മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് റോഡിലെ വാഹനങ്ങള്‍ക്ക് മുകളില്‍ വീണു; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് റോഡിലെ വാഹനങ്ങള്‍ക്ക് മുകളില്‍ വീണു; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

Update: 2026-02-14 11:19 GMT

മുംബൈ: മുംബൈ മുലുണ്ടില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നു വീണ് വന്‍ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് എല്‍ബിഎസ് റോഡിലുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു.

ഓട്ടോയിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ മുകള്‍ഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികള്‍ വീണത്.

ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എല്‍ബിഎസ് റോഡിലുണ്ടായ അപകടം വലിയ ഗതാഗത തടസ്സത്തിനും പരിഭ്രാന്തിക്കും കാരണമായി. ഫയര്‍ഫോഴ്‌സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മെട്രോ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    

Similar News