എയര്‍ ഇന്ത്യ വിമാനത്തില്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
എയര്‍ ഇന്ത്യ വിമാനത്തില്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
മുംബൈ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ജീവനക്കാരുള്‍പ്പെടെ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് തലകറക്കവും ഓക്കാനവും അനുഭവപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ചെങ്കിലും അഞ്ച് യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും മാത്രമാണ് രോഗബാധിതരായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ AI-130 ബോയിംഗ് 777 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. എന്നാല്‍ രോഗകാരണം വ്യക്തമായിട്ടില്ല. ഓക്‌സിജന്‍ ലഭ്യത കുറയുന്നത് ഹൈപ്പോക്‌സിയയിലേക്ക് നയിച്ചേക്കാം. തുടര്‍ന്ന് ഓക്കാനം, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ഭക്ഷ്യവിഷബാധയാണെങ്കിലും സമാന ലക്ഷണങ്ങള്‍ കാണാം.
വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ മെഡിക്കല്‍ സംഘം ഉടനടി വൈദ്യസഹായം ഉറപ്പുവരുത്തി. വിമാനമിറങ്ങിയതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് യാത്രക്കാരെയും രണ്ട് ക്യാബിന്‍ ക്രൂവിനെയും പരിശോധിച്ചു. എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തതായാണ് റിപ്പോര്‍ട്ട്.