അത്യാഹിത മുറിയിൽ നിന്നവരോട് ചെരുപ്പ് പുറത്തിടാൻ ആവശ്യപ്പെട്ടു; ഡോക്ടറെക്കെതിരെ മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ
അഹമ്മദാബാദ്: അത്യാഹിത വാർഡിൽ ചെരിപ്പിടാൻ അനുവാദമില്ലെന്ന് പറഞ്ഞ ഡോക്ടറെക്കെതിരെ ആക്രമണം. ചെരുപ്പ് പുറത്ത് ഊരിയിടണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതരായി രോഗിയുടെ കൂട്ടിരിപ്പുകാർ അക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ സ്ത്രീയുമായി ആശുപത്രിയിലെത്തിയതായിരുന്നു ഇവർ. ഗുജറാത്തിലെ ഭാവ്നഗറിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മർദിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ നിന്നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ സ്ത്രീയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുരുന്നു. ഇവരുടെ കൂടെ എത്തിയവർ മുറിയിൽ കൂടെയുണ്ടായിരുന്നു. പരിശോധനക്കായി എത്തിയത് ഡോക്ടർ ജയ്ദീപ് സിൻഹ് ഗോഹിൽ രോഗിയുടെ കൂടെ വന്നവരോട് ചെരിപ്പ് പുറത്ത് അഴിച്ചിടാൻ ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും കൂട്ടിരിപ്പുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതരായ പ്രതികൾ ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഡോക്ടർ നിലത്തുവീണു.
അതിനിടെ പരിക്കേറ്റ് കട്ടിലിൽ കിടന്നിരുന്ന സ്ത്രീ പ്രതികളെ തടയാൻ എഴുന്നേറ്റുവന്നു ശ്രമിച്ചിരുന്നു. അവരെ കൂടാതെ മുറിയിൽ ഉണ്ടായിരുന്ന നഴ്‌സും അക്രമികളെ തടഞ്ഞെങ്കിലും പിന്തിരിയാൻ അവർ തയ്യാറായില്ല. കയ്യേറ്റത്തിനിടയിൽ മുറിയിലുണ്ടായിരുന്ന മരുന്നുകളും മറ്റ് ഉപകരണങ്ങളും നശിച്ചു.
ഹിരേൻ ദംഗർ, ഭവദീപ് ദംഗർ, കൗശിക് കുവാഡിയ എന്നിവരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 115 (2) (മുറിവേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി), 352 (സമാധാനം തകർക്കൽ), 351 (3) (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഗുജറാത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്യപ്പെട്ട ഉടൻ തന്നെ വൈറലായിരുന്നു. ഇതോടെ രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്ന് വന്നു. ഡോക്ടറെ ആക്രമിച്ച പ്രതികൾക്കെതിരെ മാതൃകാപരമായുള്ള കടുത്ത ശിക്ഷ നൽകണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടായ മറ്റു പല ആക്രമങ്ങളെ കുറിച്ചും നിരവധി പേർ ചര്ച്ച ചെയ്‌തു.