ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍കനത്ത ജാഗ്രത; രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി; ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി: നിരവധി വിമാനങ്ങള്‍ റദ്ദാക്കി
ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍കനത്ത ജാഗ്രത; രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നടക്കാനിരുന്ന രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കിയിട്ടുണ്ട്. തിരുവാരൂരില്‍ കേന്ദ്ര സര്‍വകലാശാല സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കില്ല. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിര്‍ദ്ദേശം.
തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ച ശേഷം ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രാവിലെ 7:25നും ഭുവനേശ്വറിലേയ്ക്ക് 7:45നും ഹൈദരാബാദിലേയ്ക്ക് 9:20നും ബെംഗളൂരുവിലേയ്ക്ക് 9:35നും പൂനെയിലേയ്ക്ക് രാത്രി 8:45നും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ച് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.