ആദ്യം വന്നപ്പോൾ ഒട്ടും തന്നെ ഇന്റെർസ്റ് ഇല്ലാത്ത ഒരു യാത്ര; ഉൾനാടൻ ഗ്രാമങ്ങളിൽ ഇറങ്ങിയപ്പോൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു മുഖം; അനുഭവം തുറന്നുപറഞ്ഞ് ജപ്പാനീസ് ഫോട്ടോഗ്രാഫർ
ഡൽഹി: ജപ്പാനീസ് ഫോട്ടോഗ്രാഫർ മസാഷി മിത്സുയി തൻ്റെ പന്ത്രണ്ടാമത്തെ മോട്ടോർസൈക്കിൾ പര്യടനത്തിനായി ഇന്ത്യയിൽ. ആദ്യ സന്ദർശനത്തിൽ ഇന്ത്യയോട് താൽപ്പര്യം തോന്നാതിരുന്ന മിത്സുയി, പിന്നീട് ഈ രാജ്യത്തിൻ്റെ ആത്മാവ് തേടി 2 ലക്ഷം കിലോമീറ്ററിലധികം ദൂരം തൻ്റെ ബൈക്കിൽ സഞ്ചരിച്ചുകഴിഞ്ഞു. ഇത് അദ്ദേഹത്തിൻ്റെ ഇന്ത്യയോടുള്ള അഗാധമായ പ്രണയത്തിൻ്റെയും ഗ്രാമീണ ജീവിതത്തോടുള്ള ആഭിമുഖ്യത്തിൻ്റെയും സാക്ഷ്യപത്രമാണ്.
2001-ൽ ആദ്യമായി ഇന്ത്യയിലെത്തിയ മിത്സുയിക്ക് അന്ന് ഈ രാജ്യം വലിയ ആകർഷണം നൽകിയിരുന്നില്ല. എന്നാൽ, 2006-ൽ ഒരു മോട്ടോർസൈക്കിളുമായി വീണ്ടുമെത്തിയതോടെ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് പൂർണ്ണമായും മാറി. നഗരങ്ങളിലല്ല, ഗ്രാമങ്ങളിലാണ് യഥാർത്ഥ ഇന്ത്യയുടെ ചൈതന്യം കുടികൊള്ളുന്നതെന്ന് മിത്സുയി പറയുന്നു. "ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകൾ കാണിക്കുന്ന സ്നേഹവും സത്യസന്ധതയും എന്നെ അത്ഭുതപ്പെടുത്തി. അതോടെയാണ് ഈ രാജ്യത്തിൻ്റെ യഥാർത്ഥ ചൈതന്യം ഞാൻ തിരിച്ചറിഞ്ഞത്," അദ്ദേഹം ഇന്ത്യ ടുഡേ ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും മാറുന്ന ഭാഷയും വേഷവും ഭക്ഷണവും മിത്സുയിയെ ആകർഷിച്ചു. വാരണാസിയും ലഡാക്കും പോലെയുള്ള പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കാൾ, ഒഡീഷയിലെ ഉൾനാടൻ മലയോര ഗ്രാമങ്ങളും, ഗുജറാത്തിലെ പുരാതന തെരുവുകളും, രാജസ്ഥാനിലെ കൃഷിയിടങ്ങളുമാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുള്ള ജപ്പാനിൽ നിന്നുള്ള ഒരാൾ എന്തിനാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് എന്ന ചോദ്യത്തിന്, ഗ്രാമങ്ങളാണ് കൂടുതൽ രസകരമായ ഒരിടമെന്നും നഗരങ്ങൾ എല്ലായിടത്തും വിരസമാണെന്നും അദ്ദേഹം മറുപടി നൽകുന്നു.
തൻ്റെ ചിത്രങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തെയല്ല ചിത്രീകരിക്കുന്നത്, മറിച്ച് ഇവിടുത്തെ മനുഷ്യരുടെ ഊർജ്ജസ്വലതയെയും പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്വാഭാവിക ഭംഗിയെയുമാണ്. ആധുനികതയുടെ കടന്നുകയറ്റത്തിൽ മാഞ്ഞുപോയേക്കാവുന്ന ഈ പാരമ്പര്യ ജീവിതരീതികളുടെ നേർചിത്രങ്ങളാണ് മിത്സുയിയുടെ ക്യാമറ ഒപ്പിയെടുക്കുന്നത്.
