സിഗ്നലിൽ കാത്ത് നിന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; നിലവിളി കേട്ട് ആളുകൾ തടിച്ചുകൂടി; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; ഡ്രൈവർക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ റുപാലി സ്ക്വയറിൽ സിഗ്നലിൽ കാത്തുനിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ അമിതവേഗതയിലെത്തിയ അമ പൊതുഗതാഗത ബസിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ജനുവരി മൂന്നിന് നടന്ന അപകടത്തിൽ 62 വയസുകാരനായ വിഷ്ണു പാട്രോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ബസ് പിന്നിൽ നിന്ന് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മുന്നിലുണ്ടായിരുന്ന മറ്റൊരു ബസിലേക്ക് ഇടിച്ച് ഇരു ബസുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു. അപകടത്തിന്റെ ഡാഷ് കാം ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടെങ്കിലും ബസ് ഡ്രൈവറായ സചിത്ര കുമാർ സഹോയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അപകടത്തെക്കുറിച്ച് ഡ്രൈവർക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ രോഷാകുലരായ പ്രദേശവാസികൾ അപകടമുണ്ടാക്കിയ അമ ബസിനെയും അതുവഴി വന്ന മറ്റ് രണ്ട് അമ ബസുകളെയും ആക്രമിച്ചു.
മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അമ ബസ് ഓപറേറ്റർ അറിയിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അമ ബസ് ഉൾപ്പെട്ട മൂന്നാമത്തെ അപകടമാണിത്