'വണ്‍സ് എ വഖഫ് ഈസ് ഓള്‍വെയ്സ് എ വഖഫ്' എന്ന കരിനിയമം മാറും; രേഖകളില്ലാതെ ഇനി വഖഫ് ചെയ്യാന്‍ കഴിയില്ല; താജ്മഹല്‍ പോലും തീറെഴുതാന്‍ കഴിയുന്ന കാലം ഇനിയില്ല; മുനമ്പത്തടക്കം ഒരുലക്ഷം ഹെക്ടര്‍ ഭൂമിയിലെ നിയമക്കുരുക്കിന് പരിഹാരമാവും; വഖഫ് ബില്‍ ഐതിഹാസികം!
വഖഫ് ബില്‍ ഐതിഹാസികം!
ദൃഷ്ടി പതിയുന്നിടമൊക്കെ സ്വന്തമാക്കുന്ന ആറാം തമ്പുരാനിലെ ജഗന്നാഥന്റെ കഥ ഓര്‍മ്മയില്ലേ. അതുപോലെ ഒരു സ്ഥാപനം നമ്മുടെ ഈ നാട്ടിലുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷേ സത്യത്തില്‍ അതാണ് വഖഫ് ബോര്‍ഡ്. ഒരു വസ്തു വഖഫ് ആണെന്ന് ഒരു അവകാശവാദം വന്നാല്‍ മതി. അതിന് രേഖകളുടെ പിന്‍ബലം വേണ്ട, സാക്ഷി മൊഴികള്‍ വേണ്ട. അത് വഖഫായി. ഒരിക്കല്‍ നല്‍കിയാല്‍ അത് തിരിച്ചെടുക്കാനും കഴിയില്ല. 'വണ്‍സ് എ വഖഫ് ഈസ് ഓള്‍വെയ്സ് എ വഖഫ്' എന്നാണ് പറയുക. ശരിക്കും ഒരു കരിനിയമം.
ഇത് പ്രകാരം ഏത് ഭൂമിയും നിഷ്പ്രയാസം വഖഫ് ആക്കാം. പിന്നെ അന്നുമുതല്‍ ഉടമസ്ഥന് കരം അടക്കാനുള്ള അവകാശം പോലും നഷ്ടമാവുന്നു. വഖഫ് ട്രിബ്യൂണലില്‍ അയാള്‍ വര്‍ഷങ്ങളോളം കേസുമായി നടക്കണം. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ കേസുമായി കഷ്ടപ്പെടുന്നത്. നമ്മുടെ മുനമ്പത്തും, തമിഴ്നാട്ടിലെ തൃച്ചന്തൂരിലും, കര്‍ണ്ണാടകയിലെ വിജയ്പുരയിലും, ഗുജറാത്തിലും, മധ്യപ്രദേശിലും, ആഗ്രയിലും അടക്കം ആയിരക്കണക്കിന് കേസുകളാണ് വഖഫ് ട്രിബ്യൂണലുകളില്‍ ഉള്ളത്. പതിനായിരങ്ങളാണ് സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കുമെന്ന ഭീഷണിയില്‍ കഴിയുന്നത്.
ഇതിനെല്ലാം തടയിടാനായി പുതുക്കിയ വഖഫ് നിയമ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പക്ഷേ നമ്മുടെ നാട്ടില്‍ എന്തും രാഷ്ട്രീയമാണെല്ലോ. ബില്ലിനെ എതിര്‍ക്കുകയാണ് ഇന്ത്യ സഖ്യം. ഒറ്റക്കെട്ടായിട്ടാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അറിയിച്ചു. ബില്ല് ഭരണഘടനാ വിരുദ്ധമാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിനെ എതിര്‍ത്ത് പാര്‍ലമെന്റില്‍ വോട്ട് ചെയ്യുമെന്ന് സിപിഎം നേതാവും എം പിയുമായ കെ രാധാകൃഷ്ണനും അറിയിച്ചു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവരുന്നത്. ഇതിനെ എതിര്‍ക്കാതിരുന്നാല്‍ നാളെ മറ്റു സമുദായത്തിനും സമാനമായ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം സംഘടനകള്‍ ഒന്നടങ്കം വഖഫ് ഭേദഗതിയെ എതിര്‍ക്കയാണ്. പക്ഷേ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഈ എതിര്‍പ്പിലൊന്നും വലിയ കഴമ്പില്ലെന്ന് കാണാം. കാരണം ഈ ബില്‍ നിയമമായാല്‍, ഏറ്റവും കൂടുതല്‍ ഗുണം കിട്ടുക, പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് തന്നെയാണ്. കാരണം അവര്‍ ആണ് വഖഫ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങിക്കിടക്കുന്നത്.
എന്താണ് വഖഫ്?
മുനമ്പം ഭൂമി പ്രശ്നം സജീവമായതോടെയാണ്, എന്താണ് വഖഫ് എന്നും എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഒക്കെയുള്ള ചര്‍ച്ച കേരളത്തിലും സജീവമായത്. ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പൊതുവെ പറയുക. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, പള്ളികള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. ഗുണഭോക്താക്കള്‍ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നീട് അത് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാല്‍ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫില്‍ അവകാശവും ഉണ്ടായിരിക്കില്ല.
1954-ല്‍ കേന്ദ്രസര്‍ക്കാര്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ല്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ല്‍ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.
ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോര്‍ഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷന്‍, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോര്‍ഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്. വഖഫ് ബോര്‍ഡുകളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗണ്‍സില്‍. വഖഫ് സ്വത്തുക്കള്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായും സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോര്‍ഡുകളുടെ ഏകോപനം, നയരൂപീകരണം, തര്‍ക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗണ്‍സിലിന്റെ ചുമതല.
ഇനിയുളളതാണ് വഖഫ് ട്രൈബ്യൂണല്‍. കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദല്‍ തര്‍ക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്. ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമമാണ്. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയര്‍പഴ്സണ്‍ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണില്‍ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷന്‍സ്, സിവില്‍ ജഡ്ജ്, സംസ്ഥാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക.
1995-ലെ നിയമഭേദഗതിയാണ് വഖഫിന് അനിനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയതെന്ന് വിമര്‍ശനമുണ്ട്. ഇത് പ്രകാരം അവര്‍ക്ക് ഏത് ഭൂമിയും നോട്ടിഫൈ ചെയ്ത് എടുക്കാം എന്ന അവസ്ഥ വന്നു. ഒന്നും രണ്ടുമല്ല, ഒരുലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ വഖഫിന്റെതായി അവകാശവാദം ഉന്നയിക്കുന്നത്. ഇതില്‍ ക്ഷേത്രങ്ങളുണ്ട്, തീരമേഖലകളുണ്ട്, എന്തിന് മുകേഷ് അംബാനിയുടെ വസതിപോലുമുണ്ട്! ഇതുകൊണ്ടെക്കെയാണ്, ഇപ്പോള്‍ ദേഗഗതി കൊണ്ടുവരുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇനി വാക്കാലില്ല, രേഖ നിര്‍ബന്ധം
1954 ല്‍ നെഹ്‌റുവിന്റെ കാലത്താണ് ആദ്യ വഖഫ് നിയമം പാസാക്കിയത്. 2013 ല്‍ രണ്ടാം മന്‍മോഹന്‍ മന്ത്രിസഭ കൊണ്ടുവന്ന നിയത്തിലൂടെ അവര്‍ക്ക് കൂടുതല്‍ അധികാരം ലഭിച്ചു.ഇതാണ് പ്രശ്നം വഷളാക്കിയത്. നിലവിലെ വഖഫ് നിയമപ്രകാരം രാജ്യത്തെ ഏത് ഭൂമിക്കും വഖഫിന് അവകാശം ഉന്നയിക്കാം. ഇതിന് പിന്നാലെ നിലവിലെ ഉടമസ്ഥരോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. ഇത് വഖഫ് അംഗീകരിക്കുന്നില്ലെങ്കില്‍ വഖഫ് ട്രീബ്യൂണലിനെ സമീപിക്കണം. എന്നാല്‍ ട്രീബ്യൂണലിന്റെ നിയന്ത്രണവും വഖഫിന് സ്വന്തമാണ്. ഈ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത്.
1995-ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരുന്ന ഭേദഗതി. ഇത് വഖഫ് ബോര്‍ഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു. വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇപ്പോഴത്തെ നിയമപ്രകാരം, ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാല്‍ വഖഫ് ആക്കാം. എന്നാല്‍ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. ഇത് വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കാരണം ഒരാള്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, 'അദ്ദേഹം തന്റെ സ്വത്തുക്കള്‍ വഖഫ് ചെയ്യാമെന്ന് എന്നോട് പറഞ്ഞു' എന്ന് പറഞ്ഞ് ഒരു സുഹൃത്ത് രംഗത്തെത്തുക. ഇക്കാര്യം എങ്ങനെയോ വഖഫ് സംരക്ഷണക്കാര്‍ അറിഞ്ഞാല്‍ മതി അവര്‍ ഉടനെ അത് വഖഫ് ആക്കും. പലപ്പോഴും അനന്തരാവകാശികള്‍ ആ ഭൂമി വിറ്റിരിക്കും. അവിടെ മറ്റൊരു കുടുംബമായിരിക്കും താമസിക്കുന്നത്. പക്ഷേ അവര്‍ കുടുങ്ങും. തങ്ങള്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ആയി മാറും. മുനമ്പത്ത് ഉള്‍പ്പടെ ഇതിന്റെ വികസിത രൂപമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതുപോലെ മരണം അടക്കുന്നതോടെ പല മുസ്ലീം പ്രമാണിമാരും ഭക്തി മാര്‍ഗത്തിലേക്ക് നീങ്ങുകയും അവര്‍ തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം വഖഫ് ചെയ്യാമെന്നുമൊക്കെ വാക്കാല്‍ പറഞ്ഞിരിക്കും. ഇതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൊന്തിവരിക. അതോടെ ആ ഭൂമി വഖഫ് ആയി. ഈ വാക്കാലുള്ള പരിപാടി അവസാനിപ്പിച്ച് കഴിഞ്ഞാല്‍ വഖഫിലെ കെണി പകുതി തീര്‍ക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ പറയുന്നത്. ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരാള്‍ പറഞ്ഞാല്‍ മതി, ഇത് ഇന്ന വ്യക്തി വഖഫ് ചെയ്യാമെന്ന് പറഞ്ഞിരുന്നതായി കേട്ടിരുന്നെന്ന്. എന്നാല്‍ അതും വഖഫായി. ഈ കളിയൊക്കെ നിര്‍ത്താന്‍ പുതിയ ഭേദഗതിക്ക് കഴിയും. വഖഫിന് പോവണമെങ്കില്‍, ഇനി രേഖാമൂലം എഴുതിവെക്കണം. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാവുകയാണ്.
ദേദഗതിയിലെ വകുപ്പ് 3എ ശ്രദ്ധേയമാണ്. ആണ് ഒന്നാമത്. സ്വത്തിന്റെ ഉടമ അത്തരം സ്വത്ത് കൈമാറുന്നതിനോ സമര്‍പ്പിക്കുന്നതിനോ മറ്റ് കഴിവുകളോ ഇല്ലാത്ത ആളാണെങ്കില്‍, ഒരു വ്യക്തിയും വഖഫ് നല്‍കരുതെന്നാണ് ഈ ഭേദഗതി പറയുന്നത്. ചുരുക്കത്തില്‍ ഒരു വ്യക്തിയുടേതല്ലാത്ത ഭൂമി വഖഫ് ആയി നല്‍കാന്‍ സാധിക്കില്ലെന്നാണ് ഈ ഭേദഗതി പ്രസ്താവിക്കുന്നത്. ഇവിടെ പലരും തനിക്കില്ലാത്ത സ്വത്ത് പോലും വഖഫ് ചെയ്തയായി കേസുണ്ട്. ഉദാഹരണത്തിന് താജ്മഹലിന്റെ അരികത്തു താമസിക്കുന്ന ഒരു മുസ്ലീം വൃദ്ധന്‍ വിചാരിച്ചാല്‍, താന്‍ ഷാജഹാന്റെ തലമുറയാണെന്ന് ഒരു കെട്ടുകഥയുണ്ടാക്കി താജ്മഹല്‍ വഖഫ് ചെയ്യാന്‍ കഴിയും! പുതിയ നിയമപ്രകാരം ഇത് കഴിയില്ല. നിങ്ങള്‍ നിയമപരമായി അതിന്റെ ഉടമയാണെന്ന് തെളിയിക്കണം. പതിനായിരക്കണക്കിന് വ്യാജ കേസുകളില്‍ ഗുണം ചെയ്യുന്ന ഒന്നാണിത്.
മാഫിയക്ക് തടസ്സമാവും
വഖഫിന്റെ പേരില്‍ വലിയതോതിലുള്ള മാഫിയയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. പറയുമ്പോള്‍ ദൈവത്തിന്റെ സ്വത്താണ് കൈകാര്യം ചെയ്യുന്നത് എങ്കിലും അഴിമതിക്ക് പേരുകേട്ടതാണ് വഖഫ് ബോര്‍ഡ്. മുത്തുവല്ലി നിയമനത്തിനുപോലും ലക്ഷങ്ങളുടെ അഴിമതി നടക്കുന്നു. 95-ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചാല്‍ അതിസങ്കീര്‍ണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക. കോടതി, ഇടപെടലുകള്‍ തക്കസമയത്ത് ഉണ്ടായില്ലെങ്കില്‍ സ്ഥലം എന്നത്തേയ്ക്കുമായി വഖഫ് ബോര്‍ഡിന്റേതായി മാറും. അതുകൊണ്ടുതന്നെ പ്രമുഖരുടെ ഭൂമിയൊക്കെ വഖഫ് സ്വത്താണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, തല്‍പ്പരകക്ഷികള്‍ പണം വാങ്ങി പ്രശ്നം സെറ്റില്‍ ചെയ്യുന്ന രീതിയുമുണ്ട്. പുതിയ ബില്‍ നിയമമായാല്‍ ഈ മാഫിയക്ക് പിടി വീഴും.
വഖഫ് ആയി നല്‍കിയിട്ടുള്ള ഒരു വസ്തു സര്‍ക്കാര്‍ ഭൂമിയാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ദേദഗതിയാണ് ബില്ലിലെ 3ഇ(2). ''അത്തരത്തിലുള്ള ഏതെങ്കിലും സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ എന്നതിനെക്കുറിച്ച് എന്തെങ്കിലും ചോദ്യം ഉയര്‍ന്നാല്‍, അത് അധികാരപരിധിയുള്ള കളക്ടറിലേക്ക് റഫര്‍ ചെയ്യുന്നതാണ്. അദ്ദേഹം ഉചിതമെന്ന് തോന്നുന്ന തരത്തിലുള്ള അന്വേഷണം നടത്തുകയും അത്തരം സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ അല്ലയോ എന്ന് നിര്‍ണയിക്കുകയും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും,'' -ബില്‍ പറയുന്നു.
തര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങളില്‍ കളക്ടറാണ്, വഖഫ് ട്രിബ്യൂണലല്ല ഈ നിര്‍ണയം നടത്തുക എന്നാണ് ഈ വ്യവസ്ഥ അര്‍ഥം വെയ്ക്കുന്നത്. 'കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ തര്‍ക്കമുള്ള സ്വത്തുക്കള്‍ വഖഫ് ആയി കണക്കാക്കില്ല' എന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കുംവരെ തര്‍ക്കവസ്തുവില്‍ വഖഫിന് നിയന്ത്രണമുണ്ടാകില്ല. നേരത്തെ അങ്ങനെ ആയിരുന്നില്ല. ഒരു തര്‍ക്കം ഉണ്ടായാല്‍ നിങ്ങള്‍ക്ക് പിന്നെ കരം അടക്കാന്‍ കഴിയില്ല. വ്യക്തിവൈരാഗ്യം പോലും വികസിച്ച് വഖഫ് കേസാക്കിയ അനുഭവങ്ങള്‍ കേരളത്തിലടക്കമുണ്ട്. പുതിയ നിയമം വരുന്നതോടെ അതും മാറും. മുനമ്പത്തടക്കം നാം കണ്ടത് വഖഫ് തര്‍ക്കം വന്നാലുടനെ പിന്നെ കരം അടക്കാന്‍ കഴിയിന്നില്ല എന്നതാണ്. നിലവില്‍ ആ പ്രശ്നം ഉണ്ടാവില്ല. വഖഫ് ഭൂമി സര്‍വേ നടത്താന്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സര്‍വ്വേ കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും നിയമിക്കാം. എന്നാല്‍ ഭേദഗതി പ്രകാരം അതത് ജില്ലാ കലക്ടര്‍മാരാണ് സര്‍വ്വേ നടത്തേണ്ടത്.
കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍ ഭേദഗതി നടപ്പായാല്‍ 'ഉപയോഗത്തിലൂടെ വഖഫ്' എന്ന ആശയം റദ്ദാക്കപ്പെടും. 1995- ലെ നിയമപ്രകാരം, മതപരമായ ആവശ്യങ്ങള്‍ക്കായി മുസ്ലിങ്ങള്‍ തുടര്‍ച്ചയായി തടസ്സമില്ലാതെ ഉപയോഗിക്കുന്ന ഒരു സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കുന്നു. ഉപയോഗത്തിലൂടെ ഒരു വസ്തുവിനെ വഖഫ് ആയി കണക്കാക്കാം എന്നാണ് ഇതിനര്‍ഥം. നിരവധി മസ്ജിദുകളും ശ്മശാനങ്ങളും ഈ വിഭാഗത്തില്‍ പെടാം. ഇനി അത് നടത്താന്‍ കഴിയില്ല.
വഖഫ് ഘടന അടിമുടി മാറുന്നു
മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ട്രിബ്യൂണലുകളില്‍ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാറ്റുന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതിയിലെ ഏറ്റവും പ്രധാന ഭാഗം. വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാനരൂപം തന്നെ പൊളിച്ചെലുതുന്നതാണ് പുതിയ ഭേദഗതി. ഇപ്പോള്‍ ബോര്‍ഡിലെയും കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്ലിംകളാണ്. ഭേദഗതി പ്രകാരം മുസ്ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം. ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോര്‍ഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും.
ബോര്‍ഡിന് ഒരു അമുസ്ലിം തലവനെ അനുവദിക്കാന്‍ പുതിയ ദേഗഗതി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതുതന്നെയാണ് മുസ്ലീം സംഘടനകളെ ഏറ്റവും കൂടുതല്‍ പ്രകോപിക്കുന്നത്.വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്ക്കെതിരെ 90 ദിവസത്തിനകം കോടതികളില്‍ അപ്പീല്‍ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ബില്‍ സമഗ്രമായി നോക്കുമ്പോള്‍, അമുസ്ലീം അംഗങ്ങളെ നിയമിക്കാനുള്ള കാര്യത്തില്‍ മാത്രമാണ്, ജനാധിപത്യ-മതേതരവാദികള്‍ക്ക് എതിര്‍പ്പുണ്ടാവുക. ദേവസ്വം ബോര്‍ഡില്‍ ഒരു അഹിന്ദു അംഗം വേണം എന്നത്, ഹിന്ദുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ എന്നതുപോലെ ഒരു ചോദ്യം ഇവിടെയും ഉയരുന്നുണ്ട്. കെ സി വേണുഗോപാലിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കാള്‍ ലോക്സഭയില്‍ ഇത് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ബില്‍ മൊത്തം റദ്ദാക്കണം എന്ന വാദം ബാലിശമാണ്.
വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തില്‍, ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്തതിനുശേഷം എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ പരാജയപ്പെടുത്തണം എന്ന് ഖാര്‍ഗെ പറഞ്ഞു. കേരളത്തില്‍ കത്തോലിക്ക സഭ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ തള്ളി എല്ലാ കോണ്‍ഗ്രസ് എംപിമാരും ബില്ലിനെ എതിര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ബില്ലുമായി ബന്ധപ്പെട്ട് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പും നല്‍കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. പക്ഷേ അവരും ബില്ലിന് എതിരാണ്. പക്ഷേ മൊത്തത്തില്‍ ബില്‍ നോക്കുമ്പോള്‍ അത് മൂലം വഖഫ് ബോര്‍ഡിനെ ജനാധിപത്യവത്ക്കരിക്കയാണ് ചെയ്യുന്നത് എന്ന് ഇവര്‍ മറന്നുപോകുന്നു. ഇവിടുത്തെ ഏതെങ്കിലും ഒരു ദേവസ്വം ബോര്‍ഡ് ഒരു സ്ഥലം അത് തങ്ങളുടേതാണ് എന്ന് ക്ലെയിം ചെയ്താലുടന്‍ അത് നികുതിയടക്കാന്‍ കഴിയാത്ത തര്‍ക്കഭൂമിയാവുന്ന പ്രതിഭാസം ഇന്ത്യയില്‍ ഉണ്ടോ? കാലാകാലങ്ങളായി നടത്തിയ ഈ മതപ്രീണനം, വഖഫിനെ അമിത അധികാര സ്ഥാപനമാക്കി മാറ്റുകയാണ്. അത് ജനാധിപത്യവത്ക്കരിക്കപ്പെടുന്നത് നല്ലകാര്യമാണ്.
മുനമ്പത്ത് അടക്കം ശാശ്വത പരിഹാരം
പക്ഷേ വിമര്‍ശകര്‍ മറുന്നുപോവുന്ന ഒരു കാര്യമുണ്ട്. നമ്മുടെ മുനമ്പത്തടക്കം ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് ഈ ബില്‍. എറണാകുളം ജില്ലയിലെ മുനമ്പത്ത്, 600 ഓളം കുടുംബങ്ങള്‍ വഖഫ് കേസില്‍ പെട്ട് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ സമരത്തിലാണ്. അപ്പോഴൊക്കെ മുനമ്പത്തെത്് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി നിയമവും, മുനമ്പം പ്രശ്നവുമായി ബന്ധമൊന്നുമില്ലെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും രാജ്യവ്യാപകമായി ഒരുലക്ഷത്തിലേറെ ഹെക്ടര്‍ ഭൂമിക്ക് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നതയിച്ചുവെന്നതിന്റെ വാര്‍ത്തകള്‍ പിന്നീട് പുറത്തുവന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്ന, മുബൈയിലെ ആന്റിലിയ എന്ന കോടികള്‍ വിലമതിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നേര്‍ക്കുപോലും വഖഫ് അകാശവാദം ഉന്നയിച്ചിരുന്നു. അതുപോലെ 1500 വര്‍ഷം പഴക്കമുള്ള തമിഴ്നാട്ടിലെ തിരിച്ചന്തുര്‍ ക്ഷേത്രും അതിന്റെ പരിസരത്തുള്ള ഗ്രാമത്തിലും വഖഫ് ക്ലെയിം വന്നു. ഇതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ജനങ്ങള്‍ക്ക് അനുകുലമായാണ് നിന്നത്. വഖഫ് നിയമത്തിലെ ഏകപക്ഷീയതക്കെതിരെ കോടതി പരാമര്‍ശവും നടത്തി.പക്ഷേ എന്നിട്ടും തിരിച്ചുന്തൂര്‍ ക്ഷേത്ര പരിസരത്തുള്ളവര്‍ക്ക് കരമടക്കാനുള്ള അവകാശം കിട്ടിയിട്ടില്ല.
ഗുജറാത്തിലെ ദ്വാരകയിലെ രണ്ടു ദ്വീപുകളും കേസിലാണ്. ഹൈദരബാദില്‍ വിപ്രായും മൈക്രോസോഫ്റ്റും സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫ് സ്വത്താണെന്ന് അവകാശവാദമുള്ളതാണ്. ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ് നടക്കയാണ്. മധ്യപ്രദശിലെ ബൂറാന്‍പൂരില്‍- ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവന്ന കോടികള്‍ വിലമതിക്കുന്ന സ്മാരകങ്ങളുടെ പേരിലും അവകാശവാദം വന്നു. ഈ കേസില്‍ കീഴ്കോടതിയില്‍ വഖഫ് ബോര്‍ഡ് തോറ്റു. പക്ഷേ അവര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്.
തമിഴ്നാട്ടിലും, തെലങ്കാനയിലും, മധ്യപ്രദേശിലും, യുപിയിലും, ഡല്‍ഹിയിയുമെല്ലാം വഖഫ് ഭുമി പ്രശ്നം സജീവമാണ്. പക്ഷേ അതിനേക്കാള്‍ എറ്റവും ശക്തമായ പ്രശ്നമാണ് ഇപ്പോള്‍, കര്‍ണ്ണാടകയില്‍നിന്ന് ഉയര്‍ന്നുവന്നിരിക്കുന്നത്. വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതിനു മുമ്പ് പരമാവധി ഭൂമിയുടെ രേഖകളില്‍ വഖഫിന്റെ പേരുള്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം രാജ്യവ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ വിജയ്പുര. ഇവിടെ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയതിനു തെളിവുകളാണ് പുറത്തുവന്നിരുന്നത്. വിജയപുരയിലെ ഹാന്‍വോഡില്‍ കര്‍ഷകരുടെ 1,500 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍, നോട്ടീസ് നല്കിയതിനെതിരേ സമരം കനക്കുന്നതിനിടെയാണ് റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തതു പുറത്തുവന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിജയപുരയിലെ 44 സ്വത്തുക്കളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരുള്‍പ്പെടുത്തിയെന്നു കാണിക്കുന്ന റവന്യൂ രേഖകള്‍ സിഎന്‍എന്‍-ന്യൂസ് 18 ചാനല്‍ പുറത്തുവിട്ടിരുന്നു.
വിജയപുര ജില്ലയിലെ തന്നെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ സപ്തംബറില്‍ത്തന്നെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചു കര്‍ഷകര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. കര്‍ണ്ണാടകയിലെ മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രത്തിന് അടക്കം വഖഫ് അവകാശവാദം വന്നിരിക്കയാണ്. സിദ്ധരാമയ്യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മുസ്ലീം പ്രീണനമാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചതോടെ രാഷ്ട്രീയ വിവാദവും കൊഴുക്കയാണ്.
മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും ചരിത്ര സ്മാരകങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദവുമായി കര്‍ണാടക വഖഫ് ബോര്‍ഡ് രംഗത്തെത്തരിക്കയാണ്. ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയല്‍ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ചരിത്രനഗരമായ മൈസൂരുവിലെയും ശ്രീരംഗപട്ടണം താലൂക്കിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികളിലുമാണ് അവകാശവാദമുയര്‍ത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനെ വലച്ചിട്ടുണ്ട്.
ഇങ്ങനെ രാജ്യവ്യാപകമായി ഒരുലക്ഷം ഹെക്ടറിന്റെ ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള ഒരു വലിയ കുരുക്കില്‍നിന്ന് രാജ്യത്തെ രക്ഷിക്കയാണ്, പുതിയ വഖഫ് ബില്‍ ചെയ്യുന്നത്. പക്ഷേ എന്നിട്ടും നമ്മുടെ മതേതര പാര്‍ട്ടികള്‍ എന്ന് പറയുന്നവര്‍, നിര്‍ലജ്ജം മതപ്പണി നടത്തുകയാണ്.
വാല്‍ക്കഷ്ണം: വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതിന്റെ ചിത്രവും ഇതോടൊപ്പമുണ്ട്. ഇത് തിരിച്ചുപിടിക്കാന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയ മിക്ക സ്റ്റേറ്റ് ബോര്‍ഡുകളും ചെയ്യാറില്ല. പുതിയ നിയമം വഖഫിന്റെ സ്വത്തുക്കള്‍ വഖഫിന് കിട്ടുന്നതിനും സഹായകമാവും. ഇതൊന്നും മനസ്സിലാക്കാതെ, വഖഫ് ഭേദഗതി നടപ്പാകാതിരിക്കാന്‍ ആവശ്യമെങ്കില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ ജയില്‍ നിറയ്ക്കുമെന്നാണ്, ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി പറയുന്നത്!