നിരാശ കാമുകനെ പോലെ ഒറ്റപ്പെട്ട് നിൽക്കുന്ന യുവാവ്; റെഡ് ലെഹങ്കയിൽ സിനിമ സ്റ്റൈൽ എൻട്രി കൊടുത്ത് നവവധു; വിവാഹത്തിന് മുമ്പുള്ള രഹസ്യ കൂടിക്കാഴ്ച വൈറൽ; പ്രതികരിച്ച് നെറ്റിസെന്‍സ്
ഡൽഹി: വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മാത്രം ശേഷിക്കെ കാമുകനെ കാണാനെത്തിയ വധുവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുടുംബത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. ഇതേ തുടർന്നാണ് കാമുകനെ അവസാനമായി കാണാൻ വധു ആഗ്രഹം പ്രകടിപ്പിച്ചത്.
രാത്രിയിൽ നടന്ന ഈ രഹസ്യ കൂടിക്കാഴ്ചയ്ക്ക് വധുവിൻ്റെ സുഹൃത്താണ് ഒത്താശ ചെയ്തത്. കാർ ഡ്രൈവറാണ് ഈ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. രാത്രിയിൽ കാമുകൻ കാത്തുനിൽക്കുന്ന സ്ഥലത്ത് കാർ നിർത്തി, 'പെട്ടെന്ന് വരാം' എന്ന് പറഞ്ഞ് യുവതി കാറിൽ നിന്ന് ഇറങ്ങി കാമുകനുമായി സംസാരിക്കുന്നതും, ശേഷം തിരികെ കാറിൽ കയറുന്നതും വീഡിയോയിലുണ്ട്. കാമുകൻ ഒരു ബാഗുമായാണ് എത്തിയിരുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം കാറിൽ തിരിച്ചെത്തിയ വധുവിനോട് സുഹൃത്ത്, 'ഇനിയും സമയമുണ്ട്, ആലോചിക്കാം' എന്ന് പറയുന്നത് കേൾക്കാം. എന്നാൽ, തിരികെ കാമുകനെ ഒരിക്കൽക്കൂടി നോക്കിയാൽ തനിക്ക് ഈ വിവാഹത്തിന് തയ്യാറെടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വധു ആശങ്ക പ്രകടിപ്പിക്കുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വധുവിനെ വിമർശിച്ചത്. സ്വന്തം ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിച്ച് ഒരു നിരപരാധിയായ മനുഷ്യൻ്റെ (ഭർത്താവാകാൻ പോകുന്ന വ്യക്തിയുടെ) ജീവിതം തകർക്കുന്നതിലെ അനൗചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. കൂടാതെ, ഈ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട കാർ ഡ്രൈവറെയും നെറ്റിസൺസ് വിമർശിച്ചു.