'ജയ്ഹിന്ദ്, എന്തൊക്കെയുണ്ട് വിശേഷം?'; നിങ്ങളുടെ വാട്സാപ്പ് നമ്പര്‍ അയക്കൂ'; നിങ്ങളുടെ നമ്പര്‍ ഞങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്; വാട്‌സാപ്പില്‍ അയച്ച ആ ആറക്ക നമ്പര്‍ പറയൂ; രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം; ബുദ്ധപൂര്‍വം രക്ഷപ്പെട്ട് യുവാവ്

Update: 2024-12-17 08:15 GMT

ന്യൂഡല്‍ഹി: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്യുന്നത് സൈബര്‍ തട്ടിപ്പുകാരുടെ പുതിയ വിനോദമായിരിക്കുകയാണ്. സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആളുകളെ തട്ടിപ്പ് ശ്രമത്തിനിരയാക്കാന്‍ ശ്രമിച്ച കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള മന്‍തു സോണി എന്ന ഫെയ്സ്ബുക് ഉപയോക്താവിനാണ് ഇത്തരത്തില്‍ ഒരനുഭവം. ദ്രൗപദി മുര്‍മുവിന്റെ പേരും ചിത്രവും മറ്റുവിവരങ്ങളും ഉപയോഗിച്ചുള്ള അക്കൗണ്ടില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വരികയായിരുന്നു. 'ജയ്ഹിന്ദ്, എന്തൊക്കെയുണ്ട് വിശേഷം?' എന്നാണ് രാഷ്ട്രപതിയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് വന്ന ആദ്യ സന്ദേശം. 'ഞാന്‍ വളരെ വിരളമായേ ഫെയ്സ്ബുക് ഉപയോഗിക്കാറുള്ളൂ, നിങ്ങളുടെ വാട്സാപ്പ് നമ്പര്‍ അയക്കൂ' എന്നായിരുന്നു അടുത്ത സന്ദേശം.

ഇതോട മന്‍തു വാട്സാപ്പ് നമ്പര്‍ നല്‍കി. അല്പംകഴിഞ്ഞ് ഫെയ്സ്ബുക് മെസ്സഞ്ചറില്‍ വീണ്ടും സന്ദേശം: നിങ്ങളുടെ നമ്പര്‍ ഞങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വാട്സാപ്പ് കോഡ് നിങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ദയവായി ആ ആറക്ക നമ്പര്‍ ഞങ്ങള്‍ക്കയക്കൂ.' തട്ടിപ്പ് മനസ്സിലായ മന്‍തു ഉടന്‍തന്നെ എക്സില്‍ ഇക്കാര്യം പങ്കുവെച്ചു. രാഷ്ട്രപതി ഭവനെയും ഝാര്‍ഖണ്ഡ് പോലീസിനെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. സംഭവത്തില്‍ റാഞ്ചി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണമാരംഭിച്ചു.

Tags:    

Similar News