മുരുകന്‍മലയുടെ പേര് സിക്കന്ദര്‍മലയാക്കണമെന്ന് ഒരുവിഭാഗം മുസ്ലീങ്ങള്‍; ദര്‍ഗക്ക് സമീപത്തെ ദീപത്തൂണില്‍ തന്നെ വിളക്ക് തെളിയിക്കണമെന്ന് സംഘപരിവാര്‍; വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ ഇമ്പീച്ച് ചെയ്യാന്‍ നീക്കം; രാമന് പകരം മുരുകന്‍! തമിഴ്നാട്ടിലെ അയോധ്യയായി തിരുപ്പരന്‍കുണ്ഡ്രം?

തമിഴ്നാട്ടിലെ അയോധ്യയായി തിരുപ്പരന്‍കുണ്ഡ്രം?

Update: 2025-12-10 10:29 GMT

മിഴ്നാടിന്റെ അയോധ്യ. അല്ലെങ്കില്‍ തമിഴകത്തിന്റെ ശബരിമല. വിശ്വാസത്തിലൂന്നിയ വിവാദങ്ങള്‍ ആവര്‍ത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ തമിഴ്നാട് മോഡലായി വിലയിരുത്തപ്പെടുകയാണ്, മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം പ്രശ്നം. ഹൈന്ദവ വിശ്വാസികള്‍ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകള്‍ ഉണ്ടായിട്ടും, മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം മുരുകന്‍ കുന്നുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അവിടെ ഒരു മുസ്ലീം ദര്‍ഗയുള്ളതുകൊണ്ട് ഇത് ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

നൂറുവര്‍ഷത്തിലേറെയായി, മുരുകക്ഷേത്രത്തിന് സമീപത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപസ്തംഭത്തിലാണ് കാര്‍ത്തിക ദീപം തെളിയിക്കാറുള്ളത്. എന്നാല്‍ ഇത് മാറ്റി സിക്കന്ദര്‍ ദര്‍ഗക്ക് സമീപത്തെ ദീപത്തൂണ്‍ എന്ന് വിളിക്കുന്ന ദീപസ്തംഭത്തില്‍ വിളക്ക് തെളിയിക്കണമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അങ്ങനെയായിരുന്നെന്നും പിന്നെ അത് മാറ്റുകയായിരുന്നുവെന്നുമാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇത് വര്‍ഗീയ സംഘര്‍ഷത്തിനും കാലുഷ്യത്തിനും ഇടയാക്കുമെന്നാണ് ഡിഎംകെ സര്‍ക്കാര്‍ പറയുന്നത്. പക്ഷേ ബിജെപിയാവട്ടെ ഇതൊരു വിശ്വാസ പ്രശ്നമാക്കിയെടുത്ത് പ്രചണ്ഡമായ പ്രചാരണം നടത്തുകയാണ്. അടുത്ത് ഒരു ദര്‍ഗയുമുള്ളതുകൊണ്ട് ഇത് രാമജന്‍മഭൂമി- ബാബരി മസ്ജിദ് പ്രശ്നത്തിന് സമാനമാക്കി അതിനെ വളര്‍ത്തുകയാണ്.

മറുഭാഗത്ത് ദര്‍ഗാ സംരക്ഷണത്തിനായി ഇസ്ലാമിക സംഘടനകളും സംഘടിക്കുന്നുണ്ട്. ഇതോടെ പ്രദേശത്ത് സാമുദായിക സംഘര്‍ഷ ഭീതി നിലനില്‍ക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് ഇവിടെ പൊലീസ് ലാത്തിചാര്‍ജും നടന്നു. ഇപ്പോള്‍ കേസ് സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കയാണ്.




മുരുകന്‍മലയോ സിക്കന്ദര്‍മലയോ?

തമിഴകത്തെ മുരുകന്‍ വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് തിരുപ്പുറക്കുണ്ഡ്രം. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തിലെ മരുകന്‍മല കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ ദീപത്തൂണില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ദീപം തെളിയിച്ചിരുന്നു എന്നാണ് വിശ്വാസികള്‍ പറയുന്നത്. എന്നാല്‍ മുരുകന്‍ മലയുടെ താഴെയായി സിക്കന്ദര്‍ എന്നയാളുടെ പേരില്‍ ഒരു ദര്‍ഗ സ്ഥിതിചെയ്യുന്നുണ്ട്. മുരുകന്‍മലയുടെ പേര് സിക്കന്ദര്‍മല എന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ദര്‍ഗയുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന് പറയുന്നു. മുരുകന്‍ മലയുടെ കീഴില്‍ ഇവര്‍ മൃഗങ്ങളെ ബലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതും വിവാദമായിരുന്നു. അങ്ങനെ നേരത്തെ തന്നെ ഇവിടെ ഒരു സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

സാധാരണ മുരുകക്ഷേത്രത്തിന് സമീപത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപസ്തംഭത്തിലാണ് കാര്‍ത്തിക ദീപം തെളിയിക്കാറുള്ളത്. എന്നാല്‍ ഇത് മാറ്റി ദര്‍ഗക്ക് സമീപത്തെ ദീപത്തൂണില്‍ വിളിക്ക് തെളിയിക്കയണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തിയതോടെ വിവാദം മൂത്തു. ഇവര്‍ക്ക് സംഘപരിവാര്‍ പിന്തുണയുമുണ്ടായിരുന്നു. നേരത്തെയും ഇതു സംബന്ധിച്ച് വിവാദം ഉണ്ടായപ്പോള്‍ കോടതി ഇടപെട്ടിരുന്നു. 2014-ല്‍ ഉച്ചിപ്പിള്ളിയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിക്കുന്ന തല്‍സ്ഥിതി തുടരണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര- ദര്‍ഗ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതില്‍ പൊടുന്നനെ ഒരു മാറ്റം അനുവദിക്കില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

ഇതിനിടെ ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാര്‍ എന്നയായാള്‍ കേസ് നല്‍കി. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇതിന് അനുമതി നല്‍കി. ഇതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ അവരും അനുവാദം നല്‍കി. തുടര്‍ന്ന് ദീപം തെളിയിക്കാന്‍ രാമ രവികുമാറും ഹിന്ദുമുന്നണി പ്രവര്‍ത്തകരും പോയെങ്കിലും ഡിഎംകെ പ്രവര്‍ത്തകരും തമിഴ്നാട് സിറ്റി പൊലീസും ചേര്‍ന്ന് ഇവരെ തടഞ്ഞിരുന്നു. 50 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറും അഡ്വ. അരുണ്‍ സ്വാമിനാഥനും സിഐഎസ് എഫ് ഉദ്യോഗസ്ഥനും എത്തിയെങ്കിലും ഡിഎംകെ പൊലീസ് മലകയറാന്‍ അനുവദിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു മുസ്ലിം കലാപത്തിന് കാരണമാകുമെന്ന ന്യായമാണ് ഡിഎംകെ സര്‍ക്കാര്‍ നിരത്തുന്നത്.




ദീപ വിവാദം കത്തുമ്പോള്‍

പക്ഷേ തിരുപ്പരന്‍കുണ്ഡ്രം പ്രദേശത്തെ സെക്ഷന്‍ 144 നിരോധന ഉത്തരവ് പിന്‍വലിച്ച ഹൈക്കോടതി രാത്രി ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്താന്‍ അനുവദിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനായി പോലീസ് കമ്മീഷണര്‍ പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ, വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന സാഹചര്യത്തില്‍ വിളക്ക് കൊളുത്താന്‍ അനുമതി നല്‍കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു. ഇതുംു വലിയ പ്രശ്നമായി. രാജ്യചരിത്രത്തില്‍ ആദ്യമയാണ് കോടതി വിധി നടപ്പാക്കാഞ്ഞത് എന്ന് ആരോപണം ഉയര്‍ന്നു. സംഘപരിവാര്‍ ഇതുവെച്ച് അതിശക്തമായ കാമ്പയിനാണ് നടത്തിയത്.

തുടര്‍ന്ന് ഇരുന്നൂറിലധികം പോലീസിനെ കൂടുതലായി സ്ഥലത്ത് വീണ്ടും വിന്യസിച്ചു. ഭക്തജനങ്ങളെ സ്ഥലത്ത് നിന്നും മാറ്റി. ദീപം തെളിയിക്കാനുള്ള ഭക്തരെ മലമുകളില്‍ കയറ്റിയില്ല. ഇതേത്തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തിരുപ്പരന്‍കുണ്ഡ്രത്ത് തടിച്ചുകൂടിയ ഭക്തരോട് പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാരന് വിളക്ക് തെളിയിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്, പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ തമിഴ്നാടിന്റെ മറ്റുഭാഗത്തും പ്രതിഷേധം അലയിടിക്കയാണ്. ചുരുക്കിപ്പറഞ്ഞാല്‍ തിരുപ്പരന്‍കുണ്ഡ്രം ബിജെപിക്ക് കിട്ടിയ സുവര്‍ണ്ണാവസരമായി.

ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ സംഘപരിവാറിന്റെ വാദങ്ങള്‍ ശരിയാണെന്ന് തോന്നും. മുരുകന്‍മലയിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്താമെന്ന് കോടതി പറഞ്ഞിട്ടു അനുവദിക്കില്ല എന്ന് പറഞ്ഞാല്‍, അത് ഹിന്ദുവിനോടുള്ള വിവേചനമാണെന്ന് പറഞ്ഞാണ് ബിജെപി പ്രചാരണം. പക്ഷേ നേരത്തെ താഴ്വാരത്തുള്ള സ്ഥലത്താണ് ദീപം കൊളുത്തിയിരുന്നത്. ഇപ്പോള്‍ അത് മുകളിലെത്തുകയാണ്്. നേരത്തെ തന്നെ ഇവിടെ സംഘര്‍ഷമുണ്ട്. ഇനി ഇവിടെ ദീപം തെളിയിക്കലും അത് കഴിഞ്ഞുപോവുമ്പോള്‍ ദര്‍ഗക്കുനേരെ ഒരു കല്ലേറുമൊക്കെയുണ്ടായാല്‍ അത് വലിയ സംഘര്‍ഷമാവുമെന്നാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്. മാത്രമല്ല മുരുകന്‍മലയില്‍ ദര്‍ഗക്ക് യാതൊരു സ്ഥാനവുമില്ല എന്ന് തീവ്ര ഹൈന്ദവവാദികള്‍ രഹസ്യമായി പറയുന്നുണ്ട്. ബാബറി മസ്ജിദ് നിര്‍മ്മിച്ചതുപോലെ തങ്ങളുടെ ഭൂമിയില്‍ അന്യായമായി വന്ന ദര്‍ഗയാണ് ഇതെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. എന്നാല്‍ ഇത് ബ്രിട്ടീഷ്‌കാലത്ത് നിര്‍മ്മിച്ച സര്‍വേ സ്തംഭം മാത്രമാണ് വിളക്കുതുണ്‍പോലുമല്ലെന്നാണ് സര്‍ക്കാറിന്റെ വാദം.

ഇന്ന് ദര്‍ഗക്കടുത്തെ ദീപം തെളിയിക്കുക, ഘട്ടംഘട്ടമായി ദര്‍ഗയുടെമേല്‍ തന്നെ അവകാശവാദം ഉന്നയിക്കുക, എന്നിട്ട് ഇവിടം കലാപഭൂമിയാക്കുക, അതാണ് സംഘപരിവാര്‍ തന്ത്രമെന്നാണ് ഡിഎംകെ പറയുന്നത്. ഇത് അനുവദിക്കരുത് എന്ന ഉറച്ച നിലപാടാണ് തമിഴ്നാട് മുഖ്യന്ത്രി സ്റ്റാലിനും എടുത്തിട്ടുള്ളത്. എന്നാല്‍ അത് അതിവായനമാത്രമാണെന്നും നിഷ്പക്ഷര്‍ പറയുന്നു. വാസ്തവത്തില്‍ മുഖ്യധാര മുസ്ലിം സംഘടനകളൊന്നും ദീപം തെളിയിക്കലിനെതിരെ ഒരു പ്രസ്താവന കൂടി പുറപ്പെടുവിച്ചിട്ടില്ല. തീവ്ര മതവിശ്വാസികളായ ഒരു ന്യുനപക്ഷമാണ് ഈ വിഷയത്തില്‍ കടുത്ത നിലപാട് എടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മുസ്ലീം വോട്ട് ലക്ഷ്യമിട്ട്, ന്യൂനപക്ഷ പ്രീണനമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.



ജഡ്ജിക്കുനേരെ ഇംപീച്ച്മെന്റ്

അതിനിടെ കേസ് പാര്‍ലിമെന്റിലും സുപ്രീം കോടതിയിലുമെത്തി. തിരുപ്പരന്‍കുണ്ഡ്രം വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രിച്ചി ശിവ ഉള്‍പ്പെടെയുള്ള ഡിഎംകെ എംപിമാര്‍ നല്‍കിയ നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ തള്ളി. തുടര്‍ന്ന് ഡി.എം.കെ എംപിമാര്‍ ഇറങ്ങിപ്പോയി. എന്നാല്‍ ഡിഎംകെയാണ് അവിടെ സകല പ്രശ്നങ്ങളും ഉണ്ടാക്കിയതെന്ന് ബിജെപി ആരോപിക്കുന്നു.

അതിനിടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നില്‍ ഉന്നയിച്ചു. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഉചിതമായ ബെഞ്ചില്‍ ലിസ്റ്റു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി. ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തില്‍ കാര്‍ത്തിക ദീപം തെളിക്കുന്നതാണ് നൂറ്റാണ്ടുകളായുള്ള ആചാരമാണെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, മുരുകന്‍മലയുടെ മുകളില്‍ തന്നെ ദീപം തെളിക്കണമെന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. ഇതില്‍ സുപ്രീം കോടതി എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്.

ഈ വിഷയത്തില്‍ ഇന്ത്യാസഖ്യം മൊത്തം ഡിഎംകെക്ക് ഒപ്പമാണ്. തര്‍ക്കപ്രദേശത്ത് ദീപം തെളിയിക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരായി ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ഇന്ത്യാ സഖ്യം തുടക്കമിടുമെന്ന് സിപിഎം ലോക്‌സഭാംഗം സു വെങ്കടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ കൂട്ടായ്മയിലെ എംപിമാരാണ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങുന്നത്.

എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് വരികയാണ്. അടുത്ത ദിവസം തന്നെ നോട്ടീസ് സമര്‍പ്പിക്കുമെന്നും സു വെങ്കടേശന്‍ പറഞ്ഞു. ജസ്റ്റിസ് വി ആര്‍ സ്വാമിനാഥന്‍ ആര്‍എസ്എസ് പിന്തുണയുള്ള ഹിന്ദുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നം വാര്‍ത്തകള്‍ പുറത്തുവന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിക്കുന്ന സമയത്ത് അദ്ദേഹം ബിജെപി പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണവുമുണ്ട്. താന്‍ ആര്‍എസ്എസുകാരനാണെന്ന് ജസ്റ്റീസ് സ്വാമിനാഥന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിഎംകെ നേതാക്കാള്‍ പറയുന്നു. സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപം ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച സര്‍വേ സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ ഹര്‍ജിക്കാരന് അനുമതി നല്‍കിയതു വര്‍ഗീയ ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ ഒരു വിഷയം നല്‍കിയിരിക്കയാണ് കോടതിയെന്നാണ് ഇന്ത്യാ സഖ്യം ആരോപിക്കുന്നത്.




ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിക്ക് ലോക്‌സഭയിലെ 100 എംപിമാരുടെയോ രാജ്യസഭയിലെ 50 എംപിമാരുടെയോ ഒപ്പാണ് വേണ്ടത്. ഇംപീച്ച്‌മെന്റ് നോട്ടീസ് അംഗീകരിച്ചാല്‍ മൂന്നംഗ സമിതി വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്‌മെന്റ് പ്രമേയം ഇരുസഭകളും അംഗീകരിക്കണം. ഇത് നടക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഇതോടെ തിരുപ്പരന്‍കുണ്ഡ്രം ഒരു ദേശീയ വിഷയമായും മാറിയിരിക്കയാണ്.

മുരുകനെ വെച്ച് അധികാരം പിടിക്കുമോ?

ഈ പ്രശ്നം നിഷ്പക്ഷമായി പഠിച്ച ഇന്ത്യാടുഡെ വിലയിരുത്തിയത് എല്ലാവരും ഓവറാക്കിയെന്നാണ്. ഡിഎംകെക്ക് മുസ്ലീം വോട്ടുവേണം, സംഘപരിവാറിന് ഹിന്ദുവോട്ടും. കോടതിയും കാര്യങ്ങള്‍ കൃത്യമായി പഠിച്ചില്ല. മുന്‍ കോടതി വിധികളും ചരിത്ര രേഖകളും 1991ലെ ആരാധനാലയ സംരക്ഷണ നിയമവും അവഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്നും വിധിയുണ്ടായതെന്ന് വ്യാപക വിമര്‍ശനം വന്നു. അനുകൂല വിധിപോവട്ടെ ഹര്‍ജിക്കാരന് ഇവിധി നടപ്പാക്കാന്‍ സിഐഎസ്എഫ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് മുന്‍ കോടതി വിധികളെ അട്ടിമറിക്കുന്നത് മാത്രമല്ല, ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്ന ഫെഡറല്‍ തത്വം മറികടന്നുള്ളതുമാണെന്ന് വിമര്‍ശനം വന്നതാണ്. അതും കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് സ്വാമിനാഥന്റെ ഇംപീച്ച്മെന്റവരെ കാര്യങ്ങള്‍ എത്തിച്ചത്.

കഴിഞ്ഞ കുറേക്കാലമായി തമിഴ്നാട്ടില്‍ മുരുകനെയിട്ട് ബിജെപി കളിക്കയാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന മതരാഷ്ട്രീയം അവര്‍ക്ക് തമിഴകത്ത് ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഭൂരിഭാഗവും മോദി തരംഗത്തില്‍ ആടിയുലഞ്ഞിട്ടും, തമിഴ്‌നാട് മോദി വിരുദ്ധ നിലപാടുമായി ശക്തമായി നിലകൊള്ളുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ ഗോബാക്ക് മോഡി എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മതം പുറത്തിട്ട് കളിക്കാന്‍ ബിജെപി തയ്യാറാവുകയാണ്. ബിജെപിക്കൊപ്പം ഹിന്ദുമക്കള്‍ കച്ചി, ഹനുമാന്‍സേന, ഹിന്ദു തമിഴര്‍ കക്ഷി തുടങ്ങിയ തീവ്ര വലതുസംഘടനകളും രംഗത്തുണ്ട്.



2020ല്‍ കോവിഡ് കാലത്ത് മുരുക ഭഗവാനെ അപമാനിച്ചുവെന്ന് പറഞ്ഞ് ബിജെപി ഒരു വേല്‍യാത്ര നടത്തിയിരുന്നു. ഇത് 'കലാപ രാഷ്ട്രീയത്തിനുള്ള' തന്ത്രമാണെന്ന് എതിരാളികള്‍ ആരോപിച്ചത്. മുരുകനെക്കുറിച്ചുള്ള ഭക്തിഗാനമായ കാണ്ഡ ഷഷ്ഠി കവാസത്തെ അപമാനിക്കുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ അപ്ലോഡ് ചെയ്തതിനെത്തുടര്‍ന്ന്, ബിജെപി ഒരു മാസം നീണ്ടുനില്‍ക്കുന്ന 'വെട്രിവേല്‍' യാത്ര പ്രഖ്യാപിച്ചത്. മുരുകനോടുള്ള ആദരസൂചകമായ വെട്രിവേല്‍ യാത്രയില്‍ മുരുകന്റെ ആറ് വാസസ്ഥലങ്ങളും, 'ആറുപടൈ വീട്', കവര്‍ ചെയ്യാനായിരുന്നു തീരുമാനം.ഈ യാത്രയുടെ ഒരു പ്രധാന കേന്ദ്രവും തിരുപ്പരന്‍കുണ്ഡ്രമായിരുന്നു. പക്ഷേ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പോലീസ് പൊതുയോഗങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെ ബിജെപി പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.




അന്ന് യാത്രയുടെ ലോഗോയും തീം സോങ്ങും അനാച്ഛാദനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന്‍ പറഞ്ഞത് യാത്ര തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വഴിത്തിരിവാവുമെന്നാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. ബിജെപി പുറത്തിറക്കിയ യാത്രാ പ്രൊമോ വീഡിയോ എഐഎഡിഎംകെ സ്ഥാപകനായ എംജിആറിന്റെ ചിത്രത്തോടെയാണ് ആരംഭിച്ചത്. ബിജെപി തങ്ങളുടെ പാര്‍ട്ടി സ്ഥാപകനെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെയും എംജിആറിന്റെ ചിത്രം ഉപയോഗിച്ച് ബിജെപിയുടെ പ്രചാരണത്തില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെയും എതിര്‍ത്ത നിരവധി എഐഎഡിഎംകെ നേതാക്കള്‍ക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ കാലാന്തരത്തില്‍ എംജിആറിനെ ബിജെപി ഹൈജാക്ക് ചെയ്തപോലെയാണ്. ഉത്തരേന്ത്യയില്‍ രാമനെ വെച്ച് നടത്തിയ ധ്രുവീകരണം തമിഴകത്ത് മുരുകനെവെച്ച് നടത്താനാണ് ബിജെപി നീക്കം.

മുരുകന്‍ മാനാട്

അണ്ണാമലൈ ബിജെപി പ്രസിഡന്റായതോടെ കൃത്യമായ തന്ത്രങ്ങള്‍ അവര്‍ നടപ്പാക്കാന്‍ തുടങ്ങി. ഉത്തരേന്ത്യയിലൊക്കെ ബിജെപി കൃത്യമായി നടപ്പാക്കിയ മതത്തെവെച്ച് ജാതിയെ വെട്ടുക എന്ന പരിപാടി തന്നെയാണ് അണ്ണാമലൈ തമിഴ്‌നാട്ടിലും നടപ്പാക്കാന്‍ ഒരുങ്ങിയത്. വ്യക്തമായ നേതൃത്വമില്ലാത്ത എഐഡിഎംകെയെ പതുക്കെ പതുക്കെ വിഴുങ്ങാന്‍ കഴിയും എന്നാണ് അദ്ദേഹം കരുതിയത്. തമിഴ്‌നാട്ടിലെ ഗൗണ്ടര്‍ ജാതിക്കാരാണ് എഐഡിഎംകെയുടെ വോട്ട്ബാങ്ക്. അണ്ണാമലൈയും ഗൗണ്ടര്‍ ആണ്. പതുക്കെ ഗൗണ്ടര്‍മാരെ തങ്ങളുടെ വോട്ട്ബാങ്ക് ആക്കാമെന്നായിരുന്നു അണ്ണാമലൈ പ്ലാന്‍.

സനാതാന ധര്‍മ്മ വിവാദത്തിലൊക്കെ, മതവികാരം പരമാവധി ആളിക്കത്തിക്കാനാണ് ബിജെപി ക്യാമ്പ് ശ്രമിച്ചത്. കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍ എന്നീ ജില്ലകളും ദിണ്ടിഗലിലേയും ധര്‍മപുരിയിലേയും കുറച്ച് ഭാഗവും അടങ്ങുന്ന കൊങ്കുനാട്ടിലാണ് ബിജെപിയുടെയും പ്രതീക്ഷ. ഇതുാെണ്ടാണ് കൊങ്കുനാട് എന്ന പേരില്‍ കോയമ്പത്തുര്‍ ആസ്ഥാനമാക്കി പുതിയ സംസ്ഥാനം വേണമെന്ന് ബിജെപി കാമ്പയിന്‍ നടത്തിയത്. പക്ഷേ ഇതിനൊന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഒടുവില്‍ അണ്ണാമലൈക്ക് രാജിവെച്ച് ഒഴിയേണ്ടിവന്നു.




അതിനുശേഷമാണ് തിരുപ്പരന്‍കുണ്ഡ്ര വിവാദം ഒരു കച്ചിത്തുരുമ്പുപോലെ വീണുകിട്ടുന്നത്. എന്നാല്‍ ഈ വര്‍ഗീയധ്രുവീകരണ നീക്കം, തമിഴ്‌നാട് ജനത പരാജയപ്പെടുത്തുമെന്ന് വിസികെ മേധാവി തോല്‍ തിരുമാവളവന്‍ പറയുന്നത്. മുരുകന്‍ മാനാടിനെതിരെ മധുര ഫെഡറേഷന്‍ ഫോര്‍ റിലീജിയസ് ഹാര്‍മണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മതരാഷ്ട്രീയത്തിന് എതിരാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ലോകത്തിന് മുന്നില്‍ തെളിയിക്കുകയാണ് പ്രതിഷേധത്തിലൂടെ ചെയ്യുന്നതെന്ന് തിരുമാവള്‍വന്‍ പറഞ്ഞു.

'വടക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മതരാഷ്ട്രീയം ഉപയോഗിച്ചു. തമിഴ്‌നാട്ടിലും അവര്‍ അത് പരീക്ഷിക്കുകയാണ്. 1992 മുതല്‍, ബാബറി മസ്ജിദ് വിഷയത്തിനുശേഷം, തിരുപ്പരന്‍കുണ്ഡ്രത്ത് ഒരു വിവാദം സൃഷ്ടിക്കാനും മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും സംഘപരിവാര്‍ ശ്രമിച്ചുവരികയാണ്,' അദ്ദേഹം പറഞ്ഞു.എച്ച് രാജയെപ്പോലുള്ള ബിജെപി നേതാക്കള്‍ തിരുപ്പരന്‍കുണ്ഡ്രത്തെ തമിഴ്‌നാടിനെ അയോധ്യയാക്കുമെന്ന് പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒരിക്കലും അത് അനുവദിക്കില്ല,' തിരുമാളവന്‍ പറഞ്ഞു.

പക്ഷേ ഇവിടെ സാധാരണക്കാരായ വിശ്വാസികള്‍ ബിജെപിക്ക് ഒപ്പമാണ്. മുരുകന്‍ മാനാട് സംഘടിപ്പിച്ചുകൊണ്ട് വ്യാപക പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. അതിന് വിത്തിട്ട് കൊടുത്തത് സ്റ്റാലിന്റെ പിടിവാശിയാണ്. പൊലീസ് സംരക്ഷണത്തില്‍ അവിടെ കാര്‍ത്തിക ദീപം തെളിയിച്ചിരുന്നെങ്കില്‍ അതോടെ പ്രശ്നം തീര്‍ന്നേനെ. ഇപ്പോള്‍ ഹിന്ദു വിശ്വാസത്തെ ഹനിക്കുന്നുവെന്നും കോടതിവിധി ധിക്കരിക്കുന്നുവെന്നുമൊക്കെ ഇരവാദം പറയാന്‍ സംഘപരിവാറിന് അവസരം കിട്ടുകയാണ്.

വാല്‍ക്കഷ്ണം: തിരുപ്പരന്‍കുണ്ഡ്രം തമിഴ്‌നാട്ടിലെ അയോധ്യയാണെന്നാണ് എച്ച് രാജയെപ്പോലുള്ള നേതാക്കാള്‍ പറയുന്നത്. ഞെട്ടിക്കുന്ന വര്‍ഗീയ ധ്രുവീകരണമാണ് തമിഴകത്ത് നടക്കുന്നതെന്നാണ്, ഇന്ത്യടുഡെ പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്.

Tags:    

Similar News