ബെംഗളൂരു സൗത്ത് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി; കോടതിക്കുള്ളില്‍ 12 ആര്‍ഡിഎക്‌സ് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം; പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തി

ബെംഗളൂരു സൗത്ത് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി

Update: 2026-02-16 12:36 GMT

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കനത്ത ജാഗ്രത. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.35-ഓടെ കോടതിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. കോടതിക്കുള്ളില്‍ 12 ആര്‍ഡിഎക്‌സ് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ പരിഭ്രാന്തിയിലായ കോടതി ജീവനക്കാരും അഭിഭാഷകരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് കോടതി സമുച്ചയം പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. ബെംഗളൂരു സൗത്ത് കോടതിക്ക് പുറമെ കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ച്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു ജില്ലാ കോടതികള്‍ എന്നിവിടങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇമെയിലിന്റെ ഉറവിടം കണ്ടെത്താനായി സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഒരേസമയം ഭീഷണി എത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടിയായി കോടതി സമുച്ചയങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.

Tags:    

Similar News