ഡൽഹിയെ വിഴുങ്ങി വിഷപ്പുക; വായുമലിനീകരണത്തോത് അതിരൂക്ഷമാകുന്നു; വിഷപ്പത വകവയ്ക്കാതെ യമുനയിൽ മുങ്ങിക്കുളിച്ച് ഭക്തർ; ഛത് പൂജ ആഘോഷങ്ങൾ പ്രതിസന്ധിയിൽ
ഡൽഹി: ഡൽഹിയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും ദീപാവലി കഴിഞ്ഞപ്പോൾ വായുമലിനീകരണം അതിരൂക്ഷമാകുന്നു. നഗരത്തിലെ പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക 400 കടന്നതായി വിവരങ്ങൾ ഉണ്ട്. വായു മലിനീകരണം ഉയരുമ്പോഴും എല്ലാ വർഷത്തെയും പോലെ ഇത്തവണയും യമുനാ നദിയിൽ ഛത് പൂജ ആഘോഷങ്ങൾ ഗംഭീരമായിട്ടാണ് നടക്കുന്നത്.
യമുന നദിയിൽ വിഷപ്പത തുടരുന്ന സാഹചര്യത്തിൽ യമുനയിൽ മുങ്ങി ഛത് പൂജ ആഘോഷങ്ങൾ നടത്താൻ ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് ആയിരങ്ങളാണ് ഇന്ന് യമുനാ നദിയിൽ പൂജ നടത്തിയത്.
ഛത് പൂജയ്ക്ക് മുന്നോടിയായി ഡൽഹി ജല ബോർഡിന്റെ നേതൃത്വത്തിൽ യമുനയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.