'ആന്റണി വന്നതോടെ ഞാനും, എന്നിലേക്ക് വന്നതോടെ ആന്റണിയും രക്ഷപ്പെട്ടു'; എല്ലാവരും പറ്റിച്ചിരുന്ന ലാലേട്ടനെ സാമ്പത്തിക അച്ചടക്കം പഠിപ്പിച്ച മന:സാക്ഷി സൂക്ഷിപ്പുകാരന്‍; മുതലാളിയെ കൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലാളിയെന്ന് അധിക്ഷേപം; ഡ്രൈവര്‍ക്ക് പ്രൊഡ്യൂസറാവാന്‍ പാടില്ലേ? ആന്റണി പെരുമ്പാവൂരിന്റെ വിജയ ജീവിതം

ആന്റണി പെരുമ്പാവൂരിന്റെ വിജയ ജീവിതം

Update: 2025-02-14 10:53 GMT

ടക്കാല ശാന്തതക്കുശേഷം മലയാള സിനിമയില്‍ വീണ്ടും വെടിപൊട്ടുകയാണ്. ബെന്‍സില്‍ പോവുന്ന പ്രൊഡ്യൂസര്‍മാര്‍ തൊഴുത്തിലാവുന്ന പ്രതിസന്ധിയെ കുറിച്ചാണ് നിര്‍മാതാവും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്. മലയാളത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമകള്‍ക്ക് പ്രൊഡ്യൂസര്‍ക്ക് എത്ര കിട്ടി എന്ന് തുടങ്ങി, സിനിമാപ്രേമികളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സുരേഷ് നടത്തിയിരുന്നു. അതിന്റെ ഒപ്പം താരങ്ങള്‍ പ്രതിഫലം കുറക്കേണ്ടതിനെ പറ്റിയും, ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം നടത്തുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

ഇത് വലിയ ചര്‍ച്ചയായപ്പോഴാണ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവുര്‍, സുരേഷ്‌കുമാറിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. ഇതൊക്കെ പറയാന്‍ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത് എന്നായിരുന്നു, ആന്റണിയുടെ ചോദ്യം. സുരേഷ് കുമാറിന്റെ വാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കൊണ്ടുള്ള ഈ എഴുത്ത് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഇത് ഷെയര്‍ ചെയ്ത് നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, എന്നിവരടക്കമുള്ളവരും എത്തി. ഇതോടെ താരപക്ഷമെന്നും നിര്‍മ്മാതാക്കളുടെ പക്ഷമെന്നുമുള്ള രീതിയില്‍ മലയാള സിനിമ രണ്ടായിപ്പിരിഞ്ഞു.

ആന്റണിയുടെ പോസ്റ്റിനോട് അതി രൂക്ഷമായാണ് സുരേഷ് കുമാറും പ്രതികരിച്ചത്. ആന്റണി സിനിമ കണ്ടുനടക്കുന്ന കാലത്ത് സിനിമ എടുത്തയാളാണ് താന്‍ എന്ന മാടമ്പിവാദം പോലും, സുരേഷ് ഉയര്‍ത്തി. പക്ഷേ അദ്ദേഹം മറന്നുപോയ ഒരു കാര്യമുണ്ട്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും കരുത്തനായ വ്യക്തിയാണ് ആന്റണി. വെറുമൊരു പ്രൊഡ്യുസര്‍ മാത്രമല്ല. മലയാള ഇന്‍ഡസ്ട്രിയുടെ എല്ലാമെല്ലാമായ മോഹന്‍ലാലിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഫലത്തില്‍ ഈ പോര്, സുരേഷ്‌കുമാറും യൗവന കാലത്തെ തന്റെ ചങ്കുമായ മോഹന്‍ലാലും തമ്മിലാവുകയാണ്.

പക്ഷേ അപ്പോഴേക്കും പഴയ ഡ്രൈവര്‍ ബന്ധം എടുത്തിട്ട് പലരും ആന്റണിക്കെതിരെ ഡീ ഗ്രേഡിങ്ങ് തുടങ്ങിയിരിക്കയാണ്. മോഹന്‍ലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമാലോകത്തെ നിര്‍ണ്ണായക സ്വാധീനമുള്ള നിര്‍മ്മാതാവായി മാറിയ കഥയാണ് ആന്റണി പെരുമ്പാവൂരിന്റേത്.

മോഹന്‍ലാലും ഡ്രൈവര്‍ ആന്റണിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ ചിലപ്പോള്‍ ഒരു സിനിമയ്ക്കു പോലും പ്രചോദനമാകുന്നതായിരിക്കും. പക്ഷേ തൊഴിലാളി വര്‍ഗത്തിന് ഒപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന മലയാളി പലപ്പോഴും അകാരണമായി ആന്റണിയുടെ നെഞ്ചത്ത് കയറുന്നതാണ് കാണുന്നത്. അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിത കഥ.



ലാല്‍ ചോദിച്ചു, പോരുന്നോ എന്റെ കൂടെ?

ഏലമ്മ- ജോസഫ് ദമ്പതികളുടെ മകനായി, 1968-ല്‍ ഒരു സാധാരണ കുടംബത്തിലായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ജനനം. മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ഇരിങ്ങോളിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലും, കുറുപ്പംപടിയിലെ എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ആന്റണി പെരുമ്പാവൂരില്‍ ടാക്സി ഡ്രൈവറായാണ് ജീവിതം തുടങ്ങിയത്. അക്കാലത്തും അദ്ദേഹം കട്ട മോഹന്‍ലാല്‍ ഫാനാണ്.

1988-ല്‍ മോഹന്‍ലാലിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം. പെരുമ്പാവൂര്‍ ടാക്സി സ്റ്റാന്‍ഡില്‍ ഓട്ടം കാത്ത് കിടക്കവേയാണ് ഭാഗ്യം അയാളെ തേടിയെത്തിയത്. സെറ്റിലെ ഒരു ഡ്രൈവര്‍ ലീവായതിനാല്‍ പകരക്കാരനായി ആന്റണിയെ അവര്‍ വിളിച്ചു. അവിടെ എത്തിയപ്പോഴാണ് ഓടേണ്ടത് തന്റെ പ്രിയ താരത്തിന് വേണ്ടിയാണെന്ന് അറിയുന്നത്. തന്റെ ആരാധ്യപരുഷന്റെ ഡ്രൈവര്‍ ആവുകയാണെന്ന് കേട്ടതോടെ ആന്റണിയുടെ ഹൃദയം തുടിച്ചു.

അന്ന് ഏതാനും ദിവസങ്ങള്‍ ആന്റണി ലാലിന്റെ സാരഥിയായി. 22 ദിവസത്തോളം വര്‍ക്ക് നീണ്ടു. അന്നേ അവര്‍ തമ്മില്‍ ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. പിരിയാന്‍ നേരം ആന്റണി ചോദിച്ചു. 'ഇനി എവിടെയും വെച്ച് കണ്ടാല്‍ സാര്‍ എന്നെ അറിയുമോ''? അത് എന്ത് ചോദ്യമാണ് ആന്റണി എന്നായിരുന്നു ലാലിന്റെ മറുപടി. പക്ഷേ സൂപ്പര്‍താരം പറഞ്ഞ് വെറും വാക്കല്ല എന്ന് തെളിഞ്ഞു. പിന്നീട് മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ്് കാണാനെത്തിയെ ആള്‍ക്കൂട്ടത്തില്‍ ഒരാളായ ആന്റണിയെ ലാല്‍ തിരിച്ചറിഞ്ഞു. കൈ കൊട്ടി വിളിച്ചപ്പോള്‍ ആദ്യം മറ്റാരെയോ ആണെന്നാണ് കരുതിയത്. അത് തന്നെ ആണെന്ന് അറിഞ്ഞപ്പോള്‍ ആന്റണി ഓടിചെന്നു. കുശലാന്വേഷണത്തിനുശേഷം കുറച്ചു ദിവസം എന്റെ വണ്ടി ഓടിക്കാമോ എന്ന് ലാല്‍ ചോദിച്ചു.

ആന്റണി സന്തോഷത്തോടെ ആ പണി ഏറ്റെടുത്തു. ആ യാത്രകള്‍ക്കിടയിലാകണം, തന്നോടുള്ള ആന്റണിയുടെ കടുത്ത ആരാധനയും വിശ്വസ്തതയും മോഹന്‍ലാലിന് ബോധ്യമായത്. ഒടുവില്‍ ആന്റണിയെ അത് അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍ ആ ചോദ്യം ചോദിച്ചു. തേന്‍മാവിന്‍ കൊമ്പത്ത് സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് അനുകരിച്ച് പറഞ്ഞാല്‍, 'പോരുന്നോ എന്റെ കൂടെ'. അദ്ദേഹത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഒപ്പംകൂടി. പിന്നീട് മോഹന്‍ലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറി, ലോകം അറിയുന്ന, സിനിമാ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്.




ഡ്രൈവറില്‍ നിന്ന് മാനേജറിലേക്ക്

ആദ്യം മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്നു ആന്റണി ക്രമേണ അദ്ദേഹവുമായി കൂടുതല്‍ അടുത്തു. വീട്ടിലെ ഒരു അംഗം പോലെ സന്തത സഹചാരിയായി. ജോലിയിലെ മിടുക്കും ആത്മാര്‍ത്ഥതയും സാമ്പത്തിക കാര്യങ്ങളിലെ കണിശതയുമൊക്കെ മോഹന്‍ലാലിന് ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം ഡ്രൈവറില്‍ നിന്ന് മാനേജറിലേക്ക് ഉയരുന്നത്.

വ്യക്തിജീവിതത്തില്‍ അഭിനയങ്ങള്‍ ഒട്ടുമില്ലാത്ത ഒരു സാധു മനുഷ്യനായിട്ടാണ് മോഹന്‍ലാല്‍ പൊതുവെ വിലയിരുത്തപ്പെട്ടത്. കച്ചവടം തീരെ അറിയാത്തയാള്‍. സൗഹൃദങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതം. സ്വന്തം പ്രതിഫലം പോലും കണക്കുപറഞ്ഞ് വാങ്ങുന്ന സ്വഭാവം മോഹന്‍ലാലിന് ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് ഉണ്ടായത് മറ്റൊരു കാര്യമാണ്. അദ്ദേഹത്തിന്റെ കൈയില്‍ വണ്ടിച്ചെക്കുകള്‍ കുമിഞ്ഞുകൂടി. പലരും പല സംരംഭങ്ങളിലും മോഹന്‍ലാലിനെ പെടുത്തി. മുഖം കറുപ്പിച്ച് ആരോടും സംസാരിക്കാന്‍ കഴിയാത്ത താരത്തിന്റെ നല്ലബുദ്ധി പലരും മുതലെടുത്തു. അന്ന് മലയാള സിനിമയില്‍ മാനേജര്‍മാരെ വെക്കുന്ന രീതിയൊന്നും പതിവുണ്ടായിരുന്നില്ല. പക്ഷേ ആന്റണി മാനേജര്‍ ആയതോടെ മോഹന്‍ലാലിന്റെ ഫിനാഷ്യല്‍ മനേജ്മെന്റ് കൃത്യമായി. അയാള്‍ കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കാന്‍ തുടങ്ങി. വണ്ടിച്ചെക്കുകാരുടെ പിറകെ കൂടി. കൃത്യമായ കോണ്‍ട്രാക്റ്റ് ഉണ്ടാക്കി.

പക്ഷേ ഇതുകൊണ്ട് മറ്റൊരു കുഴപ്പമുണ്ടായി. അതുവരെ മോഹന്‍ലാലിന്റെ എര്‍ത്തായി നിന്നവര്‍ക്ക് പഴയതുപോലെ ആക്സസ് ഇല്ലാതെപോയി. ലാലിന്റെ ഡേറ്റ് അഡ്വാന്‍സ് കൊടുത്ത് ബ്ലോക്ക് ചെയ്ത്. അത് അദ്ദേഹം അറിയാതെ ലക്ഷങ്ങങള്‍ക്ക് മറിച്ചുവില്‍ക്കുന്ന ഒരു ലോബിപോലും അക്കാലത്ത് ഉണ്ടായിരുന്നു. ഇവരൊക്കെ ഒറ്റയടിക്ക് ഔട്ടായി. ഇതോടെയാണ് ആന്റണി പെരുമ്പാവൂരിനെതിരെ ശക്തമായ കുപ്രചാരണങ്ങള്‍ തുടങ്ങിയത്. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവുരിന്റെ വലയിലാണെന്നും, നടനെ കാണാമെങ്കില്‍ മാനേജറുടെ അപ്പോയിന്‍മെന്റ് വാങ്ങണമെന്നൊക്കെ കഥകള്‍ വന്നത് അങ്ങനെയാണ്. അത് ഇപ്പോഴും തുടരുന്നു.

പക്ഷേ ഒരുകാര്യം ഉറപ്പാണ്. ആന്‍ണി വന്നതിനുശേഷമാണ് മോഹന്‍ലാലിന്റെ ഫിനാന്‍സ് മാനേജ്മെന്റ് വെടിപ്പായത്. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആന്റണി വന്നതോടെ ഞാനും, എന്നിലേക്ക് വന്നതോടെ ആന്റണിയും രക്ഷപ്പെട്ടുവെന്നാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇന്ന് ആന്റണി, മോഹന്‍ലാലിന് ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നിര്‍വചിക്കാന്‍ കഴിയില്ല. സുഹൃത്താണ്, സഹോദര തുല്യനാണ്, സന്തത സഹചാരിയാണ്. ആന്റണി പെരുമ്പാവൂര്‍ അറിയാതെ ലാലിന്റെ ജീവിതത്തില്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല എന്ന് പറയാം. ആ കുടംബവുമായി ഇത്രയടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍ വേറെയില്ല.




സൂപ്പര്‍ഹിറ്റുകളുടെ നിര്‍മ്മാതാവ്

മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞത് ഭാര്യ സുചിത്രയും, ആന്റണിയും ഭാഗ്യജാതകം ഉള്ളവര്‍ ആണെന്നാണ്. ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് കടുന്നുവരുന്നത്. ലാലിനൊപ്പം ആന്റണിയും വളര്‍ന്നു. അക്കാലത്ത് മോഹന്‍ലാലിന് ഒരു നല്ല നിര്‍മ്മാണ കമ്പനിയുണ്ടായിരുന്നു. ഹിസ്ഹൈനസ് അബ്ദുള്ളയും, ഭരതവും, കമലദളുമൊക്കെ എടുത്ത പ്രണവം ആര്‍ട്സ് മലയാള സിനിമാ പ്രേമികള്‍ മറുന്നുപോവില്ല. ലക്ഷ്മിയും സരസ്വതിയും രണ്ടും ഒരിടത്ത് ഒന്നിച്ച് വാഴില്ല എന്നാണ് പണ്ടുമുതലേ സിനിമക്കാര്‍ പറയുക. പ്രേംനസീറും, ബഹദൂറും, ശ്രീകുമാരാന്‍ തമ്പിയുമടക്കമുള്ളവര്‍ സിനിമ നിര്‍മ്മിച്ച് കൈപൊള്ളിയവരാണ്. മോഹന്‍ലാലിന് കൈപൊള്ളിയില്ലെങ്കിലും അധ്വാനത്തിന് അനുസരിച്ചുള്ള ലാഭം ഉണ്ടായിരുന്നില്ല. അവിടെയും പ്രശ്നം ആരോടും 'നോ' പറയാന്‍ കഴിയാത്ത ലാലേട്ടന്റെ മനസ്സായിരുന്നു. ആന്റണി വന്നതോടെ മോഹന്‍ലാല്‍ നേരിട്ടുള്ള സിനിമാ നിര്‍മ്മാണം നിര്‍ത്തി. പ്രണവം ആര്‍ട്സിന് തിരശ്ശീലയിട്ടാണ്, ആന്റണിയുടെ ഉടമസ്ഥതയില്‍ ഒരു സിനിമാകമ്പനി ലാല്‍ തുടങ്ങിയത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സ് എന്ന ആ പേര് മലയാള സിനിയുടെ ഭാഗ്യനാമമായി.

2000-ത്തില്‍ ഇറങ്ങിയ നരസിംഹമായിരുന്നു ആന്റണി നിര്‍മ്മിച്ച ആദ്യ ചിത്രം. ഷാജി കൈലാസിന്റെ സംവിധാനത്തില്‍, രഞ്ജിത്തിന്റെ രചനയില്‍വന്ന ആ ചിത്രം മലയാളത്തിലെ ഓള്‍ ടൈം ഹിറ്റായി. അതുവരെയുള്ള മുഴുവന്‍ കളക്ഷന്‍ റെക്കോര്‍ഡുകളും ചിത്രം തിരുത്തി. ഒരുകോടി 10ലക്ഷത്തില്‍ തീര്‍ന്ന ചിത്രം, തീയേറ്റുകളില്‍നിന്ന് നേടിയത് 22 കോടിയാണ്! തുടര്‍ന്നങ്ങോട്ട് ഹിറ്റുകളുമായി ആന്റണിയുടെ ജൈത്രയാത്രയായിരുന്നു. രാവണ പ്രഭു, നാട്ടുരാജാവ്, നരന്‍, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം. ചൈന ടൗണ്‍, സ്പിരിറ്റ്, ദൃശ്യം, ഒപ്പം, ലുസിഫര്‍. ദൃശ്യം 2, ബ്രോ ഡാഡി തുടങ്ങിയ ഒരുപാട് ഹിറ്റു ചിത്രങ്ങള്‍. രണ്ട് ദേശീയ പുരസ്‌ക്കാരങ്ങളും രണ്ട് സംസ്ഥാന പുരസ്‌ക്കാരങ്ങളും ആന്റണിയെ നിര്‍മ്മാതാവ് എന്ന നിലയില്‍ തേടിയെത്തി. ആന്റണിയും ഒരുപാട് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.



പക്ഷേ പരമ്പാഗത സിനിമാക്കരുടെ പ്രശ്നം, ഒരു ഡ്രൈവറെ ഇനിയും, പ്രൊഡ്യൂസറായി അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്നതാണെന്ന് തോന്നുന്നു. അതിനിടെ ഒരുപാട് ഫ്ളോപ്പുകളുമുണ്ടായി. ഹിറ്റുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മോഹന്‍ലാലിനും ക്രൂവിനും, ഫ്ളോപ്പാവുമ്പോള്‍ ആന്റണി പ്രശ്നക്കാരന്‍. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പതിവായി കണ്ടുവരുന്നത്.

ലാലിന്റെ ഓള്‍ട്ടര്‍ ഈഗോ

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനെ വളര്‍ത്തിക്കൊണ്ടുവന്നതിലും, പരസ്യത്തിന്റെയടക്കം ഒരു ബിഗ്ബ്രാന്‍ഡാക്കി താരത്തെ മാറ്റിയതിലും ചെറുതല്ലാത്ത പങ്ക് ആന്റണിക്കുമുണ്ട്. (ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്തതായിരുന്നൂ, തനിക്ക് തിരിച്ചടിയായത് എന്ന് നടന്‍ ശങ്കര്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.) ബ്രാന്‍ഡിങ്ങിലും മാര്‍ക്കറ്റിങ്ങിലും മിടുക്കനാണ് ആന്റണിയെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും സമ്മതിക്കും.

സത്യത്തില്‍ മോഹന്‍ലാലിന്റെ ഓള്‍ട്ടര്‍ ഈഗോയെന്നും ആന്റണിയെ വിശേഷിപ്പിക്കാം. മോഹന്‍ലാല്‍ എന്താണോ ചെയ്യാനും പറയാനും ഉദ്ദേശിക്കുന്നത് അതാണ് ആന്റണിയിലുടെ പുറത്തുവരുന്നത്. ലാലേട്ടനല്ലാതെ മറ്റൊരു ജീവിതം അയാള്‍ക്കില്ല. മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഈ ആരവങ്ങളും ഫാന്‍സുമെല്ലാം ഇല്ലാതായാലും തന്നെ വിട്ടുപോവാത്ത ഒരാള്‍ ഉണ്ടെങ്കില്‍ അത് ആന്റണിയായിരിക്കുമെന്ന്.

തന്നെ വിശ്വസിച്ചാണ് സൂചി ചേച്ചി ലാല്‍സാറിനെ ഒപ്പം അയക്കുക എന്ന് ആന്റണി പറയും. ഏത് ആള്‍ക്കൂട്ടത്തിലും അയാളുടെ കണ്ണുകള്‍ ലാലിന്റെ സുരക്ഷയിലായിരിക്കും. കാല്‍നൂറ്റാണ്ടുകാലം കൊണ്ട് നിരവധി ഹിറ്റുകള്‍ അവരുണ്ടാക്കി. ഇത്രയും സിനിമ ഒരുമിച്ച് ചെയ്തില്ലേ ഇനി മറ്റാരെങ്കിലും വെച്ച് സിനിമ ചെയ്യൂ എന്ന മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍, അതിന് തനിക്കാവില്ല എന്നായിരുന്നു, പഴയ സാരഥിയുടെ മറുപടി.



പ്രണവ് മോഹന്‍ലാലുമായും അങ്ങേയറ്റത്തെ ആത്മബന്ധമാണ് അദ്ദേഹത്തിന്. മോഹന്‍ലാലിനെ വെച്ചല്ലാതെ സിനിമചെയ്യില്ല എന്ന് പറയുന്ന ആന്റണി, ലാല്‍ ഇല്ലാതെ എടുത്ത ഏക ചിത്രം പ്രണവിന്റെ ലോഞ്ചിങ്ങ് സിനിമയായ ജീത്തുജോസഫിന്റെ ആദി ആയിരുന്നു. അതും വന്‍ വിജയമായി. മോഹന്‍ലാലിന്റെ മക്കളെ ജനിച്ച നാള്‍ മുതല്‍ കാണുന്ന, അവരെ എടുത്ത് വളര്‍ത്തിയ, താലോലിച്ച ആള്‍ കൂടിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനെ പോലെ തന്നെ ആ മക്കളുടെ വളര്‍ച്ചയില്‍ അതുകൊണ്ട് തന്നെ അദ്ദേഹത്തിനും അഭിമാനമാണ്. പ്രണവിന്റെ ആദ്യ സിനിമയുടെ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ആന്റണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു. അപ്പു ജനിച്ചപ്പോള്‍ മുതലുള്ള തന്റെ ആഗ്രഹമാണ് ഈ സിനിമയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ആന്റണിയുടെ മക്കളുടെ വിവാഹചടങ്ങുകളില്‍ കാരണവരുടെ സ്ഥാനത്തിനിന്ന് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് ലാലും സുചിത്രയും ആയിരുന്നു. ആന്റണി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കഥയുണ്ട്. ഒരിക്കല്‍ ഭാര്യ ശാന്ത ആന്റണിയോട് ചോദിച്ചു. ഞാനും ചേട്ടനും ലാല്‍ സാറിനൊപ്പം ഒരു ബോട്ടില്‍ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. ഒരു അപകടത്തില്‍ പെട്ട് ലാല്‍ സാറും ഞാനും വെള്ളത്തില്‍ വീണു. ചേട്ടന്‍ രക്ഷപ്പെട്ടു. ചേട്ടന് ഒരാളെ മാത്രമേ രക്ഷിക്കാന്‍ കഴിയൂ. ആരെയായിരിക്കും ചേട്ടന്‍ രക്ഷിക്കുക. ലാല്‍ സാറിനെ എന്നായിരുന്നു ഉത്തരം. അതാണ് ആന്റണിയുടെ കൂറും വിധേയത്വവും.

ദൃശ്യം സിനിമ ഷൂട്ട് ചെയ്തപ്പോഴുള്ള ഒരു അനുഭവം, പലരും പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടിയെ പഞ്ഞിക്കിടുകയാണ്, സഹദേവന്‍ എന്ന പൊലീസുകാരനായ ഷാജോണിന്റെ കഥാപാത്രം. ലാലേട്ടനെ തല്ലുക എന്നത് സിനിമയിലാണെങ്കില്‍പോലും ഷാജോണിനും കഴിയാത്ത കാര്യമാണ്. പക്ഷേ മോഹന്‍ലാലിന്റെയും ജീത്തുജോസഫിന്റെയും സമ്മര്‍ദത്തിന് വഴങ്ങി ഒരു വിധത്തില്‍ ഷാജോണ്‍ ആ രംഗങ്ങള്‍ അഭിനയിച്ചു. അപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ പുറത്തിരുന്ന് കരയുകയായിരുന്നൂ. അഭിനയത്തിന്റെ ഭാഗമായിരുന്നിട്ടുകൂടി മോഹന്‍ലാലിന്റെ ദേഹത്ത് ഒരാള്‍ കൈവെക്കുന്നത് അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നില്ല!




ഇതേ വൈകാരികത തന്നെയായിരിക്കും അയാളെ പലപ്പോഴും വിവാദപുരുഷനാക്കുന്നതും. സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍, ആന്റണിപെരുമ്പാവൂര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ശ്രീനിവാസന്‍ പരാതിപ്പെട്ടിരുന്നു. ലാലിനെ ഇത്രയേറെ ആരാധിക്കുന്ന ആ മനുഷ്യന് എങ്ങനെയാണ് ആ മഹാനടനെ പച്ചക്ക് വ്യക്തിഹത്യചെയ്യുന്ന ചിത്രം താങ്ങാന്‍ കഴിയുക?

'മുതലാളിയെ പണിയെടുപ്പിച്ച് ജീവിക്കുന്ന തൊഴിലാളി'!

മോഹന്‍ലാല്‍ പാവാടാ.. പക്ഷേ ആന്റണി പെരുമ്പാവൂര്‍ മഹാമോശം.. ഇതാണ് സോഷ്യല്‍ മീഡിയയില്‍ പതിവായി കണ്ടുവരുന്ന രീതി. മരക്കാര്‍ അറബിക്കടലിന്റെ സിംഹവും, ബറോസും, പരാജയെപ്പെട്ടപ്പോള്‍ എല്ലാകുറ്റവും ആന്റണിക്കായി. ഓരോ പൊട്ടക്കകഥള്‍ ആന്റണി സെലക്റ്റ് ചെയ്ത് മോഹന്‍ലാലിനെകൊണ്ട് അടിച്ചേല്‍പ്പിക്കയായി എന്നായി വിമര്‍ശനം. എന്നാല്‍ ഇതില്‍ കഴമ്പൊന്നുമില്ല എന്നതാണ് സത്യം. ഇത്രയും എക്സ്പീരിയന്‍സുള്ള മോഹന്‍ലാലിന് തീരുമാനമെടുക്കാന്‍ ഒരു സഹായിയുടെ ആവശ്യം വേണ്ട എന്ന് ആരും പറയുന്നില്ല. മാത്രമല്ല ലാല്‍ ചിത്രങ്ങള്‍ ഹിറ്റടിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ആരും ഈ പെരുമ്പാവൂരുകാരാന് കൊടുക്കാറുമില്ല.

പക്ഷേ പൃഥിരാജിനെപ്പോലുള്ളവര്‍ പറയുന്നത്, ഒരു മികച്ച നിര്‍മ്മാതാവ് തന്നെയാണ് ഇദ്ദേഹമെന്നാണ്. കഥ തെരഞ്ഞെടുക്കുന്നത് തൊട്ട് കാസ്റ്റിംഗ് അടക്കം സിനിമയുടെ ഒരോ ഘട്ടത്തിലും ആന്റണിയുടെ ഇടപെടലുണ്ട്. മാര്‍ക്കറ്റിങ്ങിന്റെ രാജവാണ്. പൃഥിരാജ് ഒരു അഭിമുഖത്തില്‍ ആന്റണിയെക്കുറിച്ച് ഇങ്ങനെ പറയുന്നു-'വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ കുറച്ച് വട്ടുള്ള ആള്‍ക്കാരാണെന്ന് തോന്നും. എന്റെയത്ര വട്ടുള്ള ആളുകള്‍ ആരുമില്ലെന്ന് ഞാന്‍ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ ആശയം പറയുന്നതുമുതല്‍ ഇത് ഏറ്റവും കൂടുതല്‍ മനസിലാവുന്ന ആള്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. ദുബായിലെ ആശിര്‍വാദിന്റെ ഓഫിസില്‍ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാന്‍ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുന്നത്. അന്നുമുതല്‍ ആന്റണി കൂടെയുണ്ട്. എന്റെ സിനിമ മനസിലാക്കി കൂടെ നില്‍ക്കുന്ന നിര്‍മാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം''- പൃഥ്വിരാജ് പറയുന്നു.




പക്ഷേ ശരാശരി മലയാളിക്ക് അയാളോട് വല്ലാത്ത അസൂയയും ഒരുതരം വൈരാഗ്യവുമാണ്. പലപ്പോഴും പഴയ ഡ്രൈവര്‍ എന്ന പേരില്‍ അയാള്‍ അപമാനിക്കപ്പെടുന്നു. ഒരു ഡ്രൈവര്‍ തന്റെ അര്‍പ്പണബോധംകൊണ്ടും കഠിനാധ്വാനംകൊണ്ടും പ്രൊഡ്യൂസര്‍ ആയതിനെ, തൊഴിലാളി വര്‍ഗത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന് പറയുന്ന മലയാളി അംഗീകരിക്കുന്നില്ല. എല്ലാ മെയ് ഒന്നിന്നും, 'മുതലാളിയെക്കാണ്ട് പണിയെടുപ്പിച്ച് ജീവിക്കുന്ന ലോകത്തിലെ ഏക തൊഴിലാളിയെന്ന്' ആന്റണി പെരുമ്പാവൂരിന്റെ ചിത്രം വെച്ച് പരിഹാസപോസ്റ്റ് ഇട്ടാലെ ചിലര്‍ക്ക് ഉറക്കംവരൂ.

പക്ഷേ തന്നെ ഈ മഹാനടന്റെ ഡ്രൈവര്‍ എന്ന് വിളിക്കുന്നതില്‍ യാതൊരു അനിഷ്ടവുമില്ലെന്ന്, ഇന്ന് കോടികളെറിഞ്ഞ് സിനിമ പിടിക്കുന്ന, മലയാളത്തിലെ ഏറ്റവും സക്സ്സ്ഫുള്ളായ നിര്‍മ്മാതാവ് പറയുന്നത്. 'എല്ലാം ലാല്‍സാര്‍ തന്നെ സൗഭാഗ്യമാണ്. ലാല്‍സാര്‍ കൂടെയുള്ള ദീര്‍ഘദൂരയാത്രകളില്‍ കഴിയുന്നതും ഞാന്‍ തന്നെയാണ് വണ്ടിയോടിക്കുന്നത്. ഇന്നും മോഹന്‍ലാലിന്റെ ഡ്രൈവര്‍ എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനക്ഷതമില്ല.''എന്തുകൊണ്ട് ഡ്രൈവറായി വന്ന ആന്റണിയെ പ്രൊഡ്യൂസറാക്കിയത് എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ പറയുന്ന മറുപടിയിങ്ങനെ-'അതിനുള്ള ക്വാളിറ്റി അയാള്‍ക്കുണ്ട്. എന്റെ കാര്‍ ഓടിക്കാന്‍ ധാരാളം പേര്‍ വന്നിട്ടുണ്ട്. അവര്‍ ആരും ആന്റണി പെരുമ്പാവൂര്‍ ആയില്ല. പ്യൂരിറ്റി ഓഫ് സോള്‍ എന്ന് പറയും. ആന്റണിക്ക് അത് വേണ്ടതിലേറെയുണ്ട്''.

പക്ഷേ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ആന്റണി സിനിമ കണ്ടുതുടങ്ങിയ കാലത്തുതന്നെ ഞാന്‍ നിര്‍മ്മാതാവ് എന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയിലൊക്കെയുണ്ട് മുന വെച്ച ആ മനോവൈകല്യം. ഒരുകാര്യം ഉറപ്പാണ്. ആന്റണി തന്നെയാണ് ലാലേട്ടന്‍. ഇപ്പോള്‍ സുരേഷ് കുമാറിനോട് ഏറ്റുമുട്ടുന്നത് ആന്റണിയല്ല, മലയാള സിനിമയില്‍ ഇന്നും പൊന്നുംവിലയുള്ള, ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ്. അതുകൊണ്ടുതന്നെ സിനിമാ സമരമടക്കമുള്ളവയുടെ അവസ്ഥ എന്താവണം എന്ന് കണ്ടറിയണം.

വാല്‍ക്കഷ്ണം: ഇപ്പോള്‍ സുരേഷ്‌കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ എഴുതിയ പോസ്റ്റിനു താഴെ വരുന്ന ചില കമന്റുകളിലും കാണാം, ഒരു വിഭാഗം മലയാളികള്‍ ഹരമാക്കിയ ടോക്സിക്ക് ഡീ ഗ്രേഡിങ്ങ്. ആന്റണി പങ്കുവെച്ച എഴുത്ത് ആരോ ഇംഗ്ലീഷില്‍ എഴുതിയതാണെന്നും അദ്ദേഹമത് മലയാളത്തിലാക്കി പോസ്റ്റ് ചെയ്തതാവാനേ വഴിയുള്ളുവെന്നും ചിലര്‍ അപഹസിക്കുന്നു. ഇങ്ങനെ ചിന്തിക്കാനും, എഴുതാനും മാത്രം ഉള്ള വിവേകബുദ്ധിയൊന്നും ഈ കാര്‍ ഡ്രൈവര്‍ക്ക് ഇല്ലെന്നും, ഇത് പൃഥിരാജോ, മുരളിഗോപിയോ എഴുതിക്കൊടുത്തത് ആവാമെന്നുമാണ് ചില സൈബര്‍ ലിഞ്ചര്‍മാര്‍ പരിഹസിക്കുന്നത്! എത്ര പുരോഗമന വാദിയാവാന്‍ ശ്രമിച്ചാലും മലയാളിയുടെ വിഷം ചിലപ്പോള്‍ പുറത്ത് വരും.

Tags:    

Similar News