ക്രിക്കറ്റ് മത്സരത്തിനിടെ അവസാന പന്തിനെച്ചൊല്ലി തർക്കം; ബാറ്റുക്കൊണ്ടുള്ള മർദ്ദനത്തിൽ 18കാരന് ദാരുണാന്ത്യം; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
ലഖ്നൗ: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ശക്തിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ വിശേഷ് ശർമ്മ ഒളിവിലാണ്. ഇരു ടീമുകളിലായി കളിച്ചിരുന്ന ഇവർ മത്സരത്തിനിടെ അവസാന പന്തിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിലാണ് ശക്തി കൊല്ലപ്പെട്ടത്. ബാറ്റ് കൊണ്ടുള്ള ക്രൂരമായി മർദ്ദനമാണ് മരണത്തിന് കാരണമായത്. പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.
വിശേഷും ശക്തിയും ക്രിക്കറ്റ് മത്സരത്തിലെ അവസാന പന്തിനെച്ചൊല്ലി തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി. വിശേഷ് ബാറ്റുകൊണ്ട് ശക്തിയെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ശക്തിയുടെ ബോധം നഷ്ടമായി. സമീപത്തുള്ള ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ ജീവനക്കാരനാണ് ശക്തിയുടെ അമ്മാവൻ മോഹിത് കുമാർ. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ മോഹിത് കുമാറാണ് ശക്തിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
മോഹിത് കുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അക്രമസാധ്യത പരിഗണിച്ച് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അനുപ്‌ഷഹർ ഡിഎസ്പി റാം കരൺ പറഞ്ഞു.