വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നാളെ ഫ്‌ലാഗ് ഓഫ് ചെയ്യും; 3,250 കോടിയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും

Update: 2026-01-16 13:20 GMT

ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്‌ലാഗ് ഓഫ് ചെയ്യും. മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് പച്ചക്കൊടി വീശും. തുടര്‍ന്ന്, ഉച്ചയ്ക്ക് 1.45-ന് മാള്‍ഡയില്‍ തന്നെ നടക്കുന്ന പൊതുചടങ്ങില്‍ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

ആധുനിക ഇന്ത്യയുടെ വളരുന്ന യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍, വിമാനയാത്രയ്ക്ക് സമാനമായ അനുഭവം കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂര്‍ കുറയ്ക്കുന്നതിലൂടെ, തീര്‍ത്ഥാടന വിനോദസഞ്ചാര മേഖലകള്‍ക്കും ഇത് വലിയ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.

പുതുതലമുറ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളുണ്ടാകും. ആകെ 823 യാത്രക്കാര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ കഴിയുക. 11 എസി 3-ടയര്‍ കോച്ചുകളും, 4 എസി 2-ടയര്‍ കോച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ട്രെയിനില്‍ ഉണ്ടാകുക. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കുഷ്യനിംഗുള്ള ബെര്‍ത്തുകള്‍, നൂതന സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍, ശബ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകള്‍, ആധുനിക പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ദിവ്യാംഗ യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, ആധുനിക ടോയ്ലറ്റുകള്‍, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവയെല്ലാം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പ്രത്യേകതകളാണ്.

കവച് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം, എമര്‍ജന്‍സി പാസഞ്ചര്‍ ടോക്ക്-ബാക്ക് യൂണിറ്റുകള്‍, അത്യാധുനിക ഡ്രൈവര്‍ ക്യാബ് തുടങ്ങി മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസുകള്‍ എത്തുന്നത്. എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്‌കരിച്ച ഇന്റീരിയറും തദ്ദേശീയ റെയില്‍ എഞ്ചിനീയറിംഗിന്റെ പ്രാഗത്ഭ്യം ഉയര്‍ത്തിക്കാട്ടുന്നു.

Similar News