പാർക്കിംഗ് കോംപ്ലക്സിൽ നിന്ന് കാർ മുന്നോട്ട് എടുക്കാൻ ശ്രമം; ഡ്രൈവർ അബദ്ധത്തിൽ ചെയ്തത്; ഒന്നാം നിലയിൽ നിന്ന് കാർ നേരെ താഴോട്ട് പതിച്ചു; ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; ദൃശ്യങ്ങൾ പുറത്ത്
പൂനെ: ഒരു വലിയ കാർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ. അപ്പാർട്ട്‌മെന്‍റിലെ പാർക്കിംഗ് കോംപ്ലക്‌സിന്‍റെ ഒന്നാം നിലയിൽ നിന്ന് കാർ വീഴുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പൂനെയിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് സംഭവം നടന്നത്. വിമാൻനഗറിലെ ശുഭ അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിംഗ് കോംപ്ലക്സിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിയുകയും ചെയ്തിട്ടുണ്ട്.
ഡ്രൈവർ അബദ്ധത്തിൽ റിവേഴ്‌സ് ഗിയർ ഇട്ടതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ ഒന്നാം നിലയിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ഒന്നാം നിലയിലെ മതിൽ തകര്‍ത്താണ് കാര്‍ താഴേക്ക് വീണത്.
വലിയ ശബ്‍ദം കേട്ട് പരിസരത്തുള്ളവർ ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അതേസമയം, പാർക്കിംഗ് ഘടനയുടെ മതിലിന്‍റെ നിർമ്മാണ നിലവാരത്തെക്കുറിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.