യാത്രക്കാരിൽ നിന്ന് സ്വര്‍ണമാലകളും ഇ- സിഗരറ്റും ഐഫോണുകളും കസ്റ്റംസ് പിടിച്ചെടുത്തു; പിടിയിലായത് ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കവേ; സംഭവം ചെന്നൈ വിമാനത്താവളത്തിൽ
ചെന്നൈ: നാല് യാത്രക്കാരിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമാലകളും ഇ- സിഗരറ്റും നാല് പുതിയ ഐഫോണുകളും പിടിച്ചെടുത്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച ക്വാലാലംപൂരിൽ നിന്ന് ചെന്നൈയിയിൽ എത്തിയ നാല് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 3,220 ഇ-സിഗരറ്റുകൾ, നാല് ഏറ്റവും പുതിയ ഐഫോണുകൾ, രണ്ട് സ്വർണ്ണ മാലകൾ എന്നിവ പിടിച്ചെടുത്തത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
മലേഷ്യയിൽ നിന്നും ചെന്നൈയിൽ വിമാനമിറങ്ങി, ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത്.
ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിന് അകത്താണ് 24 കാരറ്റ് പരിശുദ്ധിയുള്ള രണ്ട് സ്വർണ്ണ മാലകൾ ഒളിപ്പിച്ചു വച്ചിരുന്നത്. യാത്രക്കാരുടെ ബാഗേജുകളിൽ നടത്തിയ പരിശോധനയിൽ വിവിധതരം ഫ്ലേവറിലുള്ള 3,220 ഇ-സിഗരറ്റുകളും നാല് ഐഫോൺ 16 പ്രോയും പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ സ്വർണം കടത്തിയ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.