അയ്യപ്പ ഭക്തർ സഞ്ചരിച്ച ക്രൂയിസർ വണ്ടി നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം; ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
ബംഗളുരു: കർണാടകയിലെ തുമക്കൂറിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ക്രൂയിസർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വസന്തനരസാപുര ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം കോര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരെല്ലാം കർണാടകയിലെ കൊപ്പൽ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ ക്രൂയിസർ വാഹനം പൂർണ്ണമായും തകർന്നു. അപകടവിവരമറിഞ്ഞ് കോര പോലീസ് സ്റ്റേഷൻ എസ്.പി അശോക് വെങ്കട്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.