ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തു; ബിഎസ്എഫ് സൈനികരുടെ കൈയ്യിൽപ്പെട്ടത് ജോലിക്കായി ചെന്നൈയിലേക്ക് കടക്കാൻ ശ്രമിക്കവെ

Update: 2024-10-16 10:51 GMT

മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നാല് ബംഗ്ലാദേശികളെയും ഒരു ഇന്ത്യൻ പൗരനെയും അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തു. നാല് ബംഗ്ലാദേശി പൗരന്മാരിൽ നിന്ന് വ്യാജ ആധാർ കാർഡുകളും ബിഎസ്എഫ് കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ദക്ഷിണ ബംഗാൾ അതിർത്തിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ജോലിക്കായി ചെന്നൈയിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെന്ന് സംഘം ചോദ്യം ചെയ്യലിൽ ബിഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. ബംഗ്ലാദേശിലെ രാജ്ഷാഹിയിലെ ഗോദാഗരിയിലുള്ള ഒരു ബംഗ്ലാദേശി വഴിയാണ് തങ്ങൾ വ്യാജ ഇന്ത്യൻ കാർഡുകൾ വാങ്ങിയതെന്ന് ബംഗ്ലാദേശ് പൗരന്മാർ പറഞ്ഞു. പരിശോധനയിൽ നാല് വ്യാജ ആധാർ കാർഡുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു.

മുർഷിദാബാദിലെ ബമനാബാദ് അതിർത്തി പോസ്റ്റിൽ സംശയാസ്പദമായ ചലനം ശ്രദ്ധയിൽ പെട്ടതോടെ ബിഎസ്എഫ് സൈനികർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ കണ്ട് ചിതറിയോടിയ

സംഘം ഉയരമുള്ള പുല്ലിൽ ഒളിചിരിക്കുകയായിരുന്നു. ശേഷം ഇവർക്കായി തിരച്ചിൽ നടത്താൻ ക്വിക്ക് റെസ്‌പോൺസ് ടീമുകളെ (ക്യുആർടി) സംഭവസ്ഥലത്ത് വിന്യസിച്ചു. പിന്നീട് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു.

Tags:    

Similar News