അയല്‍ക്കാരനില്‍ നിന്ന് 500 രൂപ കടം വാങ്ങി; ദിവസ വേതനത്തില്‍ നിന്ന് കിട്ടുന്നതില്‍ 300 രൂപ തിരികെ നല്‍കി; ബാക്കി 200 നല്‍കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം; യുവാവ് മരിച്ചു

Update: 2025-01-29 09:01 GMT

മീററ്റ്: അയല്‍ക്കാരനില്‍ നിന്ന് 500 രൂപ കടം വാങ്ങിയതില്‍ 300 രൂപ തിരികെ നല്‍കി. ബാക്കി 200ന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. കല്ലുകളും വലിയ വടികളും ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റയാളെ 18 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഭവന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയ് ഭീം നഗര്‍ സ്വദേശിയായ ഹൊഷിയാര്‍ സിങ് വാല്‍മീകിയാണ് മര്‍ദ്ദനത്തില്‍ മരിച്ചത്. അയല്‍വാസിയായ വികാസ് കുമാറില്‍ നിന്ന് 500 രൂപ കടം വാങ്ങിക്കുകയായിരുന്നു.

ഇതിനിടെ ഇയാളുടെ അവസ്ഥ അറിഞ്ഞ് ആരോഗ്യസ്ഥിതി മോശമായ 70കാരനായ പിതാവും മരണപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് ദാരുണമായ സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഹൊഷിയാര്‍ പിന്നീട് ഇതില്‍ 300 രൂപ മടക്കി നല്‍കിയെങ്കിലും ബാക്കി 200 രൂപ നല്‍കാന്‍ കഴിഞ്ഞില്ല.

ജനുവരി 9ന് വികാസ് കുമാറും അയാളുടെ ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ വിജനമായ ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു. തലയ്ക്കും വയറിനും പരിക്കേറ്റു. ഗുതുതരാവസ്ഥയില്‍ മീററ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ 18 ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇതിനിടെ മകന്റെ അവസ്ഥ അറിഞ്ഞ് അതീവ ദുഃഖത്തിലായ പിതാവ് ജനുവരി 20ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസം യുവാവും മരിച്ചു.

മര്‍ദനമേറ്റ് പത്ത് ദിവസം കഴിഞ്ഞാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതേസമയം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും വികാസ് കുമാര്‍ (24), ലാല (23) എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News