എക്സ്പ്രസ് വേയിൽ അർദ്ധരാത്രി വാഹനാപകടം; ഒരേ ദിശയിൽ നിന്ന് പാഞ്ഞെത്തിയ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: താനെയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് ഗുരുതര പരിക്ക്. അർദ്ധരാത്രിയാണ് അപകടം നടന്നത്. മുംബൈ-നാസിക് പാതയായ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ പുലർച്ചെ 1.26നായിരുന്നു സംഭവം. താനെയിലെ കാഡ്ബറി ജംഗ്ഷൻ പാലത്തിൽ വെച്ചാണ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന നാല് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന പ്രദേശത്ത് കുറച്ച് നേരം ഗതാഗത തടസമുണ്ടാവുകയും ചെയ്തു. ഒരു ഹെവി ട്രെയിലർ, ഒരു ടെമ്പോ, ടാറ്റ പഞ്ച് കാർ, ഒരു ടിപ്പർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിലർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തൊട്ടുപിന്നാലെ വരികയായിരുന്ന ടാറ്റ പഞ്ച് കാർ ട്രെയിലറിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടൊപ്പം കാറിന് തൊട്ട് പിറകിൽ വരികയായിരുന്ന ടെമ്പോ, കാറിന്റെ പിന്നിലേക്കും ഇടിച്ച് കയറി. ഈ ടെമ്പോയുടെ പിന്നിൽ മറ്റൊരു ടിപ്പറും ഇടിച്ചു.
നാല് വാഹനങ്ങൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്നവർക്കാണ് പരിക്കേറ്റത്. ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് പരിക്കുണ്ട്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.