പരീക്ഷകളിൽ മാർക്ക് കുറഞ്ഞു; അധ്യാപകരിൽ നിന്നുള്ള നിരന്തര ഉപദേശം സമ്മർദ്ദമായി; ആറാം ക്ലാസ്സുകാരി 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ പഠനസമ്മർദ്ദം കാരണം ആറാം ക്ലാസ്സുകാരി റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. വെസ്റ്റ് കല്യാൺ പ്രദേശത്താണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടി. സ്ഥിരമായി പഠിച്ചിട്ടും പരീക്ഷകളിൽ മെച്ചപ്പെട്ട മാർക്ക് നേടാൻ കഴിയാത്തതിലുള്ള നിരാശയാണ് 14-കാരിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
ദീപാവലിക്ക് മുമ്പുള്ള പരീക്ഷകളിൽ ലഭിച്ച കുറഞ്ഞ സ്കോറുകളും, മികച്ച പ്രകടനം കാഴ്ചവെക്കാൻ അധ്യാപകരിൽ നിന്നുള്ള തുടർച്ചയായുള്ള നിർദ്ദേശങ്ങളും അവളുടെ ഉത്കണ്ഠ വർധിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളിൽ നിന്നുള്ള സമ്മർദ്ദവും ഈ അവസ്ഥയ്ക്ക് കാരണമായതായി പോലീസ് സൂചിപ്പിച്ചു.
താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ജനലിലൂടെ പുറത്തേക്ക് ചാടിയ പെൺകുട്ടി താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് മുകളിലാണ് പതിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖടക്പാഡ പോലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.