തെലങ്കാനയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയാണെന്ന് സംശയം; വഴിത്തിരിവായത് ഷർട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം; സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
ഗുറംപോട്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ഗുറംപോട് സ്റ്റേഷൻ പരിധിയിൽ മലയാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. 35 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ പതിനെട്ടിനാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മലയാളിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് വന്നാൽ മാത്രമേ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളൂ.
ഗ്രാമത്തിലെ കനാലിന് സമീപത്തായാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണ ആദ്യ ഘട്ടത്തിൽ മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് യുവാവ് ധരിച്ചിരുന്ന ഷർട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിൽ നിർണായകമായ വിവരങ്ങൾ പുറത്ത് വരുന്നത്. യുവാവ് ധരിച്ചിരുന്ന ഷർട്ടിന്റെ കോഡ് പരിശോധിച്ചപ്പോൾ ഇത് കേരളത്തിൽ നിന്നും വാങ്ങിയതാണെന്ന വിവരമാണ് പൊലീസിന് കണ്ടെത്താനായത്. കേരളത്തിൽ നിന്നും വാങ്ങിയ ഷർട്ടായിരുന്നതിൽ മരണപ്പെട്ട യുവാവ് മലയാളി ആയിരിക്കാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കേസിൽ കേരള പൊലീസിന്റെ സഹായം തെലുങ്കാന പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.