'ഫ്‌ളൈറ്റ് വൈകിയത് ആറ് മണിക്കൂര്‍; പെട്ടുപോയ യാത്രക്കാര്‍ക്ക് നല്‍കിയത് വെറും ചിപ്‌സും കുക്കീസും മാത്രം; ചോദ്യം ചെയ്തപ്പോള്‍ ക്രൂ അംഗങ്ങളില്‍ നിന്ന് മോശമായി പൊരുമാറ്റം'; വൈറലായി പോസ്റ്റ്; മാപ്പ് പറഞ്ഞ് ഇന്‍ഡിയോ എയര്‍ലൈന്‍സ്

Update: 2025-01-17 09:25 GMT

കൊല്‍ക്കത്ത: ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ മോശം അനുഭവം ഉണ്ടായ യാത്രക്കാരനോട് മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആറ് മണിക്കൂറാണ് ഫ്‌ളൈറ്റ് വൈകിയത്. പെട്ടുപോയ യാത്രക്കാര്‍ക്ക് നല്‍കിയത് വെറും കുക്കീസും ചിപ്‌സും മാത്രം. ഇത് ചോദ്യം ചെയ്ത യാത്രക്കാരനോട് ക്രൂ അംഗങ്ങള്‍ മോശമായി പെരുമാറുകയായിരുന്നു. റിതം ഭട്ടാചാര്‍ജി എന്ന യാത്രക്കാരനാണ് ദുരനുഭവം നടന്നത്.

തുടര്‍ന്ന് ഇയാള്‍ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ഇന്‍ഡിഗോയിക്കെതിരെ ഉയര്‍ന്നത്. പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് എത്തുകയായിരുന്നു. ജീവനക്കാരില്‍ നിന്നും യാത്രക്കാരോട് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അല്ല തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും, യാത്രക്കാരനുണ്ടായ ദുരനുഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോയുടെ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി 6ന് കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം. സര്‍വ്വീസ് ആറ് മണിക്കൂറോളം വൈകിയതോടെ യാത്രക്കാര്‍ ഫ്‌ലൈറ്റിനുള്ളില്‍ അകപ്പെടുകയായിരുന്നു. ഇത്രയും സമയം ഫ്‌ളൈറ്റില്‍ പെട്ട് പോയിട്ടും വെറും ചിപ്‌സും കുക്കീസും മാത്രമാണ് യാത്രക്കാര്‍ക്ക് നല്‍കിയത് എന്നായിരുന്നു യാത്രക്കാരനായ ഭട്ടാചാര്‍ജിയുടെ ആരോപണം.

ഈകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണത്തിലും മോശം പെരുമാറ്റത്തിലും അതൃപ്തി അറിയിച്ചാണ് യാത്രക്കാരന്‍ പോസ്റ്റിട്ടത്. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്. കുറഞ്ഞ ചിലവില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതം സേവനങ്ങള്‍ നല്‍കുന്ന എയര്‍ലൈനാണ് ഇന്‍ഡിഗോ. എന്നാല്‍ ഇപ്പോള്‍ യാത്ര ചിലവ് കുറക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളും നിലവാരം കുറഞ്ഞതായി പോകുന്നുവെന്നും ക്രൂ അംഗങ്ങള്‍ക്ക് യാത്രക്കാരോട് സഹകരിക്കാന്‍ വേണ്ടത്ര പരിശീലനം നല്‍കണമെന്നും ഭട്ടാചാര്‍ജി പോസ്റ്റില്‍ പറഞ്ഞു.


Full View

Similar News