പശുവിനെ കടത്തിയെന്ന് ആരോപണം; കന്നുകാലികളുമായി വന്ന പിക്കപ്പ് വാനെ തടഞ്ഞ് നിർത്തി യുവാവിനെ അടിച്ചുകൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഒഡീഷയിൽ
ഭുവനേശ്വർ: ഒഡീഷയിലെ ബലാസോർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് 35 വയസ്സുകാരനായ മുസ്ലിം യുവാവ് മരിച്ചു. മകന്ദർ മഹമ്മദ് എന്നയാളാണ് ബുധനാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കന്നുകാലികളുമായി വന്ന മകന്ദറിന്റെ പിക്കപ്പ് വാൻ ഒരു സംഘം തടഞ്ഞുനിർത്തുകയും മകന്ദറിനെയും ഡ്രൈവറെയും ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകന്ദറിനെ പിന്നീട് ബലാസോർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തെത്തിയ പോലീസ് ആദ്യം പിക്കപ്പ് വാൻ അമിതവേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. വാഹനം അമിതവേഗതയിൽ ഓടിച്ച് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും, പശുക്കൾ അവിടെയുണ്ടായിരുന്നെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനം സ്റ്റേഷനിലേക്ക് മാറ്റിയ പോലീസ്, പശുക്കളെ മാ ഭാരതി ഗോശാലയിൽ ഏൽപ്പിച്ചു. അപകടത്തെക്കുറിച്ച് പരാതി നൽകിയ വ്യക്തി വാഹനത്തിന്റെ ഉടമക്കും ഡ്രൈവർക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി.
എന്നാൽ, പിന്നീട് കൊല്ലപ്പെട്ട മകന്ദർ മഹമ്മദിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അഞ്ചുപേരടങ്ങിയ സംഘം മകന്ദറിന്റെ വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. പോലീസാണ് മകന്ദറിനെ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.