ലുങ്കി ഉടുത്ത് നഗ്‌നപാദനായി ഇന്ത്യയില്‍ ആത്മീയ അന്വേഷണത്തിന് എത്തിയ സ്റ്റീവ്; വ്രതമെടുത്ത് തറയില്‍ ഉറങ്ങി കുംഭമേള അനുഭവിക്കുന്ന ഭാര്യ; 20 ബില്യണ്‍ ഡോളറിന്റെ സമ്പത്ത് ഏറെയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്; കമല ഹാരീസിന്റെ വലംകൈ; ലോറീന്‍ ജോബ്സ്, കമലയായി മാറിയത് എന്തിന്?
ലോറീന്‍ ജോബ്സ്, കമലയായി മാറിയത് എന്തിന്?
കാഷായ വസ്ത്രം ധരിച്ച്, ആഭരണങ്ങളും മധുരവുമൊക്കെ ഒഴിവാക്കി അല്‍പ്പ ഭക്ഷണം മാത്രം ധരിച്ച് തറയില്‍ കിടന്നുറങ്ങുന്ന 61-കാരിയായ ഈ വനിത സിലക്കണ്‍ വാലിയിലെ ഏറ്റവും വലിയ ധനികയാണ്! പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും, തലസ്ഥാനമായ അമേരിക്കയില്‍ നിന്നാണ് ഈ ശതകോടീശ്വരി എത്തിയിരിക്കുന്നത്. പകുതിയോളം സ്വത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവിട്ടിട്ടും, ഇന്നും 20 ബില്യന്‍ ഡോളറോളം ആസ്തിയുള്ള, ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച ഈ സ്ത്രീയാണ്, ഇവിടെ ഈ തറയില്‍ കിടന്നുറങ്ങുന്നത്!
പക്ഷേ തനിക്ക് ഇത് ഒരു ആത്മീയ അന്വേഷണത്തിന്റെ പാതയാണെന്നാണ് അവര്‍ പറയുന്നത്. ലോറീന്‍ പവല്‍ എന്ന പേരു പറഞ്ഞാല്‍ അവരെ, ഇന്ത്യയില്‍ ആരും തിരിച്ചറിയില്ല. പക്ഷേ ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ എന്നു പറഞ്ഞാല്‍, മനസ്സിലാവാത്തവര്‍ കുറവാകും. ശനിയാഴ്ച രാത്രി 40 അംഗ സംഘത്തോടൊപ്പമാണ് ഇവര്‍ അമേരിക്കയില്‍ നിന്ന് എത്തിയത്. പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനുമെത്തിയ അവര്‍ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. ശേഷം നിരഞ്ജനി അഖാരയുടെ നിര്‍ദേശപ്രകാരം 'കമല' എന്ന ഹിന്ദുനാമം സ്വീകരിച്ചു.
വരുന്ന മൂന്നാഴ്ച ഇവര്‍ ഉത്തര്‍പ്രദേശിലുണ്ടാകും. നിരഞ്ജനി അഖാരയുടെ കൈലാസാനന്ദ് ഗിരി മഹാരാജിന്റെ കഥകള്‍ കേള്‍ക്കുകയും കല്‍പവസ് പ്രകാരം പത്ത് ദിവസം ദിനചര്യകള്‍ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും അതിരാവിലെ പുണ്യനദിയില്‍ സ്നാനം ചെയ്ത ശേഷം മന്ത്രങ്ങള്‍ ഉരുവിട്ടും വേദങ്ങള്‍ വായിച്ചുമാണ് ലോറീന്‍ തീര്‍ത്ഥാടനം നടത്തുക. വ്രതത്തിന്റെ ഭാഗമായി സസ്യാഹാരമാണ് ഭക്ഷണം. തുളസി തൈ നട്ടും, തറയില്‍ കിടന്നുറങ്ങിയുമാണ് അവരുടെ ഇന്ത്യയിലെ ആത്മീയ അന്വേഷണം.
വിശേഷങ്ങള്‍ ഏറെയുള്ള വനിതാണ് അവര്‍. ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ വിധവയെ, 20.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു മനുഷ്യസ്‌നേഹി എന്നാണ് ഫോര്‍ബ്സ് മാഗസിന്‍ വിശേഷിപ്പിച്ചത്. തന്റെ സമ്പത്തിന്റെ പകുതിയും അവര്‍ ചെലവിട്ടത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സറ്റീവ് ജോബ്സിന്റെ പണം എടുത്തല്ല, സ്വന്തമായി ബിസിനസ് നടത്തിയാണ് അവര്‍ തന്റെ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്. അസാധാരണമായ ഒരു ജീവിതമാണ് അവരുടെതേ്.
കുപ്പി പെറുക്കിവിറ്റ് ജീവിച്ച സ്റ്റീവ് ജോബ്സ്
ന്യൂജേഴ്‌സിയിലെ വെസ്റ്റ് മില്‍ഫോര്‍ഡില്‍ 1963 നവംബര്‍ 6 നാണ് ലോറീന്‍ പവല്‍ ജനിച്ചത്. അവള്‍ക്ക് മൂന്നുവയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ വിയോഗം. പൈലറ്റായിരുന്ന അദ്ദേഹം ഒരു വിമാനപകടത്തില്‍ മരിക്കയായിരുന്നു. അമ്മ പിന്നീട് വീണ്ടും വിവാഹം കഴിച്ചു. പവല്‍ ജോബ്‌സ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ഇരട്ടി ബിരുദം നേടി. 1985-ല്‍ ബിരുദം നേടിയ ശേഷം ഗോള്‍ഡ്മാന്‍ സാക്സില്‍ സ്ഥിരവരുമാന ട്രേഡിംഗ് സ്ട്രാറ്റജിസ്റ്റായി വാള്‍സ്ട്രീറ്റില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തു . മെറില്‍ ലിഞ്ച് അസറ്റ് മാനേജ്‌മെന്റിലും അവര്‍ ജോലി ചെയ്തു. 1991-ല്‍ ഇവര്‍ സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎ കരസ്ഥമാക്കി.
സ്റ്റീവ് ജോബ്സിന്റെ ജീവിതം പറയാതെ, ഭാര്യ ലോറീന്‍ പവലിന്റെ ജീവിതം പൂര്‍ണ്ണമാവില്ല. കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ സഹസ്ഥാപകന്‍, ലോകത്തിലെ സംരംഭകര്‍ക്ക് ഒക്കെ പ്രചോദനമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, അനിമേറ്റഡ് മൂവി, മ്യൂസിക്, ഫോണുകള്‍, ടാബ്ലറ്റ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ പബ്ലിഷിംഗ് എന്നീ ആറ് മേഖലകളെയാണ് ജോബ്സ് അടിമുടി മാറ്റിമറിച്ചത്. അനാഥത്വവും അരക്ഷിതത്വവും കൂടപ്പിറപ്പായ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. സിറിയക്കാരനായ അബ്ദുള്‍ഫത്ത ജോ ജന്‍ഡിലിയുടെയും ജൊവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24-ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജനനം. പോള്‍-ക്ലാര ദമ്പതിമാരുടെ ദത്തുപുത്രനായാണ് അദ്ദേഹം വളര്‍ന്നത്. പോര്‍ട്ട്‌ലന്‍ഡിലെ റീഡ് കോളേജില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും ചെലവിന് പണമില്ലാഞ്ഞതിനാല്‍ അത് പൂര്‍ത്തിയാക്കിയില്ല. ഉറങ്ങാനിടമില്ലാഞ്ഞതിനാല്‍ കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും ദിവസച്ചെലവിനായി കൊക്കകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് വില്‍ക്കുകയും ചെയ്ത കാലം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. കാലിഗ്രാഫി (അക്ഷരമെഴുത്ത്)പഠിക്കാനായി വീണ്ടും റീഡ് കോളേജില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്‌നിയാക്ക്, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം 1976-ല്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച 'ആപ്പിള്‍' 2011 ആയപ്പോള്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളര്‍ന്നു. 1985-ല്‍ അധികാര വടംവലിയെത്തുടര്‍ന്ന് കമ്പനിയില്‍ നിന്ന് പുറത്തായി. ഇക്കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്സ്റ്റും പിക്‌സാറും സ്ഥാപിച്ചു. 1996-ല്‍ നെക്സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെ അദ്ദേഹം ആപ്പിളില്‍ തിരിച്ചെത്തി. തുര്‍ന്നുള്ള വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ കാലമായിരുന്നു. ഐപോഡും ഐപാഡും ഐഫോണും പുറത്തിറങ്ങിയതും ഐട്യൂണ്‍ സംഗീതത്തെ മാറ്റിമറിച്ചതും ഇക്കാലത്താണ്. 'സ്റ്റാര്‍വാര്‍സ്' സംവിധായകന്‍ ജോര്‍ജ് ലൂക്കാസിന്റെ പക്കല്‍നിന്ന് വാങ്ങിയ 'ഗ്രാഫിക്‌സ് ഗ്രൂപ്പി'ന്റെ പേരുമാറ്റിയുണ്ടാക്കിയ പിക്‌സാറിനെ പിന്നീട് 2005-ല്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുത്തു. അങ്ങനെ ജോബ്‌സ് വാള്‍ട്ട് ഡിസ്‌നിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി.
കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്റ്റീവിന് ഇരുപത് വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന് 29 വയസ്സുള്ളപ്പോഴാണ് ആപ്പിളില്‍ നിന്ന് മകിന്‍േറാഷ് പുറത്തുവന്നത്. റീഡിലെ കാലിഗ്രാഫി പഠനം മകിന്‍േറാഷിന്റെ രൂപകല്‍പ്പനാസമയത്ത് തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്റ്റീവ് മരിക്കുമ്പോള്‍ 35,000 കോടി ഡോളറാണ് ആപ്പിളിന്റെ വിപണിമൂല്യം. അദ്ദേഹത്തിന്റെ സ്വന്തം ആസ്തി 70 ലക്ഷം ഡോളറെന്നാണ് ഫോബ്‌സിന്റെ കണക്ക്. അമേരിക്കയിലെ സമ്പന്നരില്‍ 42-ാം സ്ഥാനമായിരുന്നു സ്റ്റീവ് ജോബ്‌സിന്. ലോകത്തിലെ ഏറ്റവും മികച്ച സി.ഇ. ഒയായി ഗൂഗിള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
പ്രഥമദൃഷ്ട്യാ പ്രണയം
സ്റ്റാന്‍ഫോര്‍ഡില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന സമയത്താണ് ലോറീന്‍ പവല്‍ ആദ്യമായി സ്റ്റീവ് ജോബ്‌സിനെ കാണുന്നത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് തന്നെ ആയിരുന്നുവെന്നാണ് അവര്‍ അതേക്കുറിച്ച് പറയുന്നത്. അന്നു തന്നെ അത്യാവശ്യം പ്രശസ്തനാണ് ജോബ്സ്. 1989 ഒക്ടോബറില്‍ സ്റ്റാന്‍ഫോര്‍ഡില്‍ ഒരു പ്രഭാഷണത്തില്‍ പങ്കെടുക്കുമ്പോള്‍, പവല്‍ ജോബ്സ് മുന്‍വശത്തേക്ക് പതുങ്ങിയിരുന്ന് അവളുടെ അടുത്തിരുന്ന ആളുമായി സംഭാഷണം ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം തന്നെ ഗസ്റ്റ് ലക്ചറര്‍ സ്റ്റീവ് ജോബ്സ് എന്ന് സ്വയം പരിചയപ്പെടുത്തി. ഒറ്റനോട്ടത്തില്‍ സ്റ്റീവിനും അവളില്‍ താല്‍പ്പര്യം വന്നു. ഒരു പ്രധാന ബിസിനസ് ഡിന്നര്‍ ഒഴിവാക്കിയാണ് താന്‍ അവരുമായി ഡേറ്റ് ചെയ്തത് എന്നാണ് ബിസിനസ് ഇന്‍സൈഡറിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.
ലോറീന്‍ പവലിനെ കാണാനായി പാര്‍ക്കിംഗ് സ്ഥലത്തേക്ക് ഓടുമ്പോള്‍, മനസ്സിലുണ്ടായ വികാരം, 'സ്റ്റീവ് ജോബ്സ് ദ മാന്‍ ഹു തോട്ട് ഡിഫറന്റ്' എന്ന ജീവചരിത്രത്തില്‍ അദ്ദേഹം പറയുന്നുണ്ട്. 'ബിസിനസ് മീറ്റിങ്ങിന് പോവണോ, അതോ അവളുമൊത്ത് ഒരു ഡിന്നര്‍ കഴിക്കണോ എന്നായിരുന്നു എന്റെ മനസ്സില്‍. ഇത് ഭൂമിയിലെ എന്റെ അവസാന രാത്രിയാണെങ്കില്‍, ഞാന്‍ എന്താണ് ചെയ്യുക എന്ന് ചിന്തിച്ചു. അങ്ങനെ തീരുമാനമെടുത്തു. ഞാന്‍ പാര്‍ക്കിംഗ് ലോട്ടിലൂടെ ഓടി. എന്നോടൊപ്പം അത്താഴം കഴിക്കുമോ എന്ന് അവളോട് ചോദിച്ചു. അവള്‍ പറഞ്ഞു അതെ എന്ന്. ഞങ്ങള്‍ നഗരത്തിലേക്ക് നടന്നു, അന്നുമുതല്‍ ഞങ്ങള്‍ ഒരുമിച്ചായി''- സ്റ്റീവ് എഴുതി.
രണ്ട് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം, പവലും ജോബ്‌സും യോസെമൈറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ച് വിവാഹിതരായി.1991 മാര്‍ച്ച് 18-ന്, യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ അഹ്വാഹ്നി ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് സെന്‍ ബുദ്ധ സന്യാസി കോബുന്‍ ചിനോ ഒട്ടോഗാവ് നേതൃത്വം നല്‍കി. ദമ്പതികള്‍ക്ക്് 1991 സെപ്റ്റംബറില്‍ റീഡ് എന്നൊരു മകനുണ്ടായി. 1995- ല്‍ എറിന്‍ 1998 -ല്‍ ഈവ് എന്ന രണ്ട് പെണ്‍മക്കളും ജനിച്ചു. എന്നും തന്റെ ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ക്ക് ഒപ്പം അവര്‍ ഉണ്ടായിരുന്നു. സാധാരണ പാശ്ചാത്യ ദാമ്പത്യ ബന്ധങ്ങളില്‍ കാണുന്ന, അന്ത:ച്ഛിദ്രങ്ങളും കലഹങ്ങളും അവര്‍ക്കിടയില്‍ ഉണ്ടായതുമില്ല. ജോബ്സിന്റെ മരണംവരെ അവര്‍ പങ്കാളികളായി തുടര്‍ന്നു. 2011 ഓഗസ്റ്റ് 24-ന് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കല്‍ കത്തില്‍ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിന്‍ഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ചെയര്‍മാനായി നിയമിച്ചു.
ശതകോടികള്‍ സാമൂഹിക പ്രവര്‍ത്തനത്തിന്
പാന്‍ക്രിയാസിനുണ്ടായ അര്‍ബുദ ബാധയെ തുടര്‍ന്ന് 2011 ഒക്ടോബര്‍ അഞ്ചിനായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ മരണം. അത് കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നെങ്കിലും അവര്‍ അതിജീവിച്ചു. അതിനുള്ള കാര്യങ്ങള്‍ പോലും ജോബ്സ് അവര്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. ഉറപ്പായ മരണത്തെപ്പോലും ശാന്തമായാണ് അദ്ദേഹം നേരിട്ടത്. -'ഞാനും കുട്ടികളും അദ്ദേഹത്തെ എല്ലാ ദിവസവും മിസ് ചെയ്യുന്നു,' എന്‍ബിസിയുടെ ബ്രയാന്‍ വില്യംസുമായുള്ള അഭിമുഖത്തില്‍ പവല്‍ ജോബ്സ് പറഞ്ഞു.
ഭര്‍ത്താവിന്റെ മരണശേഷം, പവല്‍ ജോബ്‌സ് അദ്ദേഹത്തിന്റെ ശതകോടികളുടെ സമ്പത്തിന് അവകാശിയായി. ആപ്പിളിന്റെ 5.5 ദശലക്ഷം ഓഹരികളും, വാള്‍ട്ട് ഡിസ്‌നി കമ്പനിയിലെ 7.3 ശതമാനം ഓഹരികളും അവരെ അമേരിക്കയിലെ മൂന്നാമത്തെയും, ലോകത്തിലെ അഞ്ചാമത്തെ വലിയ ധനികയായ വനിതയാക്കി. ഭര്‍ത്താവിന്റെ മരണശേഷവും 2016 വരെ ഡിസ്നിയുടെ 64.3 ദശലക്ഷം ഓഹരികള്‍ അവര്‍ വാങ്ങി. 2017-ന്റെ തുടക്കത്തില്‍, തന്റെ ഓഹരികള്‍ പകുതിയായി കുറയ്ക്കുന്നതുവരെ കമ്പനിയുടെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി. ഈ ഓഹരികള്‍ വിറ്റഴിച്ച് അവര്‍ പണം സ്വരുപിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.
ഭര്‍ത്താവിനെ ഓസി ജീവിക്കുന്നയാളായിരുന്നില്ല അവള്‍. സ്വയം ഒരു നല്ല സംരംഭകയായിരുന്നു. 90-കളുടെ തുടക്കത്തില്‍, ധാന്യങ്ങളും എണ്ണക്കുരുക്കളും പോലുള്ള ജൈവ അസംസ്‌കൃത വസ്തുക്കളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പവല്‍, ടെറവേര എന്ന പ്രകൃതി ഭക്ഷണ കമ്പനിയുടെ സഹസ്ഥാപകനായി. ഭക്ഷ്യ മേഖലയില്‍ ഇതടക്കം നിരവധി ബിസിനസുകള്‍ പവലിനുണ്ട്. പക്ഷേ കുട്ടികളുണ്ടായപ്പോള്‍, അവളുടെ കുടുംബത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവര്‍ ചില ബിസിനസുകളില്‍നിന്ന് ഒഴിവാവുകയായിരുന്നു.
സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്ന എമേഴ്‌സണ്‍ കളക്ടീവിന്റെ സ്ഥാപകയാണ് അവര്‍. 2004-ലാണ് ഈ സംഘടന തുടങ്ങിയത്. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള റാല്‍ഫ് വാള്‍ഡോ എമേഴ്‌സണിന്റെ പേരിലുള്ള ഈ സംഘടന, സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നു. കുടിയേറ്റ പരിഷ്‌കരണത്തിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കും വേണ്ടി വാദിക്കുന്നു. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ആധുനിക വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാന്‍ സ്വകാര്യ കമ്പനി ഗ്രാന്റുകളും നിക്ഷേപങ്ങളും ഉപയോഗിക്കുന്നു. 'സ്വ്വാശ്രയത്വം എന്നതാണ് എമേഴ്സന്റെ ആശയം. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍നില്‍ക്കാനാണ് ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നത്. വിദ്യാഭ്യാസത്തിനാണ് ഞങ്ങള്‍ ഏറെ പിന്തുണ കൊടുക്കുന്നത്''- ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.
കമല ഹാരീസിന്റെ വലംകൈ
സാധാരണ ഇത്തരം ആത്മീയ അന്വേഷകരെയൊക്കെയും വലതുപക്ഷം എന്ന് പറഞ്ഞാണ് ചാപ്പയടിക്കാറുള്ളത്. കുംഭമേളക്കൊക്കെ വരുന്നവര്‍ ട്രംപിന്റെയും മോദിയുടെയും അനുയായികള്‍ ആയിരിക്കുമെന്നാണ്, കേരളാ ഇടതുപൊതുബോധം. എന്നാല്‍ ലോറീന്‍ പവല്‍ ജോബ്‌സ് എന്ന, സിലിക്കണ്‍ വാലിയുടെ ഏറ്റവും ധനികയായ സ്ത്രീയുടെ കാര്യത്തില്‍ ഇത് തെറ്റാണ്. അവര്‍ എന്നും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണ്. മാത്രമല്ല, 2024- ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലഹാരീസിന്റെ തിരശ്ശീലയ്ക്ക് പിന്നിലുള്ള കരുത്ത് എന്ന പേരിലും അവര്‍ അറിയപ്പെട്ടു.
രാഷ്ട്രീയത്തിലിറങ്ങാന്‍ മടിച്ചു നിന്ന കമലയെ കളത്തിലിറക്കിയതും, ലോറീന്‍ പവലിന്റെ മോട്ടിവേഷനാണ്. ഇന്ത്യന്‍ വംശജയായ കമലയുടെ വലംകെയും, വിശ്വസ്ത സുഹൃത്തുമായാണ് അവര്‍ അറിയപ്പെടുന്നത്. കമലാ ഹാരിസ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയില്‍ നിന്ന് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നതിന് പിന്നിലെ അദൃശ്യ ഹസ്തമാണ്, ജോബ്സിന്റെ ഭാര്യയെന്ന്, ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പിന് അവര്‍ ദശലക്ഷക്കണക്കിന് സംഭാവന നല്‍കിയിട്ടുണ്ട്. കൂടാതെ, കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വഴിയൊരുക്കി ബൈഡനെ മത്സരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ വിവേകപൂര്‍ണ്ണവുമായ പങ്കും അവര്‍ വഹിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നുണ്ട്.
2003-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിക്ക് വേണ്ടിയുള്ള കമലയൗടെ പ്രാരംഭ പ്രചാരണത്തിന് ലോറീന്‍ പവല്‍ വന്‍ തുക സംഭാവന നല്‍കിയിരുന്നു. 'കമലയുടെ കരിയറിന്റെ തുടക്കത്തില്‍ അവള്‍ സഹായിയായിരുന്നു,' ഇരുനേതാക്കളും പങ്കെടുത്ത ഒരു പരിപാടിയുടെ സംഘാടകയായ ആന്‍ഡ്രിയ ഡ്യൂ സ്റ്റീല്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. കൂടാതെ, 2017-ല്‍, പവല്‍ ഒരു ടെക് കോണ്‍ഫറന്‍സില്‍ ഒരു അപൂര്‍വ സ്റ്റേജ് അഭിമുഖത്തിന് സമ്മതിച്ചു, അവിടെ അവള്‍ കമല ഹാരിസിനെ തന്നോടൊപ്പം ചേരാന്‍ ക്ഷണിച്ചു. അഭിമുഖം വലിയ സംഭവമായി. നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന് ചോദിച്ചപ്പോള്‍, കമലയെ ചൂണ്ടി പവല്‍ പറഞ്ഞു- ' നിങ്ങള്‍ മത്സരിക്കണം, ഞാന്‍ അവള്‍ക്ക് വോട്ട് ചെയ്യും'. ഈ അഭിമുഖ പരിപാടിയാടെയാണ് കമലയുടെ സ്ഥാനാര്‍ത്ഥിത്വം സജീവ ചര്‍ച്ചയായത്.
ജൂണില്‍ നടന്ന സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായ ബൈഡന്റെ മോശം പ്രകടനത്തിന് ശേഷം, തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍, ലോറീന്‍ പവല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ബൈഡന്‍ പിന്‍മാറാനുള്ള ഒരു കാരണവും, ഈ സപ്പോര്‍ട്ട് ഗ്രൂപ്പില്‍നിന്നുണ്ടായ എതിര്‍പപാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ തനിക്ക് കക്ഷി രാഷ്ട്രീയമൊന്നുമില്ലെന്നും, കമലയോടുള്ള സ്നേഹം വ്യക്തിപരമാണെന്നുമാണ്, ലോറീന്‍ പവല്‍ പറയുന്നത്. ഇന്ത്യയില്‍ അവര്‍ കമല എന്ന പേര് സ്വകീരിച്ചതും, സ്ഥാനമൊഴിയുന്ന യുഎസ് വൈസ് പ്രസിഡന്റുകൂടിയായ കമല ഹാരീസിനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പറയുന്നു. പക്ഷേ ഇത് ഒരു മതംമാറ്റമോ സ്ഥിരംപേരോ ആയും അവര്‍ കരുതുന്നില്ല. ഈ കുംഭമേളയില്‍ ഒരു ഹിന്ദുവായി പൂര്‍ണ്ണാമായും അലിഞ്ഞുചേരാനുള്ള മാറ്റത്തിനാണ് ഇങ്ങനെ ചെയ്യുന്നത്.
ജോബ്സിന്റെ ആത്മീയ വഴികളിലൂടെ ഭാര്യയും
ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍, ഭര്‍ത്താവ് സ്റ്റീവ് ജോബ്സ് പിന്തുടര്‍ന്ന അതേപാതയാണ്, ലോറീന്‍ പവല്‍ ജോബ്സും നീങ്ങുന്നത് എന്ന് പറയാം. കൗമാരകാലത്തില്‍ സ്റ്റീവ് ജോബ്സും ഒരു അത്മീയ അന്വേഷകനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. തന്റെ കോളേജ്മേറ്റായ, ഡാനിയേല്‍ കോട്ട്‌കെയ്‌ക്കൊപ്പം, ഇന്ത്യ സന്ദര്‍ശിച്ചുകൊണ്ട് ജോബ്‌സ് തന്റെ ആത്മീയ പരീക്ഷണങ്ങള്‍ തുടങ്ങിയത്.
ന്യൂഡല്‍ഹിയിലെ ജീവിതമൊക്കെ സ്റ്റീവ് വിശദമായി എഴുതിയിട്ടുണ്ട്. അന്ന് ഹിപ്പി കള്‍ച്ചറിന്റെ കാലമായിരുന്നു. ടീ ഷര്‍ട്ടുകള്‍ക്കും ജീന്‍സിനും പകരം ഖാദി കുര്‍ത്തകളും ലുങ്കികളും ധരിച്ച്, തെരുവുകളില്‍ നഗ്‌നപാദനായി ഇരുവരും നടന്നു. ആദ്യം കണ്ടുമുട്ടിയ ഭിക്ഷാടകരുടെ വലിയ കൂട്ടം അവരെ ഞെട്ടിച്ചു. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കയ്പേറിയ യാഥാര്‍ത്ഥ്യത്തെ അവര്‍ അപ്പോഴാണ് അറിയുന്നത്. തുടര്‍ന്ന് ജാബ്‌സും കോട്ട്‌കെയും ന്യൂഡല്‍ഹിയില്‍ നിന്ന് ഹിമാലയത്തിലേക്ക് പുറപ്പെട്ടു. അവര്‍ പ്രാദേശിക ഭക്ഷണം കഴിച്ച് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ താമസിച്ചു. താമസിയാതെ ഇന്ത്യന്‍ ഭക്ഷണത്തോട് തനിക്ക് കമ്പം വന്നുവെന്നും ജോബ്സ് എഴുതിയിട്ടുണ്ട്.
നൈനിറ്റാളിനടുത്തുള്ള കൈഞ്ചിയില്‍ വച്ച് സ്റ്റീവ് ജോബ്‌സ് ഒരു വിശുദ്ധനെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഇദ്ദേഹം ഒരു മലമുകളില്‍ ജോബ്സിന്റെ തല മൊട്ടയടിച്ചു. സ്റ്റീവ് ജോബ്‌സിനെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ച മിസ്റ്റിക്ക് സന്യാസിയായ നീം കരോളി ബാബ എവിടെയാണെന്ന് അറിയാമെന്ന് ആ മനുഷ്യന്‍ പറഞ്ഞു. അതുപ്രകാരം അവര്‍ ബാബയുടെ ആശ്രമത്തിലേക്ക് തിരിച്ചു. പക്ഷേ ബാബ ഇതിനകം അന്തരിച്ചുവെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് കടുത്ത നിരാശ തോന്നി. ഇതോടെ താന്‍ ചതിക്കപ്പെട്ടുവെന്നും ആ മനുഷ്യന്‍ ഒരു വഞ്ചകനാണെന്നും സ്റ്റീവ് ജോബ്‌സിന് മനസ്സിലായതായി അദ്ദേഹം എഴുതി.
അതിനുശേഷമാണ് നീം കരോളി ബാബയുടെ പുനര്‍ജന്മ അവതാരമാണെന്ന് അവകാശപ്പെട്ട, ഹരിഖാന്‍ ബാബയുടെ ആശ്രമത്തിലേക്ക് അവര്‍ തിരിച്ചത്. ദുര്‍ഘടമായ വഴികളിലുടെയുള്ള ഒരു നീണ്ട ട്രെക്കിങായിരുന്നു അത്. പക്ഷേ തങ്ങള്‍ കണ്ടുമുട്ടിയ ഹരിഖാന്‍ ബാബ അമ്പരപ്പിക്കും വിധം ചെറുപ്പമായിരുന്നു എന്നാണ് ജോബ്സ് എഴുതിയത്. അതോടെ ഇത് ഉഡായിപ്പാണെന്ന് അവര്‍ക്ക് ബോധ്യമായി. തുടര്‍ന്നുള്ള മടക്കയാത്രയും ദുര്‍ഘടമായിരുന്നു. യാത്രാക്ഷീണവും ഇന്ത്യന്‍ വേനല്‍ച്ചൂടും കാരണം രണ്ടുപേര്‍ക്കും വയറിളക്കവും, ഛര്‍ദിയും വന്നു. അവരുടെ ചെക്കുകള്‍ അടങ്ങിയ പഴ്സും മോഷ്ടിക്കപ്പെട്ടു. ഇതോടെ,ജ്ഞാനോദയവും ആത്മീയതയും കൈവരിക്കുമെന്ന സ്റ്റീവ് ജോബ്‌സിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ബുദ്ധമതത്തിലേക്ക് തിരിഞ്ഞു. തലമുണ്ഡനം ചെയ്ത ഒരു ബുദ്ധമതാനുയായി ആയാണ് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയത്. സന്ദര്‍ശനം അദ്ദേഹത്തിന്റെ ചിന്തയില്‍ മാറ്റം വരുത്തിയതായി പറയപ്പെടുന്നു. ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം സ്റ്റീവ് ജോബ്‌സും മഹാത്മാഗാന്ധിയെ കൂടുതല്‍ ആരാധിക്കാന്‍ തുടങ്ങി. ആപ്പിളിന്റെ 'തിങ്ക് ഡിഫറന്റ്' പരസ്യങ്ങളില്‍, മഹാത്മാഗാന്ധിയെ ഉള്‍പ്പെടുത്തിയിരുന്നു. അതിനുശേഷമുള്ള അഭിമുഖങ്ങളിലും അദ്ദേഹം ഇന്ത്യയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറയുന്നത്.
ഒരുപക്ഷെ ഇന്ത്യയുടെ ദാരിദ്ര്യവും, ആത്മീയതയുടെ പേരില്‍ നടക്കുന്ന തട്ടിപ്പും കൃത്യമായി മനസ്സിലാക്കിയതുകൊണ്ട് തന്നെയാവണം, പന്നെ അദ്ദേഹം തീര്‍ത്തും ഭൗതികമായ വഴിയിലൂടെയാണ് നീങ്ങിയത്. അപ്പോഴും മനുഷ്യസ്നേഹവും സാമൂഹിക പ്രവര്‍ത്തനവും ജോബ്സ് തുടര്‍ന്നു. ഈ ലോകത്തെ മാറ്റിമറിച്ച ഒരുപാട് നേട്ടങ്ങള്‍ക്ക് ശേഷം, ഒരു ഇല പൊഴിയുന്നതുപോലെ കടന്നുപോയി. ഇപ്പോള്‍ കമലയായി പേരുമാറ്റിയ, ജോബ്സിന്റ പത്നിയും തേടുന്നത് ഇതുപോലെ ഒരു ആത്മീയ അന്വേഷണം ആവും.
വാല്‍ക്കഷ്ണം: ഈ യാത്രയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട്, സര്‍വസംഗപരിത്യാഗികളായി മാറി, വെറുതെ ശിവമൂലി വലിച്ച് ജീവിതം കളയുകയല്ല ലോറീന്‍ പവലിനെപ്പോലുള്ളവര്‍ ചെയ്യുന്നത്. ലോകത്തിനും, മനുഷ്യനും കൂടുതല്‍ കൂടുതല്‍ ഉപകാരപ്പെടുന്ന, പ്രവര്‍ത്തനങ്ങളിലേക്ക് കടക്കയാണ്! ഇന്ത്യന്‍ ആത്മീയതയും അമേരിക്കന്‍ അധ്യാത്മിക അന്വേഷണവും തമ്മിലുള്ള പ്രധാന വ്യത്യാസവും അതുതന്നെയാവാം..