'ഏഴ് ആത്മാക്കൾ ജീവിക്കാൻ അനുവദിക്കുന്നില്ല'; വാടക മുറിയിൽ ആത്മഹ്യത ചെയ്ത് 28 കാരൻ; പോലീസ് മൃതദേഹം കണ്ടെടുത്തത് അഴുകിയ നിലയിൽ
ഭോപ്പാൽ: ഖുഷിപുരയിലെ ബജാരിയ പ്രദേശത്തെ വാടകമുറിയിൽ 28 കാരൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പോലീസ് പരിശോധനയിൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തരുൺ ശർമ്മ എന്നയാളാണ് മരണപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയാണ് ബജാരിയ പോലീസ് മൃതദേഹം കണ്ടെത്തിയത്.
ബജാരിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴ് ആത്മാക്കൾ തന്നെ ജീവിത്തിൽ വേട്ടയാടുകയാണെന്നും, തന്നെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് ആത്മഹത്യ കുറിപ്പിൽ നിന്നും കണ്ടെത്താനായത്.
മരണപ്പെട്ട തരുൺ ശർമ്മ ഇൻഡോറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നതായും ജോലിക്കായി ഭോപ്പാലിലേക്കും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും പതിവായി യാത്ര ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ബെതുൽ ജില്ലയിലെ ഷാപൂർ ഗ്രാമത്തിൽ നിന്നുള്ള ഇയാൾ ഇൻഡോറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ജോലി സംബദ്ധമായ ആവശ്യങ്ങൾക്കായി എത്തുമ്പോൾ ഖുഷിപുരയിലാണ് ഇയാൾ താമസിക്കാനായി മുറി വാടകയ്ക്ക് എടുത്തിരുന്നത്.
തരുൺ ശർമയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. സഹോദരി ഇയാളോടൊപ്പമല്ല താമസിച്ചിരുന്നത്. ബേത്തുൽ ജില്ലയിലെ ഷാപൂരിലാണ് ബന്ധുവിനോടൊപ്പമാണ് സഹോദരി താമസിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സഹോദരിയും മറ്റ് ബന്ധുക്കളും വിട്ടുനൽകി.
"പലരും എന്നെ കഷ്ടപ്പെടുത്തി, ഇപ്പോൾ ഏഴ് ആത്മാക്കൾ എന്നെ അലട്ടുന്നു, ഇപ്പോൾ ഞാൻ എൻ്റെ ശരീരം വിട്ടുപോകാൻ ആഗ്രഹിക്കുന്നു, അടുത്ത ജന്മത്തിൽ ഞാൻ എൻ്റെ യഥാർത്ഥ ശരീരത്തിലേക്ക് മടങ്ങും. എനിക്ക് ഈ ആത്മാക്കളിൽ നിന്ന് മോചനം വേണം''. എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
കേസിൽ അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. മരണപ്പെട്ടയാൾക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, ആത്മഹ്യതക്ക് മറ്റ് കാരണങ്ങൾ ഉണ്ടൊയ്യെന്നുൾപ്പെടെ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.