വീട്ടിലെ അലങ്കാരച്ചെടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് യുവതി; വീഡിയോ കണ്ടതിന് പിന്നാലെ പോലിസിനെ അറിയിച്ച് ഫോളോവേഴ്‌സ്: കഞ്ചാവു ചെടി വളര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍
കഞ്ചാവു ചെടി വളര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍
ബംഗളൂരു: വീട്ടിലെ അലങ്കാരച്ചെടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു. ചെടികള്‍ക്കിടയില്‍ കഞ്ചാവു ചെടിയും വളര്‍ത്തിയതാണ് ദമ്പതികള്‍ക്ക് വിനയായത്. ചെടികളുടെ വീഡിയോ ചിത്രീകരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ കഞ്ചാവ് ചെടികളും പെടുകയായിരുന്നു. വീഡിയോ കണ്ട ഫോളോവേഴ്‌സ് വിവരം പോലിസിനെ അറിയിക്കുക ആയിരുന്നു.
ബംഗളൂരുവിലെ എംഎസ്ആര്‍ നഗര്‍ മൂന്നാം മെയിനില്‍ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ സാഗര്‍ ഗുരുങ് (37), ഭാര്യ ഊര്‍മിള കുമാരി (38) എന്നിവരെയാണ് സദാശിവനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുകയാണ്. ഊര്‍മിളയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ദമ്പതികള്‍ക്ക് വിനയായത്. അടുത്തിടെ എംഎസ്ആര്‍ നഗറിലെ തന്റെ വീട്ടില്‍ പൂച്ചട്ടികളില്‍ വളരുന്ന വിവിധ ചെടികളുടെ വീഡിയോയും ചിത്രങ്ങളും ഊര്‍മിള പോസ്റ്റ് ചെയ്തിരുന്നു.
17 എണ്ണത്തില്‍ രണ്ട് ചട്ടികളിലായാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്തിയത്. തന്റെ പോസ്റ്റില്‍ കഞ്ചാവ് വളര്‍ത്തുകയാണെന്ന് ഊര്‍മിള വെളിപ്പെടുത്തിയിരുന്നു. ഈ വിവരം ഫോളവേഴ്‌സ് പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, കഞ്ചാവ് വില്‍ക്കുന്നതിനും വേഗത്തില്‍ പണം സമ്പാദിക്കുന്നതിനുമായാണ് ചെടികള്‍ വളര്‍ത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികള്‍ ഒന്നാം നിലയിലാണ് താമസിച്ചിരുന്നതെന്നും ഫാസ്റ്റ് ഫുഡ് ഷോപ്പ് താഴത്തെ നിലയിലാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്യുകയും 54 ഗ്രാം ഭാരമുള്ള കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
പൊലീസ് എത്തിയപ്പോള്‍ താഴത്തെ നിലയിലുണ്ടായിരുന്ന പ്രതിയുടെ ബന്ധു ഊര്‍മിളയെ വിവരമറിയിച്ചു. പൊലീസ് വീട്ടില്‍ എത്തുമ്പോഴേക്കും ഊര്‍മിള ചെടികള്‍ പറിച്ച് ചവറ്റുകുട്ടയില്‍ ഇട്ടിരുന്നു. എന്നാല്‍, കുറച്ച് ഇലകള്‍ ചെടിച്ചട്ടിയില്‍ ഉണ്ടായിരുന്നു. ആദ്യം ഊര്‍മിള കുമാരി അത്തരം വീഡിയോകളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഫോണ്‍ പരിശോധിച്ചപ്പോള്‍, ഒക്ടോബര്‍ 18 നാണ് വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.