'ഹിന്ദുക്കളെ ദ്രോഹിച്ച ഒരാൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യതയുണ്ടോ?'; രാമക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവേശനാനുമതി നിഷേധിക്കണമെന്ന് സന്യാസിമാർ
ലക്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോധ്യ രാമക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം സന്യാസിമാർ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ 'രാഷ്ട്രീയ പരിപാടി' എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ ഹിന്ദുമത വിശ്വാസത്തെ ചോദ്യം ചെയ്താണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. പ്രമുഖ സന്യാസിയും ജ്യോതിർമഠിലെ ശങ്കരാചാര്യയുമായ സ്വാമി അവിമുക്താശ്വേരാനന്ദാണ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.
രാഹുൽ ഗാന്ധി ഹിന്ദുവല്ലെന്നും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാനാവില്ലെന്നും സ്വാമി അവിമുക്താശ്വേരാനന്ദ് വ്യക്തമാക്കി. ശ്രീ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനോട് രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഹിന്ദുക്കളെ ദ്രോഹിച്ച ഒരാൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യതയുണ്ടോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും സ്വാമി അവിമുക്താശ്വേരാനന്ദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മനുസ്മൃതിക്കെതിരെ സംസാരിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി താൻ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം ഒരു 'പ്രചാരണ തന്ത്രം' മാത്രമാണെന്ന് ബി.ജെ.പി വിമർശിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നോ കോൺഗ്രസ് നേതൃത്വത്തിൽനിന്നോ അയോധ്യ സന്ദർശനം സംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിൽ, രാഹുൽ ഗാന്ധിയുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം സംബന്ധിച്ച അനിശ്ചിതത്വവും വിവാദങ്ങളും തുടരുകയാണ്.