'ഗുരുതരമായി പരിക്കേറ്റിട്ടും അഞ്ച് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് തിരികെ എത്തി; തുള്ളിച്ചാടി വരാന്‍ കഴിയും വിധം നമ്മുടെ ആരോഗ്യ രംഗം പുരോഗമിച്ചോ? ഇത് എന്റെ മാത്രം സംശയമല്ല; ഇക്കാര്യത്തില്‍ കുടുംബം കൃത്യമായി കാര്യങ്ങള്‍ പറയണം'; സെയ്ഫിന്റെ മടങ്ങിവരവില്‍ ചോദ്യവുമായി ശിവസേനാ നേതാവ്
മുംബൈ: വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവില്‍ നിന്നും ഗുരുതരമായ പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. നട്ടെല്ലിനും മറ്റ് അവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടും കത്തിയുടെ ഭാഗം ശരീരത്തില്‍ നിന്ന് നീക്കം ചെയ്തിട്ടും അഞ്ച് ദിവസത്തിന് ശേഷം ആശുപത്രി വിട്ടപ്പോള്‍ വളരെ ഊര്‍ജ്ജസ്വലനായി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു സെയഫ് വീട്ടിലേക്ക് തിരികെ എത്തിയത്. ഇതോടെ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ സെയ്ഫിന്റെ ഡിസ്ചാര്‍ജില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശിവസേനാ നേതാവും എം പിയുമായ സഞ്ജയ് നിരുപം. ഇത്രയധികം പരിക്കുകള്‍ ഉണ്ടായിട്ടും അത് ഗുരുതരമായിരുന്നിട്ടും അഞ്ച് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് തുള്ളിക്കളിച്ചും ഡാന്‍സ് കളിച്ചും തിരിച്ചെത്തുന്ന രീതിയില്‍ നമ്മുടെ ആരോഗ്യ രംഗം പുരോഗമിച്ചോയെന്ന് സഞ്ജയ് നിരുപം ചോദിക്കുന്നു. ഇത് എന്റെ മാത്രം സംശയമല്ലെന്നും മുംബൈയില്‍ താമസിക്കുന്ന എല്ലാ നിഷ്‌കളങ്കരായ ആളുകളുടെ ചോദ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കുടുംബം കൃത്യമായ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും നിരുപം ആവശ്യപ്പെട്ടു. എത്ര ഗുരുതരമായിരുന്നു അപകടമെന്നും അത് എത്രത്തോളം സെയ്ഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും കുടുംബം വ്യക്തമാക്കണമെന്നും നിരുപം പറഞ്ഞു.
അതേസമയം, അമ്മയുടെ ചികിത്സയുടെ ആവശ്യത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മോഷ്ടിക്കാന്‍ ഇറങ്ങിയതെന്നും ആക്രമിക്കാന്‍ പദ്ധതിയില്ലായിരുന്നുവെന്നും താരത്തെ ആക്രമിച്ച പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദ് മൊഴി നല്‍കി. പണവുമായി ബംഗ്‌ളാദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു. പ്രതിയില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, നടന്റെ വസതിയില്‍നിന്നു ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറന്‍സിക് പരിശോധനയ്ക്ക് കൈമാറി.