ബംഗാളില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ സ്ഥിരീകരിച്ചു; 100 പേര്‍ നിരീക്ഷണത്തില്‍

Update: 2026-01-15 12:00 GMT

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം അഞ്ചായി. ഒരു ഡോക്ടര്‍ക്കും നഴ്സിനും ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബര്‍സാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്കാണ് ആദ്യം നിപ സ്ഥിരീകരിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതേ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.

മറ്റ് രണ്ട് പുതിയ രോഗികള്‍ കത്വ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് നേരത്തെ രോഗം ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായിരുന്നു. പുതിയ രോഗികളെല്ലാം ബെലെഘട്ടയിലെ പകര്‍ച്ചവ്യാധികള്‍ക്കായുള്ള പ്രത്യേക ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നൂറിലേറെ പേരെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം പറഞ്ഞു. ക്വാറന്റീനിലുള്ള 100 പേരില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിച്ച 30 പേരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നദിയ, പൂര്‍വ ബര്‍ധമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളിലുള്ളവരാണ് നിപ ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നത്. രോഗബാധിതര്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്ന വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുകയാണ്. ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ച നഴ്സിന് ഡിസംബര്‍ 25 മുതല്‍ പനി ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ ഡിസംബര്‍ 20 വരെ ബര്‍സാത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. ജനുവരി രണ്ടിനാണ് കടുത്ത പനിയെ തുടര്‍ന്ന് ഇവര്‍ തിരിച്ചുവന്നത്. തുടര്‍ന്ന് കത്വയിലെയും ബര്‍സാത്തിലെയും ഏതാനും ആശുപത്രികളില്‍ ചികിത്സ തേടി.

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.ബംഗാളില്‍ ഏറ്റവുമൊടുവില്‍ 2001ലും 2007ലുമാണ് നിപ ബാധയുണ്ടായത്. കേരളത്തില്‍ 2018ലുണ്ടായ നിപ വ്യാപനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 2024 വരെ ആകെ 24 പേരാണ് കേരളത്തില്‍ നിപ ബാധിച്ച് മരിച്ചത്.

Similar News