'ബിജെപിയില്‍ ചേരൂ, അല്ലെങ്കില്‍ ഇഡിയുടെ അറസ്റ്റിനെ നേരിടൂ': വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് ആശ്വാസം; അതിഷിക്ക് എതിരായ കേസ് നിലനില്‍ക്കില്ലെന്ന് കോടതി
അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് ആശ്വാസം
ന്യൂഡല്‍ഹി: ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് ആശ്വാസം. അതിഷിക്ക് അയച്ച സമന്‍സ് റോസ് അവന്യു കോടതി റദ്ദാക്കി. അതിഷിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടിക്ക് എതിരെ മൊത്തത്തില്‍ ഉള്ളതാണെന്നും സംഘടനയിലെ വ്യക്തികള്‍ക്ക് എതിരെ അല്ലെന്നും കോടതി പറഞ്ഞു.
ഇ ഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശത്തിലാണ് ബി ജെ പി, മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ കോടതി, അപകീര്‍ത്തിക്കേസ് തള്ളിക്കളയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ എ എ പിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാണ് കോടതിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അതിഷി വിവാദ പരാമര്‍ശം നടത്തിയത്. അന്ന് അതിഷി കെജ്രിവാള്‍ മന്ത്രിസഭാംഗമായിരുന്നു. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇഡിയുടെ അറസ്റ്റിനെ നേരിടണമെന്ന് കാട്ടി ചില വ്യക്തികള്‍ തന്നെയും മറ്റ് എഎപി നേതാക്കളെയും സമീപിച്ചെന്ന അതിഷിയുടെ പരാമര്‍ശമാണ് വിവാദമായത്. ബിജെപി നേതാവ് പ്രവീണ്‍ ശങ്കര്‍ കപൂറാണ് പരാതി നല്‍കിയത്.
കേസില്‍, നേരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അതിഷിക്ക് സമന്‍സ് അയച്ചിരുന്നു.