ചികിത്സക്കായി ക്ലിനിക്കിലെത്തി; മരുന്ന് നൽകി ബോധരഹിതയാക്കി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; വീഡിയോ ദൃശ്യങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി നാല് ലക്ഷം രൂപ കൈപ്പറ്റി; കൊൽക്കത്തയിൽ ഡോക്ടർ അറസ്റ്റിൽ

Update: 2024-10-30 10:24 GMT

കൊൽക്കത്ത: ചികിത്സ തേടിയെത്തിയ 26 വയസുകാരിയോട് ഡോക്ടറുടെ ക്രൂരത. മയക്കുന്നതിനുള്ള മരുന്ന് നൽകിയ ശേഷം ഡോക്ടർ യുവതിയെ പീഡിപ്പിച്ചു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള ഹസ്നബാദ് എന്ന സ്ഥലത്താണ് സംഭവം. മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചെന്നും ബോധരഹിതയായപ്പോൾ പീഡിപ്പിച്ചെന്നുമാണ് ഇരയുടെ പരാതി. സംഭവത്തിൽ നൂർ ആലം സർദാർ എന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

വീടിനോട് ചേർന്ന് നടത്തുന്ന ക്ലിനിക്കിലാണ് ഇയാൾ രോഗികളെ പരിശോധിച്ചിരുന്നത്. സംഭവ ദിവസമെത്തിയ യുവതിയെ ബോധരഹിതയാക്കി പീഡിപ്പിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങളും പകർത്തിയിരുന്നു. ഈ വീഡിയോ കാട്ടി ഇയാൾ നിരവധി തവണ ഭീക്ഷണിപ്പെടുത്തി. കൂടാതെ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ വാങ്ങി. ബ്ലാക് മെയിൽ ചെയ്ത് വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹസ്നബാദ് പോലീസ് സ്റ്റേഷനിലെത്തി യുവതിയും ഭർത്താവും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവിന് ബിഹാറിൽ ആയിരുന്നു ജോലി. ഇയാൾ നാട്ടിലില്ലാതിരുന്നതിനാൽ യുവതി തനിച്ച് ക്ലിനിക്കിലെത്തിയപ്പോഴായിരുന്നു പീഡനമുണ്ടായത്.

പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സംഘം ഡോക്ടറുടെ ക്ലിനിക്കിലെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇയാൾ രജിസ്ട്രേഡ് ഡോക്ടർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും ബഹിർഹത് എസ്.പി ഹൊസെയ്ൻ മെഹ്‍ദി റഹ്മാൻ പറഞ്ഞു.

Tags:    

Similar News