'ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ' എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍
പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ധിക്കുന്ന ലോകമഹാത്ഭുതം! പാണപ്പറമ്പില്‍ ഇസ്മയില്‍ മുഹമ്മദ്കുട്ടിയെന്ന, നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു ജന്‍മദിനം കൂടി കടന്നുപോവുകയാണ്. 74 വയസ്സായി അദ്ദേഹത്തിന്. സൈബര്‍ ലിഞ്ചര്‍മാരായ ടോക്സിക്ക് മലയാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ കാശിക്കുപോയി വിശ്രമ ജീവിതം നയിക്കേണ്ട പ്രായം. ഈ പ്രായത്തിലും അദ്ദേഹം അപാരമായ ഫിസിക്കല്‍ ഫിറ്റ്നസ് സൂക്ഷിക്കുന്നു. സ്‌ക്രീനിലെ മമ്മൂട്ടിക്ക് ഇന്നും 45നും 50നും ഇടയിലാണ് പ്രായം. ഇത്തവണത്തെ ജന്‍മദിനത്തിന് ഇരട്ടി മധുരമുണ്ട്. മലയാളികളെ മൊത്തം ഞെട്ടിച്ച വാര്‍ത്തയായിരുന്നു, നമ്മുടെ ഈ സ്വകാര്യ അഹങ്കാരത്തിന്റെ അസുഖ വിവരം. ഇപ്പോള്‍ മമ്മൂട്ടി പൂര്‍ണ്ണമായും രോഗവിമുക്തനായി അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ്, സയനൈഡ് മോഹന്റെ കഥ പറയുന്നതെന്ന് കരുതുന്ന, 'കളങ്കാവല്‍' എന്ന ചിത്രത്തിന്റെ അതിഗംഭീരമായ ഒരു ടീസര്‍ പുറത്തുവന്നിരിന്നു. മമ്മൂട്ടിയുടെ ആ പ്രത്യേക നോട്ടവും, നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിരിയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തകയാണ്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കയാണ് തിരമലയാളം. രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്. പ്രതിനായക വേഷങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹിക്കുന്ന മഹാ നടന്റെ പെരുങ്കളിയാട്ടമാവും ഈ ചിത്രമെന്നാണ്, മാധ്യമങ്ങള്‍ കരുതുന്നത്.
ഓരോ ജന്‍മദിനം കടന്നുപോവുമ്പോഴും, മാധ്യമങ്ങളും, വ്ളോഗര്‍മാരും, യു ട്യൂബര്‍മാരും മമ്മൂട്ടിയെന്ന 'അഭിനയ ലമ്പടന്റെ' അപദാനങ്ങള്‍ നിരന്തരം വാഴ്ത്തിപ്പാടാറുണ്ട്. കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തില്‍നിന്ന് വന്ന, യാതൊരു സിനിമാ പരിചയവുമില്ലാത്ത മുഹമ്മദ് കുട്ടിയെന്ന വെളുത്ത് മെല്ലിച്ച ചെറുപ്പക്കാരനില്‍നിന്ന്, മലയാളിയുടെ മാതൃകാ പുരുഷ സങ്കല്‍പ്പത്തിലേക്ക് പരകായം ചെയ്യപ്പെട്ട്, ഒരു മെഗാസ്റ്റാറിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഒരുപാട് അപമാനങ്ങളും, കുത്തുവാക്കുകളും, ചവിട്ടിത്താഴ്ത്തലുകളും, അതിജീവിച്ചാണ് അയാള്‍ വളര്‍ന്നുവന്നത്.
കുഞ്ഞിലേ തലയില്‍ സിനിമ മാത്രം
എല്ലാം തളികയില്‍വെച്ച് കിട്ടിയ ഭാഗ്യവാനല്ല മമ്മൂട്ടി. സിനിമയെന്നത് വെറുമൊരു സ്വപ്ന ലോകം മാത്രമായിരുന്ന കുഗ്രാമത്തിലായിരുന്നു അദ്ദേഹം പിറന്നുവീണത്. 1951 സെപ്റ്റംബര്‍ ഏഴാം തീയതി വൈക്കത്തിനടുത്ത് ചെമ്പില്‍ പാണപ്പറമ്പില്‍ ഇസ്മായേലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായി ജനനം. കുട്ടിക്കാലത്ത് തടിച്ച് ഉരുണ്ട ശരീരമായിരുന്നു മമ്മൂട്ടിക്ക്. അതിന്റെപേരില്‍ അദ്ദേഹം കളിയാക്കപ്പെട്ടതൊക്കെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ചെറുപ്പത്തിലേ സിനിമയും നാടകവുമെല്ലാം ഏറെ ഇഷ്ടമായിരുന്നു ആ ബാലന്. ചെമ്പ് സെന്റ്തോമസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്, ആദ്യമായി സിനിമ കണ്ടപ്പോള്‍ തന്നെ നടനാവണമെന്ന് അഭിനിവേശം കുരുത്തു. വലിയൊരു സിനിമാ നടനാവണമെന്ന്, താന്‍ പ്രാര്‍ത്ഥിച്ചകാര്യം മമ്മൂട്ടിയുടെ ആത്മകഥയില്‍ പറയുന്നുണ്ട്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് അവന്‍ ആദ്യമായി സ്റ്റേജില്‍ കയറിയത്. ടാബ്ലോയില്‍. പിന്നെ വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കൃതിയെ അവംലംബിച്ചുള്ള നിഴല്‍ നാടത്തിലും. അതില്‍ സ്ത്രീവേഷമായിരുന്നു ആ പയ്യന്! ( അതേ പയ്യന്‍ പിന്നീട് മലയാളികളുടെ പുരുഷ സൗന്ദര്യത്തിന്റെ റോള്‍ മോഡലായി)
എസ്എസ്എല്‍സിക്ക് 600-ല്‍ 302 എന്ന അക്കാലത്തെ ഉയര്‍ന്ന മാര്‍ക്കുമായിട്ടാണ് മുഹമ്മദ് കുട്ടി പാസായത്. പ്രീഡിഗ്രിക്ക് തേവര എസ് എച്ച് കോളജില്‍ പഠിക്കുമ്പോഴും മനസ്സില്‍ സിനിമയായിരുന്നു. ബാപ്പ മൂന്ന് രൂപ ബസുകൂലിയായി തന്നതില്‍ മിച്ചം പിടിച്ചായിരുന്നു കൊട്ടക കയറല്‍. അങ്ങനെ ഉഴപ്പി പ്രീഡിഗ്രി ആദ്യ ചാന്‍സില്‍ തോറ്റ അദ്ദേഹം രണ്ടാം ചാന്‍സിലാണ് ജയിച്ചത്. പിന്നീട് ഡിഗ്രിക്കായി മഹാരാജാസ് കോളജിലെത്തിയപ്പോള്‍, മിമിക്രിയും നാടകവുമായി മമ്മൂട്ടി നിറഞ്ഞുനിന്നു. അന്ന് എപ്പോഴും തമാശയുണ്ടാക്കുന്ന, ഷൈന്‍ ചെയ്യാനുള്ള ഒരു അവസരവും പാഴാക്കാത്ത സ്പോട്ട് കോമഡി വീരനായാണ്, ആ യുവാവ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ സിനിമയില്‍ കോമഡി അത്രയൊന്നും വഴങ്ങാത്ത നടനായി താന്‍ മാറിയെന്നും അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. അക്കാലത്ത് മമ്മൂട്ടി ഒരു കഥാകൃത്തുമായിരുന്നു. പക്ഷേ എഴുതിയതൊന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ല. പിന്നീട് നടനായശേഷം സാഹിത്യഅക്കാദമിയുടെ ഒരു സാഹിത്യരചനാ ക്യാമ്പില്‍ തന്റെ ഏഴ് കഥകളുമായി മമ്മൂട്ടി വന്നിരുന്നു! ഒരു നഖമെങ്കിലും നീട്ടി വളര്‍ത്തി മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാവാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു.
വാ പൊളിച്ച് ഓടി വന്ന നടന്‍
മമ്മൂട്ടിയുടെ ആദ്യത്തെ അഭിനയവും, വല്ലാത്തൊരു അനുഭവമായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്താണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്. കോട്ടയത്ത് എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ പോവണം എന്ന് പറഞ്ഞ് ബാപ്പയില്‍നിന്ന് പണം വാങ്ങി മമ്മൂട്ടി സംവിധായകന്‍ കെ എസ് സേതുമാധവനെ കണ്ടു. ചേര്‍ത്തലയില്‍വെച്ചാണ് ഷൂട്ടിങ്ങ്. അവിടെ എത്തിയാല്‍ എന്തെങ്കിലും വേഷം തരാമെന്ന് പറഞ്ഞു. മമ്മൂട്ടി അവിടെ എത്തിയെങ്കിലും, മെലിഞ്ഞ് ആ ശരീര പ്രകൃതി അദ്ദേഹത്തിന് പിടിച്ചില്ല. നിങ്ങളുടെ ശരീരം പോര എന്നും പക്ഷേ നിരാശപെടേണ്ട കാര്യമില്ലെന്നും പ്രായം ഇത്രതല്ലേ ആയിട്ടുള്ളുവെന്നും അദ്ദേഹം സമാധാനിപ്പിച്ചു.
പിറ്റേന്ന് രണ്ട് ചെറിയ ഷോട്ടുകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. വര്‍ഗശത്രുവിനെ എതിര്‍ത്തുകൊന്ന ശേഷം തൂക്കുമരം എറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ റോളിലാണ് സത്യന്‍ അഭിനയിക്കുന്നത്. ചെല്ലപ്പനെ സഹായിച്ചതിന്റെ പേരില്‍ മുതലാളിയുടെ ഗുണ്ടകള്‍ ഫാക്ടറി കവാടത്തിലുളള ബഹദൂറിന്റെ മാടക്കട തല്ലിതകര്‍ക്കുന്നു. ആ വാര്‍ത്തയറിഞ്ഞ് പരിഭ്രമത്തോടെ ബഹദൂര്‍ ഓടിക്കിതച്ച് വരുന്നു. ഒപ്പം വരുന്ന രണ്ട് പേരില്‍ ഒരാളാണ് മമ്മൂട്ടി. അന്ന് അവിടെ ലൊക്കേഷനില്‍ ഉറങ്ങുകയായിരുന്ന സത്യന്‍ സാറിന്റെ കാല്‍ തൊട്ടുവണങ്ങിയ കാര്യവും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അത് ആരും കണ്ടില്ല, സത്യന്‍ പോലും അറിഞ്ഞില്ല.
ആദ്യ റിഹേഴ്സലില്‍ തന്നെ പണി പാളി. റിഫ്കള്ടറിന്റെ ചൂടും വെളിച്ചവും കാരണം മമ്മൂട്ടിക്ക് കണ്ണുതുറക്കാനായില്ല. അതിനാല്‍ കണ്ണടച്ച് വാ പൊളിച്ചാണ് ഓടി വന്നത്. അത് വലിയ തമാശമായി. വീണ്ടും നോക്കി, ശരിയാവുന്നില്ല. അതോടെ നിങ്ങള്‍ അങ്ങോട്ട് മാറി നില്‍ക്കൂ, മറ്റാരെയെങ്കിലും നോക്കാം എന്നായി സംവിധായകന്‍. എല്ലാ പ്രതീക്ഷകളും തകര്‍ന്ന മമ്മൂട്ടി ഇപ്പോള്‍ കരഞ്ഞുപോവും എന്ന അവസ്ഥയിലാണ്. ഒരുതവണകൂടി അവസരം തരണമെന്ന് അയാള്‍ സംവിധായകനോട് കെഞ്ചി. അങ്ങനെ ഒരു വിധത്തില്‍ ഷോട്ട് എടുത്തു. ആ സെറ്റില്‍നിന്ന് ആരോടും പറയാതെയാണ് മമ്മൂട്ടി മുങ്ങിയത്. അങ്ങനെ വാ പൊളിച്ച് ഓടി വന്ന നടനാണ്, പില്‍ക്കാലത്ത് മലയാള സിനിമാ വ്യവസായത്തെ തന്നെ വിഴുങ്ങത്തക്ക രീതിയിലുള്ള മെഗാതാരമായി പന്തലിച്ചത്. 1971-ല്‍ റിലീസായ ചിത്രം എറണാകുളം ഷേണായിസീല്‍ കണ്ട അനുഭവവം മമ്മൂട്ടി പറഞ്ഞിരുന്നു, കാലൊക്കെ നീണ്ടു കൊക്ക് പോലെയുളള ആ രൂപം കണ്ടപ്പോള്‍ വല്ലാത്ത നിരാശ തോന്നിയെങ്കിലും മഹാരാജാസിലെ കൂട്ടുകാര്‍ക്കിടയില്‍ താന്‍ സൂപ്പര്‍സ്റ്റാറായി എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നീട് ലോ കോളജില്‍ പഠിക്കുമ്പോഴും നാടവും മിമിക്രിയും തുടര്‍ന്നു.
പില്‍ക്കാലത്ത് ചാന്‍സ് ചോദിച്ച് നടന്ന സമയത്തുണ്ടായിരുന്ന അപമാനങ്ങളും, ആട്ടിയോടിക്കലുമെല്ലാം എഴുതിയാല്‍ തീരില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. എല്ലാ ഡീറ്റേയില്‍സും പഠിക്കുന്ന, വാചാലമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ രീതിയും പരിഹസിക്കപ്പെട്ടു. ഭയങ്കര കത്തിയാണെന്ന് പറഞ്ഞ് മമ്മൂട്ടിയെ ഇറക്കിവിട്ട കഥ ഒരിക്കല്‍ കലൂര്‍ ഡെന്നീസ് പറഞ്ഞിട്ടുണ്ട്. ഒരുപാട് അപമാനങ്ങള്‍ ഏറ്റിട്ടും, പൈപ്പ്വെള്ളം കുടിച്ചിട്ടും അയാള്‍ ചാന്‍സ് ചോദിക്കല്‍ തുടര്‍ന്നു.
വക്കീലായി മഞ്ചേരിയില്‍ പ്രാകീടീസ് ചെയ്യുന്ന കാലമൊക്കെ മമ്മൂട്ടിക്ക് കഷ്്ടപ്പാടിന്റെതായിരുന്നു. പണമില്ലാത്തതിനാല്‍ രാവിലെ കഞ്ഞിയും പയറും മാത്രം കഴിച്ചാണ് അദ്ദേഹം മിക്ക ദിവസവും കോടതിയിലെത്തിയത്. പക്ഷേ അപ്പോഴും ചാന്‍സ് ചോദിക്കല്‍ അതിനൊപ്പം നടന്നു. ആ കഠിനാധ്വാനത്തിന് ഫലമുണ്ടായി. എം ടിയുടെ സ്‌ക്രിപ്റ്റില്‍ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലുടെ മമ്മൂട്ടി നടനായി. 79-ല്‍ ചിത്രീകരിച്ച് 80-ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ വെറും 150 രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം!
വര്‍ഗീയത ഭയന്ന് സജിനാവുന്നു
ഒരുകാലത്ത് അദ്ദേഹം തന്റെ പേര് സജിന്‍ എന്ന് മാറ്റിയിരുന്നു. കുട്ടിക്കാലത്തും പിന്നീട് കോളേജില്‍ എത്തിയപ്പോഴും മമ്മൂട്ടിക്ക് തന്റെ പേര് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പ്രായം കൂടിയ ആളുടെ പേരാണ് മുഹമ്മദ് കുട്ടി എന്നായിരുന്നു അക്കാലത്ത് താരത്തിന്റെ ധാരണ. അതുകൊണ്ടുതന്നെ കോളേജില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ തന്റെ പേര് ഒമര്‍ ഷെരീഫ് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കുറച്ചുകാലം ഒമര്‍ ഷെരീഫ് എന്ന പേരില്‍ കോളേജില്‍ നടന്നെങ്കിലും ഒരു ദിവസം പുസ്തകത്തിനുള്ളില്‍ ഭദ്രമായി വച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് സുഹൃത്തുക്കളില്‍ ഒരാള്‍ കണ്ടെത്തിയതോടെ ആ കള്ളം പൊളിഞ്ഞു. 'ഡാ, നീ മമ്മൂട്ടിയാ' എന്നായിരുന്നു കാര്‍ഡ് കണ്ട് സുഹൃത്ത് ചോദിച്ചതെന്നാണ് മുമ്പൊരിക്കല്‍ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.
പിന്നീട് സിനിമയില്‍ എത്തിയപ്പോഴേക്കും മമ്മൂട്ടി എന്ന പേരിനോട് ഒരു ഇഷ്ടം അദ്ദേഹത്തിന് വന്നിരുന്നു. എന്നാല്‍ ഈ പേര് പറ്റില്ലെന്നും മറ്റൊരു പേര് ഉപയോഗിക്കണമെന്നും സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ ആവശ്യപ്പെട്ടു. പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'സ്ഫോടന'ത്തില്‍ സജിന്‍ എന്ന പേരായിരുന്നു ഉപയോഗിച്ചത്. അക്കാലത്ത് മമ്മൂട്ടി എന്ന ഒരു പക്കാ മുസ്ലീം പേരില്‍ അറിയപ്പെടുന്ന ഒരാള്‍ വിജയിക്കില്ല എന്നും ചില കുബുദ്ധികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ വര്‍ഗീയതയില്ല എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മമ്മൂട്ടിയെന്ന പേര്. ഏറെ വൈകാതെ തന്നെ മമ്മൂട്ടി എന്ന ഇപ്പോള്‍, ലോകം ആഘോഷിക്കുന്ന ആ കാല്‍പ്പനിക നാമത്തിലേക്ക് താരം തിരിച്ചെത്തി.
മമ്മൂട്ടിയുടെ അഭിനയംപോലെ ഗംഭീരമാണ് അദ്ദേഹത്തിന്റെ ശബ്ദവും. വടക്കന്‍ വീരഗാഥയിലെ 'ചന്തുവെനെ തോല്‍പ്പിക്കാനാവില്ല മക്കളേ'' എന്ന ആ ഡയലോഗുകളുടെ തീക്ഷ്ണതയൊക്കെ ഇന്ന് 2കെ പിള്ളേര്‍വരെ ആഘോഷിക്കുന്നു. താന്‍ എഴുതുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കഥാപാത്രം തന്നോട് സംസാരിക്കുമായിരുന്നുവെന്നാണ് എം ടി ഒരിക്കല്‍ പറഞ്ഞത്. മമ്മൂട്ടി അതിനെ തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും. പക്ഷേ ആദ്യകാല സിനിമകളില്‍ പലതിലും മമ്മൂട്ടിയുടെ ശബ്ദം മോശമാണെന്ന് പറഞ്ഞ ഡബ്ബ് ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. ( ആകാശവാണിയുടെ സൗണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടയാളാണ് സാക്ഷാല്‍ യേശുദാസ് എന്ന് കൂടി കൂട്ടിവായിക്കണം) വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ,സ്ഫോടനം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത് മറ്റ് പലരുമായിരുന്നു. എന്നാല്‍ അധികം വൈകാതെ മമ്മൂട്ടി തന്നെ തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിത്തുടങ്ങി.
1981-ല്‍ പുറത്തിറങ്ങി തൃഷ്ണയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം. ഇതേ വര്‍ഷം തന്നെ മമ്മൂട്ടിക്ക് ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. അഹിംസയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമായിരുന്നു താരത്തിന് ലഭിച്ചത്. 1983 ,1984 ,1985 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന അവാര്‍ഡുകളും മമ്മൂട്ടിയെ തേടിയെത്തി. താരത്തില്‍നിന്ന് അദ്ദേഹം സൂപ്പര്‍താരത്തിലേക്ക് മാറി.
'ഞാന്‍ ഔട്ടായേ' എന്ന് നിലവിളി
പക്ഷേ 1986 എത്തിയയോടെ മമ്മൂട്ടിക്ക് തിരിച്ചടികള്‍ നേരിട്ടുതുടങ്ങി. സെപ്റ്റംബറില്‍ ഇറങ്ങിയ 'ആവനാഴി'ക്ക് ശേഷം അദ്ദേഹത്തിന് ഹിറ്റുകള്‍ ഉണ്ടായില്ല.86 ജലൈ 16ന് ഇറങ്ങിയ രാജാവിന്റെ മകന്‍ സിനിമയോടെ മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്കും ഉയര്‍ന്നിരുന്നു. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന, സംവിധായകന്‍ തമ്പി കണ്ണന്താനവും മമ്മൂട്ടിയും തമ്മിലുള്ള ഉടക്കില്‍നിന്നാണ് ഈ ചിത്രം ലാലിലേക്ക് എത്തിയത്.
ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ മനസില്‍ കണ്ടെഴുതിയ തിരക്കഥയായിരുന്നു ഇത്. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ മനസിലും വിന്‍സന്റ് ഗോമസ് മമ്മൂട്ടിയായിരുന്നു. എന്നാല്‍ തമ്പിക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല. തമ്പി അപ്പോള്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സംവിധായകനായിരുന്നു. ഡെന്നിസിന്റെ തിരക്കഥ ഗംഭീരമാണെന്നും എന്നാല്‍ തമ്പിയോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ നിലപാട്. ഇത് അദ്ദേഹം തമ്പിയോട് വെട്ടിത്തുറന്ന് പറഞ്ഞു. ഇതില്‍ കോപാകുലനായ തമ്പി കണ്ണന്താനം 'രാജാവിന്റെ മകന്‍' മോഹന്‍ലാലിന് നല്‍കുകയായിരുന്നു. 'ഞാന്‍ അവനെവെച്ച് സിനിമ പിടിക്കുമെന്നും അന്ന് തന്റെ കൗണ്ട് ഡൗണ്‍ തുടങ്ങുമെന്നും' തമ്പി മമ്മൂട്ടിയോട് വെട്ടിത്തുറന്ന് പറഞ്ഞു. സ്വന്തം വീട് വിറ്റും കാറുവരെ പണയം വെച്ചുമാണ് തമ്പി സ്വന്തം പ്രൊഡക്ഷനില്‍ രാജാവിന്റെ മകന്‍ എടുത്തത്. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് മമ്മൂട്ടി മുറിയില്‍ എത്തുകയും രാജാവിന്റെ മകനിലെ സീനുകള്‍ എടുത്ത് തന്റെതായ മോഡുലേഷനില്‍ വായിച്ചതും, ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ഡെന്നീസ് ജോസഫ് നമ്മള്‍ നായകന്റെ കാര്യത്തില്‍ ഒന്നുകൂടി ആലോചിച്ചാലോ എന്ന് തമ്പിയോട് ചോദിക്കുന്നുണ്ട്. പക്ഷേ 'ഇനി അവന്‍ സൗജന്യമായ അഭിനയിക്കാമെന്ന് പറഞ്ഞാലും വേണ്ട' എന്നായിരുന്നു തമ്പിയുടെ ഉറച്ച നിലപാട്.
പക്ഷേ അവര്‍ തമ്മിലുള്ള സൗഹൃദം അപ്പോഴും തുടര്‍ന്നു. രാജാവിന്റെ മകന്‍ പൂജാ ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ മമ്മൂട്ടിയെയാണ് തമ്പി വിളിച്ചത്. മമ്മൂട്ടി ലൊക്കേഷനിലെത്തി, വിളക്ക് കൊളുത്തുകയും ചെയ്തു. രാജാവിന്റെ മകന്‍ ചരിത്ര വിജയമായി. അതോടെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കും ഉയര്‍ന്നു. ആ സമയത്ത് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഒന്നൊന്നായി പൊട്ടി. 'കുട്ടി പെട്ടി മമ്മൂട്ടി' എന്ന ഒരേ ഫോര്‍മാറ്റില്‍ ഇറങ്ങിയ മമ്മൂട്ടി- മാമാട്ടി ( ബേബി ശാലിനി) ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയമായി. അതോടെ മമ്മൂട്ടി എന്ന താരം അസ്തമിച്ചുവെന്ന് സിനിമാ വാരികകള്‍ എഴുതി. ഒരുകാലത്ത് നിന്ന് തിരിയാന്‍ സമയമില്ലാത്ത മമ്മൂട്ടിക്ക് ചിത്രങ്ങള്‍ കുറഞ്ഞു. ആരും വിളിക്കാതെയായി.
ഈ സമയത്ത് ഏറെ പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. രണ്ട് പതിറ്റാണ്ടിലധികം കാലം മലയാള സിനിമാ രംഗത്തെ പോസ്റ്റര്‍ ഡിസൈനിങ്ങില്‍ പ്രഥമ സ്ഥാനീയനായിരുന്നു. ഗായത്രി ആശോക് സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരമ്പരയില്‍ ഇക്കാര്യം പറയുന്നുണ്ട്. അടുപ്പുള്ളവരെ കണ്ടാല്‍ കരയുന്ന അവസ്ഥയിലായിരുന്നു മമ്മൂട്ടി അപ്പോള്‍. 'ഞാന്‍ ഔട്ടായെ എല്ലാവരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ' എന്ന വിലപിക്കുന്ന മമ്മൂട്ടിയെ ആശ്വസിപ്പിച്ച കഥ അശോക് പറയുന്നുണ്ട്. 'മമ്മൂട്ടി നിങ്ങളെ ആര്‍ക്കും ഔട്ടാക്കാന്‍ കഴിയില്ല, നിങ്ങളുടെ സമയം വരുന്നേയുള്ളൂ' എന്ന അശോകിന്റെതടക്കം ആശ്വാസവാക്കുകള്‍ സത്യമായി. 87-ല്‍ ഡെന്നീസ് ജോസഫ് -ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ ന്യൂഡല്‍ഹിയിലുടെ മമ്മൂട്ടി അതിശക്തമായി തിരിച്ചുവന്നു. ( 80കളുടെ തുടക്കത്തില്‍ ഒരു സിനിമാ സെറ്റിലുണ്ടായ അനുഭവം നടന്‍ മുകേഷ് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്ത് ഒരു ബൈക്ക് ഓടിക്കവേ മമ്മൂട്ടി അതുമായി മറിഞ്ഞു വീണു. അദ്ദേഹത്തിന്റെ മുഖം മുറിഞ്ഞു. അതോടെ 'അയ്യോ എന്റെ മുഖംപോയെ, ഞാനിനി എങ്ങനെ അഭിനയിക്കും' എന്ന് പറഞ്ഞ് കരയുന്ന മമ്മൂട്ടിയെയാണ് കണ്ടതെന്ന് മുകേഷ് ഓര്‍ക്കുന്നു.)
ന്യൂഡല്‍ഹി റിലീസ് ചെയ്യുന്ന സമയത്ത് 'നായര്‍സാബ്' എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ ആയിരുന്നു മമ്മൂട്ടിയും ജോഷിയും. ജോഷി, മോഹന്‍ലാലിവെ വെച്ച് ചെയ്ത 'ജനുവരി ഒരു ഓര്‍മ്മ' ഹിറ്റായ സമയമാണത്. 'അതുകൊണ്ട് നിങ്ങള്‍ക്ക് ഇനിയും ചിത്രങ്ങള്‍ ഉണ്ടാവും. പക്ഷേ എന്റെകാര്യം അങ്ങനെയല്ല. ഇനി പടങ്ങള്‍ ഉണ്ടാവുമോ എന്ന് അറിയില്ല. അതില്‍ ഈ പടം നമുക്ക് പരാവധി എടുക്കാം''- ഇങ്ങനെയാണ് മമ്മൂട്ടി ജോഷിയോട് പറഞ്ഞത്. പക്ഷേ 87 ജൂലൈ 24ന് ഇറങ്ങിയ ന്യൂഡല്‍ഹി മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി മാറി. ചിത്രത്തിന്റെ റിപ്പോര്‍ട്ട് കേട്ട് 'രക്ഷപ്പെട്ടു അളിയാ' എന്ന് പറഞ്ഞ് മമ്മൂട്ടിയും താനും കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്ന് ജോഷി പിന്നീട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് ഒരു സെക്കന്‍ഡ് ഇന്നിങ്്സ് ആയിരുന്നു അത്. പിന്നെ അദ്ദേഹത്തിന് രണ്ടര പതിറ്റാണ്ടായി താരസിംഹാസത്തിന് ഒരു വിള്ളലും ഉണ്ടായിട്ടില്ല.
സ്നേഹമുള്ള സിംഹം
മമ്മൂട്ടിക്ക് ജാഡയാണ് അഹങ്കാരമാണ് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും, സ്നേഹമുള്ള സിംഹമാണ് അദ്ദേഹമെന്നാണ് അടുപ്പക്കാര്‍ പറയുക. തന്റെ ജോലി ഏറ്റവും നന്നായി ചെയ്യണം എന്ന ആഗ്രഹിക്കുന്ന പക്കാ പെര്‍ഫക്ഷനിസ്റ്റാണ് അദ്ദേഹം. അതുകൊണ്ടുതന്നെ തന്റെ കൂടെയുള്ളവരും അങ്ങനെ വേണമെന്ന് താരം ശഠിക്കുന്നു. ഇതാണ് പലപ്പോഴും ക്ലാഷായി വിലയിരുത്താറുള്ളത്.
നടന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത നില്‍ക്കുന്ന കാലത്തുതന്നെ മമ്മൂട്ടി നടത്തിയ നിരീക്ഷണം, അവന്‍ കയറി വരുമെന്നും ഭാവിയില്‍ എനിക്കുതന്നെ ഭീഷണിയാവുമെന്നുമായിരുന്നു. അതുപോലെ ഒരിക്കല്‍ 'മമ്മൂട്ടിക്കാ' എന്ന വിളിച്ച് ഒരു സ്റ്റുഡിയോവില്‍വെച്ച് തന്നെ മൈന്‍ഡ് ചെയ്യാതെ മമ്മൂട്ടിയോട് ദീര്‍ഘ നേരം സംസാരിച്ച ഒരു എലുമ്പന്‍ പയ്യനെയും ശ്രീനിവാസന്‍ സ്മരിക്കുന്നുണ്ട്. ഏതാണവന്‍ എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു-' അതാണ് പ്രിയദര്‍ശന്‍. മിടുക്കനാണ്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ അവന്‍ മലയാളത്തിലെ ഏറ്റവും നല്ല സംവിധായകനാവും''. മമ്മൂട്ടി തന്നോട് നടത്തിയ രണ്ടു നിരീക്ഷണങ്ങളും പില്‍ക്കാലത്ത് സത്യമായെന്നും ശ്രീനിവാസന്‍ പറയുന്നു.
അത്രക്ക് ഷാര്‍പ്പാണ് അദ്ദേഹത്തിന്റെ ഒബ്സര്‍വേഷന്‍ പവര്‍. പുതുതായി ഇറങ്ങുന്ന താരങ്ങളെപ്പോലും നന്നായി നിരീക്ഷിക്കുന്നയാളാണ് അദ്ദേഹം. ഇന്നും ഒരു പുതിയ നടന്റെ സിനിമ അനൗണ്‍സ് ചെയ്താല്‍ അതിന്റെ കഥയറിയാന്‍ മമ്മൂട്ടിക്ക് ആകാക്ഷയാണ്. പുതിയ തലമുറയോട് ഈ 74-ാം വയസ്സിലും ഈ മഹാനടന്‍ തന്തവൈബില്ലാതെ മത്സരിക്കയാണ്. സാങ്കേതിക വിദ്യയുടെ കാര്യത്തിലും അപ്ടുഡേറ്റാണ് മമ്മൂട്ടി. ഏറ്റവും ലേറ്റസ്റ്റ് ക്യാമറയും, ഏറ്റവും പുതിയ വേര്‍ഷന്‍ മൊബൈലും, സുപ്പര്‍ ഹൈട്ടക്ക് കമ്പ്യൂട്ടറും, എറ്റവും പുതിയ വാഹനങ്ങളുമെല്ലാമായി ന്യുജനാണ് എന്നും അദ്ദേഹം. ( 'പഴശ്ശിരാജ'യുടെ സെറ്റില്‍വെച്ച് മമ്മൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിന്മുമ്പേ ഒരു ഐഫോണ്‍ തനിക്ക് കിട്ടിയതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകള്‍ നടന്‍ മനോജ് കെ ജയന്‍ പറയുന്നുണ്ട്. അത് അറിഞ്ഞതോടെ മമ്മൂട്ടി അസ്വസ്ഥനായെന്നും, പിന്നെ ആ ദിവസംമുഴുവന്‍ തടി കുറക്കാത്തതിനെയും മറ്റുചൊല്ലി മമ്മൂട്ടി തന്നെ ശകാരിച്ചുകൊണ്ടിരുന്നുവെന്നാണ് മനോജ് തമാശമായി പറയുന്നത്)
പുതിയ സംവിധായകര്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം കൊടുത്തതും മമ്മുട്ടി തന്നെ. അതുപോലെ ഈ പ്രായത്തിലും ചുള്ളനായി അദ്ദേഹം നില്‍ക്കുന്നത് കൃത്യമായ വ്യായാമവും, യോഗിക്ക് സമാനമായ ഭക്ഷണ നിയന്ത്രണവും ഉള്ളതുകൊണ്ടാണ്. നമ്മക്ക് കൂടുതല്‍ രുചി തോനുന്ന കാര്യം ഏറ്റവും കുറച്ച് കഴിക്കണം എന്നാണ് മമ്മൂട്ടിയുടെ തത്വശാസ്ത്രം. ഒരു പക്ഷി കൊത്തിത്തിന്നുന്നതുപോലെ ഒന്നോ രണ്ടോ ഡ്രൈഫ്രൂട്ടുസും അല്‍പ്പം വെജിറ്റബിളുമൊക്കെ കഴിക്കുന്ന മമ്മൂട്ടിയുടെ രീതി കണ്ട്, സുരാജ് വെഞ്ഞാറമുട് 'അയ്യോ എനിക്ക് സൂപ്പര്‍സ്റ്റാര്‍ ആവേണ്ടേ' എന്ന് തമാശ പറഞ്ഞിരുന്നു.
മദ്യപാനത്തില്‍നിന്നും തീര്‍ത്തും മാറി നില്‍ക്കുന്ന അപുര്‍വം നടന്‍മാരില്‍ ഒരാള്‍. താന്‍ മദ്യത്തിന്റെ ബില്ല് ആകെ കൊടുത്തത് നടന്‍ മുരളിക്കാണെന്നും ആ മുരളി അകാരണമായി തന്നോട് പിണങ്ങിയെന്നും വലിയ വിഷമത്തോടെ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. മുമ്പുണ്ടായിരുന്ന പുകവലിയെന്ന ദുശ്ശീലവും താരം വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍ത്തി. സിനിമ താരങ്ങളെക്കുറിച്ച് പതിവായ ലൈംഗിക ഗോസിപ്പുകഥകളിലും നിങ്ങള്‍ക്ക് മമ്മൂട്ടിയെ കാണാന്‍ കഴിയില്ല. ശരിക്കും ഒരു പെര്‍ഫക്റ്റ് ജെന്റില്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു. മോഹന്‍ലാല്‍ അടക്കമുള്ള സഹതാരങ്ങളോടൊക്കെ അടുത്ത സ്നേഹബന്ധം ഇപ്പോഴും അദ്ദേഹം പുലര്‍ത്തുന്നു. മമ്മൂട്ടിക്ക് അസുഖം വന്നപ്പോള്‍ മോഹന്‍ലാല്‍ കഴിപ്പിച്ച വഴിപാടില്‍ തന്നെയുണ്ട് ആ ബന്ധത്തിന്റെ ഊഷ്മളത.
വാല്‍ക്കഷ്ണം: നൂറുശതമാനവും പെര്‍ഫക്റ്റായ വ്യക്തികള്‍ ലോകത്തില്‍ ആരുമുണ്ടാവില്ലല്ലോ. ഉദയനാണ് താരം എന്ന സിനിമയില്‍ താന്‍ കാരിക്കേച്ചര്‍ ചെയ്ത സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന് മോഹന്‍ലാലിനേക്കാള്‍ സാമ്യം മമ്മൂട്ടിക്കാണെന്ന് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്നെക്കാള്‍ നല്ല കോസ്റ്റിയൂം മറ്റുള്ളവര്‍ക്ക് വന്നാല്‍ അതില്‍ അസ്വസ്ഥനായ മമ്മൂട്ടിയെക്കുറിച്ച് പരാതിപ്പെടുന്ന ഒരു വസ്ത്രാലങ്കാരകാരന്റെ വീഡിയോയും വൈറലാണ്. പക്ഷേ തിരിച്ച് മമ്മൂട്ടിയുടെ നൂറായിരം നല്ല കഥകള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്ക് പറയാനുണ്ട്. പക്ഷേ ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തന്നെയാണെല്ലോ നമ്മുടെ സോഷ്യല്‍ മീഡിയക്ക് വേണ്ടത്.