നിയന്ത്രണം വിട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 6 പേർ മരിച്ചു; 24 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം
റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 6 പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. മരിച്ച അഞ്ച് പേരിൽ നാലുപേർ ബിഹാർ സ്വദേശികളാണ്. ദുർഗ്ഗാവതി ദേവി (45), ശാന്താ ദേവി, ഗയാജിയിൽ സുമൻ കുമാരി, പിയൂഷ് കുമാർ (19) ഡ്രൈവർ സുഭാഷ് തുരി (30) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച്ച പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. മോഹൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. ദിയോഘറിൽ നിന്ന് ബസുകിനാഥിലേക്ക് 40പേരുമായി പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ എട്ട് പേർ ദിയോഘറിലെ എയിംസിൽ ചികിത്സയിലാണ്.
ബാക്കിയുള്ളവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് അപകട വിവവർ പോലീസിൽ അറിയിച്ചത്.