സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുന്നത് അനുവദിക്കാനാകില്ല; പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്; അലഹബാദ് ഹൈക്കോടതി

Update: 2025-03-31 06:53 GMT

ന്യൂഡല്‍ഹി: സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുന്നതിന് അനുവദിക്കാനാകില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി നിര്‍ണായക വിധി. ഒരു സ്ത്രീയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, ഇത് സ്വാഭാവിക നീതി, സ്വകാര്യത എന്നിവയ്ക്കെതിരെ പോകുന്ന നടപടിയാണെന്നും കോടതി വ്യക്തമാക്കി.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ്മയുടെ നിരീക്ഷണം. കന്യകാത്വ പരിശോധനയ്ക്ക് സ്ത്രീയെ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. 2024 ഒക്ടോബര്‍ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് യുവാവ് ചോദ്യം ചെയ്തത്.

ഭര്‍ത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാന്‍ വിസമ്മതിച്ചുവെന്ന് ഭാര്യയും ആരോപിച്ചിരുന്നു. ബലഹീനത സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് താല്‍പ്പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാം. അല്ലെങ്കില്‍ മറ്റേതെങ്കിലും തെളിവുകള്‍ ഹാജരാക്കാം. എന്നാല്‍ യുവതിയോട് കന്യകത്വ പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

2023 ഏപ്രില്‍ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാന്‍ വിസമ്മതിച്ചു. കൂടാതെ ഭര്‍ത്താവില്‍ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സഹോദരീ ഭര്‍ത്താവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, യുവതിയുടെ കന്യകാത്വ പരിശോധന നടത്തണമെന്നും ഭര്‍ത്താവ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

Tags:    

Similar News