ദുരൂഹത ഒഴിയുന്നില്ല; രാജ്യത്ത് ഇന്നും വിമാനങ്ങൾക്ക് ഭീഷണി സന്ദേശം; നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ഭീക്ഷണി; യാത്രക്കാർ പരിഭ്രാന്തിയിൽ
ഡൽഹി: രാജ്യത്തെ വിമാനങ്ങളിലെ ബോംബ് ഭീക്ഷണി തുടർകഥയാകുന്നു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രാജ്യത്ത് ഇന്നും വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, ആകാശ കമ്പനികളുടെ 20 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
ഇതോടെ ഒരാഴ്ചക്കിടെ ഭീഷണി സന്ദേശം ലഭിച്ച സർവീസുകൾ 90 കടന്നതായി അധികൃതർ പറയുന്നു.ഇതിനു പിന്നാലെ ഇപ്പോൾ വൻ നഷ്ടമാണ് വിമാനകമ്പനികൾ നേരിടുന്നത്. ആകാശ, വിസ്താര കമ്പനികളുടെ സർവീസുകൾക്ക് ആറ് വീതം ഭീഷണി സന്ദേശങ്ങൾ ലഭിച്ചു.
ഡൽഹി-ഫ്രാങ്ക്ഫർട്ട്, സിംഗപൂർ-ഡൽഹി, സിംഗപൂർ-മുംബൈ, മുംബൈ - സിംഗപ്പൂർ തുടങ്ങിയ ഫ്ലൈറ്റുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വിസ്താര അറിയിച്ചു. ഡൽഹി-ഗോവ, അഹമ്മദാബാദ്-മുംബൈ, ഡൽഹി-ഹൈദരാബാദ്, കൊച്ചി-മുംബൈ ( QP 1519), ലക്നൗ-മുംബൈ തുടങ്ങിയ സർവീസുകൾക്ക് ഭീഷണി ലഭിച്ചെന്ന് ആകാശ കമ്പനിയും അറിയിച്ചു.
അതേസമയം, നെടുമ്പാശ്ശേരിയിൽ ഇന്നും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി - ദമാം, ആകാശ് എയറിന്‍റെ കൊച്ചി - മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും രണ്ടു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു.