'മാസം 25 ലക്ഷം വരുമാനം, സ്ത്രീധനമായി വാങ്ങിയത് 71 ലക്ഷവും കാൽക്കിലോ സ്വർണ്ണവും'; യൂട്യൂബർക്കെതിരെ സോഷ്യൽ മീഡിയ; നിയമത്തെ വെല്ലുവിളിച്ച ആഡംബര വിവാഹമെന്ന് നെറ്റിസൺസ്
ഗുരുഗ്രാം: ഇന്ത്യൻ യൂട്യൂബർ അരുൺ പൻവാറിന്‍റെ വിവാഹത്തിന് 'ദാനം' എന്ന പേരിൽ കൈമാറിയത് 71 ലക്ഷം രൂപയും കാൽക്കിലോയോളം സ്വർണവും. 24 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർക്ക് വൻ തുക ലഭിച്ചതിനെ തുടർന്ന്, ഇത് സ്ത്രീധനം തന്നെയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. വിവാഹ ചടങ്ങുകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
നോട്ടുകെട്ടുകൾ അടുക്കി വെച്ചിരിക്കുന്നതും, വരനായ അരുണിന് ബ്രേസ്‌ലെറ്റ്, മോതിരം എന്നിവയും വരന്‍റെ പിതാവിനും മറ്റ് ബന്ധുക്കൾക്കും സ്വർണ മോതിരങ്ങളടക്കമുള്ള സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. നിയമപരമായി സ്ത്രീധനം നിരോധിച്ച രാജ്യത്ത്, ഈ സമ്മാനങ്ങളെ 'ദാനം' എന്ന് വിശേഷിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ സ്ത്രീകൾ നിരന്തരം അക്രമങ്ങൾക്ക് വിധേയരാകുന്ന സാഹചര്യത്തിൽ 1961-ലാണ് ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്.
എന്നാൽ നിയമം മറികടക്കാൻ പല പേരുകളിലും സ്ത്രീധനം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു. പ്രതിമാസം 20-25 ലക്ഷം രൂപ വരെ യൂട്യൂബ് ചാനലിൽ നിന്ന് അരുൺ പൻവാർ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും വരുമാനമുള്ള വ്യക്തിക്ക് എന്തിനാണ് ഇത്രയും വലിയ 'ദാനം' എന്ന ചോദ്യവും സമൂഹ മാധ്യമ ഉപയോക്താക്കൾ ഉന്നയിച്ചു.
അരുൺ പൻവാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തില്ലേയെന്നും, സ്ത്രീധനത്തിന് 'ദാനം' എന്ന് പേരിട്ട് നിയമം ലംഘിക്കുകയാണോ എന്നുമുള്ള ചോദ്യങ്ങൾ നെറ്റിസെൻസ് ഉന്നയിക്കുന്നുണ്ട്. അരുണിന്‍റെ ഭാര്യ ഒരു സർജനാണെന്നിരിക്കെ, വിദ്യാസമ്പന്നരായ ആളുകൾ പോലും ഇത്തരത്തിൽ സമ്മാനങ്ങൾ കൈമാറുമ്പോൾ സ്ത്രീകൾക്ക് സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമോ എന്ന സംശയവും ചിലർ പ്രകടിപ്പിച്ചു. 'ദാനം', 'സ്ത്രീധനം' എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഓൺലൈനിൽ വലിയ സംവാദമാണ് ഇതോടെ നടന്നത്.
