുവണങ്ങാന്‍ പലതവണ അവരുടെ ശിങ്കിടകള്‍ വന്നു വിളിച്ചിട്ടും രജനി വഴങ്ങിയില്ല. അത് ജയലളിത ഒരു പണികൊടുത്തു. താന്‍ യാത്ര തിരിക്കുമ്പോള്‍, സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് റോഡ് ബ്ലോക്ക് ചെയ്യിച്ചു. രജനി വഴിയില്‍ കുടങ്ങി. ഇതിന് ടിപ്പിക്കല്‍ രജനി സ്റ്റെലിലാണ് അദ്ദേഹം മറുപടി നല്‍കിയത്. കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങി എം വി എം സ്റ്റുഡിയോ ലക്ഷ്യമാക്കി നടന്നു. ഒരു കടയില്‍ കയറി സിഗരറ്റ് വാങ്ങി വലിച്ചു. തമിഴ്മക്കളുടെ ദൈവമായ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് റോഡരികിലൂടെ നടന്നുപോവുകയോ? ജനം ആര്‍ത്തലച്ച് ഇളകി. ഒരു പൊലീസിനും ആ പാരാവാരത്തെ തടയാന്‍ കഴിഞ്ഞില്ല. എല്ലാ സെക്യൂരിറ്റി സംവിധാനവും തകര്‍ന്നു. ആ ആള്‍ക്കടലില്‍പെട്ട്, ജയലളിത ഒരു മണിക്കുര്‍ ഗതാഗതക്കുരുക്കിപെട്ടു. രജനി ആരാണെന്ന് അങ്ങനെ അവര്‍ ശരിക്കും മനസ്സിലാക്കി. പിന്നെ ജയ, പോയസ് ഗാര്‍ഡന്‍ പരിസരം പൊലീസിനെ കൊണ്ട് അടപ്പിച്ചിട്ടില്ല.

പക്ഷേ രജനി സിനിമകള്‍ക്കെതിരെ അവര്‍ പല നീക്കങ്ങളും നടത്തി. രജനി തിരിച്ചു. പടയപ്പയിലെ രമ്യാകൃഷ്ണന്റെ ധിക്കാരിയായ സ്ത്രീ കഥാപാത്രംപോലും, ജയലളിതയെ അനുകരിച്ചാണെന്ന് വിമര്‍ശനം വന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും സിനിമയിലുടെ രജനി, ജയയുടെ ആധിപത്യത്തിനെതിരെ പേരാടി. വൈകാതെ പുരട്ച്ചിതലൈവിക്ക് അധികാരം പോവുകയും ചെയ്തു. അന്ന് രജനി മക്കള്‍ മന്റത്തിന്റെ വോട്ട് പോയത് ഡിഎംകെക്കായിരുന്നു.

ഹിമാലയത്തിലേക്ക് പോവുന്ന ബാബ

ഇന്ന് തന്റെ വൃത്തികെട്ട ഭൂതകാലമെല്ലാം ഒഴിവാക്കി തീര്‍ത്തും ജെന്റില്‍മാനാണ് രജനി. തീര്‍ത്തും വിനയാന്വിതന്‍. സെറ്റില്‍ ഒരുകാര്യത്തിനും ആരോടും പരാതിയില്ല. ആരെക്കുറിച്ചും കുശുമ്പും കുന്നായ്മയുമില്ല. തന്റെ പേരില്‍ ടോക്സിസിറ്റി പ്രചരിപ്പിക്കുന്ന ഫാന്‍സിനെ തടയാനും അദ്ദേഹം തയ്യാറാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം അഭിനയച്ചതില്‍ ഒരു ഒരു സിനിമ പൊളിഞ്ഞതിന്റെ പേരില്‍ മുഴുവന്‍ വിതരണക്കാരെയും തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി, മുടക്കിയ പണവും ഒപ്പം ഒരു രുപ ലാഭവും കൊടത്തുവിട്ട് ലോകത്തെ ഞെട്ടിച്ച നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജീനീകാന്ത്. 2002ല്‍ ഇറങ്ങിയ ബാബ എന്ന സിനിമയുമായി ബന്ധപ്പെട്ട രജനിയുടെ ചെയ്തികള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. സാമ്പത്തിക ബന്ധത്തില്‍ തീര്‍ത്തും സുതാര്യത പുലര്‍ത്തുന്നവ വ്യക്തിയാണ് രജനി എന്നിട്ടും 'കോച്ചടയാന്‍' എന്ന ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട്, പത്ത് കോടി രൂപ ലത തിരിച്ചുനല്‍കിയില്ല എന്ന കേസ് വന്നു. തമിഴ്മക്കള്‍ തിരിച്ചിരുന്ന കേസായിരുന്നു അത്. പിന്നീട് അത് വ്യാജമാണെന്ന് ലത വിശദീകരിക്കുകയും ചെയ്തു.

തിരക്കുകള്‍ ഒരിക്കലും ഇഷ്ടമില്ലാത്ത നടനാണ് അദ്ദേഹം. രണ്ടുതവണ സിനിമ്യില്‍നിന്ന് വിരമിക്കാനുള്ള ശ്രമം നടത്തി. പക്ഷേ ആരാധകര്‍ അദ്ദേഹത്തെ വിട്ടില്ല. ഇപ്പോള്‍ സന്യാസ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇടക്കിടെ ഹിമാലയത്തിലേക്ക് പോവും. അവിടെ രജനിക്ക് ഒരു ആത്മീയ ആചാര്യനുണ്ട്. ഹിമാലയത്തിലെ മഞ്ഞുപാളികള്‍ നിറഞ്ഞ ഒരു ഗുഹയില്‍ അദ്ദേഹം ധ്യാനത്തിന് ഇരിക്കാറുമുണ്ട്. ബാബ എന്ന സിനിമയൊക്കെ മാറിയ അദ്ദേഹത്തിന്റെ ആത്മീയ പാതയുടെ വഴിയാണെന്ന് നിരീക്ഷണം വന്നിരുന്നു.




ഇതിനിടെയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാവുന്നത്. 2020 ഡിസംബര്‍ മൂന്നിന് രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും ജനുവരി മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുമാണ് അന്നത്തെ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നത്.ഫാന്‍സ് ഗ്രൂപ്പുകളെയാണ് രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ബി.ജെ.പി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങി. കൂടാതെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരില്‍ പലര്‍ക്കും ബി.ജെ.പി പശ്ചാത്തലമാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രജനികാന്തിന്റെ ആത്മീയവാദം ഫലത്തില്‍ സംഘപരിവാറിന് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ 'തലൈവര്‍' രാഷ്ട്രീയ പാര്‍ട്ടി ഉപേക്ഷിച്ചു.

ഈ 75-ാം വയസ്സിലും രജനി സിനിമയിലുണ്ട്. ജയിലര്‍ പോലുള്ള പാന്‍ ഇന്ത്യ ഹിറ്റുകള്‍ അദ്ദേഹം ഉണ്ടാക്കുന്നു. ഇപ്പോള്‍ തന്റെ കൊച്ചുമക്കള്‍ക്ക് ഒപ്പം സമയം ചെലവിടുകയാണ് രജനിയുടെ ഏറ്റവും വലിയ ഹോബിയെന്നും പറയുന്നു. ഒരിക്കല്‍ രജനി തന്റെ കൊച്ചുമകനോട് അറിയാതെ പറഞ്ഞപോയത്ര.' ഇങ്ങനെ മൊബൈലില്‍ കുത്തുന്ന നേരത്ത് ഒരു രജനി പടംപോയി കാണടാ'' എന്ന്. രജനി എന്ന നടന്‍ ആ വ്യക്തിയേക്കാളും എത്രയോ വളര്‍ന്നു കഴിയുന്നു.


വാല്‍ക്കഷ്ണം: 75 വയസ്സ് എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടിലൊക്കെ വിശ്രമജീവിതം നയിക്കുന്ന കാലമാണ്. എന്നിട്ടും രജനി ഇപ്പോഴും സിനിമയില്‍ തിളങ്ങി നില്‍ക്കുന്നു. 74 വയസ്സുള്ള മമ്മൂട്ടിയും!

Tags:    

Similar News