പാക് യുവതിയുമായുള്ള വിവാഹം സിആര്‍പിഎഫിനെ അറിയിച്ചിരുന്നു; പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജവാന്‍ മുനീര്‍ അഹമ്മദ്

പാക് യുവതിയുമായുള്ള വിവാഹം സിആര്‍പിഎഫിനെ അറിയിച്ചിരുന്നു

Update: 2025-05-04 10:09 GMT

ജമ്മു: പാക്കിസ്ഥാന്‍ യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടി സിപിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിആര്‍പിഎഫ് ജവാന്‍ മുനീര്‍ അഹമ്മദ് വ്യക്തമാക്കുന്നു. പാക് യുവതിയുമായുള്ള തന്റെ വിവാഹം സിആര്‍പിഎഫ് അസ്ഥാനത്ത് അറിയിച്ചിരുന്നു എന്നും ഇതിന് മറുപടി ലഭിച്ചിരുന്നു എന്നും മുനീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മുനീറിന്റെ പ്രതികരണം.

വിവാഹം സംബന്ധിച്ച് സിആര്‍പിഎഫ് ആസ്ഥാനത്ത് അറിയിച്ചിരുന്നു. ഇവിടെ നിന്ന് അനുമതി ലഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് താന്‍ വിവാഹം കഴിച്ചതെന്നുമാണ് മുനീര്‍ അഹമ്മദിന്റെ പ്രതികരണം. തന്നെ പിരിച്ചുവിട്ട വിവരം അറിഞ്ഞത് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ്. പിന്നാലെ പിരിച്ചുവിടല്‍ വിവരം അറിയിച്ചുകൊണ്ട് സിആര്‍പിഎഫില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഈ നടപടി ശരിക്കും ഞെട്ടിച്ചു. പാക്കിസ്ഥാന്‍ സ്ത്രീയുമായുള്ള എന്റെ വിവാഹത്തിന് ഞാന്‍ അനുമതി തേടിയുകയും ഇതിന് മറുപടി ലഭിക്കുകയും ചെയ്തിരുന്നു എന്നും മുനീര്‍ പറയുന്നു.

പാക്കിസ്ഥാന്‍ സ്വദേശിനിയെ വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് 2022 ഡിസംബര്‍ 31 നാണ് ആദ്യ അപേക്ഷ നല്‍കിയത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, വിവാഹ കാര്‍ഡ്, സത്യവാങ്മൂലങ്ങള്‍ എന്നിവയും സമര്‍പ്പിച്ചു. ഇവയുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച് 2024 ഏപ്രില്‍ 30 ന് ആസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചു. പിന്നാലെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് (എന്‍ഒസി) അപേക്ഷിച്ചെങ്കിലും അത്തരമൊരു വ്യവസ്ഥയില്ലെന്നും നിയമാനുസൃതമായി വിവാഹം സര്‍ക്കാരിനെ അറിയിച്ചുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 24 നായിരുന്നു വിവാഹം. ഓണ്‍ലൈന്‍ വഴി നടന്ന ചടങ്ങുകള്‍ക്ക് ശേഷം വിവാഹ ചിത്രങ്ങള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിച്ചിരുന്നു എന്നും മുനീര്‍ വിശദീകരിക്കുന്നു.

ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീര്‍ 2017 ഏപ്രിലില്‍ ആണ് സിആര്‍പിഎഫില്‍ ജോലി നേടുന്നത്. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയാണ് മുനീറിന്റെ ഭാര്യ മിനല്‍ ഖാന്‍. വിവാഹത്തിന് അനുമതി തേടി അഹമ്മദ് 2023 ല്‍ സിആര്‍പിഎഫില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ്, 2024 മെയ് 24 ന് വിവാഹം കഴിക്കുകയായിരുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്‍ പൗരര്‍ക്കുള്ള വിസ റദ്ദാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെ തന്നെ പാകിസ്ഥാനിലേക്ക് മടക്കി അയക്കരുത് എന്നാവശ്യപ്പെട്ട് മുനീറിന്റെ ഭാര്യ കോടതിയെ സമീപിച്ചതോടെയാണ് വിവാഹ വിവരം പുറത്തറിഞ്ഞത്. പിന്നാലെയാണ് സിആര്‍പിഎഫ് നടപടി.

പാക് യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണ് എന്ന് സിആര്‍പിഎഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. യുവതിയെ വിവാഹം ചെയ്തതിന് അപ്പുറത്ത് വിസാ കാലാവധി തീര്‍ന്നിട്ടും പാക് പൗരയെ മനപ്പൂര്‍വം ഇന്ത്യയില്‍ താമസിപ്പിച്ചു എന്നത് ഗുരുതരമായ നിയമ ലംഘനമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി എന്നും സിപിആര്‍പിഎഫ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തി നിയമ വിരുദ്ധവും സേനാംഗങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News