ഹരിയാന തോല്‍വി: രാഹുല്‍ ഗാന്ധിക്ക് ഒരു കിലോ ജിലേബി പാര്‍സല്‍ അയച്ച് ബി.ജെ.പി; ഓര്‍ഡര്‍ കാഷ് ഓണ്‍ ഡെലിവറി
ഹരിയാന തോല്‍വി: രാഹുല്‍ ഗാന്ധിക്ക് ഒരു കിലോ ജിലേബി പാര്‍സല്‍ അയച്ച് ബി.ജെ.പി; ഓര്‍ഡര്‍ കാഷ് ഓണ്‍ ഡെലിവറി
ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ ഒരു കിലോ ജിലേബി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി. ഡല്‍ഹി കൊനോട്ട് പ്ലേസിലെ കടയില്‍നിന്നാണ് കിലോക്ക് നികുതിയടക്കം 609 രൂപ വിലയുള്ള ജിലേബി ഓര്‍ഡര്‍ ചെയ്തത്. ഇന്നലെ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പരിഹാസ രൂപേണ ജിലേബി പാര്‍സല്‍ അയച്ചത്.
ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അഡ്രസിലുള്ള ഓര്‍ഡറില്‍ 'ജിലേബി ഫോര്‍ രാഹുല്‍ ഗാന്ധി' എന്ന് കുറിച്ചിട്ടുമുണ്ട്. എന്നാല്‍, ഇതിന്റെ പണം കൊടുക്കാന്‍ ബി.ജെ.പി തായാറായിട്ടില്ല. കാഷ് ഓണ്‍ ഡെലിവറിയായാണ് പാര്‍സല്‍ അയച്ചിരിക്കുന്നത്. പാര്‍സല്‍ അയച്ച കാര്യം ഓര്‍ഡര്‍ നമ്പറടക്കം ഹരിയാന ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയുടെ ജിലേബി പരാമര്‍ശമാണ് ബി.ജെ.പിയെ ഇതിന് പ്രേരിപ്പിച്ചത്. ഹരിയാന ഗുഹാനയിലെ ഒരു കടയില്‍നിന്ന് ജിലേബി കഴിച്ച ശേഷം രാഹുല്‍ ഗാന്ധി അത് തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ജിലേബി വ്യാവസായികാടിസ്ഥാനത്തില്‍ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കേണ്ടതുണ്ടെന്ന് നിര്‍ദേശിച്ച അദ്ദേഹം, അതിലൂടെ ഇന്ത്യയുടെയും ലോകത്തിന്റെയും എല്ലാ കോണുകളിലും എത്തിക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു.
രാഹുലിനെ പരിഹസിക്കാനായി തെരഞ്ഞെടുപ്പ് വിജയവും ബി.ജെ.പി ജിലേബി വിതരണം ചെയ്താണ് ആഘോഷിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഭജന്‍ലാല്‍ ശര്‍മ ഒരുപടി കൂടി കടന്ന് സ്വയം ജിലേബി ഉണ്ടാക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു.